എളിമയായിരിക്കട്ടെ ആത്മീയതയുടെ മുഖം..
എളിമയായിരിക്കട്ടെ ആത്മീയതയുടെ മുഖം..
ആത്മീയത അഭിനയങ്ങളിലെക്കും പ്രഹസനങ്ങളിലെക്കും വഴിമാറുന്ന ഒരു കാലഘട്ടമാണ് നമ്മുടേത്. ആത്മീയതയില്‍ ആത്മാര്‍ത്തമായി വ്യാപരിക്കുന്നവരെ തെല്ലും പരാമര്‍ശിക്കുന്നില്ല ഇവിടെ). ആത്മീയ മനുഷ്യന് ആന്തരിക മനുഷ്യനായിരിക്കണം എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍ എപ്രകാരം ആയിരിക്കണം നിന്റെ പ്രാര്‍ത്ഥനാ ശൈലി എന്ന് വചനത്തിലുണ്ട്. ആത്മീയ മേഖലയില്‍ ശുശ്രുഷകള്‍ക്ക് നേതൃത്വം നല്കുന്നവര് എപ്പോഴും ഓര്‍ക്കേണ്ട ഒരുകാര്യമാണ് യേശു നല്കിയ വലിയ മാതൃക., അത് സേവനത്തിന്റെ മാതൃകയാണ്. ഇന്ന് സേവിക്കപ്പെടുന്ന ഒരു ഗണം നമുക്കുണ്ട്.ശുശ്രുഷയില്‍ നിന്നും അധികാരത്തിലേക്കും പിന്നീട് അഹങ്കാരത്തിലെക്കും നമ്മുടെ ആത്മീയത തകരുന്നോ എന്ന് നാം ചിന്തിക്കേണ്ട സമയം. സ്വന്തം പിതാവിനോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ സ്വയം ശൂന്യനായ ക്രിസ്തു ശിഷ്യന് ശൂന്യവല്‍ക്കരണ പാത നഷ്ടപ്പെടുത്തി, നേട്ടങ്ങളുടെ സ്ഥാനമാനങ്ങളുടെ പിന്നാലെ പോകുമ്പോള്‍, ഒരു പക്ഷെ വഴിയില്‍ മുറിവേറ്റു കിടക്കുന്ന മനുഷ്യരെ കാണാന്‍ കഴിഞ്ഞില്ല എന്ന് വരാം. ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന് ഒടുവിലത്ത
വന്‍ ആകണം എന്ന് പഠിപ്പിച്ച നാഥന്റെ ജീവിതം ഓരോ ക്രിസ്ത്യാനിക്കും മാതൃകയാകട്ടെ.. ആത്മീയമായ കാര്യങ്ങള്‍ ഒഴിച്ചു മറ്റെല്ലാ കാര്യങ്ങളിലും ഒന്നാമനായി, ജീവിക്കുമ്പോള്‍ മരണാനന്തരം സ്വര്‍ഗരാജ്യത്തിന്റെ പടിവാതിലില്‍ പോലും എത്തുവാന്‍ കഴിഞ്ഞില്ലെന്നുവരാം. പാട്ടും ബഹളവും ഒക്കെ ആത്മീയതക്ക് ആവശ്യമാകാം. എന്നാല്‍ ഇന്ന് വാളെടുക്കുന്നവര്‍ എല്ലാം വെളിച്ചപ്പാടായി , ഓരോ കവലകളിലും ആളുകളെ കൂട്ടി ഒരു നിയന്ത്രണവും ഇല്ലാതെ ആത്മീയ മറ്റുള്ളവരെ കാണിക്കാനുള്ള ഒരു കാര്യമായി മാറുന്നു. നീ പ്രാര്‍ത്ഥിക്കുമ്പോള്‍, നീ ഉപവസിക്കുമ്പോള്‍, നീ ദാനധര്‍മം ചെയ്യുമ്പോള്‍ നിന്റെ സ്വര്‍ഗസ്ഥനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കേണ്ടത്തിനു അവയെല്ലാം നീ രഹസ്യത്തില്‍ ചെയ്യുക. ഇന്ന് ക്രിസ്തീയ കൂട്ടായ്മകളില്‍ നേതൃസ്ഥാനവും പരിഗണനയും ഒക്കെ ആഗ്രഹിക്കുന്ന ക്രിസ്തുശിഷ്യ, നിന്റെ ഗുരുവായ ക്രിസ്തു ഇവയൊന്നും ആഗ്രഹിച്ചിരുന്നില്ല, ആഗ്രഹിക്കുന്നുമില്ല എന്ന് മനസിലാക്കാന്‍ വൈകുന്നത് എന്താണ്. ആത്മീയതയുടെ മുഖം യേശു സുവിശേഷത്തിന്റെ രണ്ടാം ഭാഗത്ത് നമുക്ക് കാണിച്ചു തരുന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ നിന്നും ദൈവാലയ നേര്‍ച്ച പെട്ടികളില്‍ വീണതിനോട് കര്‍ത്താവ് വലിയ താല്പര്യം കാണിക്കുന്നില്ല… അവയെക്കാള്‍ ഏറെ നിര്‍ധനയായ സ്ത്രീയുടെ മടിത്തട്ടില്‍ നിന്നും അവള് നിക്ഷേപിച്ച നാണയ തുട്ടുകള്‍ക്ക് കര്‍ത്താവ് വിലകല്‍പ്പിക്കുന്നു. ആത്മീയതയുടെ മുഖം എളിമയുടെ മുഖമാണ്. ദൈവസ്നേഹത്തിന്റെ മുഖമാണ്, ഉള്ളതെല്ലാം ദൈവത്തിനു നല്കുന്ന പൂര്‍ണ സമര്‍പ്പണത്തിന്റെയും ദൈവത്തിലുള്ള ആശ്രയബോധത്തിന്റെയും മുഖമാണ്. ഉള്ളതെല്ലാം നേടുവാനും, ആത്മീയതയുടെ പേരില്‍ വലുതാകാനും ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തെ സന്തോഷിപ്പിക്കാന്‍ ആവില്ല. ഉള്ളതെല്ലാം നല്കിയാലും ദൈവം തൃപ്തനാവില്ല, നീ ഉള്ളു തുറന്നു നല്കിടാതെ…ചുരുക്കാം.. ആത്മീയത ഒരു പ്രഹസനമല്ല അത് പ്രഘോഷണമാണ്. നീ അപരനെ കാണിക്കുവാന്‍ വേണ്ടി ആത്മീയത ഉപയോഗിച്ചാല്‍ ദൈവം അത് മനപ്പൂര്‍വം കണ്ടില്ലെന്ന് വെക്കും ഓര്‍ക്കുക.എളിമയായിരിക്കട്ടെ ആത്മീയതയുടെ മുഖം.
by Fr. Milton George, Spain