സഹോദരസ്നേഹവും ദൈവസ്നേഹവും ….
സഹോദര സ്നേഹവും ദൈവ സ്നേഹവും ഒരുമിച്ചു പോകട്ടെ ഞായര്‍ സുവിശേഷം.. മാര്‍ക്കോസ്
നിയമങ്ങള്‍ എല്ലാം അരച്ച് കലക്കി കുടിച്ച നിയമജ്ഞന് ഈശോയോടു ചോദിച്ചു . കല്പ്പനകളില് ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്? യേശുവിനു ആലോചിക്കേണ്ട കാര്യമില്ലായിരുന്നു. പെട്ടെന്ന് അവനു മറുപടി നലികി, നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ ഹൃദയത്തോടും പൂര്‍ണ മനസോടും പൂര്‍ണ ആത്മാവോടും കൂടെ സ്നേഹിക്കുക. ഈശോ കൂട്ടിച്ചേര്‍ത്തു രണ്ടാമത്തേത് നീ നിന്റെ സഹോദരനെ നിന്നെ പോലെ തന്നെ സ്നേഹിക്കുക, എന്ന്. ഇതിനേക്കാള്‍ വലിയ കല്‍പ്പനകള്‍ വേറെ ഇല്ല.. വചനം പറയുന്നു, സ്നേഹിക്കുന്നവന് നിയമം പൂര്‍ത്തീകരിക്കുന്നു. യേശു നിയമങ്ങളെയും പ്രവാചകന്മാരെയും പൂര്‍ത്തിയാക്കാന്‍ വന്നത് വാളോ പരിചയോ കൊണ്ടല്ല, മറിച്ച്, സ്നേഹം കൊണ്ട് മാത്രമാണ്. പ്രിയ സഹോദരങ്ങളെ, ഒരു ചെറിയ വിചിന്തനം നടത്താം. നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കുക. മറ്റുള്ളവരെ നീ സ്നേഹിക്കുന്നതിന്റെ മാനദണ്ഡം നിനക്ക് നിന്നോട് തന്നെയുള്ള സ്നേഹമായിരിക്കട്ടെ. നീ നിനക്ക് തന്നെ ദ്രോഹം വരുത്തുവാന്‍ ആഗ്രഹിക്കുകയില്ല , നീ നിനക്ക് തന്നെ കുറവ് വരുത്തുകയില്ല, നിനക്ക് നിന്നോടുള്ള സ്നേഹത്തിന്റെ അളവായിരിക്കണം, മറ്റുള്ളവരോടുള്ള നിന്റെ സ്നേഹത്തിന്റെ അളവും. ആരാണ് അയല്ക്കാരന് എന്ന് നല്ല സമരിയാക്കാരന്റെ ഉപമ നമ്മളെ പഠിപ്പിക്കുന്നു. നമ്മുടെ സഹായം അര്‍ഹിക്കുന്ന ഏതൊരു വ്യക്തിയും നമ്മുടെ അയല്‍ക്കാരനാണ്.. ഈ അയല്ക്കാരന് അടുത്താകം അകലെയുമാകാം സഹോദരനെ സഹായം അര്‍ഹിക്കുന്നവനായി കണ്ടിട്ടും കാണാതെ പോകുന്ന മനസാക്ഷിയില്ലാത്ത മനുഷ്യരായി നമ്മള് മാറരുത്. സ്വയം സ്നേഹിക്കാത്തവന് അപരനെ സ്നേഹിക്കാനവില്ല, അപരനെ സ്നേഹിക്കാനാവാത്തവന് ആ പരനെ (ദൈവത്തെ ) സ്നേഹിക്കനാവില്ല.. അതുകൊണ്ട് തന്നെയാണ് വചനം നമ്മെ പഠിപ്പിക്കുന്നത് കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാനാവാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കുക സാധ്യമല്ല എന്ന്. ഇന്ന് മനുഷ്യന് നിറം, പണം, സ്ഥാനമാനംഇവയൊക്കെ കണ്ടു സ്നേഹിക്കുന്ന കാലമാണ്. ഇവയൊന്നും ഇല്ലാത്തതിന്റെ പേരില്‍ അനേകരെ നമ്മുടെ സഹോദര സൌഹൃദ വലയത്തില്‍ നിന്നും നമ്മള് മാറ്റി നിര്‍ത്തിയിട്ടുണ്ടാകം. മറ്റുള്ളവരിലെ കുറവുകള്‍ കാരണം നീ അവരെ അന്ഗീകരിക്കതിരിക്കുന്നുവെങ്കില് അടിസ്ഥാനപരമായി നീ നിന്നെ തന്നെ അംഗീകരിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. അപരനെ അവന്റെ നിറത്തോടും കുറവോടും പരിമിതികളോടും കൂടെ സ്വീകരിക്കുവാന്‍ മടിക്കുന്നവര്‍ സ്വന്തം വ്യക്തിത്വത്തെ തന്നെ ഉള്‍ക്കൊണ്ടിട്ടില്ല എന്ന് ചുരുക്കും. നിയമങ്ങളുടെ പൂര്‍ത്തീകരണം സ്നേഹമാണെങ്കില്‍ അത് , ഇന്ന് , നമ്മില്‍ നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു. ആദ്യം സ്വയം അംഗീകരിക്കുക..സ്വന്തം കഴിവുകലോടും കുറവുകളോടും കൂടെ. എന്നാല്‍ മാത്രമേ അപരനെയും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ.. കുറവുകളുള്ള നമ്മെ ദൈവം ഉള്‍ക്കൊണ്ടെങ്കില്‍, എന്ത്കൊണ്ട് കുറവുകള്‍ ഉള്ള മറ്റു മനുഷ്യരെ ഉള്‍ക്കൊള്ളുവാന്‍ നമുക്ക് സാധിക്കാതെ പോകുന്നു. എന്നിലെ സ്നേഹത്തിന്റെ നിറവിലാണ് അപരനെ സഹോദരനായി കാണുകയും സ്നേഹിക്കുകയും ചെയ്യേണ്ടത്. സ്വയം സ്നേഹം ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവസേന്ഹത്തിലാണ്.. ദൈവസ്നേഹത്തിന്റെ അനുഭവത്തില്‍ മാത്രമേ എനിക്ക് എന്റെ ജീവിതത്തിന്റെ എന്റെ അസ്തിത്വത്തിന്റെ അര്‍ത്ഥം മനസിലാകുകയുള്ളു. എന്റെ ജീവിതത്തിന്റെ അര്‍ത്ഥം പുരോഗമിക്കുന്നത് അപരനോടുള്ള എന്റെ സ്നേഹത്തിലും, അര്‍ത്ഥം പൂര്‍ണമാകുന്നത് ദൈവസ്നേഹത്തിലുമാണ്. നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാനും ഉള്‍ക്കൊള്ളാനും മനസിലാക്കാനും സാധിക്കുന്നില്ലെങ്കില്‍, അറിയുക, എവിടെയോ നമ്മള് നമ്മളെ തന്നെ മനസിലാക്കുവാന്‍ പരാജയപ്പെട്ടിരിക്കുന്നു. സുവിശേഷമനുസരിച്ച് നീ ഭൂമിയിലാണ്… നിന്നെ സ്വര്‍ഗരാജ്യത്തിനു അടുത്തെത്തിക്കുന്നത് സഹോദരസ്നേഹവും സ്വര്‍ഗരാജ്യത്തിലെത്തിക്കുന്നത് ദൈവസ്നേഹവുമാണ്.. വിദേശത്തുള്ള എല്ലാ സഹോദരങ്ങളെയും ഞായറാഴ്ചത്തെ വിശുദ്ധ ബലിയില്‍ ഓര്‍ക്കുന്നു, പ്രാര്‍ത്ഥിക്കുന്നു…
By Fr. Milton George