Home | Churches | About |
റോമ Romans1:1 ദൈവം തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശു ക്രിസ്തുവിനെക്കുറിച്ചു 2 വിശുദ്ധരേഖകളില്‍ തന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേര്‍തിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്‍റെ ദാസനുമായ പൌലൊസ് 3 റോമയില്‍ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവര്‍ക്കും എഴുതുന്നതു: 4 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 5 ജഡം സംബന്ധിച്ചു ദാവീദിന്‍റെ സന്തതിയില്‍നിന്നു ജനിക്കയും മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേല്‍ക്കയാല്‍ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവ പുത്രന്‍ എന്നു ശക്തിയോടെ നിര്‍ണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങള്‍ 6 അവന്‍റെ നാമത്തിന്നായി സകലജാതികളുടെയും ഇടയില്‍ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു. 7 അവരില്‍ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു. 8 നിങ്ങളുടെ വിശ്വാസം സര്‍വ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല്‍ ഞാന്‍ ആദ്യം തന്നേ എന്‍റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. 9 ഞാന്‍ ഇടവിടാതെ നിങ്ങളെ ഓര്‍ത്തുകൊണ്ടു ദൈവേഷ്ടത്താല്‍ എപ്പോള്‍ എങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന്നു എന്‍റെ പ്രാര്‍ത്ഥനയില്‍ എപ്പോഴും യാചിക്കുന്നു 10 എന്നുള്ളതിന്നു അവന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തില്‍ ഞാന്‍ എന്‍റെ ആത്മാവില്‍ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. 11 നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങള്‍ക്കു നല്കേണ്ടതിന്നു, 12 അതായതു നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ കാണ്മാന്‍ വാഞ്ഛിക്കുന്നു. 13 എന്നാല്‍ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളില്‍ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു. 14 യവനന്മാര്‍ക്കും ബര്‍ബരന്മാര്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും ഞാന്‍ കടക്കാരന്‍ ആകുന്നു. 15 അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാന്‍ എന്നാല്‍ ആവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു. 16 സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനവന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. 17 അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 18 അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്‍റെ കോപം സ്വര്‍ഗ്ഗത്തില്‍ നിന്നു വെളിപ്പെടുന്നു. 19 ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവര്‍ക്കും വെളിവായിരിക്കുന്നു; 20 ദൈവം അവര്‍ക്കും വെളിവാക്കിയല്ലോ. അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കും പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. 21 അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓര്‍ത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ത്ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. 22 ജ്ഞാനികള്‍ എന്നു പറഞ്ഞു കൊണ്ടു അവര്‍ മൂഢരായിപ്പോയി; 23 അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍ , പക്ഷി, നാല്‍ക്കാലി, ഇഴജാതി എന്നിവയുടെ രൂപ സാദൃശ്യമായി മാറ്റിക്കളഞ്ഞു. 24 അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന്നു അശുദ്ധിയില്‍ ഏല്പിച്ചു. 25 ദൈവത്തിന്‍റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ , ആമേന്‍ . 26 അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. 27 അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളില്‍ തന്നേ പ്രാപിച്ചു. 28 ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു. 29 അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബ്ബുദ്ധിയും നിറഞ്ഞവര്‍ ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍ . 30 കുരളക്കാര്‍ , ഏഷണിക്കാര്‍ , ദൈവദ്വേഷികള്‍ , നിഷ്ഠൂരന്മാര്‍ , ഗര്‍വ്വിഷ്ഠന്മാര്‍ , ആത്മപ്രശംസക്കാര്‍ , പുതുദോഷം സങ്കല്പിക്കുന്നവര്‍ , മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍ . 31 ബുദ്ധി ഹീനര്‍ , നിയമലംഘികള്‍ , വാത്സല്യമില്ലാത്തവര്‍ , കനിവറ്റവര്‍ 32 ഈ വക പ്രവൃത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയുംകൂടെ ചെയ്യുന്നു. 2:1 അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ. 2 എന്നാല്‍ ആവക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്‍റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു. 3 ആവക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കയും ചെയ്യുന്ന മനുഷ്യ, നീ ദൈവത്തിന്‍റെ വിധിയില്‍നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ? 4 അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ? 5 എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു. 6 അവന്‍ ഓരോരുത്തന്നു അവനവന്‍റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. 7 നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കും 8 നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കും കോപവും ക്രോധവും കൊടുക്കും. 9 തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. 10 നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നു മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. 11 ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ. 12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും. 13 ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍ ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു. 14 ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. 15 അവരുടെ മനസ്സാക്ഷിക്കുടെ സാക്‍ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; 16 ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നേ. 17 നീയോ യെഹൂദന്‍ എന്നു പേര്‍ കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും 18 ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും 19 ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായമ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍ , 20 ഇരുട്ടിലുള്ളവര്‍ക്കും വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍ , ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കില്‍ _ 21 ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? 22 വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ? 23 ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ? 24 “നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 25 നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു. 26 അഗ്രചര്‍മ്മി ന്യായ പ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്‍റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ? 27 സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ? 28 പുറമെ യെഹൂദനായവന്‍ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; 29 അകമെ യെഹൂദനായവനത്രേ യെഹൂദന്‍ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും. 3:1 എന്നാല്‍ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ടു; 2 ഒന്നാമതു ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതു തന്നേ. 3 ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. 4 “നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്‍റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍ , സകല മനുഷ്യരും ഭോഷകു പറയുന്നവര്‍ എന്നേ വരൂ. 5 എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? ഞാന്‍ മാനുഷരീതിയില്‍ പറയുന്നു — ഒരുനാളുമല്ല; 6 അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? 7 ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു? 8 നല്ലതു വരേണ്ടതിന്നു തീയതുചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കും വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ. 9 ആകയാല്‍ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ; 10 “നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല. 11 ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. 12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍ പോലും ഇല്ല. 13 അവരുടെ തൊണ്ട തുറന്ന ശവകൂഴി: നാവുകൊണ്ടു അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ടു. 14 അവരുടെ വായില്‍ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. 15 അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു. 16 നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ടു. 17 സമാധാനമാര്‍ഗ്ഗം അവര്‍ അറിഞ്ഞിട്ടില്ല. 18 അവരുടെ ദൃഷ്ടയില്‍ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. 19 ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിന്‍ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. 20 അതുകൊണ്ടു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നതു. 21 ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. 22 അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്‍ഷ്യം പറയുന്നു. 23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീര്‍ന്നു, 24 അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. 25 വിശ്വസിക്കുന്നവര്‍ക്കും അവന്‍ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍ കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ , 26 താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ തന്നേ അങ്ങനെ ചെയ്തതു. 27 ആകയാല്‍ പ്രശംസ എവിടെ? അതുപൊയ്പോയി. ഏതു മാര്‍ഗ്ഗത്താല്‍ ? കര്‍മ്മ മാര്‍ഗ്ഗത്താലോ? അല്ല, വിശ്വാസമാര്‍ഗ്ഗത്താലത്രേ. 28 അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിക്കുടാതെ വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. 29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. 30 ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മ്മികളെയും നീതീകരിക്കുന്നു. 31 ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു. 4:1 എന്നാല്‍ നമ്മുടെ പൂര്‍വ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു? 2 അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന്നു പ്രശംസിപ്പാന്‍ സംഗതി ഉണ്ടു; ദൈവസന്നിധിയില്‍ ഇല്ലതാനും, 3 തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ. 4 എന്നാല്‍ പ്രവര്‍ത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. 5 പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവന്നോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. 6 ദൈവം പ്രവൃത്തിക്കുടാതെ നീതികണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വര്‍ണ്ണിക്കുന്നതു: 7 “അധര്‍മ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍ . 8 കര്‍ത്താവു പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍ .” 9 ഈ ഭാഗ്യവര്‍ണ്ണനം പരിച്ഛേദനെക്കോ? അഗ്രചര്‍മ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു. 10 എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചര്‍മ്മത്തിലോ? പരിച്ഛേദനയിലല്ല. അഗ്രചര്‍മ്മത്തിലത്രേ. 11 അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്നു വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചര്‍മ്മത്തോട വിശ്വസിക്കുന്നവര്‍ക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താന്‍ അവര്‍ക്കും എല്ലാവര്‍ക്കും പിതാവായിരിക്കേണ്ടതിന്നും 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചര്‍മ്മത്തില്‍വെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്‍ക്കും പിതാവായിരിക്കേണ്ടതിന്നും തന്നേ. 13 ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്‍റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്‍റെ നീതിയാലല്ലോ ലഭിച്ചതു. 14 എന്നാല്‍ ന്യായപ്രമാണമുള്ളവര്‍ അവകാശികള്‍ എങ്കില്‍ വിശ്വാസം വ്യര്‍ത്ഥവും വാഗ്ദത്തം ദുര്‍ബ്ബലവും എന്നു വരും. 15 ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല. 16 അതു കൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികള്‍ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്കും മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസമുള്ളവര്‍ക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ. 17 മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 18 “നിന്‍റെ സന്തതി ഇവ്വണ്ണം ആകും എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്നു അവന്‍ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു. 19 അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്‍റെ ശരീരം നിര്‍ജ്ജീവമായിപ്പോയതും സാറയുടെ ഗര്‍ഭപാത്രത്തിന്‍റെ നിര്‍ജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല. 20 ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു, 21 അവന്‍ വാഗ്ദത്തം ചെയ്തതു പ്രവര്‍ത്തിപ്പാനും ശക്തന്‍ എന്നു പൂര്‍ണ്ണമായി ഉറെച്ചു. 22 അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു. 23 അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല, 24 നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിര്‍പ്പിച്ചുമിരിക്കുന്ന 25 നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്നു ഉയര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാല്‍ തന്നേ. 5:1 വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. 2 നാം നിലക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താല്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്‍റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു. 3 അതു തന്നേ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു 4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു. 5 പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ. 6 നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍ തന്നേ ക്രിസ്തു തക്ക സമയത്തു അഭക്തര്‍ക്കും വേണ്ടി മരിച്ചു. 7 നീതിമാന്നു വേണ്ടി ആരെങ്കിലും മരിക്കുന്നതു ദുര്‍ല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും. 8 ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നേ നമുക്കു വേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു. 9 അവന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാല്‍ എത്ര അധികമായി കോപത്തില്‍ നിന്നു രക്ഷിക്കപ്പെടും. 10 ശത്രുക്കളായിരിക്കുമ്പോള്‍ തന്നേ നമുക്കു അവന്‍റെ പുത്രന്‍റെ മരണത്താല്‍ ദൈവത്തോടു നിരപ്പു വന്നു എങ്കില്‍ നിരന്നശേഷം നാം അവന്‍റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും. 11 അത്രയുമല്ല, നമുക്കു ഇപ്പോള്‍ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുമുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും ചെയ്യുന്നു. 12 അതുകൊണ്ടു ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു. 13 പാപമോ ന്യായപ്രമാണംവരെ ലോകത്തില്‍ ഉണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല. 14 എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതല്‍ മോശെവരെ വാണിരുന്നു. 15 എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകര്‍ക്കും വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു. 16 ഏകന്‍ പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ പാപം ശിക്ഷാവിധി കല്പിപ്പാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിര്‍ന്നു. 17 ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധിലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും. 18 അങ്ങനെ ഏകലംഘനത്താല്‍ സകലമനുഷ്യര്‍ക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാല്‍ സകലമനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു. 19 ഏകമനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും. 20 എന്നാല്‍ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ദ്ധിച്ചു. 21 പാപം മരണത്താല്‍ വാണതുപോല കൃപയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യ ജീവന്നായി വാഴേണ്ടതിന്നു തന്നേ. 6:1 ആകയാല്‍ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു. 2 പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നതു എങ്ങനെ? 3 അല്ല, യേശു ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? 4 അങ്ങനെ നാം അവന്‍റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്നു സ്നാനത്താല്‍ അവനോടു കൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതു പോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിന്നു തന്നേ. 5 അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശയത്തോടും ഏകീഭവിക്കും. 6 നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. 7 അങ്ങനെ മരിച്ചവന്‍ പാപത്തില്‍ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. 8 നാം ക്രിസ്തുവിനോടു കൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. 9 ക്രിസ്തു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന്നു അവന്‍റെ മേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. 10 അവന്‍ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു. 11 അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവര്‍ എന്നു ക്രിസ്തുയേശുവില്‍ ദൈവത്തിന്നു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നേ എണ്ണുവിന്‍ . 12 ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, 13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമര്‍പ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമര്‍പ്പിച്ചുകൊള്‍വിന്‍ . 14 നിങ്ങള്‍ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ. 15 എന്നാല്‍ എന്തു? ന്യായപ്രമാണത്തിന്നല്ല കൃപെക്കത്രെ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരു നാളും അരുതു. 16 നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നേ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചു പോരുകയും ചെയ്യുന്നവന്നു ദാസന്മാര്‍ ആകുന്നു എന്നു അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിന്നായി പാപത്തിന്‍റെ ദാസന്മാര്‍ , അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്‍റെ ദാസന്മാര്‍ തന്നേ. 17 എന്നാല്‍ നിങ്ങള്‍ പാപത്തിന്‍റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ ഹൃദയപൂര്‍വ്വം അനുസരിച്ചു 18 പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്‍ന്നതുകൊണ്ടു ദൈവത്തിന്നു സ്തോത്രം. 19 നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മ്മത്തിന്നായി അശുദ്ധിക്കും അധര്‍മ്മത്തിന്നും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമര്‍പ്പിപ്പിന്‍ . 20 നിങ്ങള്‍ പാപത്തിന്നു ദാസന്മാരായിരുന്നപ്പോള്‍ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ. 21 നിങ്ങള്‍ക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്‍റെ അവസാനം മരണമല്ലോ. 22 എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അന്തം നിത്യജീവനും ആകുന്നു. 23 പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നേ. 7:1 സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നതു: മനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്‍റെമേല്‍ അധികാരമുണ്ടു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? 2 ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ അവള്‍ ഭര്‍ത്തൃന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവളായി. 3 ഭര്‍ത്താവു ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു പേര്‍ വരും; ഭര്‍ത്താവു മരിച്ചു എങ്കിലോ അവള്‍ വേറെ പുരുഷന്നു ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍നിന്നു സ്വതന്ത്രയാകുന്നു. 4 അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായക്കുമാറു മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു. 5 നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തില്‍ ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു. 6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തില്‍ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തില്‍നിന്നു ഒഴിവുള്ളവരായിരിക്കുന്നു. 7 ആകയാല്‍ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു. 8 പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജ്ജീവമാകുന്നു. 9 ഞാന്‍ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപംവീണ്ടും ജീവിക്കയും ഞാന്‍ മരിക്കയും ചെയ്തു. 10 ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീര്‍ന്നു എന്നു ഞാന്‍ കണ്ടു. 11 പാപം അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു. 12 ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ. 13 എന്നാല്‍ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അരുതു, പാപമത്രേ മരണമായിത്തീര്‍ന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിന്നു കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ. 14 ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍ , പാപത്തിന്നു ദാസനായി വില്‍ക്കപ്പെട്ടവന്‍ തന്നേ. 15 ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു. 16 ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാന്‍ സമ്മതിക്കുന്നു. 17 ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. 18 എന്നില്‍ എന്നുവെച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്പര്യം എനിക്കുണ്ടു; പ്രവര്‍ത്തിക്കുന്നതോ ഇല്ല. 19 ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നതു. 20 ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ. 21 അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു. 22 ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു. 23 എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അതു എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. 24 അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍ ! ഈ മരണത്തിന്നു അധീനമായ ശരീരത്തില്‍നിന്നു എന്നെ ആര്‍ വിടുവിക്കും? 25 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമുഖാന്തരം ഞാന്‍ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു. 8:1 അതുകൊണ്ടു ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്കും ഒരു ശിക്ഷാവിധിയും ഇല്ല. 2 ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു. 3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാന്‍ ) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തില്‍ ശിക്ഷ വിധിച്ചു. 4 ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായ പ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ. 5 ജഡസ്വഭാവമുള്ളവര്‍ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു. 6 ജഡത്തിന്‍റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവും തന്നേ. 7 ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമില്ല. 8 ജഡസ്വഭാവമുള്ളവര്‍ക്കും ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല. 9 നിങ്ങളോ, ദൈവത്തിന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എന്നു വരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവന്നുള്ളവനല്ല. 10 ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു . 11 യേശുവിനെ മരിച്ചവരില്‍നിന്നു ഉയിര്‍പ്പിച്ചവന്‍റെ ആത്മാവു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്നു ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും. 12 ആകയാല്‍ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു. 13 നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില്‍ മരിക്കും നിശ്ചയം; ആത്മാവിനാല്‍ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങള്‍ ജീവിക്കും. 14 ദൈവാത്മാവു നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു. 15 നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചതു. 16 നാം ദൈവത്തിന്‍റെ മക്കള്‍ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്‍ഷ്യം പറയുന്നു. 17 നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ. 18 നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു. 19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 20 സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു; 21 മന:പൂര്‍വ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്‍റെ കല്പനനിമിത്തമത്രേ. 22 സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ. 23 ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു. 24 പ്രത്യാശയാലല്ലാ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു? 25 നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു. 26 അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനിലക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാല്‍ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു. 27 എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കും വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു. 28 എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്കും, നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കും തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. 29 അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന്നു അവന്‍റെ സ്വരൂപത്തോടു അനുരൂപരാകുവാന്‍ മുന്നിയമിച്ചുമിരിക്കുന്നു. 30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു. 31 ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കില്‍ നമുക്കു പ്രതിക്കുലം ആര്‍ ? 32 സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവര്‍ക്കും വേണ്ടി ഏല്പിച്ചുതന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ? 33 ദൈവം തിരഞ്ഞെടുത്തവരെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം. 34 ശിക്ഷവിധിക്കുന്നവന്‍ ആര്‍ ? ക്രിസ്തുയേശു മരിച്ചവന്‍ ; മരിച്ചിട്ടു ഉയിര്‍ത്തെഴുന്നേറ്റവന്‍ തന്നേ; അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു. 35 ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍ ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ? 36 “നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പൊലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 37 നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു. 38 മരണത്തിന്നോ ജീവന്നോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ 39 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍ നിന്നു നമ്മെ വേറുപിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു. 9:1 ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല. 2 എനിക്കു വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ടു എന്നു എന്‍റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു. 3 ജഡപ്രകാരം എന്‍റെ ചാര്‍ച്ചക്കാരായ എന്‍റെ സഹോദരന്മാര്‍ക്കും വേണ്ടി ഞാന്‍ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു. 4 അവര്‍ യിസ്രായേല്യര്‍ , പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്കുംള്ളവ; 5 പിതാക്കന്മാരും അവര്‍ക്കുംള്ളവര്‍ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചതു; അവന്‍ സര്‍വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍ . 6 ആമേന്‍ . ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്‍നിന്നു ഉത്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ എന്നും 7 അബ്രാഹാമിന്‍റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നു വരികയില്ല; “യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു. 8 അതിന്‍റെ അര്‍ത്ഥമോ: ജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്‍റെ മക്കള്‍ ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു. 9 “ഈ സമയത്തേക്കു ഞാന്‍ വരും; അപ്പോള്‍ സാറെക്കു ഒരു മകന്‍ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം. 10 അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു, 11 കുട്ടികള ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണ്ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു: 12 “മൂത്തവന്‍ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു. 13 “ഞാന്‍ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 14 ആകയാല്‍ നാം എന്തു പറയേണ്ടു? ദൈവത്തിന്‍റെ പക്കല്‍ അനീതി ഉണ്ടോ? ഒരു നാളും ഇല്ല. 15 “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവന്‍ മോശെയോടു അരുളിച്ചെയ്യുന്നു. 16 അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു. 17 “ഇതിന്നായിട്ടു തന്നേ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നതു; നിന്നില്‍ എന്‍റെ ശക്തി കാണിക്കേണ്ടതിന്നും എന്‍റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തില്‍ ഫറവോനോടു അരുളിച്ചെയ്യുന്നു. 18 അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന്‍ കഠിനനാക്കുന്നു. 19 ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നതു എന്തു? ആര്‍ അവന്‍റെ ഇഷ്ടത്തോടു എതിര്‍ത്തു നില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും. 20 അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആര്‍ ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ? 21 അല്ല, കുശവന്നു അതേ പിണ്ഡത്തില്‍നിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ? 22 എന്നാല്‍ ദൈവം തന്‍റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും 23 യഹൂദന്മാരില്‍ നിന്നു മാത്രമല്ല ജാതികളില്‍ നിന്നും വിളിചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍ ജാതികളില്‍ നിന്നും വെളിപ്പെടുത്തുവാനും ജാതികളില്‍ നിന്നും വെളിപ്പെടുത്തുവാനും 24 തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്തു? 25 “എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും.. 26 നിങ്ങള്‍ എന്‍റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിക്കപ്പെടും” 27 എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ. യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: 28 “യിസ്രായേല്‍മക്കളുടെ എണ്ണം കടല്‍ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ. കര്‍ത്താവു ഭൂമിയില്‍ തന്‍റെ വചനം നിവര്‍ത്തിച്ചു ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചു പറയുന്നു. 29 “സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ. 30 ആകയാല്‍ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ. 31 നീതിയുടെ പ്രമാണം പിന്‍ തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല. 32 അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടു തന്നേ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി: 33 “ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍ പാറയും വെക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ. 10:1 സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്‍റെ ഹൃദയവാഞ്ഛയും അവര്‍ക്കുംവേണ്ടി ദൈവത്തൊടുള്ള യാചനയും ആകുന്നു. 2 അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്‍ഷ്യം പറയുന്നു. 3 അവര്‍ ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്‍റെ നീതിക്കു കീഴ്പെട്ടില്ല. 4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു. 5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ. 6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആര്‍ സ്വര്‍ഗ്ഗത്തില്‍ കയറും എന്നോ, 7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയില്‍ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആര്‍ പാതാളത്തില്‍ ഇറങ്ങും എന്നോ നിന്‍റെ ഹൃദയത്തില്‍ പറയരുതു.” 8 എന്നാല്‍ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ. 9 യേശുവിനെ കര്‍ത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷപ്പെടും. 10 ഹൃദയം കൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു. 11 “അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ. 12 യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവു ഒരുവന്‍ തന്നേ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്‍കുവാന്തക്കവണ്ണം സമ്പന്നന്‍ ആകുന്നു. 13 “കര്‍ത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ. 14 എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും? 15 ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ. 16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ. 17 ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു. 18 എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സര്‍വ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്‍റെ അറ്റത്തോളവും പരന്നു.” 19 എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്കു എരിവു വരുത്തും; മൂഡജാതിയെക്കൊണ്ടു നിങ്ങള്‍ക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു. 20 യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്കും ഞാന്‍ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു. 21 യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈനീട്ടി” എന്നു അവന്‍ പറയുന്നു. 11:1 എന്നാല്‍ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയില്‍ ബെന്യാമീന്‍ ഗോത്രത്തില്‍ ജനിച്ചവന്‍ തന്നേ. 2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്‍റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്‍റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ? 3 അവന്‍ യിസ്രായേലിന്നു വിരോധമായി: “കര്‍ത്താവേ, അവര്‍ നിന്‍റെ പ്രവാചകന്മാരെ കൊന്നു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു” 4 എന്നു ദൈവത്തോടു വാദിക്കുമ്പോള്‍ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ. 5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന്‍ പ്രകാരം ഒരു ശേഷിപ്പുണ്ടു. 6 കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല. 7 ആകയാല്‍ എന്തു? യിസ്രായേല്‍ താന്‍ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. 8 “ദൈവം അവര്‍ക്കും ഇന്നുവരെ ഗാഢ നിദ്രയും കാണാത്ത കണ്ണും കേള്‍ക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 9 “അവരുടെ മേശ അവര്‍ക്കും കാണിക്കയും കുടുക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ;. 10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. 11 എന്നാല്‍ അവര്‍ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും അല്ല; അവര്‍ക്കും എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളു. 12 എന്നാല്‍ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം? 13 എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍ ഞാന്‍ എന്‍റെ 14 സ്വജാതിക്കാര്‍ക്കും വല്ലവിധേനയും സ്പര്‍ദ്ധ ജനിപ്പിച്ചു, അവരില്‍ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാന്‍ എന്‍റെ ശുശ്രൂഷയെ പുകഴ്ത്തുന്നു. 15 അവരുടെ ഭ്രംശം ലോകത്തിന്‍റെ നിരപ്പിന്നു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും? 16 ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേര്‍ വിശുദ്ധം എങ്കില്‍ കൊമ്പുകളും അങ്ങനെ തന്നേ. 17 കൊമ്പുകളില്‍ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചു ചേര്‍ത്തു ഒലീവുമരത്തിന്‍റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ, 18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രേ ചുമക്കുന്നു എന്നു ഓര്‍ക്ക. 19 എന്നാല്‍ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും. 20 ശരി; അവിശ്വാസത്താല്‍ അവ ഒടിച്ചുപോയി; വിശ്വാസത്താല്‍ നീ നിലക്കുന്നു; ഞെളിയാതെ ഭയപ്പെടുക. 21 സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും. 22 ആകയാല്‍ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്‍റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നേ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും. 23 അവിശ്വാസത്തില്‍ നിലനില്‍ക്കാഞ്ഞാല്‍ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന്‍ ദൈവം ശക്തനല്ലോ. 24 സ്വഭാവത്താല്‍ കാട്ടുമരമായതില്‍നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തില്‍ ഒട്ടിച്ചു എങ്കില്‍ , സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും. 25 സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. 26 ഇങ്ങനെ യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും.“വിടുവിക്കുന്നവന്‍ സീയോനില്‍നിന്നു വരും; അവന്‍ യാക്കോബില്‍ നിന്നു അഭക്തിയെ മാറ്റും. 27 ഞാന്‍ അവരുടെ പാപങ്ങളെ നീക്കുമ്പോള്‍ ഇതു ഞാന്‍ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ. 28 സുവിശേഷം സംബന്ധിച്ചു അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍ ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍നിമിത്തം പ്രിയന്മാര്‍ . 29 ദൈവം തന്‍റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ. 30 നിങ്ങള്‍ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാല്‍ ഇപ്പോള്‍ കരുണ ലഭിച്ചതുപോലെ, 31 നിങ്ങള്‍ക്കു ലഭിച്ച കരുണയാല്‍ അവര്‍ക്കും കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോള്‍ അനുസരിക്കാതിരിക്കുന്നു. 32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടില്‍ അടെച്ചുകളഞ്ഞു. 33 ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്‍റെ വഴികള്‍ എത്ര അഗോചരവും ആകുന്നു. 34 കര്‍ത്താവിന്‍റെ മനസ്സു അറിഞ്ഞവന്‍ ആര്‍ ? 35 അവന്നു മന്ത്രിയായിരുന്നവന്‍ ആര്‍ ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന്‍ ആര്‍ ? 36 സകലവും അവനില്‍ നിന്നു അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേന്‍ . 12:1 സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്‍റെ മനസ്സലിവു ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍ . 2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ . 3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്‍റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു. 4 ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങള്‍ ഉണ്ടല്ലോ; എല്ലാ അവയവങ്ങള്‍ക്കും പ്രവൃത്തി ഒന്നല്ലതാനും; 5 അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു. 6 ആകയാല്‍ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കില്‍ വിശ്വാസത്തിന്നു ഒത്തവണ്ണം, 7 ശുശ്രൂഷ എങ്കില്‍ ശുശ്രൂഷയില്‍ , ഉപദേശിക്കുന്നവന്‍ എങ്കില്‍ ഉപദേശത്തില്‍ , പ്രബോധിപ്പിക്കുന്നവന്‍ എങ്കില്‍ 8 പ്രബോധനത്തില്‍ , ദാനം ചെയ്യുവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ. 9 സ്നേഹം നിര്‍വ്യാജം ആയിരിക്കട്ടെ: തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്‍വിന്‍ . 10 സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടു കൊള്‍വിന്‍ . 11 ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍ . 12 ആശയില്‍ സന്തോഷിപ്പിന്‍ ; 13 കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍ ; പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്‍ക്കാരം ആചരിക്കയും ചെയ്‍വിന്‍ . 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍ ; ശപിക്കാതെ അനുഗ്രഹിപ്പിന്‍ . 15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍ . 16 തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍ ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുതു. 17 ആര്‍ക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍ കരുതി, 18 കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിന്‍ . 19 പ്രിയമുള്ളവരേ, നിങ്ങള്‍ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിന്‍ ; പ്രതികാരം എനിക്കുള്ളതു; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു, എന്നാല്‍ 20 “നിന്‍റെ ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നുഎങ്കില്‍ കുടിപ്പാന്‍ കൊടക്ക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. 21 തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക. 13:1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു. 2 ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. 3 വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും. 4 നിന്‍റെ നന്മെക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു; നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവന്‍ വാള്‍ വഹിക്കുന്നതു; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്‍റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍ തന്നേ. 5 അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം. 6 അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നേ നോക്കുന്നവരുമാകുന്നു. 7 എല്ലാവര്‍ക്കും കടമായുള്ളതു കൊടുപ്പിന്‍ ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം. 8 അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ. 9 വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു. 10 സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നേ. 11 ഇതു ചെയ്യേണ്ടതു ഉറക്കത്തില്‍നിന്നു ഉണരുവാന്‍ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ സമയത്തെ അറികയാല്‍ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്കു അധികം അടുത്തിരിക്കുന്നു. 12 രാത്രി കഴിവാറായി പകല്‍ അടുത്തിരിക്കുന്നു അതുകൊണ്ടു നാം ഇരുട്ടിന്‍റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്‍റെ ആയുധവര്‍ഗ്ഗം ധരിച്ചുകൊള്‍ക. 13 പകല്‍സമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല. 14 കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊള്‍വിന്‍ . മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു. 14:1 സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്‍ത്തുകൊള്‍വിന്‍ . 2 ഒരുവന്‍ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു. 3 തിന്നുന്നവന്‍ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവന്‍ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ. 4 മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാന്‍ നീ ആര്‍ ? അവന്‍ നിലക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവന്‍ നിലക്കുംതാനും; അവന്‍ നിലക്കുമാറാക്കുവാന്‍ കര്‍ത്താവിന്നു കഴിയുമല്ലോ. 5 ഒരുവന്‍ ഒരു ദിവസത്തെക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന്‍ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തന്‍ താന്താന്‍റെ മനസ്സില്‍ ഉറെച്ചിരിക്കട്ടെ. 6 ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവന്‍ കര്‍ത്താവിന്നായി തിന്നുന്നു; അവന്‍ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന്‍ കര്‍ത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു. 7 നമ്മില്‍ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നുമില്ല. 8 ജീവിക്കുന്നു എങ്കില്‍ നാം കര്‍ത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കില്‍ കര്‍ത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കര്‍ത്താവിന്നുള്ളവര്‍ തന്നേ. 9 മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിക്കയും ചെയ്തതു. 10 എന്നാല്‍ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന്നു മുമ്പാകെ നില്‍ക്കേണ്ടിവരും. 11 “എന്നാണ എന്‍റെ മുമ്പില്‍ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. 12 ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ദൈവത്തൊടു കണകൂ ബോധിപ്പിക്കേണ്ടിവരും. 13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടര്‍ച്ചയോ തടങ്ങലോ വെക്കാതിരിപ്പാന്‍ മാത്രം ഉറെച്ചുകൊള്‍വിന്‍ 14 യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു. 15 നിന്‍റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല്‍ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്‍ക്കുംവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്‍റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു. 16 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു. 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ. 18 അതില്‍ ക്രിസ്തുവിനെ സേവിക്കുന്നവന്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യര്‍ക്കും കൊള്ളാകുന്നവനും തന്നേ. 19 ആകയാല്‍ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊള്‍ക. 20 ഭക്ഷണംനിമിത്തം ദൈവനിര്‍മ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടര്‍ച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ. 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു. 22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില്‍ നിനക്കു തന്നേ ഇരിക്കട്ടെ; താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന്‍ ഭാഗ്യവാന്‍ . 23 എന്നാല്‍ സംശയിക്കുന്നവന്‍ തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവന്‍ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ. 15:1 എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍ തന്നേ പ്രസാദിക്കാതിരിക്കയും വേണം. 2 നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വര്‍ദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം. 3 “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെ മേല്‍ വീണു” എന്നു എഴുതിയിരിക്കുന്നുതു പോലെ ക്രിസ്തുവും തന്നില്‍ തന്നേ പ്രസാദിച്ചില്ല. 4 എന്നാല്‍ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു. 5 എന്നാല്‍ നിങ്ങള്‍ ഐകമത്യപെട്ടു, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്വീകരിക്കേണ്ടതിന്നു 6 സ്ഥിരതയും ആശ്വാസവും നലകുന്ന ദൈവം നിങ്ങള്‍ക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മില്‍ ഏകചിന്തയോടിരിപ്പാന്‍ കൃപ നലകുമാറാകട്ടെ. 7 അതുകൊണ്ടു ക്രിസ്തു ദൈവത്തിന്‍റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്‍വിന്‍ . 8 പിതാക്കന്മാര്‍ക്കും ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു 9 ക്രിസ്തു ദൈവത്തിന്‍റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു. 10 “അതുകൊണ്ടു ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെ വാഴ്ത്തി നിന്‍റെ നാമത്തിന്നു സ്തുതി പാടും” 11 എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്‍റെ ജനത്തൊടു ഒന്നിച്ചു ആനന്ദിപ്പി൯” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കര്‍ത്താവിനെ സ്തുതിപ്പിന്‍ , സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു. 12 “യിശ്ശയിയുടെ വേരും ജാതികളെ ഭരിപ്പാന്‍ എഴുന്നേലക്കുന്നവനുമായവന്‍ ഉണ്ടാകും; അവനില്‍ ജാതികള്‍ പ്രത്യാശവേക്കും” 13 എന്നു യെശയ്യാവു പറയുന്നു. എന്നാല്‍ പ്രത്യാശ നലകുന്ന ദൈവം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ. 14 സഹോദരന്മാരേ, നിങ്ങള്‍ തന്നേ ദയാപൂര്‍ണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാന്‍ പ്രാപ്തരും ആകുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു. 15 എങ്കിലും ജാതികള്‍ എന്ന വഴിപാടു പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന്‍ ഞാന്‍ ദൈവത്തിന്‍റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളില്‍ ക്രിസ്തുയേശുവിന്‍റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു 16 ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓര്‍മ്മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്തു അതിധൈര്യമായി നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. 17 ക്രിസ്തുയേശുവില്‍ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു. 18 ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍ തുനിയുകയില്ല. 19 അങ്ങനെ ഞാന്‍ യെരൂശലേം മുതല്‍ ഇല്ലുര്‍യ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്‍റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു. 20 ഞാന്‍ മറ്റൊരുവന്‍റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്‍റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല, 21 “അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവര്‍ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാന്‍ അഭിമാനിക്കുന്നതു. 22 അതുകൊണ്ടു തന്നേ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു. 23 ഇപ്പോഴോ എനിക്കു ഈ ദിക്കുകളില്‍ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന്‍ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും, 24 ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു. 25 ഇപ്പോഴോ ഞാന്‍ വിശുദ്ധന്മാര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ യെരൂശലേമിലേക്കു യാത്രയാകുന്നു. 26 യെരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്കും ഏതാനും ധര്‍മ്മോപകാരം ചെയ്‍വാന്‍ മക്കെദോന്യയിലും അഖായയിലും ഉള്ളവര്‍ക്കും ഇഷ്ടം തോന്നി. 27 അവര്‍ക്കും ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവര്‍ക്കും കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കും ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ. 28 ഞാന്‍ അതു നിവര്‍ത്തിച്ചു ഈ ഫലം അവര്‍ക്കും ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും. 29 ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ ക്രിസ്തുവിന്‍റെ അനുഗ്രഹപൂര്‍ത്തിയോടെ വരും എന്നു ഞാന്‍ അറിയുന്നു. 30 എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യില്‍നിന്നു എന്നെ രക്ഷിക്കേണ്ടതിന്നു യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കും 31 പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാന്‍ ദൈവവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങള്‍ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ എന്നോടുകൂടെ പോരാടേണം 32 എന്നു നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിനെയും ആത്മാവിന്‍റെ സ്നേഹത്തെയും ഓര്‍പ്പിച്ചു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. 33 സമാധാനത്തിന്‍റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ . 16:1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ 2 നിങ്ങള്‍ വിശുദ്ധന്മാര്‍ക്കും യോഗ്യമാംവണ്ണം കര്‍ത്താവിന്‍റെ നാമത്തില്‍ കൈക്കൊണ്ടു, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാന്‍ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു. 3 ക്രിസ്തുയേശുവില്‍ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിന്‍ . 4 അവര്‍ എന്‍റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവര്‍ക്കും ഞാന്‍ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു. 5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിന്‍ ; ആസ്യയില്‍ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിന്‍ . 6 നിങ്ങള്‍ക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിന്‍ . 7 എന്‍റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിന്‍ ; അവര്‍ അപ്പൊസ്തലന്മാരുടെ ഇടയില്‍ പേര്‍കൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു. 8 കര്‍ത്താവില്‍ എനിക്കു പ്രിയനായ അംപ്ളിയാത്തൊസിന്നു വന്ദനം ചൊല്ലുവിന്‍ . 9 ക്രിസ്തുവില്‍ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉര്‍ബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിന്‍ . 10 ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിന്‍ . അരിസ്തൊബൂലൊസിന്‍റെ ഭവനക്കാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 11 എന്‍റെ ചാര്‍ച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിന്‍ ; നര്‍ക്കിസ്സൊസിന്‍റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 12 കര്‍ത്താവില്‍ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിന്‍ . കര്‍ത്താവില്‍ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെര്‍സിസിന്നു വന്ദനം ചൊല്ലുവിന്‍ . 13 കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്‍റെ അമ്മയെയും വന്ദനം ചെയ്‍വിന്‍ . 14 അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെര്‍മ്മോസിന്നും പത്രൊബാസിന്നും ഹെര്‍മ്മാസിന്നും കൂടെയുള്ള സഹോദരന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 15 ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്‍റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍ . 16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‍വിന്‍ . ക്രിസ്തുവിന്‍റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു. 17 സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിന്‍ . 18 അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു. 19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. 20 സമാധാനത്തിന്‍റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്‍ക്കീഴെ ചതെച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ. 21 എന്‍റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്‍റെ ചാര്‍ച്ചക്കാരയ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. 22 ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു. 23 എനിക്കും സര്‍വ്വസഭെക്കും അതിഥിസല്‍ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു. 24 പൂര്‍വ്വകാലങ്ങളില്‍ മറഞ്ഞിരുന്നിട്ടു ഇപ്പോള്‍ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്‍റെ നിയോഗപ്രകാരം സകലജാതികള്‍ക്കും വിശ്വാസത്തിന്‍റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാല്‍ 25 അറിയിച്ചിരിക്കുന്നതുമായ മര്‍മ്മത്തിന്‍റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്‍റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്ന 26 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍ . 27
|