പ്രഭാത പ്രാര്‍ത്ഥന (Pradhana Prarthana)
പ്രഭാത പ്രാര്‍ത്ഥന ….. നാളിതുവരെ എല്ലാം നന്മയ്ക്കായി മാറ്റിയ ദൈവമേ അങ്ങേക്ക് സ്തുതി… അതുകൊണ്ട് തന്നെ ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും; അവിടുത്തെ രക്ഷയില്‍ ആനന്ദിച്ച് ഉല്ലസിക്കും. അങ്ങ് എനിക്കായി ഒരുക്കിയിരിക്കുന്ന രക്ഷയിലേക്കു ഞാൻ ഓരോ ചുവടുംവെച്ചു നടന്നടുക്കുവാൻ, പരിശുദ്ധ അമ്മയും മാലാഖമാരും വിശുദ്ധരും എന്നെ സഹായിക്കട്ടെ.. കര്‍ത്താവേ, എന്റെ അസ്ഥികള്‍ പ്രഘോഷിക്കും: അങ്ങേക്കു തുല്യനായി ആരുണ്ട്? എന്റെ സമ്പത്തോ, നെട്ടങ്ങലോ, സൌന്ദര്യമോ, കഴിവുകളോ ഒന്നുംതന്നെ എന്നെ അങ്ങയുടെ സന്നിധിയിൽ വലുതാക്കുന്നില്ല… നുറുങ്ങിയ ഹൃദയമാണ് അങ്ങേക്ക് സ്വീകാര്യമായ ബലി എന്ന് ഞാൻ മനസിലാക്കുന്നു.. എന്നോട് കരുണ കാണിക്കുന്ന അങ്ങേക്കു മഹാസഭയില്‍ നന്ദി ഞാൻ പ്രകാശിപ്പിക്കും; ജനസമൂഹത്തില്‍ ഞാനങ്ങയെ സ്തുതിക്കും.
എന്റെ ദൈവമായ കര്‍ത്താവേ, അങ്ങയുടെ നീതിക്കൊത്ത് എനിക്കു നീതിനടത്തിത്തരണമേ! എന്റെ ശത്രുക്കള എന്റെ മേല്‍ വിജയം ആഘോഷിക്കാന്‍ ഇടയാക്കരുതേ. എന്നെ ഭയപ്പെടുത്തുന്ന വ്യക്തികൾ, സാഹചര്യങ്ങൾ, എല്ലാം അങ്ങേക്ക് സമര്‍പ്പിക്കുന്നു. അവയെയെല്ലാം വിശുദ്ധീകരിച്ചു അനുഗ്രഹിക്കണമേ…
ആകാശത്തോളം എത്തുന്ന അങ്ങയുടെ കാരുണ്യവും; മേഘങ്ങള്‍വരെ എത്തുന്ന അങ്ങയുടെ വിശ്വസ്തതയും എന്നെ ഇന്നും അനുഗമിക്കട്ടെ..
ദൈവമേ, അങ്ങയുടെ കാരുണ്യം എത്ര അമൂല്യം! മനുഷ്യമക്കള്‍ അങ്ങയുടെ ചിറകുകളുടെ തണലില്‍ അഭയം തേടുന്നു. ഈ ലോകം മുഴുവനെയും അതിന്റെ എല്ലാ നിയോഗങ്ങളോടും കൂടെ അങ്ങയുടെ കരങ്ങളിൽ സമര്‍പ്പിക്കുന്നു. അനുഗ്രഹിക്കണമേ…
ഇന്ന് യാത്രകളിൽ ആയിരിക്കുന്നവർ, പരീക്ഷകൾ എഴുതുന്നവർ, ശാസ്ത്രക്രിയക്കും ചികിത്സകല്ക്കും വിധേയരാകുന്നവർ, മരണാസന്നർ, എല്ലാവരിലും ആശ്വാസവും ശക്തിയും പ്രത്യാശയും നല്കണമേ….
ഒപ്പം, ഞാൻ ഇന്ന് എന്റെ ചിന്ത വാക്ക് പ്രവ്രത്തികൾ വഴി അങ്ങയെ മഹത്വപ്പെടുത്തി അത് എന്റെ സഹോദരങ്ങളുടെ നന്മയ്ക്കായി സമര്‍പ്പിക്കട്ടെ…
ദൈവമേ അങ്ങയുടെ പരിപാലനയിൽ ആശ്രയിച്ചുകൊണ്ടു, ഇന്നത്തെ എല്ലാ കാര്യങ്ങളും അങ്ങയുടെ തിരു ഹൃദയത്തിൽ സമര്‍പ്പിക്കുന്നു സ്വീകരിച്ചു അനുഗ്രഹിക്കണമേ…ആമേൻ..