വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു…
വഴിവെട്ടാം.. വഴിയായവാന്‍ വരുന്നു… വഴിയായവന് വഴിയൊരുക്കുവാനുള്ള ആഹ്വാനവുമായി ഇന്നത്തെ സുവിശേഷത്തില്‍ സ്നാപക യോഹന്നാന് നമ്മെ സമീപിക്കുന്നു. അവന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ്. സ്നാപക യോഹന്നാന് പ്രധാനമായി പറയുന്ന മൂന്നു കാര്യങ്ങള്‍ നമുക്ക് നോക്കാം… “താഴ്വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും”… 1. താഴ്വരകളും കുന്നും മലയും- അസമത്വം ഇല്ലാതെയാകണം.. എവിടെ അസമത്വം ഉണ്ടോ അവിടെ കര്‍ത്താവിനു ജനിക്കുവാനോ വസിക്കുവാനോ സാധിക്കുകയില്ല…
2. വളഞ്ഞവഴികള്‍ – കപടതയുടെയും കുറുക്കുബുദ്ധിയുടെയും മേഖലകളില്‍ ജനിക്കുവാനും വസിക്കുവാനും കര്‍ത്താവിനു സാധിക്കുകയില്ല. 3. പരുപരുത്തവ – അസൂയയുടെയും അഹങ്കാരത്തിന്റെയും ശത്രുതയുടെയും പകയുടെയും മറ്റും പരുപരുത്ത കഠിനമേഖലകളിലും ക്രിസ്തുവിനു ജനിക്കുവാന്‍ സാധ്യമല്ല. വേണ്ടത് അനുതാപമാണ്. അനുതാപമുള്ളിടത്താണ് യേശു ജനിക്കുക, വസിക്കുക. സക്കെവൂസിനോട് താഴെയിറങ്ങാന്‍ ആവശ്യപ്പെട്ട യേശു, ശിഷ്യന്മാരോട് അവര്‍ സ്വന്തമായി കണ്ടതൊക്കെ ഉപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ട യേശു ഇന്ന് നമ്മോടും നാം മുകളില്‍ കണ്ട മേഖലകളില്‍ നിന്ന് താഴെ ഇറങ്ങുവാനും, നാം സ്വന്തമായി ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന പരുപരുത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുവാനും സ്നാപക യോഹന്നാനിലൂടെ ആഹ്വാനം ചെയ്യുന്നു. എല്ലാവരും രക്ഷിക്കപ്പെടണം എന്നുള്ളതാണ് ദൈവഹിതം. സ്നാപകന് ഒരു പ്രവചനമാണ് നടത്തുന്നത് ആ ദിവസങ്ങളില്‍ ഇപ്രകാരമൊക്കെ സംഭവിക്കുകയും എല്ലാവരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും എന്നുള്ളത്. പ്രിയ കൂട്ടുകാരെ ഈശോ ജനിക്കുവാന്‍ തടസ്സമായ പല കാര്യങ്ങളും നമ്മുടെ ഹൃദയത്തിലും ജീവിതത്തിലും ഉണ്ടാകാം.
മറ്റൊരു രീതിയില്‍ ധ്യാനിച്ചാല്‍…. മുറിവുകള്‍ നല്കിയ താഴ്വാരങ്ങള്‍….. അഹങ്കാരത്തിന്റെ കുന്നുകള്‍….നാം അപഥ സഞ്ചാരം നടത്തിയ വളഞ്ഞ വഴികള്‍…. നമ്മുടെ ജീവിതത്തിലെ പരുപരുത്ത യാദാര്ത്യങ്ങള്… ഇവയൊക്കെ മാറ്റുവാനും യേശുവിന്റെ വരവിനായി ഒരുങ്ങുവാനും സുവിശേഷം നമ്മെ ക്ഷണിക്കുന്നു. സ്നാപകന് നമ്മോടു ആവശ്യപ്പെടുന്നത് ഒരു വഴി ഒരുക്കുവാനാണ്. അപരന് വെട്ടിയ വഴിയില്‍ നീ യേശുവിനെ കാത്തിരിക്കരുത്….നിന്റെ ഭവനത്തിലേക്ക്, ഹൃദയത്തിലേക്ക്, ജീവിതത്തിലേക്ക് കടന്നുവരുവാന്‍ ആഗ്രഹിക്കുന്ന യേശുവിനായി നീ നിന്റെതായ ഒരു വഴി വെട്ടണം…ആ വഴി ഒരുക്കണം…അത് ഒരു ത്യാഗത്തിന്റെ കഥയാണ്. വഴിയായവന് വഴി ഒരുക്കുന്നത് ത്യാഗമാണ്. വിശുദ്ധ അഗസ്റ്റിന്, വിശുദ്ധ ഡോണ്‍ ബോസ്കോ, വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധ അല്‍ഫോന്‍സാമ്മ വാഴ്ത്തപ്പെട്ട മദര്‍ തെരേസ, വിശുദ്ധ ഡോമിനിക് സാവിയോ തുടങ്ങി ഓരോ വിശുദ്ധരും യേശുവിനായി പ്രാര്‍ത്ഥനയുടെയും പ്രായശ്ചിതത്തിന്റെയും വിശുദ്ധിയുടെയും തനതായ വഴികള്‍ ഒരുക്കിയവരാണ്. നാം വഴിവെട്ടാന് താമസിച്ചാല്‍ യേശു നമ്മില്‍ വരാനും വൈകും..അത് മറക്കാതിരിക്കാം.. കുമ്പസാരക്കൂട് നമ്മെയും കാത്തിരിക്കുന്നു.. നമ്മുടെ വഴികള്‍ വെട്ടുവാനും, വൃത്തിയാക്കുവാനും പുണ്യങ്ങള്‍കൊണ്ട് ഒരുക്കുവാനും… കുംബസാരക്കോട് നിന്നെ വിളിക്കുന്നു… സ്നാപകയോഹന്നാന്റെ അതെ ശബ്ദഗാംഭീര്യത്തോടെ….കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍.. മറക്കരുതേ, അത് കര്‍ത്താവിന്റെ വഴിയാണ്.. അത് കര്‍ത്താവിനു മാത്രമുള്ള വഴിയാണ്… by Fr. Milton George, Spain