17.12.2012
കര്‍ത്താവേ അങ്ങയുടെ ഭവനത്തില്‍ വസിക്കുവാനുള്ള ഹൃദയം നിറഞ്ഞ ആഗ്രഹത്തോടെയാണ് ഞാന്‍ ഈ പ്രഭാതത്തില്‍ അങ്ങയുടെ മുന്‍പില്‍ നില്‍ക്കുന്നത്. നിഷ്കളങ്കനായി ജീവിക്കാനും നീതി മാത്രം പ്രവര്‍ത്തിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. പരദൂഷണം പറയാതിരിക്കുവാനും അയല്‍ക്കാരനെതിരെ അപവാദം പറയുവാതിരിക്കുവാനും എനിക്ക് സാധിച്ചിരുന്നെങ്കില്‍. കര്‍ത്താവേ എന്റെ ആപത്തില്‍ , വേദനകളില്‍ രോഗങ്ങളില്‍ ഞാന്‍ നേര്‍ന്ന നേര്‍ച്ചകള്‍ പലതും നിറവേറ്റുവാന്‍ ഞാന്‍ മറക്കുകയും മനപൂര്‍വം മടിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ പിഴകള്‍ പൊറുക്കേണമേ. എന്റെ പാപങ്ങള്‍ക്കൊത്തവിധം എന്നെ ശിക്ഷിക്കരുതേ. കര്‍ത്താവേ നിര്‍മലമായ ഒരു മനസ് എന്നില്‍ സൃഷിടിക്കണമേ. അങ്ങ് ആഗ്രഹിക്കുന്ന ഹൃദയ പരമാര്‍ത്ഥതയില്‍ ഞാന്‍ ജീവിക്കട്ടെ. കര്‍ത്താവേ ഞാന്‍ കടത്തിന് പലിശ ഈടാക്കിയെങ്കില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അതിനും ഈ പ്രഭാതത്തില്‍ ഞാന്‍ പൂര്‍ണമായി മാപ്പ് ചോദിക്കുന്നു. അങ്ങയുടെ സന്നിധിയില്‍ പ്രീതി കണ്ടെത്തിയ പരിശുദ്ധ അമ്മയും മാലാഖമാരും എനിക്കുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുകയും അവരുടെ പ്രത്യേക പ്രാര്‍ത്ഥനകള്‍ എനിക്ക് വിശുദ്ധ ജീവിതത്തിനു കാരണമാകുകയും ചെയ്യട്ടെ. ഈ ക്രിസ്തുമസ് ഏറ്റവും ഭക്തിയോടും കൂടെ ആഘോഷിക്കുവാന്‍ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കണമേ. ഈ കാലയളവില്‍ ഉണ്ടാകാവുന്ന എല്ലാ പാപ സാഹചര്യങ്ങളെയും അതിജീവിക്കുവാന്‍ അങ്ങയുടെ പരിശുദ്ധാത്മാവിനെ അയച്ചു എന്നെ ശക്തിപ്പെടുത്തണമേ. യോഗ്യനും പാപിയുമായ ഞാന്‍ നിസീമ പ്രതാപവാനായ അങ്ങയുടെ കരുണയ്ക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്നെദിനം അങ്ങയില്‍ ആശ്രയിച്ചു കൊണ്ട് പരിശുദ്ധ അമ്മയുടെ കൈപിടിച്ച് നടക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.. എന്റെ ആഗ്രഹത്തെ അനുഗ്രഹിക്കേണമേ..ആമേന്‍.