Home | Churches | About |
1 ഊസ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. 2 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. 3 അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു. 4 അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു. 5 എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു. 6 ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു. 7 യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. 8 യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു. 9 അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു? 10 നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു. 11 തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു. 12 ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി. 13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ 14 ഒരു ദൂതൻ അവന്റെ അടുക്കൽവന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു; 15 പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. 16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. 17 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. 18 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു. 19 പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൌവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു. 20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു: 21 നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. 22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല. 1 പിന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു. 2 യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു. 3 യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു. 4 സാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും. 5 നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു. 6 യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു. 7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു. 8 അവൻ ഒരു ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു. 9 അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു. 10 അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല. 11 അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോൾ അവർ ഓരോരുത്തൻ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു. 12 അവർ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി. 13 അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു. 1 അനന്തരം ഇയ്യോബ് വായി തുറന്നു തന്റെ ജന്മദിവസത്തെ ശപിച്ചു. 2 ഇയ്യോബ് പറഞ്ഞതെന്തെന്നാൽ: 3 ഞാൻ ജനിച്ച ദിവസവും ഒരു ആൺ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ. 4 ആ നാൾ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ. 5 ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ. 6 ആ രാത്രിയെ കൂരിരുൾ പിടിക്കട്ടെ; അതു ആണ്ടിന്റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുതു; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുതു. 7 അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുതു. 8 മഹാസർപ്പത്തെ ഇളക്കുവാൻ സമർത്ഥരായി ദിവസത്തെ ശപിക്കുന്നവർ അതിനെ ശപിക്കട്ടെ. 9 അതിന്റെ സന്ധ്യാനക്ഷത്രങ്ങൾ ഇരുണ്ടു പോകട്ടെ. അതു വെളിച്ചത്തിന്നു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അതു ഉഷസ്സിന്റെ കണ്ണിമ ഒരിക്കലും കാണരുതു. 10 അതു എനിക്കു ഗർഭദ്വാരം അടെച്ചില്ലല്ലോ; എന്റെ കണ്ണിന്നു കഷ്ടം മറെച്ചില്ലല്ലോ. 11 ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു? 12 മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടതു എന്തിനു? എനിക്കു കുടിപ്പാൻ മുല ഉണ്ടായിരുന്നതെന്തിന്നു? 13 ഞാൻ ഇപ്പോൾ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാൻ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു. 14 തങ്ങൾക്കു ഏകാന്തനിവാസങ്ങൾ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും അഥവാ, 15 കനകസമ്പന്നരായി സ്വഭവനങ്ങൾ വെള്ളികൊണ്ടു നിറെച്ചുവെച്ച പ്രഭുക്കന്മാരോടും കൂടെ തന്നേ. 16 അല്ലെങ്കിൽ, ഗർഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാൻ ഇല്ലാതെ പോകുമായിരുന്നു. 17 അവിടെ ദുർജ്ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചു പോയവർ വിശ്രമിക്കുന്നു. 18 അവിടെ ബദ്ധന്മാർ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്റെ ശബ്ദം അവർ കേൾക്കാതിരിക്കുന്നു. 19 ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസന്നു യജമാനന്റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു. 20 അരിഷ്ടനു പ്രകാശവും ദുഃഖിതന്മാർക്കു ജീവനും കൊടുക്കുന്നതെന്തിനു? 21 അവർ മരണത്തിന്നായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവർ അതിന്നായി കുഴിക്കുന്നു. 22 അവർ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും 23 വഴി മറഞ്ഞിരിക്കുന്ന പുരുഷന്നും ദൈവം നിരോധിച്ചിരിക്കുന്നവന്നും ജീവനെ കൊടുക്കുന്നതെന്തിനു? 24 ഭക്ഷണത്തിന്നു മുമ്പെ എനിക്കു നെടുവീർപ്പു വരുന്നു; എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു. 25 ഞാൻ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാൻ ഭയപ്പെട്ടിരുന്നതു എനിക്കു ഭവിച്ചു. 26 ഞാൻ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു. 1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നിന്നോടു സംസാരിപ്പാൻ തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാൽ വാക്കടക്കുവാൻ ആർക്കു കഴിയും? 3 നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. 4 വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴങ്കാൽ നീ ഉറപ്പിച്ചിരിക്കുന്നു. 5 ഇപ്പോൾ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടീട്ടു നീ ഭ്രമിച്ചുപോകുന്നു. 6 നിന്റെ ഭക്തി നിന്റെ ആശ്രയമല്ലയോ? നിന്റെ നടപ്പിന്റെ നിർമ്മലത നിന്റെ പ്രത്യാശയല്ലയോ? 7 ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളു? 8 ഞാൻ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതെക്കുന്നവർ അതു തന്നേ കൊയ്യുന്നു. 9 ദൈവത്തിന്റെ ശ്വാസത്താൽ അവർ നശിക്കുന്നു; അവന്റെ കോപത്തിന്റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു. 10 സിംഹത്തിന്റെ ഗർജ്ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി. 11 സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുന്നു; 12 എന്റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്റെ മന്ദസ്വരം എന്റെ ചെവിയിൽ കടന്നു. 13 മനുഷ്യർക്കു ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദർശനങ്ങളാലുള്ള മനോഭാവനകളിൽ ഭയവും നടുക്കവും എന്നെ പിടിച്ചു. 14 എന്റെ അസ്ഥികൾ ഒക്കെയും കുലുങ്ങിപ്പോയി. 15 ഒരാത്മാവു എന്റെ മുഖത്തിന്നെതിരെ കടന്നു എന്റെ ദേഹത്തിന്നു രോമഹർഷം ഭവിച്ചു. 16 ഒരു പ്രതിമ എന്റെ കണ്ണിന്നെതിരെ നിന്നു; എങ്കിലും അതിന്റെ രൂപം ഞാൻ തിരിച്ചറിഞ്ഞില്ല; മന്ദമായോരു സ്വരം ഞാൻ കേട്ടതെന്തെന്നാൽ: 17 മർത്യൻ ദൈവത്തിലും നീതിമാൻ ആകുമോ? നരൻ സ്രഷ്ടാവിലും നിർമ്മലനാകുമോ? 18 ഇതാ, സ്വദാസന്മാരിലും അവന്നു വിശ്വാസമില്ല; തന്റെ ദൂതന്മാരിലും അവൻ കുറ്റം ആരോപിക്കുന്നു. 19 പൊടിയിൽനിന്നുത്ഭവിച്ചു മണ്പുരകളിൽ പാർത്തു പുഴുപോലെ ചതെഞ്ഞു പോകുന്നവരിൽ എത്ര അധികം! 20 ഉഷസ്സിന്നും സന്ധ്യെക്കും മദ്ധ്യേ അവർ തകർന്നു പോകുന്നു; ആരും ഗണ്യമാക്കാതെ അവർ എന്നേക്കും നശിക്കുന്നു. 21 അവരുടെ കൂടാരക്കയറു അറ്റുപോയിട്ടു അവർ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ? 1 വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും? 2 നീരസം ഭോഷനെ കൊല്ലുന്നു; ഈർഷ്യ മൂഢനെ ഹിംസിക്കുന്നു. 3 മൂഢൻ വേരൂന്നുന്നതു ഞാൻ കണ്ടു ക്ഷണത്തിൽ അവന്റെ പാർപ്പിടത്തെ ശപിച്ചു. 4 അവന്റെ മക്കൾ രക്ഷയോടകന്നിരിക്കുന്നു; അവർ രക്ഷകനില്ലാതെ വാതിൽക്കൽവെച്ചു തകർന്നുപോകുന്നു. 5 അവന്റെ വിളവു വിശപ്പുള്ളവൻ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്തു ദാഹമുള്ളവർ കപ്പിക്കളയും. 6 അനർത്ഥം ഉത്ഭവിക്കുന്നതു പൂഴിയിൽനിന്നല്ല; കഷ്ടത മുളെക്കുന്നതു നിലത്തുനിന്നുമല്ല; 7 തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യൻ കഷ്ടതെക്കായി ജനിച്ചിരിക്കുന്നു. 8 ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു; 9 അവൻ, ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളും അസംഖ്യമായ അത്ഭുതങ്ങളും ചെയ്യുന്നു. 10 അവൻ ഭൂതലത്തിൽ മഴപെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു. 11 അവൻ താണവരെ ഉയർത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു. 12 അവൻ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകൾ കാര്യം സാധിപ്പിക്കയുമില്ല. 13 അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു. 14 പകൽസമയത്തു അവർക്കു ഇരുൾ നേരിടുന്നു; ഉച്ചസമയത്തു അവർ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു. 15 അവൻ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്റെ കയ്യിൽനിന്നും രക്ഷിക്കുന്നു. 16 അങ്ങനെ എളിയവന്നു പ്രത്യാശയുണ്ടു; നീതികെട്ടവനോ വായ്പൊത്തുന്നു. 17 ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്റെ ശിക്ഷ നീ നിരസിക്കരുതു. 18 അവൻ മുറിവേല്പക്കിയും മുറി കെട്ടുകയും ചെയ്യുന്നു; അവൻ ചതെക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു. 19 ആറു കഷ്ടത്തിൽനിന്നു അവൻ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല. 20 ക്ഷാമകാലത്തു അവൻ നിന്നെ മരണത്തിൽനിന്നും യുദ്ധത്തിൽ വാളിന്റെ വെട്ടിൽനിന്നും വിടുവിക്കും. 21 നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോൾ നീ ഭയപ്പെടുകയില്ല. 22 നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല. 23 വയലിലെ കല്ലുകളോടു നിനക്കു സഖ്യതയുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോടു ഇണങ്ങിയിരിക്കും. 24 നിന്റെ കൂടാരം നിർഭയം എന്നു നീ അറിയും; നിന്റെ പാർപ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല. 25 നിന്റെ സന്താനം അസംഖ്യമെന്നും നിന്റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും. 26 തക്ക സമയത്തു കറ്റക്കൂമ്പാരം അടുക്കിവെക്കുന്നതുപോലെ നീ പൂർണ്ണവാർദ്ധക്യത്തിൽ കല്ലറയിൽ കടക്കും. 27 ഞങ്ങൾ അതു ആരാഞ്ഞുനോക്കി, അതു അങ്ങനെതന്നേ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊൾക. 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 അയ്യോ എന്റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വെച്ചെങ്കിൽ! 3 അതു കടല്പുറത്തെ മണലിനെക്കാൾ ഭാരമേറുന്നതു. അതുകൊണ്ടു എന്റെ വാക്കു തെറ്റിപ്പോകുന്നു. 4 സർവ്വശക്തന്റെ അസ്ത്രങ്ങൾ എന്നിൽ തറെച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവു കുടിക്കുന്നു; ദൈവത്തിന്റെ ഘോരത്വങ്ങൾ എന്റെ നേരെ അണിനിരന്നിരിക്കുന്നു. 5 പുല്ലുള്ളേടത്തു കാട്ടുകഴുത ചിനെക്കുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ? 6 രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളെക്കു രുചിയുണ്ടോ? 7 തൊടുവാൻ എനിക്കു വെറുപ്പു തോന്നുന്നതു എനിക്കു അറെപ്പുള്ള ഭക്ഷണമായിരിക്കുന്നു. 8 അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ! 9 എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ! 10 അങ്ങനെ എനിക്കു ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ; 11 ഞാൻ കാത്തിരിക്കേണ്ടതിന്നു എന്റെ ശക്തി എന്തുള്ളു? ദീർഘക്ഷമ കാണിക്കേണ്ടതിന്നു എന്റെ അന്തം എന്തു? 12 എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ? 13 ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ? 14 ദുഃഖിതനോടു സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവൻ സർവ്വശക്തന്റെ ഭയം ത്യജിക്കും. 15 എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നേ. 16 നീർക്കട്ടകൊണ്ടു അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു. 17 ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്നു പൊയ്പോകുന്നു. 18 സ്വാർത്ഥങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു. 19 തേമയുടെ സ്വാർത്ഥങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവെക്കായി പ്രതീക്ഷിക്കുന്നു. 20 പ്രതീക്ഷിച്ചതുകൊണ്ടു അവർ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചു പോകുന്നു. 21 നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങൾ പേടിക്കുന്നു. 22 എനിക്കു കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്നു എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിൻ; 23 വൈരിയുടെ കയ്യിൽനിന്നു എന്നെ വിടുവിപ്പിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്നു എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ? 24 എന്നെ ഉപദേശിപ്പിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്നു എനിക്കു ബോധം വരുത്തുവിൻ. 25 നേരുള്ള വാക്കുകൾക്കു എത്ര ബലം! നിങ്ങളുടെ ശാസനെക്കോ എന്തു ഫലം? 26 വാക്കുകളെ ആക്ഷേപിപ്പാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന്നു തുല്യമത്രേ. 27 അനാഥന്നു നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു. 28 ഇപ്പോൾ ദയ ചെയ്തു എന്നെ ഒന്നു നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ? 29 ഒന്നുകൂടെ നോക്കുവിൻ; നീതികേടു ഭവിക്കരുതു. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളതു തന്നേ. 30 എന്റെ നാവിൽ അനീതിയുണ്ടോ? എന്റെവായി അനർത്ഥം തിരിച്ചറികയില്ലയോ? 1 മർത്യന്നു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്റെ ജീവകാലം കൂലിക്കാരന്റെ ജീവകാലംപോലെ തന്നേ. 2 വേലക്കാരൻ നിഴൽ വാഞ്ഛിക്കുന്നതുപോലെയും കൂലിക്കാരൻ കൂലിക്കു കാത്തിരിക്കുന്നതുപോലെയും 3 വ്യർത്ഥമാസങ്ങൾ എനിക്കു അവകാശമായ്‍വന്നു, കഷ്ടരാത്രികൾ എനിക്കു ഓഹരിയായ്തീർന്നു. 4 കിടക്കുന്നേരം: ഞാൻ എപ്പോൾ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രിയോ ദീർഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നേ പണി. 5 എന്റെ ദേഹം പുഴുവും മൺകട്ടയും ഉടുത്തിരിക്കുന്നു. എന്റെ ത്വക്കിൽ പുൺവായ്കൾ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു. 6 എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളതു; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു. 7 എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കേണമേ; എന്റെ കണ്ണു ഇനി നന്മയെ കാണുകയില്ല. 8 എന്നെ കാണുന്നവന്റെ കണ്ണു ഇനി എന്നെ കാണുകയില്ല; നിന്റെ കണ്ണു എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും. 9 മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. 10 അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല. 11 ആകയാൽ ഞാൻ എന്റെ വായടെക്കയില്ല; എന്റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; എന്റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും. 12 നീ എനിക്കു കാവലാക്കേണ്ടതിന്നു ഞാൻ കടലോ കടലാനയോ ആകുന്നുവോ? 13 എന്റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്റെ മെത്ത എന്റെ വ്യസനം ശമിപ്പിക്കും എന്നു ഞാൻ പറഞ്ഞാൽ 14 നീ സ്വപ്നംകൊണ്ടു എന്നെ അരട്ടുന്നു; ദർശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു. 15 ആകയാൽ ഞാൻ ഞെക്കിക്കുലയും ഈ അസ്ഥിക്കൂടത്തെക്കാൾ മരണവും തിരഞ്ഞെടുക്കുന്നു. 16 ഞാൻ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ. 17 മർത്യനെ നീ ഗണ്യമാക്കേണ്ടതിന്നും അവന്റെമേൽ ദൃഷ്ടിവെക്കേണ്ടതിന്നും 18 അവനെ രാവിലെതോറും സന്ദർശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിന്നും അവൻ എന്തുള്ളു? 19 നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽ നിന്നു മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും? 20 ഞാൻ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാൻ നിനക്കെന്തു ചെയ്യുന്നു? ഞാൻ എനിക്കു തന്നേ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വെച്ചിരിക്കുന്നതെന്തു? 21 എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോൾ ഞാൻ പൊടിയിൽ കിടക്കും; നീ എന്നെ അന്വേഷിച്ചാൽ ഞാൻ ഇല്ലാതിരിക്കും. 1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്റെ വായിലെ വാക്കുകൾ വങ്കാറ്റുപോലെ ഇരിക്കും? 3 ദൈവം ന്യായം മറിച്ചുകളയുമോ? സർവ്വശക്തൻ നീതിയെ മറിച്ചുകളയുമോ? 4 നിന്റെ മക്കൾ അവനോടു പാപം ചെയ്തെങ്കിൽ അവൻ അവരെ അവരുടെ അതിക്രമങ്ങൾക്കു ഏല്പിച്ചുകളഞ്ഞു. 5 നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സർവ്വശക്തനോടപേക്ഷിക്കയും ചെയ്താൽ, 6 നീ നിർമ്മലനും നേരുള്ളവനുമെങ്കിൽ അവൻ ഇപ്പോൾ നിനക്കു വേണ്ടി ഉണർന്നുവരും; നിന്റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും. 7 നിന്റെ പൂർവ്വസ്ഥിതി അല്പമായ്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും. 8 നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണ ഫലം ഗ്രഹിച്ചുകൊൾക. 9 നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രെ. 10 അവർ നിനക്കു ഉപദേശിച്ചുപറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും. 11 ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ലു വളരുമോ? 12 അതു അരിയാതെ പച്ചയായിരിക്കുമ്പോൾ തന്നേ മറ്റു എല്ലാ പുല്ലിന്നും മുമ്പെ വാടിപ്പോകുന്നു. 13 ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെ തന്നേ; വഷളന്റെ ആശ നശിച്ചുപോകും; 14 അവന്റെ ആശ്രയം അറ്റുപോകും; അവന്റെ ശരണം ചിലന്തിവലയത്രെ. 15 അവൻ തന്റെ വീട്ടിനെ ആശ്രയിക്കും; അതോ നിൽക്കയില്ല; അവൻ അതിനെ മുറുകെ പിടിക്കും; അതോ നിലനിൽക്കയില്ല. 16 വെയിലത്തു അവൻ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികൾ അവന്റെ തോട്ടത്തിൽ പടരുന്നു. 17 അവന്റെ വേർ കൽക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു. 18 അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാൽ ഞാൻ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും. 19 ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളെച്ചുവരും. 20 ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്‌പ്രവൃത്തിക്കാരെ താങ്ങുകയുമില്ല. 21 അവൻ ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറെക്കും. 22 നിന്നെ പകക്കുന്നവർ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും. 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 അതു അങ്ങനെ തന്നേ എന്നു എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മർത്യൻ നീതിമാനാകുന്നതെങ്ങിനെ? 3 അവന്നു അവനോടു വ്യവഹരിപ്പാൻ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന്നു ഉത്തരം പറവാൻ കഴികയില്ല. 4 അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ? 5 അവൻ പർവ്വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു. 6 അവൻ ഭൂമിയെ സ്വസ്ഥാനത്തുനിന്നു ഇളക്കുന്നു; അതിന്റെ തൂണുകൾ കുലുങ്ങിപ്പോകുന്നു. 7 അവൻ സൂര്യനോടു കല്പിക്കുന്നു; അതു ഉദിക്കാതിരിക്കുന്നു; അവൻ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു. 8 അവൻ തനിച്ചു ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവൻ നടക്കുന്നു. 9 അവൻ സപ്തർഷി, മകയിരം, കാർത്തിക, ഇവയെയും തെക്കെ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു. 10 അവൻ ആരാഞ്ഞുകൂടാത്ത വങ്കാര്യങ്ങളെയും എണ്ണമില്ലാത്ത അത്ഭുതങ്ങളെയും ചെയ്യുന്നു. 11 അവൻ എന്റെ അരികെ കൂടി കടക്കുന്നു; ഞാൻ അവനെ കാണുന്നില്ല; അവൻ കടന്നുപോകുന്നു; ഞാൻ അവനെ അറിയുന്നതുമില്ല. 12 അവൻ പറിച്ചെടുക്കുന്നു; ആർ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്നു ആർ ചോദിക്കും? 13 ദൈവം തന്റെ കോപത്തെ പിൻ വലിക്കുന്നില്ല; രഹബിന്റെ തുണയാളികൾ അവന്നു വഴങ്ങുന്നു. 14 പിന്നെ ഞാൻ അവനോടു ഉത്തരം പറയുന്നതും അവനോടു വാദിപ്പാൻ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ? 15 ഞാൻ നീതിമാനായിരുന്നാലും അവനോടു ഉത്തരം പറഞ്ഞുകൂടാ; എന്റെ പ്രതിയോഗിയോടു ഞാൻ യാചിക്കേണ്ടിവരും. 16 ഞാൻ വിളിച്ചിട്ടു അവൻ ഉത്തരം അരുളിയാലും എന്റെ അപേക്ഷ കേൾക്കും എന്നു ഞാൻ വിശ്വസിക്കയില്ല. 17 കൊടുങ്കാറ്റുകൊണ്ടു അവൻ എന്നെ തകർക്കുംന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു. 18 ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ടു എന്റെ വയറു നിറെക്കുന്നു. 19 ബലം വിചാരിച്ചാൽ: അവൻ തന്നേ ബലവാൻ; ന്യായവിധി വിചാരിച്ചാൽ: ആർ എനിക്കു അവധി നിശ്ചയിക്കും? 20 ഞാൻ നീതിമാനായാലും എന്റെ സ്വന്ത വായ് എന്നെ കുറ്റം വിധിക്കും; ഞാൻ നിഷ്കളങ്കനായാലും അവൻ എനിക്കു വക്രത ആരോപിക്കും. 21 ഞാൻ നിഷ്കളങ്കൻ; ഞാൻ എന്റെ പ്രാണനെ കരുതുന്നില്ല; എന്റെ ജീവനെ ഞാൻ നിരസിക്കുന്നു. 22 അതെല്ലാം ഒരുപോലെ; അതുകൊണ്ടു ഞാൻ പറയുന്നതു: അവൻ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു. 23 ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിർദ്ദോഷികളുടെ നിരാശ കണ്ടു അവൻ ചിരിക്കുന്നു. 24 ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കിൽ പിന്നെ ആർ? 25 എന്റെ ആയുഷ്കാലം ഓട്ടാളനെക്കാൾ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു. 26 അതു ഓടകൊണ്ടുള്ള വള്ളംപോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നു പോകുന്നു. 27 ഞാൻ എന്റെ സങ്കടം മറുന്നു മുഖവിഷാദം കളഞ്ഞു. പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ, 28 ഞാൻ എന്റെ വ്യസനം ഒക്കെയും ഓർത്തു ഭയപ്പെടുന്നു; നീ എന്നെ നിർദ്ദോഷിയായി എണ്ണുകയില്ലെന്നു ഞാൻ അറിയുന്നു. 29 എന്നെ കുറ്റം വിധിക്കുകയേയുള്ളു; പിന്നെ ഞാൻ വൃഥാ പ്രയത്നിക്കുന്നതെന്തിന്നു? 30 ഞാൻ ഹിമംകൊണ്ടു എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു എന്റെ കൈ വെടിപ്പാക്കിയാലും 31 നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്റെ വസ്ത്രംപോലും എന്നെ വെറുക്കും. 32 ഞാൻ അവനോടു പ്രതിവാദിക്കേണ്ടതിന്നും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നും അവൻ എന്നെപ്പോലെ മനുഷ്യനല്ലല്ലോ. 33 ഞങ്ങളെ ഇരുവരെയും പറഞ്ഞു നിർത്തേണ്ടതിന്നു ഞങ്ങളുടെ നടുവിൽ ഒരു മദ്ധ്യസ്ഥനുമില്ല. 34 അവൻ തന്റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ; 35 അപ്പോൾ ഞാൻ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോൾ എന്റെ സ്ഥിതി അങ്ങനെയല്ലല്ലോ. 1 എന്റെ ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 2 ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ. 3 പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ? 4 മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നതു? 5 നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്‍വാനും 6 നിന്റെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? നിന്നാണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ? 7 ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല. 8 നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു. 9 നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? 10 നീ എന്നെ പാലുപോലെ പകർന്നു തൈർപോലെ ഉറകൂടുമാറാക്കിയല്ലോ. 11 ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു. 12 ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു. 13 എന്നാൽ നീ ഇതു നിന്റെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പര്യം എന്നു ഞാൻ അറിയുന്നു. 14 ഞാൻ പാപം ചെയ്താൽ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല. 15 ഞാൻ ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു. 16 തല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അത്ഭുതശക്തി കാണിക്കുന്നു. 17 നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിർത്തുന്നു; നിന്റെ ക്രോധം എന്റെമേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു. 18 നീ എന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു. 19 ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്നു എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു; 20 എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും 21 വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ 22 ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ. 1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 വാഗ്ബാഹുല്യത്തിന്നു ഉത്തരം പറയേണ്ടയോ? വിടുവായൻ നീതിമാനായിരിക്കുമോ? 3 നിന്റെ വായ്പട കേട്ടിട്ടു പുരുഷന്മാർ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോൾ നിന്നെ ലജ്ജിപ്പിപ്പാൻ ആരുമില്ലയോ? 4 എന്റെ ഉപദേശം നിർമ്മലം എന്നും തൃക്കണ്ണിന്നു ഞാൻ വെടിപ്പുള്ളവൻ എന്നും നീ പറഞ്ഞുവല്ലോ. 5 അയ്യോ ദൈവം അരുളിച്ചെയ്കയും നിന്റെ നേരെ അധരം തുറക്കയും 6 ജ്ഞാനമർമ്മങ്ങൾ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോൾ നിന്റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു. 7 ദൈവത്തിന്റെ ആഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സർവ്വശക്തന്റെ സമ്പൂർത്തി നിനക്കു മനസ്സിലാകുമോ? 8 അതു ആകാശത്തോളം ഉയരമുള്ളതു; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാൾ അഗാധമായതു; നിനക്കെന്തറിയാം? 9 അതിന്റെ പരിമാണം ഭൂമിയെക്കാൾ നീളവും സമുദ്രത്തെക്കാൾ വീതിയും ഉള്ളതു. 10 അവൻ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നതു ആർ? 11 അവൻ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്ടിവെക്കാതെ തന്നേ അവൻ ദ്രോഹം കാണുന്നു. 12 പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും; 13 നീ നിന്റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലർത്തുമ്പോൾ 14 നിന്റെ കയ്യിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളിൽ പാർപ്പിക്കരുതു. 15 അപ്പോൾ നീ കളങ്കംകൂടാതെ മുഖം ഉയർത്തും; നീ ഉറെച്ചുനില്ക്കും; ഭയപ്പെടുകയുമില്ല. 16 അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓർക്കും. 17 നിന്റെ ആയുസ്സു മദ്ധ്യാഹ്നത്തെക്കാൾ പ്രകാശിക്കും; ഇരുൾ പ്രഭാതംപോലെയാകും. 18 പ്രത്യാശയുള്ളതുകൊണ്ടു നീ നിർഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും; 19 നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും. 20 എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവർക്കു പോയ്പോകും; പ്രാണനെ വിടുന്നതത്രേ അവർക്കുള്ള പ്രത്യാശ. 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ഓഹോ, നിങ്ങൾ ആകുന്നു വിദ്വജ്ജനം! നിങ്ങൾ മരിച്ചാൽ ജ്ഞാനം മരിക്കും. 3 നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ടു; നിങ്ങളെക്കാൾ ഞാൻ അധമനല്ല; ആർക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തതു? 4 ദൈവത്തെ വിളിച്ചു ഉത്തരം ലഭിച്ച ഞാൻ എന്റെ സഖിക്കു പരിഹാസവിഷയമായിത്തീർന്നു; നീതിമാനും നഷ്കളങ്കനുമായവൻ തന്നേ പരിഹാസവിഷയമായിത്തീർന്നു. 5 വിപത്തു നിന്ദ്യം എന്നു സുഖിയന്റെ വിചാരം; കാൽ ഇടറുന്നവർക്കു അതു ഒരുങ്ങിയിരിക്കുന്നു. 6 പിടിച്ചുപറിക്കാരുടെ കൂടാരങ്ങൾ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവർ നിർഭയമായ്‍വസിക്കുന്നു; അവരുടെ കയ്യിൽ ദൈവം എത്തിച്ചുകൊടുക്കുന്നു. 7 മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും; 8 അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും. 9 യഹോവയുടെ കൈ ഇതു പ്രർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാർ? 10 സകലജീവജന്തുക്കളുടെയും പ്രാണനും സകലമനുഷ്യവർഗ്ഗത്തിന്റെയും ശ്വാസവും അവന്റെ കയ്യിൽ ഇരിക്കുന്നു. 11 ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാകൂ ഭക്ഷണം രുചിനോക്കുന്നില്ലയോ? 12 വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ടു. 13 ജ്ഞാനവും ശക്തിയും അവന്റെ പക്കൽ, ആലോചനയും വിവേകവും അവന്നുള്ളതു. 14 അവൻ ഇടിച്ചുകളഞ്ഞാൽ ആർക്കും പണിതുകൂടാ; അവൻ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല. 15 അവൻ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവൻ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു. 16 അവന്റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ടു; വഞ്ചിതനും വഞ്ചകനും അവന്നുള്ളവർ. 17 അവൻ മന്ത്രിമാരെ കവർച്ചയായി കൊണ്ടു പോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു. 18 രാജാക്കന്മാർ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരെക്കു കയറു കെട്ടുന്നു. 19 അവൻ പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടുകളയുന്നു. 20 അവൻ വിശ്വസ്തന്മാർക്കു വാക്കു മുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു. 21 അവൻ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു. 22 അവൻ അഗാധകാര്യങ്ങളെ അന്ധകാരത്തിൽ നിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു. 23 അവൻ ജാതികളെ വർദ്ധിപ്പക്കയും നശിപ്പിക്കയും ചെയ്യുന്നു; അവൻ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു. 24 അവൻ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുന്നു; 25 അവർ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പിനടക്കുന്നു; അവൻ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു. 1 എന്റെ കണ്ണു ഇതൊക്കെയും കണ്ടു; എന്റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു. 2 നിങ്ങൾ അറിയുന്നതു ഞാനും അറിയുന്നു; ഞാൻ നിങ്ങളെക്കാൾ അധമനല്ല. 3 സർവ്വശക്തനോടു ഞാൻ സംസാരിപ്പാൻ ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു. 4 നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവർ; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാർ തന്നേ. 5 നിങ്ങൾ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങൾക്കു ജ്ഞാനമായിരിക്കും. 6 എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിൻ. 7 നിങ്ങൾ ദൈവത്തിന്നു വേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവന്നു വേണ്ടി വ്യാജം പറയുന്നുവോ? 8 അവന്റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിന്നു വേണ്ടി വാദിക്കുന്നുവോ? 9 അവൻ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ അവനെ തോല്പിക്കുമോ? 10 ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ അവൻ നിങ്ങളെ ശാസിക്കും നിശ്ചയം. 11 അവന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്റെ ഭീതി നിങ്ങളുടെ മേൽ വീഴുകയില്ലയോ? 12 നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ. 13 നിങ്ങൾ മണ്ടാതിരിപ്പിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ. 14 ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്നു. 15 അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നേ കാത്തിരിക്കും; ഞാൻ എന്റെ നടപ്പു അവന്റെ മുമ്പാകെ തെളിയിക്കും. 16 വഷളൻ അവന്റെ സന്നിധിയിൽ വരികയില്ല എന്നുള്ളതു തന്നേ എനിക്കൊരു രക്ഷയാകും. 17 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; ഞാൻ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ; 18 ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്നു ഞാൻ അറിയുന്നു. 19 എന്നോടു വാദിപ്പാൻ തുനിയുന്നതാർ? ഞാൻ ഇപ്പോൾ മണ്ടാതിരുന്നു എന്റെ പ്രാണൻ വിട്ടുപോകും. 20 രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാൽ ഞാൻ നിന്റെ സന്നിധി വിട്ടു ഒളിക്കയില്ല. 21 നിന്റെ കൈ എങ്കൽനിന്നു പിൻവലിക്കേണമേ; നിന്റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ. 22 പിന്നെ നീ വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; നീ ഉത്തരം അരുളേണമേ. 23 എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ. 24 തിരുമുഖം മറെച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്നു? 25 പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ? 26 കൈപ്പായുള്ളതു നീ എനിക്കു എഴുതിവെച്ചു എന്റെ യൌവനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു. 27 എന്റെ കാൽ നീ ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരെക്കുന്നു. 28 ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു. 1 സ്ത്രീ പ്രസവിച്ച മനുഷ്യൻ അല്പായുസ്സുള്ളവനും കഷ്ടസമ്പൂർണ്ണനും ആകുന്നു. 2 അവൻ പൂപോലെ വിടർന്നു പൊഴിഞ്ഞുപോകുന്നു; നിലനിൽക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു. 3 അവന്റെ നേരെയോ തൃക്കണ്ണു മിഴിക്കുന്നതു? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നതു? 4 അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധൻ ഉണ്ടോ? ഒരുത്തനുമില്ല. 5 അവന്റെ ജീവകാലത്തിന്നു അവധി ഉണ്ടല്ലോ; അവന്റെ മാസങ്ങളുടെ എണ്ണം നിന്റെ പക്കൽ; അവന്നു ലംഘിച്ചുകൂടാത്ത അതിർ നീ വെച്ചിരിക്കുന്നു. 6 അവൻ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിന്നു നിന്റെ നോട്ടം അവങ്കൽ നിന്നു മാറ്റിക്കൊള്ളേണമേ. 7 ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ടു; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുർക്കും; അതു ഇളങ്കൊമ്പുകൾ വിടാതിരിക്കയില്ല. 8 അതിന്റെ വേർ നിലത്തു പഴകിയാലും അതിന്റെ കുറ്റി മണ്ണിൽ കെട്ടുപോയാലും 9 വെള്ളത്തിന്റെ ഗന്ധംകൊണ്ടു അതു കിളുർക്കും ഒരു തൈപോലെ തളിർ വിടും. 10 പുരുഷനോ മരിച്ചാൽ ദ്രവിച്ചുപോകുന്നു; മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ? 11 സമുദ്രത്തിലെ വെള്ളം പോയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും 12 മനുഷ്യൻ കിടന്നിട്ടു എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവർ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല; 13 നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും നിന്റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. 14 മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു. 15 നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും. 16 ഇപ്പോഴോ നീ എന്റെ കാലടികളെ എണ്ണുന്നു; എന്റെ പാപത്തിന്മേൽ നീ ദൃഷ്ടിവെക്കുന്നില്ലയോ? 17 എന്റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു. 18 മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലം വിട്ടു മാറിപ്പോകുന്നു. 19 വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്റെ പ്രത്യാശയെ നശിപ്പിക്കുന്നു 20 നീ എപ്പോഴും അവനെ ആക്രമിച്ചിട്ടു അവൻ കടന്നുപോകുന്നു; നീ അവന്റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു. 21 അവന്റെ പുത്രന്മാർക്കു ബഹുമാനം ലഭിക്കുന്നതു അവൻ അറിയുന്നില്ല; അവർക്കു താഴ്ച ഭവിക്കുന്നതു അവൻ ഗ്രഹിക്കുന്നതുമില്ല. 22 തന്നെപ്പറ്റി മാത്രം അവന്റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്റെ ഉള്ളം ദുഃഖിക്കുന്നു. 1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ജ്ഞാനിയായവൻ വ്യർത്ഥജ്ഞാനം പ്രസ്താവിക്കുമോ? അവൻ കിഴക്കൻ കാറ്റുകൊണ്ടു വയറുനിറെക്കുമോ? 3 അവൻ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തർക്കിക്കുമോ? 4 നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു. 5 നിന്റെ അകൃത്യം നിന്റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു. 6 ഞാനല്ല, നിന്റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്റെ അധരങ്ങൾ തന്നേ നിന്റെ നേരെ സാക്ഷീകരിക്കുന്നു. 7 നീയോ ആദ്യം ജനിച്ച മനുഷ്യൻ? ഗിരികൾക്കും മുമ്പെ നീ പിറന്നുവോ? 8 നീ ദൈവത്തിന്റെ മന്ത്രിസഭയിൽ കൂടീട്ടുണ്ടോ? ജഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ? 9 ഞങ്ങൾ അറിയാത്തതായി നീ എന്തു അറിയുന്നു? ഞങ്ങൾക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു? 10 ഞങ്ങളുടെ ഇടയിൽ നരെച്ചവരും വൃദ്ധന്മാരും ഉണ്ടു; നിന്റെ അപ്പനെക്കാൾ പ്രായം ചെന്നവർ തന്നേ. 11 ദൈവത്തിന്റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ? 12 നിന്റെ ഹൃദയം നിന്നെ പതറിക്കുന്നതെന്തു? നീ കണ്ണു ഉരുട്ടുന്നതെന്തു? 13 നീ ദൈവത്തിന്റെ നേരെ ചീറുകയും നിന്റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു. 14 മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ? 15 തന്റെ വിശുദ്ധന്മാരിലും അവന്നു വിശ്വാസമില്ലല്ലോ; സ്വർഗ്ഗവും തൃക്കണ്ണിന്നു നിർമ്മലമല്ല. 16 പിന്നെ മ്ളേച്ഛതയും വഷളത്വവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യൻ എങ്ങനെ? 17 ഞാൻ നിന്നെ ഉപദേശിക്കാം, കേട്ടുകൊൾക; ഞാൻ കണ്ടിട്ടുള്ളതു വിവരിച്ചുപറയാം. 18 ജ്ഞാനികൾ തങ്ങളുടെ പിതാക്കന്മാരോടു കേൾക്കയും മറെച്ചുവെക്കാതെ അറിയിക്കയും ചെയ്തതു തന്നേ. 19 അവർക്കുമാത്രമല്ലോ ദേശം നല്കിയിരുന്നതു; അന്യൻ അവരുടെ ഇടയിൽ കടക്കുന്നതുമില്ല. 20 ദുഷ്ടൻ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠൂരന്നു വെച്ചിരിക്കുന്ന ആണ്ടുകൾ തികയുവോളം തന്നേ. 21 ഘോരനാദം അവന്റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവർച്ചക്കാരൻ അവന്റെ നേരെ വരുന്നു. 22 അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്നു അവൻ വിശ്വസിക്കുന്നില്ല; അവൻ വാളിന്നിരയായി നിയമിക്കപ്പെട്ടിരിക്കുന്നു. 23 അവൻ അപ്പം തെണ്ടിനടക്കുന്നു; അതു എവിടെ കിട്ടും? അനർത്ഥദിവസം തനിക്കു അടുത്തിരിക്കുന്നു എന്നു അവൻ അറിയുന്നു. 24 കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടെക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു. 25 അവൻ ദൈവത്തിന്നു വിരോധമായി കൈ നീട്ടി, സർവ്വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടു തന്നേ. 26 തന്റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവൻ ശാഠ്യംകാണിച്ചു അവന്റെ നേരെ പാഞ്ഞുചെല്ലുന്നു. 27 അവൻ തന്റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു. 28 അവൻ ശൂന്യനഗരങ്ങളിലും ആരും പാർക്കാതെ കൽകൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാർക്കുന്നു. 29 അവൻ ധനവാനാകയില്ല; അവന്റെ സമ്പത്തു നിലനിൽക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലെച്ചുമറികയുമില്ല. 30 ഇരുളിൽനിന്നു അവൻ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ടു അവൻ കെട്ടുപോകും. 31 അവൻ വ്യാജത്തിൽ ആശ്രയിക്കരുതു; അതു സ്വയവഞ്ചനയത്രേ; അവന്റെ പ്രതിഫലം വ്യാജം തന്നേ ആയിരിക്കും. 32 അവന്റെ ദിവസം വരുംമുമ്പെ അതു നിവൃത്തിയാകും; അവന്റെ പനമ്പട്ട പച്ചയായിരിക്കയില്ല. 33 മുന്തിരിവള്ളിപോലെ അവൻ പിഞ്ചു ഉതിർക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും. 34 വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങൾ തീക്കിരയാകും. 35 അവർ കഷ്ടത്തെ ഗർഭം ധരിച്ചു അനർത്ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു. 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ഞാൻ ഈവക പലതും കേട്ടിട്ടുണ്ടു; നിങ്ങൾ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാർ. 3 വ്യർത്ഥവാക്കുകൾക്കു അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാൻ നിന്നെ ചൊടിപ്പിക്കുന്നതു എന്തു? 4 നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങൾക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരെ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു. 5 ഞാൻ വായികൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു. 6 ഞാൻ സംസാരിച്ചാലും എന്റെ വേദന ശമിക്കുന്നില്ല; ഞാൻ അടങ്ങിയിരുന്നാലും എനിക്കെന്തു ആശ്വാസമുള്ളു? 7 ഇപ്പോഴോ അവൻ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്റെ ബന്ധുവർഗ്ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു. 8 നീ എന്നെ പിടിച്ചിരിക്കുന്നു; അതു എന്റെ നേരെ സാക്ഷ്യമായിരിക്കുന്നു; എന്റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റു എന്റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു. 9 അവൻ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവൻ എന്റെ നേരെ പല്ലു കടിക്കുന്നു; ശത്രു എന്റെ നേരെ കണ്ണു കൂർപ്പിക്കുന്നു. 10 അവർ എന്റെ നേരെ വായ്പിളർക്കുന്നു; നിന്ദയോടെ അവർ എന്റെ ചെകിട്ടത്തടിക്കുന്നു; അവർ എനിക്കു വിരോധമായി കൂട്ടം കൂടുന്നു. 11 ദൈവം എന്നെ അഭക്തന്റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കയ്യിൽ എന്നെ അകപ്പെടുത്തുന്നു. 12 ഞാൻ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതെച്ചുകളഞ്ഞു; അവൻ എന്നെ പിടരിക്കു പിടിച്ചു തകർത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിർത്തിയിരിക്കുന്നു. 13 അവന്റെ അസ്ത്രങ്ങൾ എന്റെ ചുറ്റും വീഴുന്നു; അവൻ ആദരിക്കാതെ എന്റെ അന്തർഭാഗങ്ങളെ പിളർക്കുന്നു; എന്റെ പിത്തത്തെ നിലത്തു ഒഴിച്ചുകളയുന്നു. 14 അവൻ എന്നെ ഇടിച്ചിടിച്ചു തകർക്കുന്നു; മല്ലനെപ്പോലെ എന്റെ നേരെ പായുന്നു. 15 ഞാൻ രട്ടു എന്റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു. 16 കരഞ്ഞു കരഞ്ഞു എന്റെ മുഖം ചുവന്നിരിക്കുന്നു; എന്റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു. 17 എങ്കിലും സാഹസം എന്റെ കൈകളിൽ ഇല്ല. എന്റെ പ്രാർത്ഥന നിർമ്മലമത്രേ. 18 അയ്യോ ഭൂമിയേ, എന്റെ രക്തം മൂടരുതേ; എന്റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ. 19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗ്ഗത്തിലും എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു. 20 എന്റെ സ്നേഹിതന്മാർ എന്നെ പരിഹസിക്കുന്നു; എന്റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീർ പൊഴിക്കുന്നു. 21 അവൻ മനുഷ്യന്നു വേണ്ടി ദൈവത്തോടും മനുഷ്യപുത്രന്നു വേണ്ടി അവന്റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും. 22 ചില ആണ്ടു കഴിയുമ്പോഴേക്കു ഞാൻ മടങ്ങിവരാത്ത പാതെക്കു പോകേണ്ടിവരുമല്ലോ. 1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സു കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു. 2 എന്റെ അടുക്കെ പരിഹാസമേയുള്ളു; എന്റെ കണ്ണു അവരുടെ വക്കാണം കണ്ടു കൊണ്ടിരിക്കുന്നു. 3 നീ പണയംകൊടുത്തു എനിക്കു ജാമ്യമാകേണമേ; എന്നോടു കയ്യടിപ്പാൻ മറ്റാരുള്ളു? 4 ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടെച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയർത്തുകയില്ല. 5 ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും. 6 അവൻ എന്നെ ജനങ്ങൾക്കു പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീർന്നു. 7 ദുഃഖം ഹേതുവായി എന്റെ കണ്ണു മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ ഒക്കെയും നിഴൽ പോലെ തന്നേ. 8 നേരുള്ളവർ അതു കണ്ടു ഭ്രമിച്ചുപോകും; നിർദ്ദോഷി വഷളന്റെ നേരെ ചൊടിക്കും. 9 നീതിമാനോ തന്റെ വഴിയെ തുടർന്നു നടക്കും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും. 10 എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല. 11 എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശങ്ങൾക്കു, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്കു ഭംഗംവന്നു. 12 അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാൾ അടുത്തിരിക്കുന്നുപോൽ. 13 ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. 14 ഞാൻ ദ്രവത്വത്തോടു: നീ എന്റെ അപ്പൻ എന്നും പുഴുവിനോടു: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു. 15 അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആർ എന്റെ പ്രത്യാശയെ കാണും? 16 അതു പാതാളത്തിന്റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും. 1 അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും? ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം. 3 ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു? 4 കോപത്തിൽ തന്നെത്താൻ കടിച്ചുകീറുന്നവനേ, നിന്റെ നിമിത്തം ഭൂമി നിർജ്ജനമായിത്തീരേണമോ? പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ? 5 ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല. 6 അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്റെ ദീപം കെട്ടുപോകും. 7 അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും. 8 അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും. 9 പാശം അവന്റെ കുതികാലിന്നു പിടിക്കും; അവൻ കുടുക്കിൽ അകപ്പെടും. 10 അവന്നു നിലത്തു കുരുകൂ മറെച്ചുവെക്കും; അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും. 11 ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും; അവന്റെ കാലുകളെ തുടർന്നു അവനെ വേട്ടയാടും. 12 അവന്റെ അനർത്ഥം വിശന്നിരിക്കുന്നു; വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു. 13 അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും. 14 അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും; ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും. 15 അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും; അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും. 16 കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും; മേലെ അവന്റെ കൊമ്പു വാടിപ്പോകും. 17 അവന്റെ ഓർമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും. 18 അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും. 19 സ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും; അവന്റെ പാർപ്പിടം അന്യന്നുപോകും. 20 പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും; പൂർവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും. 21 നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ. 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നിങ്ങൾ എത്രത്തോളം എന്റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകർക്കുകയും ചെയ്യും? 3 ഇപ്പോൾ പത്തു പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാൻ നിങ്ങൾക്കു ലജ്ജയില്ല. 4 ഞാൻ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ എന്റെ തെറ്റു എനിക്കു തന്നേ അറിയാം. 5 നിങ്ങൾ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ചു എന്റെ അപമാനത്തെക്കുറിച്ചു എന്നെ ആക്ഷേപിക്കുന്നു എങ്കിൽ 6 ദൈവം എന്നെ മറിച്ചുകളഞ്ഞു തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിൻ. 7 അയ്യോ, ബലാൽക്കാരം എന്നു ഞാൻ നിലവിളിക്കുന്നു; കേൾപ്പോരില്ല; രക്ഷെക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല. 8 എനിക്കു കടന്നുകൂടാതവണ്ണം അവൻ എന്റെ വഴി കെട്ടിയടെച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു. 9 എന്റെ തേജസ്സു അവൻ എന്റെ മേൽനിന്നു ഊരിയെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു. 10 അവൻ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു. 11 അവൻ തന്റെ കോപം എന്റെമേൽ ജ്വലിപ്പിച്ചു എന്നെ തനിക്കു ശത്രുവായി എണ്ണുന്നു. 12 അവന്റെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ തങ്ങളുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു. 13 അവർ എന്റെ സഹോദരന്മാരെ എന്നോടു അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്കു അന്യരായിത്തീർന്നു. 14 എന്റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു. 15 എന്റെ വീട്ടിൽ പാർക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാൻ അവർക്കു പരദേശിയായ്തോന്നുന്നു. 16 ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ടു ഞാൻ അവനോടു യാചിക്കേണ്ടിവരുന്നു. 17 എന്റെ ശ്വാസം എന്റെ ഭാര്യക്കു അസഹ്യവും എന്റെ യാചന എന്റെ ഉടപ്പിറന്നവർക്കു അറെപ്പും ആയിരിക്കുന്നു. 18 പിള്ളരും എന്നെ നിരസിക്കുന്നു; ഞാൻ എഴുന്നേറ്റാൽ അവർ എന്നെ കളിയാക്കുന്നു. 19 എന്റെ പ്രാണസ്നേഹിതന്മാർ ഒക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവർ വിരോധികളായിത്തീർന്നു. 20 എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ ഞാൻ ശേഷിച്ചിരിക്കുന്നു. 21 സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു. 22 ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്തു? എന്റെ മാംസം തിന്നു തൃപ്തിവരാത്തതു എന്തു? 23 അയ്യോ എന്റെ വാക്കുകൾ ഒന്നു എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവെച്ചെങ്കിൽ കൊള്ളായിരുന്നു. 24 അവയെ ഇരിമ്പാണിയും ഈയവുംകൊണ്ടു പാറയിൽ സദാകാലത്തേക്കു കൊത്തിവെച്ചെങ്കിൽ കൊള്ളായിരുന്നു. 25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു. 26 എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും. 27 ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു. 28 നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ 29 വാളിനെ പേടിപ്പിൻ; ക്രോധം വാളിന്റെ ശിക്ഷെക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞുകൊൾവിൻ. 1 അതിന്നു നയമാത്യനായ സോഫർ ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ഉത്തരം പറവാൻ എന്റെ നിരൂപണങ്ങൾ പൊങ്ങിവരുന്നു. എന്റെ ഉള്ളിലെ തത്രപ്പാടു ഹേതുവായിട്ടു തന്നേ. 3 എനിക്കു ലജ്ജാകരമായ ശാസന ഞാൻ കേട്ടു; എന്നാൽ ആത്മാവു എന്റെ വിവേകത്തിൽ നിന്നു ഉത്തരം പറയുന്നു. 4 മനുഷ്യൻ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ? 5 ദുഷ്ടന്മാരുടെ ജയഘോഷം താൽക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു. 6 അവന്റെ മഹിമ ആകാശത്തോളം ഉയർന്നാലും അവന്റെ തല മേഘങ്ങളോളം എത്തിയാലും 7 അവൻ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവർ അവൻ എവിടെ എന്നു ചോദിക്കും. 8 അവൻ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവൻ രാത്രിദർശനംപോലെ പാറിപ്പോകും. 9 അവനെ കണ്ടിട്ടുള്ള കണ്ണു ഇനി അവനെ കാണുകയില്ല; അവന്റെ ഇടം ഇനി അവനെ ദർശിക്കയുമില്ല. 10 അവന്റെ മക്കൾ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്റെ കൈ തന്നേ അവന്റെ സമ്പത്തു മടക്കിക്കൊടുക്കും. 11 അവന്റെ അസ്ഥികളിൽ യൌവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും. 12 ദുഷ്ടത അവന്റെ വായിൽ മധുരിച്ചാലും അവൻ അതു നാവിൻ കീഴെ മറെച്ചുവെച്ചാലും 13 അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവെച്ചാലും 14 അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും. 15 അവൻ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛർദ്ദിക്കേണ്ടിവരും; ദൈവം അതു അവന്റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും. 16 അവൻ സർപ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും. 17 തേനും പാൽപാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവൻ കണ്ടു രസിക്കയില്ല. 18 തന്റെ സമ്പാദ്യം അവൻ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താൻ നേടിയ വസ്തുവകെക്കു ഒത്തവണ്ണം സന്തോഷിക്കയുമില്ല. 19 അവൻ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താൻ പണിയാത്ത വീടു അപഹരിച്ചു. 20 അവന്റെ കൊതിക്കു പതംവരായ്കയാൽ അവൻ തന്റെ മനോഹരധനത്തോടുകൂടെ രക്ഷപ്പെടുകയില്ല. 21 അവൻ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ടു അവന്റെ അഭിവൃദ്ധി നിലനിൽക്കയില്ല. 22 അവന്റെ സമൃദ്ധിയുടെ പൂർണ്ണതയിൽ അവന്നു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈ ഒക്കെയും അവന്റെ മേൽ വരും. 23 അവൻ വയറു നിറെക്കുമ്പോൾ തന്നേ ദൈവം തന്റെ ഉഗ്രകോപം അവന്റെ മേൽ അയക്കും; അവൻ ഭക്ഷിക്കുമ്പോൾ അതു അവന്റെ മേൽ വർഷിപ്പിക്കും. 24 അവൻ ഇരിമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറെപ്പിക്കും. 25 അവൻ പറിച്ചിട്ടു അതു അവന്റെ ദേഹത്തിൽനിന്നു പുറത്തുവരുന്നു. മിന്നുന്ന മുന അവന്റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങൾ അവന്റെമേൽ ഇരിക്കുന്നു. 26 അന്ധകാരമൊക്കെയും അവന്റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്കു അവൻ ഇരയാകും; അവന്റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും; 27 ആകാശം അവന്റെ അകൃത്യത്തെ വെളിപ്പെടുത്തും ഭൂമി അവനോടു എതിർത്തുനില്ക്കും. 28 അവന്റെ വീട്ടിലെ വരവു പോയ്പോകും; അവന്റെ കോപത്തിന്റെ ദിവസത്തിൽ അതു ഒഴുകിപ്പോകും. 29 ഇതു ദുഷ്ടന്നു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവന്നു നിയമിച്ച അവകാശവും ആകുന്നു. 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 എന്റെ വാക്കു ശ്രദ്ധയോടെ കേൾപ്പിൻ; അതു നിങ്ങൾക്കു ആശ്വാസമായിരിക്കട്ടെ. 3 നില്പിൻ, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം. 4 ഞാൻ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ? 5 എന്നെ നോക്കി ഭ്രമിച്ചുപോകുവിൻ; കൈകൊണ്ടു വായ്പൊത്തിക്കൊൾവിൻ. 6 ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന്നു വിറയൽ പിടിക്കുന്നു. 7 ദുഷ്ടന്മാർ ജീവിച്ചിരുന്നു വാർദ്ധക്യം പ്രാപിക്കയും അവർക്കു ബലം വർദ്ധിക്കയും ചെയ്യുന്നതു എന്തു? 8 അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറെച്ചു നില്ക്കുന്നു. 9 അവരുടെ വീടുകൾ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെമേൽ വരുന്നതുമില്ല. 10 അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല. 11 അവർ കുഞ്ഞുങ്ങളെ ആട്ടിൻ കൂട്ടത്തെപ്പോലെ പുറത്തയക്കുന്നു; അവരുടെ പൈതങ്ങൾ നൃത്തം ചെയ്യുന്നു. 12 അവർ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്റെ നാദത്തിങ്കൽ സന്തോഷിക്കുന്നു. 13 അവർ സുഖമായി നാൾ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്കു ഇറങ്ങുന്നു. 14 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; നിന്റെ വഴികളെ അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല; 15 ഞങ്ങൾ സർവ്വശക്തനെ സേവിപ്പാൻ അവൻ ആർ? അവനോടു പ്രാർത്ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു. 16 എന്നാൽ അവരുടെ ഭാഗ്യം അവർക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു. 17 ദുഷ്ടന്മാരുടെ വിളക്കു കെട്ടുപോകുന്നതും അവർക്കു ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം! 18 അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു. 19 ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു; അവൻ അതു അനുഭവിക്കേണ്ടതിന്നു അവന്നു തന്നേ പകരം കൊടുക്കട്ടെ. 20 അവന്റെ സ്വന്ത കണ്ണു അവന്റെ നാശം കാണട്ടെ; അവൻ തന്നേ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ; 21 അവന്റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്റെശേഷം തന്റെ ഭവനത്തോടു അവനെന്തു താല്പര്യം? 22 ആരെങ്കിലും ദൈവത്തിന്നു ബുദ്ധിയുപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ. 23 ഒരുത്തൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു. 24 അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു. 25 മറ്റൊരുത്തൻ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാൻ ഇടവരുന്നതുമില്ല. 26 അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു. 27 ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു. 28 പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടന്മാർ പാർത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങൾ പറയുന്നതു? 29 വഴിപോക്കരോടു നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ? 30 അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്കു വിടുതൽ കിട്ടുന്നു. 31 അവന്റെ നടപ്പിനെക്കുറിച്ചു ആർ അവന്റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന്നു തക്കവണ്ണം ആർ അവന്നു പകരം വീട്ടും? 32 എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവൻ കല്ലറെക്കൽ കാവൽനില്ക്കുന്നു. 33 താഴ്വരയിലെ കട്ട അവന്നു മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന്നു മുമ്പെ പോയവർക്കു എണ്ണമില്ല. 34 നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നതു എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ. 1 അതിന്നു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 മനുഷ്യൻ ദൈവത്തിന്നു ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്കു തന്നേ ഉപകരിക്കേയുള്ളു. 3 നീ നീതിമാനായാൽ സർവ്വശക്തന്നു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവന്നു ലാഭമുണ്ടോ? 4 നിന്റെ ഭക്തിനിമിത്തമോ അവൻ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നതു? 5 നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്കു അന്തവുമില്ല. 6 നിന്റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു. 7 ക്ഷീണിച്ചവന്നു നീ വെള്ളം കൊടുത്തില്ല; വിശന്നവന്നു നീ ആഹാരം മുടക്കിക്കളഞ്ഞു. 8 കയ്യൂറ്റക്കാരന്നോ ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു. 9 വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു. 10 അതുകൊണ്ടു നിന്റെ ചുറ്റും കണികൾ ഇരിക്കുന്നു. പെട്ടെന്നു ഭയം നിന്നെ ഭ്രമിപ്പിക്കുന്നു. 11 അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ? 12 ദൈവം സ്വര്ഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക. 13 എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവൻ ന്യായം വിധിക്കുമോ? 14 കാണാതവണ്ണം മേഘങ്ങൾ അവന്നു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവൻ ഉലാവുന്നു എന്നു പറയുന്നു. 15 ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പുരാതനമാർഗ്ഗം നീ പ്രമാണിക്കുമോ? 16 കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി. 17 അവർ ദൈവത്തോടു: ഞങ്ങളെ വിട്ടുപോക; സർവ്വശക്തൻ ഞങ്ങളോടു എന്തു ചെയ്യും എന്നു പറഞ്ഞു. 18 അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറെച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോടു അകന്നിരിക്കുന്നു. 19 നീതിമാന്മാർ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു: 20 ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പു തീക്കിരയായി എന്നു പറയുന്നു. 21 നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും. 22 അവന്റെ വായിൽനിന്നു ഉപദേശം കൈക്കൊൾക; അവന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്ക. 23 സർവ്വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളിൽനിന്നു അകറ്റിക്കളയും. 24 നിന്റെ പൊന്നു പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിൻ ഇടയിലും ഇട്ടുകളക. 25 അപ്പോൾ സർവ്വശക്തൻ നിന്റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും. 26 അന്നു നീ സർവ്വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്റെ മുഖം ഉയർത്തും. 27 നീ അവനോടു പ്രാർത്ഥിക്കും; അവൻ നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകളെ കഴിക്കും. 28 നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും. 29 നിന്നെ താഴ്ത്തുമ്പോൾ ഉയർച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവൻ രക്ഷിക്കും. 30 നിർദ്ദോഷിയല്ലാത്തവനെപ്പോലും അവൻ വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും. 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു. 3 അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കൽ ഞാൻ ചെല്ലുമായിരുന്നു. 4 ഞാൻ അവന്റെ മുമ്പിൽ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു. 5 അവന്റെ ഉത്തരം അറിയാമായിരുന്നു; അവൻ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു. 6 അവൻ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവൻ എന്നെ ആദരിക്കേയുള്ളു. 7 അവിടെ നേരുള്ളവൻ അവനോടു വാദിക്കുമായിരുന്നു; ഞാൻ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യിൽനിന്നു രക്ഷപ്പെടുമായിരുന്നു. 8 ഞാൻ കിഴക്കോട്ടു ചെന്നാൽ അവൻ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല. 9 വടക്കു അവൻ പ്രവർത്തിക്കയിൽ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവൻ തിരിയുന്നു; അവനെ കാണുന്നില്ലതാനും. 10 എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും. 11 എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു. 12 ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു. 13 അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും. 14 എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു. 15 അതുകൊണ്ടു ഞാൻ അവന്റെ സാന്നിദ്ധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓർത്തുനോക്കുമ്പോൾ ഞാൻ അവനെ ഭയപ്പെടുന്നു. 16 ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സർവ്വശക്തൻ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു. 17 ഞാൻ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല. 1 സർവ്വശക്തൻ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാർ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു? 2 ചിലർ അതിരുകളെ മാറ്റുന്നു; ചിലർ ആട്ടിൻ കൂട്ടത്തെ കവർന്നു കൊണ്ടുപോയി മേയക്കുന്നു. 3 ചിലർ അനാഥന്മാരുടെ കഴുതയെ കൊണ്ടു പൊയ്ക്കളയുന്നു; ചിലർ വിധവയുടെ കാളയെ പണയംവാങ്ങുന്നു. 4 ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു. 5 അവർ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലെക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കൾക്കു വേണ്ടി അവർക്കു ആഹാരം. 6 അവർ വയലിൽ അന്യന്റെ പയറ് പറിക്കുന്നു; ദുഷ്ടന്റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു. 7 അവർ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവർക്കു പുതപ്പും ഇല്ല. 8 അവർ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവർ പാറയെ ആശ്രയിക്കുന്നു. 9 ചിലർ മുലകുടിക്കുന്ന അനാഥകൂട്ടികളെ അപഹരിക്കുന്നു; ചിലർ ദരിദ്രനോടു പണയം വാങ്ങുന്നു. 10 അവർ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു. 11 അന്യരുടെ മതിലുകൾക്കകത്തു അവർ ചക്കാട്ടുന്നു; മുന്തരിച്ചകൂ ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു. 12 പട്ടണത്തിൽ ആളുകൾ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണൻ നിലവിളിക്കുന്നു; ദൈവത്തിന്നോ അതിൽ നീരസം തോന്നുന്നില്ല. 13 ഇവർ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്റെ വഴികളെ അറിയുന്നില്ല; അതിന്റെ പാതകളിൽ നടക്കുന്നതുമില്ല. 14 കുലപാതകൻ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു. 15 വ്യഭിചാരിയുടെ കണ്ണു അസ്തമാനം കാത്തിരിക്കുന്നു; അവൻ മുഖം മറെച്ചു നടന്നു ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു. 16 ചിലർ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവർ വാതിൽ അടെച്ചു പാർക്കുന്നു; വെളിച്ചത്തു ഇറങ്ങുന്നതുമില്ല. 17 പ്രഭാതം അവർക്കൊക്കെയും അന്ധതമസ്സു തന്നേ; അന്ധതമസ്സിന്റെ ഘോരത്വങ്ങൾ അവർക്കു പരിചയമുണ്ടല്ലോ. 18 വെള്ളത്തിന്മേൽ അവർ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്കു അവർ തിരിയുന്നില്ല. 19 ഹിമജലം വരൾച്ചെക്കും ഉഷ്ണത്തിന്നും പാപം ചെയ്തവൻ പാതാളത്തിന്നും ഇരയാകുന്നു. 20 ഗർഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓർക്കയില്ല; നീതികേടു ഒരു വൃക്ഷംപോലെ തകർന്നു പോകും. 21 പ്രസവിക്കാത്ത മച്ചിയെ അവൻ വിഴുങ്ങിക്കളയുന്നു; വിധവെക്കു നന്മ ചെയ്യുന്നതുമില്ല. 22 അവൻ തന്റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ചു നിരാശപ്പെട്ടിരിക്കെ അവർ എഴുന്നേല്ക്കുന്നു. 23 അവൻ അവർക്കു നിർഭയവാസം നല്കുന്നു; അവർ ഉറെച്ചുനില്ക്കുന്നു; എങ്കിലും അവന്റെ ദൃഷ്ടി അവരുടെ വഴികളിന്മേൽ ഉണ്ടു. 24 അവർ ഉയർന്നിരിക്കുന്നു; കുറെകഴിഞ്ഞിട്ടോ അവർ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയുംപോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു. 25 ഇങ്ങനെയല്ലെങ്കിൽ എന്നെ കള്ളനാക്കുകയും എന്റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവൻ ആർ? 1 അതിന്നു ശൂഹ്യനായ ബില്ദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 ആധിപത്യവും ഭയങ്കരത്വവും അവന്റെ പക്കൽ ഉണ്ടു; തന്റെ ഉന്നതസ്ഥലങ്ങളിൽ അവൻ സമാധാനം പാലിക്കുന്നു. 3 അവന്റെ സൈന്യങ്ങൾക്കു സംഖ്യയുണ്ടോ? അവന്റെ പ്രകാശം ആർക്കു ഉദിക്കാതെയിരിക്കുന്നു? 4 മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും? 5 ചന്ദ്രന്നുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിന്നു ശുദ്ധിയുള്ളവയല്ല. 6 പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ? 1 അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ: 2 നീ ശക്തിയില്ലാത്തവന്നു എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി? 3 ജ്ഞാനമില്ലാത്തവന്നു എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു? 4 ആരെയാകുന്നു നീ വാക്യം കേൾപ്പിച്ചതു? ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു; 5 വെള്ളത്തിന്നും അതിലെ നിവാസികൾക്കും കീഴെ പ്രേതങ്ങൾ നൊന്തു നടുങ്ങുന്നു. 6 പാതാളം അവന്റെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു. 7 ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു. 8 അവൻ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതു വഹിച്ചിട്ടു കാർമുകിൽ കീറിപ്പോകുന്നതുമില്ല. 9 തന്റെ സിംഹാസനത്തിന്റെ ദർശനം അവൻ മറെച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘം വിരിക്കുന്നു. 10 അവൻ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിർ വരെച്ചിരിക്കുന്നു. 11 ആകാശത്തിന്റെ തൂണുകൾ കുലുങ്ങുന്നു; അവന്റെ തർജ്ജനത്താൽ അവ ഭ്രമിച്ചുപോകുന്നു. 12 അവൻ തന്റെ ശക്തികൊണ്ടു സമുദ്രത്തെ ഇളക്കുന്നു; തന്റെ വിവേകംകൊണ്ടു രഹബിനെ തകർക്കുന്നു. 13 അവന്റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്റെ കൈ വിദ്രുതസർപ്പത്തെ കുത്തിത്തുളെച്ചിരിക്കുന്നു. 14 എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും? 1 ഇയ്യോബ് തന്റെ സുഭാഷിതം തുടർന്നു ചൊല്ലിയതെന്തെന്നാൽ: 2 എന്റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സർവ്വശക്തനാണ-- 3 എന്റെ പ്രാണൻ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ-- 4 എന്റെ അധരം നീതികേടു സംസാരിക്കയില്ല; എന്റെ നാവു വ്യാജം ഉച്ചരിക്കയുമില്ല. 5 നിങ്ങളുടെ വാദം ഞാൻ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല. 6 എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല. 7 എന്റെ ശത്രു ദുഷ്ടനെപ്പോലെയും എന്റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ. 8 ദൈവം വഷളനെ ഛേദിച്ചു അവന്റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന്നു എന്തു പ്രത്യാശ ശേഷിപ്പുള്ളു? 9 അവന്നു കഷ്ടത വരുമ്പോൾ ദൈവം അവന്റെ നിലവിളി കേൾക്കുമോ? 10 അവൻ സർവ്വശക്തനിൽ ആനന്ദിക്കുമോ? എല്ലാകാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ? 11 ദൈവത്തിന്റെ കയ്യെക്കുറിച്ചു ഞാൻ നിങ്ങളെ ഉപദേശിക്കും; സർവ്വശക്തന്റെ ആന്തരം ഞാൻ മറെച്ചുവെക്കയില്ല. 12 നിങ്ങൾ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങൾ വ്യർത്ഥബുദ്ധികളായിരിക്കുന്നതെന്തു? 13 ഇതു ദുർജ്ജനത്തിന്നു ദൈവത്തിന്റെ പക്കലുള്ള ഓഹരിയും നിഷ്ഠൂരന്മാർ സർവ്വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നേ. 14 അവന്റെ മക്കൾ പെരുകിയാൽ അതു വാളിന്നായിട്ടത്രേ; അവന്റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല. 15 അവന്നു ശേഷിച്ചവർ മഹാമാരിയാൽ കുഴിയിൽ ആകും; അവന്റെ വിധവമാർ വിലപിക്കയുമില്ല. 16 അവൻ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും 17 അവൻ സമ്പാദിച്ചു എന്നേയുള്ളു; നീതിമാൻ അതു ഉടുക്കും; കുറ്റമില്ലാത്തവൻ വെള്ളി പങ്കിടും. 18 ചെലന്തിയെപ്പോലെ അവൻ വീടുപണിയുന്നു; കാവൽക്കാരൻ മാടം കെട്ടുന്നതുപോലെ തന്നേ. 19 അവൻ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവൻ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു. 20 വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റു അവനെ കവർന്നു കൊണ്ടുപോകുന്നു. 21 കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു. 22 ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കയ്യിൽനിന്നു ചാടിപ്പോകുവാൻ അവൻ നോക്കുന്നു. 23 മനുഷ്യർ അവന്റെ നേരെ കൈകൊട്ടും: അവന്റെ സ്ഥലത്തുനിന്നു അവനെ വിരട്ടി പുറത്താക്കും. 1 വെള്ളിക്കു ഒരു ഉത്ഭവസ്ഥാനവും പൊന്നു ഊതിക്കഴിപ്പാൻ ഒരു സ്ഥലവും ഉണ്ടു. 2 ഇരിമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു. 3 മനുഷ്യൻ അന്ധകാരത്തിന്നു ഒരതിർ വെക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധന ചെയ്യുന്നു. 4 പാർപ്പുള്ളേടത്തുനിന്നു ദൂരെ അവർ കുഴികുത്തുന്നു; കടന്നുപോകുന്ന കാലിന്നു അവർ മറന്നു പോയവർ തന്നേ; മനുഷ്യർക്കു അകലെ അവർ തൂങ്ങി ആടുന്നു. 5 ഭൂമിയിൽനിന്നു ആഹാരം ഉണ്ടാകുന്നു; അതിന്റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു. 6 അതിലെ പാറകൾ നീലരത്നത്തിന്റെ ഉല്പത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ടു. 7 അതിന്റെ പാത കഴുകൻ അറിയുന്നില്ല; പരുന്തിന്റെ കണ്ണു അതിനെ കണ്ടിട്ടില്ല. 8 പുളെച്ച കാട്ടുമൃഗങ്ങൾ അതിൽ ചവിട്ടീട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല. 9 അവർ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പർവ്വതങ്ങളെ അവർ വേരോടെ മറിച്ചുകളയുന്നു. 10 അവർ പാറകളുടെ ഇടയിൽകൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണു വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു. 11 അവർ നീരൊഴുക്കുകളെ ചോരാതവണ്ണം അടെച്ചു നിർത്തുന്നു; ഗുപ്തമായിരിക്കുന്നതു അവർ വെളിച്ചത്തു കൊണ്ടുവരുന്നു. 12 എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? 13 അതിന്റെ വില മനുഷ്യൻ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്തു അതിനെ കണ്ടെത്തുന്നില്ല. 14 അതു എന്നിൽ ഇല്ല എന്നു ആഴി പറയുന്നു; അതു എന്റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു. 15 തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല. 16 ഓഫീർപൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന്നു ഈടാകുന്നതല്ല; 17 സ്വർണ്ണവും സ്ഫടികവും അതിനോടു ഒക്കുന്നില്ല; തങ്കം കൊണ്ടുള്ള പണ്ടങ്ങൾക്കു അതിനെ മാറിക്കൊടുപ്പാറില്ല. 18 പവിഴത്തിന്റെയും പളുങ്കിന്റെയും പേർ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്റെ വില മുത്തുകളിലും കവിഞ്ഞതല്ലോ. 19 കൂശിലെ പുഷ്പരാഗം അതിനോടു ഒക്കുന്നില്ല; തങ്കംകൊണ്ടു അതിന്റെ വില മതിക്കാകുന്നതുമല്ല. 20 പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്റെ ഉത്ഭവസ്ഥാനം എവിടെ? 21 അതു സകലജീവികളുടെയും കണ്ണുകൾക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികൾക്കു അതു ഗുപ്തമായിരിക്കുന്നു. 22 ഞങ്ങളുടെ ചെവികൊണ്ടു അതിന്റെ കേൾവി കേട്ടിട്ടുണ്ടു എന്നു നരകവും മരണവും പറയുന്നു. 23 ദൈവം അതിന്റെ വഴി അറിയുന്നു; അതിന്റെ ഉത്ഭവസ്ഥാനം അവന്നു നിശ്ചയമുണ്ടു. 24 അവൻ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്റെ കീഴിലൊക്കെയും കാണുന്നു. 25 അവൻ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്റെ അളവു നിശ്ചയിക്കയും ചെയ്യുന്നു. 26 അവൻ മഴെക്കു ഒരു നിയമവും ഇടിമിന്നലിന്നു ഒരു വഴിയും ഉണ്ടാക്കിയപ്പോൾ 27 അവൻ അതു കണ്ടു വർണ്ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു. 28 കർത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവൻ മനുഷ്യനോടു അരുളിച്ചെയ്തു. 1 ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ: 2 അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. 3 അന്നു അവന്റെ ദീപം എന്റെ തലെക്കു മീതെ പ്രകാശിച്ചു; അവന്റെ വെളിച്ചത്താൽ ഞാൻ ഇരുട്ടിൽ കൂടി നടന്നു 4 എന്റെ കൂടാരത്തിന്നു ദൈവത്തിന്റെ സഖ്യത ഉണ്ടായിരിക്കും സർവ്വശക്തൻ എന്നോടുകൂടെ വസിക്കയും. 5 എന്റെ മക്കൾ എന്റെ ചുറ്റും ഇരിക്കയും ചെയ്ത എന്റെ ശുഭകാലത്തിലെപ്പോലെ ഞാൻ ആയെങ്കിൽ കൊള്ളായിരുന്നു. 6 അന്നു ഞാൻ എന്റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു. 7 ഞാൻ പുറപ്പെട്ടു പട്ടണത്തിലേക്കു പടിവാതിൽക്കൽ ചെന്നു. വിശാലസ്ഥലത്തു എന്റെ ഇരിപ്പിടം വെക്കുമ്പോൾ 8 യൌവനക്കാർ എന്നെ കണ്ടിട്ടു ഒളിക്കും; വൃദ്ധന്മാർ എഴുന്നേറ്റുനില്ക്കും. 9 പ്രഭുക്കന്മാർ സംസാരം നിർത്തി, കൈകൊണ്ടു വായ്പൊത്തും. 10 ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവു അണ്ണാക്കോടു പറ്റും. 11 എന്റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണു എനിക്കു സാക്ഷ്യം നല്കും. 12 നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാൻ വിടുവിച്ചു. 13 നശിക്കുമാറായവന്റെ അനുഗ്രഹം എന്റെ മേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാൻ സന്തോഷം കൊണ്ടു ആർക്കുമാറാക്കി. 14 ഞാൻ നീതിയെ ധരിച്ചു; അതു എന്റെ ഉടുപ്പായിരുന്നു; എന്റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു. 15 ഞാൻ കുരുടന്നു കണ്ണും മുടന്തന്നു കാലും ആയിരുന്നു. 16 ദരിദ്രന്മാർക്കു ഞാൻ അപ്പനായിരുന്നു; ഞാൻ അറിയാത്തവന്റെ വ്യവഹാരം പരിശോധിച്ചു. 17 നീതികെട്ടവന്റെ അണപ്പല്ലു ഞാൻ തകർത്തു; അവന്റെ പല്ലിൻ ഇടയിൽനിന്നു ഇരയെ പറിച്ചെടുത്തു. 18 എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും. 19 എന്റെ വേർ വെള്ളത്തോളം പടർന്നുചെല്ലുന്നു; എന്റെ കൊമ്പിന്മേൽ മഞ്ഞു രാപാർക്കുന്നു. 20 എന്റെ മഹത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്റെ വില്ലു എന്റെ കയ്യിൽ പുതുകുന്നു എന്നു ഞാൻ പറഞ്ഞു. 21 മനുഷ്യർ കാത്തിരുന്നു എന്റെ വാക്കു കേൾക്കും; എന്റെ ആലോചന കേൾപ്പാൻ മിണ്ടാതിരിക്കും. 22 ഞാൻ സംസാരിച്ചശേഷം അവർ മിണ്ടുകയില്ല; എന്റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും. 23 മഴെക്കു എന്നപോലെ അവർ എനിക്കായി കാത്തിരിക്കും; പിന്മഴെക്കെന്നപോലെ അവർ വായ്പിളർക്കും. 24 അവർ നിരാശപ്പെട്ടിരിക്കുമ്പോൾ ഞാൻ അവരെ നോക്കി പുഞ്ചിരിയിടും; എന്റെ മുഖപ്രസാദം അവർ മങ്ങിക്കയുമില്ല. 25 ഞാൻ അവരുടെ വഴി തിരഞ്ഞെടുത്തു തലവനായിട്ടു ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാൻ വസിക്കും; 1 ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവർ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്റെ ആട്ടിൻ കൂട്ടത്തിന്റെ നായ്ക്കളോടുകൂടെ ആക്കുവാൻ പോലും ഞാൻ നിരസിക്കുമായിരുന്നു. 2 അവരുടെ കയ്യൂറ്റംകൊണ്ടു എനിക്കെന്തു പ്രയോജനം? അവരുടെ യൌവനശക്തി നശിച്ചുപോയല്ലോ. 3 ബുദ്ധിമുട്ടും വിശപ്പുംകൊണ്ടു അവർ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്റെയും നിർജ്ജനദേശത്തിന്റെയും ഇരുട്ടിൽ അവർ വരണ്ട നിലം കടിച്ചുകാരുന്നു. 4 അവർ കുറുങ്കാട്ടിൽ മണൽചീര പറിക്കുന്നു; കാട്ടുകിഴങ്ങു അവർക്കു ആഹാരമായിരിക്കുന്നു. 5 ജനമദ്ധ്യേനിന്നു അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു. 6 താഴ്വരപ്പിളർപ്പുകളിൽ അവർ പാർക്കേണ്ടിവരുന്നു; മൺകുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ. 7 കുറുങ്കാട്ടിൽ അവർ കതറുന്നു; തൂവയുടെ കീഴെ അവർ ഒന്നിച്ചുകൂടുന്നു. 8 അവർ ഭോഷന്മാരുടെ മക്കൾ, നീചന്മാരുടെ മക്കൾ; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ടു അടിച്ചോടിക്കുന്നു. 9 ഇപ്പോഴോ ഞാൻ അവരുടെ പാട്ടായിരിക്കുന്നു; അവർക്കു പഴഞ്ചൊല്ലായിത്തീർന്നിരിക്കുന്നു. 10 അവർ എന്നെ അറെച്ചു അകന്നുനില്ക്കുന്നു; എന്നെ കണ്ടു തുപ്പുവാൻ ശങ്കിക്കുന്നില്ല. 11 അവൻ തന്റെ കയറു അഴിച്ചു എന്നെ ക്ളേശിപ്പിച്ചതുകൊണ്ടു അവർ എന്റെ മുമ്പിൽ കടിഞ്ഞാൺ അയച്ചു വിട്ടിരിക്കുന്നു. 12 വലത്തുഭാഗത്തു നീചപരിഷ എഴുന്നേറ്റു എന്റെ കാൽ ഉന്തുന്നു; അവർ നാശമാർഗ്ഗങ്ങളെ എന്റെ നേരെ നിരത്തുന്നു. 13 അവർ എന്റെ പാതയെ നശിപ്പിക്കുന്നു; അവർ തന്നേ തുണയറ്റവർ ആയിരിക്കെ എന്റെ അപായത്തിന്നായി ശ്രമിക്കുന്നു. 14 വിസ്താരമുള്ള തുറവിൽകൂടി എന്നപോലെ അവർ ആക്രമിച്ചുവരുന്നു; ഇടിവിന്റെ നടുവിൽ അവർ എന്റെ മേൽ ഉരുണ്ടുകയറുന്നു. 15 ഘോരത്വങ്ങൾ എന്റെ നേരെ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്റെ മഹത്വത്തെ പാറ്റിക്കളയുന്നു; എന്റെ ക്ഷേമവും മേഘംപോലെ കടന്നു പോകുന്നു. 16 ഇപ്പോൾ എന്റെ പ്രാണൻ എന്റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു. 17 രാത്രി എന്റെ അസ്ഥികളെ തുളച്ചെടുത്തുകളയുന്നു; എന്നെ കടിച്ചുകാരുന്നവർ ഉറങ്ങുന്നതുമില്ല. 18 ഉഗ്രബലത്താൽ എന്റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു. 19 അവൻ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാൻ പൊടിക്കും ചാരത്തിന്നും തുല്യമായിരിക്കുന്നു. 20 ഞാൻ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാൻ എഴുന്നേറ്റു നില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളു. 21 നീ എന്റെ നേരെ ക്രൂരനായിത്തീർന്നിരിക്കുന്നു; നിന്റെ കയ്യുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു. 22 നീ എന്നെ കാറ്റിൻ പുറത്തു കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ നീ എന്നെ ലയിപ്പിച്ചുകളയുന്നു. 23 മരണത്തിലേക്കും സകലജീവികളും ചെന്നു ചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാൻ അറിയുന്നു. 24 എങ്കിലും വീഴുമ്പോൾ കൈ നീട്ടുകയില്ലയോ? അപായത്തിൽ അതു നിമിത്തം നിലവിളിക്കയില്ലയോ? 25 കഷ്ടകാലം വന്നവന്നു വേണ്ടി ഞാൻ കരഞ്ഞിട്ടില്ലയോ? എളിയവന്നു വേണ്ടി എന്റെ മനസ്സു വ്യസനിച്ചിട്ടില്ലയോ? 26 ഞാൻ നന്മെക്കു നോക്കിയിരുന്നപ്പോൾ തിന്മവന്നു വെളിച്ചത്തിന്നായി കാത്തിരുന്നപ്പോൾ ഇരുട്ടുവന്നു. 27 എന്റെ കുടൽ അമരാതെ തിളെക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു. 28 ഞാൻ കറുത്തവനായി നടക്കുന്നു; വെയിൽ കൊണ്ടല്ലതാനും. ഞാൻ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു. 29 ഞാൻ കുറുക്കന്മാർക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു കൂട്ടാളിയും ആയിരിക്കുന്നു. 30 എന്റെ ത്വൿ കറുത്തു പൊളിഞ്ഞുവീഴുന്നു; എന്റെ അസ്ഥി ഉഷ്ണംകൊണ്ടു കരിഞ്ഞിരിക്കുന്നു. 31 എന്റെ കിന്നരനാദം വിലാപമായും എന്റെ കുഴലൂത്തു കരച്ചലായും തീർന്നിരിക്കുന്നു. 1 ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ? 2 എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്നു സർവ്വശക്തൻ തരുന്ന അവകാശവും എന്തു? 3 നീതികെട്ടവന്നു അപായവും ദുഷ്‌പ്രവൃത്തിക്കാർക്കു വിപത്തുമല്ലയോ? 4 എന്റെ വഴികളെ അവൻ കാണുന്നില്ലയോ? എന്റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ? 5 ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനെക്കു ഓടിയെങ്കിൽ - 6 ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന്നു ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ - 7 എന്റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിന്നു പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈക്കു പറ്റിയെങ്കിൽ, 8 ഞാൻ വിതെച്ചതു മറ്റൊരുത്തൻ തിന്നട്ടെ; എന്റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ. 9 എന്റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതിൽക്കൽ ഞാൻ പതിയിരുന്നു എങ്കിൽ, 10 എന്റെ ഭാര്യ മറ്റൊരുത്തന്നു മാവു പൊടിക്കട്ടെ; അന്യർ അവളുടെ മേൽ കുനിയട്ടെ. 11 അതു മഹാപാതകമല്ലോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ; 12 അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അതു എന്റെ അനുഭവം ഒക്കെയും നിർമ്മൂലമാക്കും. 13 എന്റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ, 14 ദൈവം എഴുന്നേല്ക്കുമ്പോൾ ഞാൻ എന്തു ചെയ്യും? അവൻ സന്ദർശിക്കുമ്പോൾ ഞാൻ എന്തുത്തരം പറയും? 15 ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയതു? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചതു ഒരുത്തനല്ലയോ? 16 ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ, 17 അനാഥന്നു അംശം കൊടുക്കാതെ ഞാൻ തനിച്ചു എന്റെ ആഹാരം കഴിച്ചെങ്കിൽ - 18 ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ - 19 ഒരുത്തൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ടു 20 അവന്റെ അര എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ടു അവന്നു കുളിർ മാറിയില്ലെങ്കിൽ, 21 പട്ടണവാതിൽക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ, 22 എന്റെ ഭുജം തോൾപലകയിൽനിന്നു വീഴട്ടെ; എന്റെ കയ്യുടെ ഏപ്പു വിട്ടുപോകട്ടെ. 23 ദൈവം അയച്ച വിപത്തു എനിക്കു ഭയങ്കരമായിരുന്നു; അവന്റെ ഓന്നത്യംനിമിത്തം എനിക്കു ആവതില്ലാതെയായി. 24 ഞാൻ പൊന്നു എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോടു നീ എന്റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ, 25 എന്റെ ധനം വളരെയായിരിക്കകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ, 26 സൂര്യൻ പ്രകാശിക്കുന്നതോ ചന്ദ്രൻ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ടു 27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായി എന്റെ കയ്യെ ചുംബിക്കയും ചെയ്തുവെങ്കിൽ, 28 അതു ന്യായാധിപന്മാർ ശിക്ഷിക്കേണ്ടുന്ന കുറ്റം അത്രെ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ. 29 എന്റെ വൈരിയുടെ നാശത്തിങ്കൽ ഞാൻ സന്തോഷിക്കയോ, അവന്റെ അനർത്ഥത്തിങ്കൽ ഞാൻ നിഗളിക്കയോ ചെയ്തു എങ്കിൽ-- 30 അവന്റെ പ്രാണനാശം ഇച്ഛിച്ചു ഞാൻ ശാപം ചൊല്ലി പാപം ചെയ്‍വാൻ എന്റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല-- 31 അവന്റെ മേശെക്കൽ മാംസം തിന്നു തൃപ്തി വരാത്തവർ ആർ 32 എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ -- പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു-- 33 ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മൂടി എന്റെ അകൃത്യം മാർവ്വിടത്തു മറെച്ചുവെച്ചെങ്കിൽ, 34 മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാൻ വാതിലിന്നു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ-- 35 അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!- ഇതാ, എന്റെ ഒപ്പു! സർവ്വശക്തൻ എനിക്കുത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ അന്യായ രേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു! 36 അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ടു അതു അണിയുമായിരുന്നു. 37 എന്റെ കാലടികളുടെ എണ്ണം ഞാൻ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാൻ അവനോടു അടുക്കും. 38 എന്റെ നിലം എന്റെ നേരെ നിലവിളിക്കയോ അതിന്റെ ഉഴച്ചാലുകൾ ഒന്നിച്ചു കരകയോ ചെയ്തുവെങ്കിൽ, 39 വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവു തിന്നുകയോ അതിന്റെ ഉടമക്കാരുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ, 40 കോതമ്പിന്നു പകരം കാരമുള്ളും യവത്തിന്നു പകരം കളയും മുളെച്ചുവളരട്ടെ. (ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.) 1 അങ്ങനെ ഇയ്യോബ് തനിക്കുതന്നേ നീതിമാനായ്തോന്നിയതുകൊണ്ടു ഈ മൂന്നു പുരുഷന്മാർ അവനോടു വാദിക്കുന്നതു മതിയാക്കി. 2 അപ്പോൾ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂവിന്റെ കോപം ജ്വലിച്ചു; ദൈവത്തെക്കാൾ തന്നെത്താൻ നീതീകരിച്ചതുകൊണ്ടു ഇയ്യോബിന്റെ നേരെ അവന്റെ കോപം ജ്വലിച്ചു. 3 അവന്റെ മൂന്നു സ്നേഹിതന്മാർ ഇയ്യോബിന്റെ കുറ്റം തെളിയിപ്പാൻ തക്ക ഉത്തരം കാണായ്കകൊണ്ടു അവരുടെ നേരെയും അവന്റെ കോപം ജ്വലിച്ചു. 4 എന്നാൽ അവർ തന്നെക്കാൾ പ്രായമുള്ളവരാകകൊണ്ടു എലീഹൂ ഇയ്യോബിനോടു സംസാരിപ്പാൻ താമസിച്ചു. 5 ആ മൂന്നു പുരുഷന്മാർക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ടു എലീഹൂവിന്റെ കോപം ജ്വലിച്ചു. 6 അങ്ങനെ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാൻ പ്രായം കുറഞ്ഞവനും നിങ്ങൾ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാൻ ശങ്കിച്ചു, അഭിപ്രായം പറവാൻ തുനിഞ്ഞില്ല. 7 പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാൻ വിചാരിച്ചു. 8 എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സർവ്വശക്തന്റെ ശ്വാസം അവർക്കു വിവേകം നല്കുന്നു. 9 പ്രായം ചെന്നവരത്രേ ജ്ഞാനികൾ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവർ എന്നുമില്ല. 10 അതുകൊണ്ടു ഞാൻ പറയുന്നതു: എന്റെ വാക്കു കേട്ടുകൊൾവിൻ; ഞാനും എന്റെ അഭിപ്രായം പ്രസ്താവിക്കാം. 11 ഞാൻ നിങ്ങളുടെ വാക്കു ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങൾ തക്ക മൊഴികൾ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങൾക്കു ഞാൻ ചെവികൊടുത്തു. 12 നിങ്ങൾ പറഞ്ഞതിന്നു ഞാൻ ശ്രദ്ധകൊടുത്തു; ഇയ്യോബിന്നു ബോധം വരുത്തുവാനോ അവന്റെ മൊഴികൾക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല. 13 ഞങ്ങൾ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങൾ പറയരുതു. 14 എന്റെ നേരെയല്ലല്ലോ അവൻ തന്റെ മൊഴികളെ പ്രയോഗിച്ചതു; നിങ്ങളുടെ വചനങ്ങൾകൊണ്ടു ഞാൻ അവനോടു ഉത്തരം പറകയുമില്ല. 15 അവർ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവർക്കു വാക്കു മുട്ടിപ്പോയി. 16 അവർ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവർ സംസാരിക്കായ്കയാൽ ഞാൻ കാത്തിരിക്കേണമോ? 17 എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും. 18 ഞാൻ മൊഴികൾകൊണ്ടു തിങ്ങിയിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവു എന്നെ നിർബ്ബന്ധിക്കുന്നു. 19 എന്റെ ഉള്ളം അടെച്ചുവെച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികൾപോലെ പൊട്ടു മാറായിരിക്കുന്നു. 20 എന്റെ വിമ്മിഷ്ടം തീരേണ്ടതിന്നു ഞാൻ സംസാരിക്കും; എന്റെ അധരം തുറന്നു ഉത്തരം പറയും. 21 ഞാൻ ഒരുത്തന്റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല. 22 മുഖസ്തുതി പറവാൻ എനിക്കു അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്റെ സ്രഷ്ടാവു ക്ഷണത്തിൽ എന്നെ നീക്കിക്കളയും. 1 എങ്കിലോ ഇയ്യോബേ, എന്റെ ഭാഷണം കേട്ടുകൊൾക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊൾക. 2 ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ്തുറക്കുന്നു; എന്റെ വായിൽ എന്റെ നാവു സംസാരിക്കുന്നു. 3 എന്റെ വചനങ്ങൾ എന്റെ ഉള്ളിലെ നേർ ഉച്ചരിക്കും. എന്റെ അധരങ്ങൾ അറിയുന്നതു അവ പരമാർത്ഥമായി പ്രസ്താവിക്കും. 4 ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു. 5 നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്റെ മുമ്പാകെ നിന്നുകൊൾക. 6 ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിന്നുള്ളവൻ; എന്നെയും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്നു. 7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല. 8 ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്കു ഞാൻ കേട്ടതും എന്തെന്നാൽ: 9 ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല. 10 അവൻ എന്റെ നേരെ വിരുദ്ധങ്ങളെ കണ്ടു പിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു. 11 അവൻ എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെ ഒക്കെയും സൂക്ഷിച്ചുനോക്കുന്നു. 12 ഇതിന്നു ഞൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ. 13 നീ അവനോടു എന്തിന്നു വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിന്നും അവൻ കാരണം പറയുന്നില്ലല്ലോ. 14 ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അതു കൂട്ടാക്കുന്നില്ലതാനും. 15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ, 16 അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു. 17 മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്നു അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്നു രക്ഷിപ്പാനും തന്നേ. 18 അവൻ കുഴിയിൽനിന്നു അവന്റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്റെ ജീവനെയും കാക്കുന്നു. 19 തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു. 20 അതുകൊണ്ടു അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു. 21 അവന്റെ മാംസം ക്ഷയിച്ചു കാണ്മാനില്ലാതെയായിരിക്കുന്നു; കാണ്മാനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്ക്കുന്നു. 22 അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു. 23 മനുഷ്യനോടു അവന്റെ ധർമ്മം അറിയിക്കേണ്ടതിന്നു ആയിരത്തിൽ ഒരുത്തനായി മദ്ധ്യസ്ഥനായോരു ദൂതൻ അവന്നു വേണ്ടി ഉണ്ടെന്നുവരികിൽ 24 അവൻ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും 25 അപ്പോൾ അവന്റെ ദേഹം യൌവനചൈതന്യത്താൽ പുഷ്ടിവെക്കും; അവൻ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും. 26 അവൻ ദൈവത്തോടു പ്രാർത്ഥിക്കും; അവൻ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; അവൻ മനുഷ്യന്നു അവന്റെ നീതിയെ പകരം കൊടുക്കും. 27 അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നതു: ഞാൻ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന്നു എന്നോടു പകരം ചെയ്തിട്ടില്ല. 28 അവൻ എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു. 29 ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു. 30 അവന്റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിന്നും ജീവന്റെ പ്രകാശംകൊണ്ടു അവനെ പ്രകാശിപ്പിക്കേണ്ടതിന്നും തന്നേ. 31 ഇയ്യോബേ, ശ്രദ്ധവെച്ചു കേൾക്ക; മിണ്ടാതെയിരിക്ക; ഞാൻ സംസാരിക്കാം. 32 നിനക്കു ഉത്തരം പറവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാൻ ആകുന്നു എന്റെ താല്പര്യം. 33 ഇല്ലെന്നുവരികിൽ, നീ എന്റെ വാക്കു കേൾക്ക; മിണ്ടാതിരിക്ക; ഞാൻ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം. 1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: 2 ജ്ഞാനികളേ, എന്റെ വചനം കേൾപ്പിൻ; വിദ്വാന്മാരേ, എനിക്കു ചെവിതരുവിൻ. 3 അണ്ണാകൂ ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു; 4 ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നേ ആലോചിച്ചറിയാം. 5 ഞാൻ നീതിമാൻ, ദൈവം എന്റെ ന്യായം തള്ളിക്കളഞ്ഞു; എന്റെ ന്യായത്തിന്നെതിരെ ഞാൻ ഭോഷ്കു പറയേണമോ? 6 ലംഘനം ഇല്ലാഞ്ഞിട്ടും എന്റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ. 7 ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവൻ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു; 8 അവൻ ദുഷ്‌പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുർജ്ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു. 9 ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ടു മനുഷ്യന്നു പ്രയോജനമില്ലെന്നു അവൻ പറഞ്ഞു. 10 അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല. 11 അവൻ മനുഷ്യന്നു അവന്റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തന്നു അവനവന്റെ നടപ്പിന്നു തക്കവണ്ണം കൊടുക്കും. 12 ദൈവം ദുഷ്ടത പ്രവർത്തിക്കയില്ല നിശ്ചയം; സർവ്വശക്തൻ ന്യായം മറിച്ചുകളകയുമില്ല. 13 ഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാർ? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാർ? 14 അവൻ തന്റെ കാര്യത്തിൽ മാത്രം ദൃഷ്ടിവെച്ചെങ്കിൽ തന്റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ 15 സകലജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യൻ പൊടിയിലേക്കു മടങ്ങിച്ചേരും. 16 നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊൾക; എന്റെ വചനങ്ങളെ ശ്രദ്ധിച്ചുകൊൾക; 17 ന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ? 18 രാജാവിനോടു: നീ വഷളൻ എന്നും പ്രഭുക്കന്മാരോടു: നിങ്ങൾ ദുഷ്ടന്മാർ എന്നും പറയുമോ? 19 അവൻ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാൾ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ. 20 പെട്ടെന്നു അർദ്ധരാത്രിയിൽ തന്നേ അവർ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞു പോകുന്നു; കൈ തൊടാതെ ബലശാലികൾ നീങ്ങിപ്പോകുന്നു. 21 അവന്റെ ദൃഷ്ടി മനുഷ്യന്റെ വഴികളിന്മേൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ കാണുന്നു. 22 ദുഷ്‌പ്രവൃത്തിക്കാർക്കു ഒളിച്ചുകൊള്ളേണ്ടതിന്നു അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല. 23 മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവൻ അവനിൽ അധികം ദൃഷ്ടിവെപ്പാൻ ആവശ്യമില്ല. 24 വിചാരണ ചെയ്യാതെ അവൻ ബലശാലികളെ തകർത്തുകളയുന്നു; അവർക്കു പകരം വേറെ ആളുകളെ നിയമിക്കുന്നു. 25 അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ടു അവർ തകർന്നുപോകുന്നു. 26 കാണികൾ കൂടുന്ന സ്ഥലത്തുവെച്ചു അവൻ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു. 27 അവർ, എളിയവരുടെ നിലവിളി അവന്റെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവൻ കേൾപ്പാനും തക്കവണ്ണം 28 അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ. 29 വഷളനായ മനുഷ്യൻ വാഴാതിരിക്കേണ്ടതിന്നും ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിന്നും 30 അവൻ സ്വസ്ഥത നല്കിയാൽ ആർ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാൾക്കായാലും അവൻ മുഖം മറെച്ചുകളഞ്ഞാൽ ആർ അവനെ കാണും? 31 ഞാൻ ശിക്ഷ സഹിച്ചു; ഞാൻ ഇനി കുറ്റം ചെയ്കയില്ല; 32 ഞാൻ കാണാത്തതു എന്നെ പഠിപ്പിക്കേണമേ; ഞാൻ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല എന്നു ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ? 33 നീ മുഷിഞ്ഞതുകൊണ്ടു അവൻ നിന്റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേ തിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാൽ നീ അറിയുന്നതു പ്രസ്താവിച്ചുകൊൾക. 34 ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്റെ വാക്കുകളിലും ജ്ഞാനമില്ല എന്നു വിവേകമുള്ള പുരുഷന്മാരും 35 എന്റെ വാക്കു കേൾക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും. 36 ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ടു അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം. 37 അവൻ തന്റെ പാപത്തോടു ദ്രോഹം ചേർക്കുന്നു; അവൻ നമ്മുടെ മദ്ധ്യേ കൈ കൊട്ടുന്നു; ദൈവത്തിന്നു വിരോധമായി വാക്കു വർദ്ധിപ്പിക്കുന്നു. 1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: 2 എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ? 3 അതിനാൽ നിനക്കു എന്തു പ്രയോജനം എന്നും ഞാൻ പാപം ചെയ്യുന്നതിനെക്കാൾ അതുകൊണ്ടു എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ; 4 നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം. 5 നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദർശിക്ക; 6 നീ പാപം ചെയ്യുന്നതിനാൽ അവനോടു എന്തു പ്രവർത്തിക്കുന്നു? നിന്റെ ലംഘനം പെരുകുന്നതിനാൽ നീ അവനോടു എന്തു ചെയ്യുന്നു? 7 നീ നീതിമാനായിരിക്കുന്നതിനാൽ അവന്നു എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവൻ നിന്റെ കയ്യിൽനിന്നു എന്തു പ്രാപിക്കുന്നു? 8 നിന്റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു. 9 പീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു. 10 എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങളെ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ പഠിപ്പിക്കുന്നവനും 11 ആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുത്തനും ചോദിക്കുന്നില്ല. 12 അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവർ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല. 13 വ്യർത്ഥമായുള്ളതു ദൈവം കേൾക്കയില്ല; സർവ്വശക്തൻ അതു വിചാരിക്കയുമില്ല നിശ്ചയം. 14 പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? വ്യവഹാരം അവന്റെ മുമ്പിൽ ഇരിക്കയാൽ നീ അവന്നായി കാത്തിരിക്ക. 15 ഇപ്പോഴോ, അവന്റെ കോപം സന്ദർശിക്കായ്കകൊണ്ടും അവൻ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും 16 ഇയ്യോബ് വൃഥാ തന്റെ വായ്തുറക്കുന്നു; അറിവുകൂടാതെ വാക്കു വർദ്ധിപ്പിക്കുന്നു. 1 എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ: 2 അല്പം ക്ഷമിക്ക, ഞാൻ അറിയിച്ചുതരാം; ദൈവത്തിന്നു വേണ്ടി ഇനിയും ചില വാക്കു പറവാനുണ്ടു. 3 ഞാൻ ദൂരത്തുനിന്നു അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവിന്നു നീതിയെ ആരോപിക്കും. 4 എന്റെ വാക്കു ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവൻ നിന്റെ അടുക്കൽ നില്ക്കുന്നു. 5 ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ. 6 അവൻ ദുഷ്ടന്റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാർക്കോ അവൻ ന്യായം നടത്തിക്കൊടുക്കുന്നു. 7 അവൻ നീതിമാന്മാരിൽനിന്നു തന്റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവർ എന്നേക്കും ഉയർന്നിരിക്കുന്നു. 8 അവർ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ 9 അവൻ അവർക്കു അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും. 10 അവൻ അവരുടെ ചെവി പ്രബോധനത്തിന്നു തുറക്കുന്നു; അവർ നീതികേടു വിട്ടുതിരിവാൻ കല്പിക്കുന്നു. 11 അവർ കേട്ടനുസരിച്ചു അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. 12 കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും. 13 ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവെക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷെക്കായി വിളിക്കുന്നില്ല. 14 അവർ യൌവനത്തിൽ തന്നേ മരിച്ചു പോകുന്നു; അവരുടെ ജീവൻ ദുർന്നടപ്പുകാരുടേതു പോലെ നശിക്കുന്നു. 15 അവൻ അരിഷ്ടനെ അവന്റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽ തന്നേ അവരുടെ ചെവി തുറക്കുന്നു. 16 നിന്നെയും അവൻ കഷ്ടതയുടെ വായിൽ നിന്നു ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്റെ മേശമേൽ സ്വാദുഭോജനം വെക്കുമായിരുന്നു. 17 നീയോ ദുഷ്ടവിധികൊണ്ടു നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും. 18 കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഓർത്തു നീ തെറ്റിപ്പോകയുമരുതു. 19 കഷ്ടത്തിൽ അകപ്പെടാതിരിപ്പാൻ നിന്റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങൾ ഒക്കെയും മതിയാകുമോ? 20 ജാതികൾ തങ്ങളുടെ സ്ഥലത്തുവെച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുതു. 21 സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു. 22 ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു? 23 അവനോടു അവന്റെ വഴിയെ കല്പിച്ചതാർ? നീ നീതികേടു ചെയ്തു എന്നു അവനോടു ആർക്കു പറയാം? 24 അവന്റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാൻ നീ ഓർത്തുകൊൾക; അതിനെക്കുറിച്ചല്ലോ മനുഷ്യർ പാടിയിരിക്കുന്നതു. 25 മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മർത്യൻ അതിനെ സൂക്ഷിച്ചുനോക്കുന്നു. 26 നമുക്കു അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തതു. 27 അവൻ നീർത്തുള്ളികളെ ആകർഷിക്കുന്നു; അവന്റെ ആവിയാൽ അവ മഴയായി പെയ്യുന്നു. 28 മേഘങ്ങൾ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു. 29 ആർക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്റെ കൂടാരത്തിന്റെ മുഴക്കത്തെയും ഗ്രഹിക്കാമോ? 30 അവൻ തന്റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്റെ അടിയെ മൂടുന്നു. 31 ഇവയാൽ അവൻ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു. 32 അവൻ മിന്നൽകൊണ്ടു തൃക്കൈ നിറെക്കുന്നു; പ്രതിയോഗിയുടെ നേരെ അതിനെ നിയോഗിക്കുന്നു. 33 അതിന്റെ മുഴക്കം അവനെയും കന്നുകാലികൾ എഴുന്നെള്ളുന്നവനെയും കുറിച്ചു അറിവുതരുന്നു. 1 ഇതിനാൽ എന്റെ ഹൃദയം വിറെച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു. 2 അവന്റെ നാദത്തിന്റെ മുഴക്കവും അവന്റെ വായിൽനിന്നു പുറപ്പെടുന്ന ഗർജ്ജനവും ശ്രദ്ധിച്ചുകേൾപ്പിൻ. 3 അവൻ അതു ആകാശത്തിൻ കീഴിലൊക്കെയും അതിന്റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയക്കുന്നു. 4 അതിന്റെ പിന്നാലെ ഒരു മുഴക്കം കേൾക്കുന്നു; അവൻ തന്റെ മഹിമാനാദംകൊണ്ടു ഇടമുഴക്കുന്നു; അവന്റെ നാദം കേൾക്കുമ്പോൾ അവയെ തടുക്കുന്നില്ല. 5 ദൈവം തന്റെ നാദം അതിശയമായി മുഴക്കുന്നു; നുമുകൂ ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു. 6 അവൻ ഹിമത്തോടു: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവൻ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു. 7 താൻ സൃഷ്ടിച്ച മനുഷ്യരൊക്കെയും അറിവാന്തക്കവണ്ണം അവൻ സകലമനുഷ്യരുടെയും കൈ മുദ്രയിടുന്നു. 8 കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്റെ ഗുഹയിൽ കിടക്കുന്നു. 9 ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു. 10 ദൈവത്തിന്റെ ശ്വാസംകൊണ്ടു നീർക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറെച്ചു പോകുന്നു. 11 അവൻ കാർമ്മേഘത്തെ ഈറംകൊണ്ടു കനപ്പിക്കുന്നു; തന്റെ മിന്നലുള്ള മേഘത്തെ പരത്തുന്നു. 12 അവൻ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന്നു അവന്റെ ആദേശപ്രകാരം അവ ചുറ്റി സഞ്ചരിക്കുന്നു. 13 ശിക്ഷെക്കായിട്ടോ ദേശത്തിന്റെ നന്മെക്കായിട്ടോ ദയെക്കായിട്ടോ അവൻ അതു വരുത്തുന്നു. 14 ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊൾക. 15 ദൈവം അവെക്കു കല്പന കൊടുക്കുന്നതും തന്റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ? 16 മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂർണ്ണനായവന്റെ അത്ഭുതങ്ങളും നീ അറിയുന്നുവോ? 17 തെന്നിക്കാറ്റുകൊണ്ടു ഭൂമി അനങ്ങാതിരിക്കുമ്പോൾ നിന്റെ വസ്ത്രത്തിന്നു ചൂടുണ്ടാകുന്നതു എങ്ങനെ? 18 ലോഹദർപ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്കു അവനോടുകൂടെ വിടർത്തു വെക്കുമോ? 19 അവനോടു എന്തു പറയേണമെന്നു ഞങ്ങൾക്കു ഉപദേശിച്ചു തരിക; അന്ധകാരംനിമിത്തം ഞങ്ങളൾക്കു ഒന്നും പ്രസ്താവിപ്പാൻ കഴിവില്ല. 20 എനിക്കു സംസാരിക്കേണം എന്നു അവനോടു ബോധിപ്പിക്കേണമോ? നാശത്തിന്നിരയായ്തീരുവാൻ ആരാനും ഇച്ഛിക്കുമോ? 21 ഇപ്പോൾ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റു കടന്നു അതിനെ തെളിവാക്കുന്നു. 22 വടക്കുനിന്നു സ്വർണ്ണശോഭപോലെ വരുന്നു; ദൈവത്തിന്റെ ചുറ്റും ഭയങ്കരതേജസ്സുണ്ടു. 23 സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല. അതുകൊണ്ടു മനുഷ്യർ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവൻ കടാക്ഷിക്കുന്നില്ല. 1 അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്നു ഇയ്യോബിനോടു ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ: 2 അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ? 3 നീ പുരുഷനെപ്പോലെ അര മുറുക്കികൊൾക; ഞാൻ നിന്നോടു ചോദിക്കും; എന്നോടു ഉത്തരം പറക. 4 ഞാൻ ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക. 5 അതിന്റെ അളവു നിയമിച്ചവൻ ആർ? നീ അറിയുന്നുവോ? അല്ല, അതിന്നു അളവുനൂൽ പിടിച്ചവനാർ? 6 പ്രഭാതനക്ഷത്രങ്ങൾ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർക്കുകയും ചെയ്തപ്പോൾ 7 അതിന്റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്റെ മൂലക്കല്ലിട്ടവൻ ആർ? 8 ഗർഭത്തിൽനിന്നു എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോൾ അതിനെ കതകുകളാൽ അടെച്ചവൻ ആർ? 9 അന്നു ഞാൻ മേഘത്തെ അതിന്നു ഉടുപ്പും കൂരിരുളിനെ അതിന്നു ചുറ്റാടയും ആക്കി; 10 ഞാൻ അതിന്നു അതിർ നിയമിച്ചു കതകും ഓടാമ്പലും വെച്ചു. 11 ഇത്രത്തോളം നിനക്കുവരാം; ഇതു കടക്കരുതു; ഇവിടെ നിന്റെ തിരമാലകളുടെ ഗർവ്വം നിലെക്കും എന്നു കല്പിച്ചു. 12 ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിന്നും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിന്നും 13 നിന്റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിന്നു കല്പന കൊടുക്കയും അരുണോദയത്തിന്നു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ? 14 അതു മുദ്രെക്കു കീഴിലെ അരകൂപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങിനില്ക്കുന്നു. 15 ദുഷ്ടന്മാർക്കു വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു. 16 നീ സമുദ്രത്തിന്റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ? 17 മരണത്തിന്റെ വാതിലുകൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ? 18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക. 19 വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏതു? ഇരുളിന്റെ പാർപ്പിടവും എവിടെ? 20 നിനക്കു അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ? 21 നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്കു ആയുസ്സു ഒട്ടും കുറവല്ലല്ലോ; നീ അതു അറിയാതിരിക്കുമോ? 22 നീ ഹിമത്തിന്റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ? 23 ഞാൻ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചുവെച്ചിരിക്കുന്നു. 24 വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കൻ കാറ്റു ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏതു? 25 നിർജ്ജനദേശത്തും ആൾ പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിന്നും 26 തരിശും ശൂന്യവുമായ നിലത്തിന്റെ ദാഹം തീർക്കേണ്ടതിന്നും ഇളമ്പുല്ലു മുളെപ്പിക്കേണ്ടതിന്നും 27 ജലപ്രവാഹത്തിന്നു ചാലും ഇടിമിന്നലിന്നു പാതയും വെട്ടിക്കൊടുത്തതാർ? 28 മഴെക്കു അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാർ? 29 ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു? 30 വെള്ളം കല്ലുപോലെ ഉറെച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു. 31 കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ? 32 നിനക്കു രാശിചക്രത്തെ അതിന്റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും മക്കളെയും നിനക്കു നടത്താമോ? 33 ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിന്നു ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? 34 ജലപ്രവാഹം നിന്നെ മൂടേണ്ടതിന്നു നിനക്കു മേഘങ്ങളോളം ശബ്ദം ഉയർത്താമോ? 35 അടിയങ്ങൾ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയക്കാമോ? 36 അന്തരംഗത്തിൽ ജ്ഞാനത്തെ വെച്ചവനാർ? മനസ്സിന്നു വിവേകം കൊടുത്തവൻ ആർ? 37 ഉരുക്കിവാർത്തതുപോലെ പൊടിതമ്മിൽ കൂടുമ്പോഴും മൺകട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും 38 ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാർ? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാർ? 39 സിംഹങ്ങൾ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും 40 നീ സിംഹിക്കു ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ? 41 കാക്കകൂഞ്ഞുങ്ങൾ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോൾ അതിന്നു തീൻ എത്തിച്ചു കൊടുക്കുന്നതാർ? 1 പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻ പേടകളുടെ ഈറ്റുനോവു നീ കാണുമോ? 2 അവെക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ? 3 അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞുപോകുന്നു. 4 അവയുടെ കുട്ടികൾ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല. 5 കാട്ടുകഴുതയെ അഴിച്ചുവിട്ടതു ആർ? വനഗർദ്ദഭത്തെ കെട്ടഴിച്ചതാർ? 6 ഞാൻ മരുഭൂമിയെ അതിന്നു വീടും ഉവർന്നിലത്തെ അതിന്നു പാർപ്പിടവുമാക്കി. 7 അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്റെ ഒച്ച കൂട്ടാക്കുന്നതുമില്ല. 8 മലനിരകൾ അതിന്റെ മേച്ചല്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു. 9 കാട്ടുപോത്തു നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്റെ പുല്തൊട്ടിക്കരികെ രാപാർക്കുമോ? 10 കാട്ടു പോത്തിനെ നിനക്കു കയറിട്ടു ഉഴവിന്നു കൊണ്ടുപോകാമോ? അതു നിന്റെ പിന്നാലെ നിലം നിരത്തുമോ? 11 അതിന്റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്റെ വേല നീ അതിന്നു ഭരമേല്പിച്ചു കൊടുക്കുമോ? 12 അതു നിന്റെ വിത്തു കൊണ്ടുവരുമെന്നും നിന്റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ? 13 ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ടു വാത്സല്യം കാണിക്കുമോ? 14 അതു നിലത്തു മുട്ട ഇട്ടേച്ചുപോകുന്നു; അവയെ പൊടിയിൽ വെച്ചു വിരിക്കുന്നു. 15 കാൽകൊണ്ടു അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അതു ഓർക്കുന്നില്ല. 16 അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല. 17 ദൈവം അതിന്നു ജ്ഞാനമില്ലാതാക്കി വിവേകം അതിന്നു നല്കീട്ടുമില്ല. 18 അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോൾ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു. 19 കുതിരെക്കു നീയോ ശക്തി കൊടുത്തതു? അതിന്റെ കഴുത്തിന്നു നീയോ കുഞ്ചിരോമം അണിയിച്ചതു? 20 നിനക്കു അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്റെ ഹുങ്കാരപ്രതാപം ഭയങ്കരം. 21 അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അതു ആയുധപാണികളെ എതിർത്തുചെല്ലുന്നു. 22 അതു കൂശാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിൻവാങ്ങി മണ്ടുന്നതുമില്ല. 23 അതിന്നു എതിരെ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു. 24 അതു ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അതു അടങ്ങിനിൽക്കയില്ല. 25 കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനെക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആർപ്പും ദൂരത്തുനിന്നു മണക്കുന്നു. 26 നിന്റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടർക്കുകയും ചെയ്യുന്നതു? 27 നിന്റെ കല്പനെക്കോ കഴുകൻ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവെക്കുകയും ചെയ്യുന്നതു? 28 അതു പാറയിൽ കുടിയേറി രാപാർക്കുന്നു; പാറമുകളിലും ദുർഗ്ഗത്തിലും തന്നേ. 29 അവിടെനിന്നു അതു ഇര തിരയുന്നു; അതിന്റെ കണ്ണു ദൂരത്തേക്കു കാണുന്നു. 30 അതിന്റെ കുഞ്ഞുകൾ ചോര വലിച്ചു കുടിക്കുന്നു. പട്ടുപോയവർ എവിടെയോ അവിടെ അതുണ്ടു. 1 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2 ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ. 3 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു: 4 ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു. 5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല. 6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ: 7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക. 8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ? 9 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ? 10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക. 11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗർവ്വിയെയും നോക്കി താഴ്ത്തുക. 12 ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക. 13 അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക. 14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ളാഘിച്ചു പറയും. 15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു. 16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു. 17 ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു. 18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു. 19 അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു. 20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു. 21 അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു. 22 നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു; 23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും. 24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ? 1 മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്റെ നാകൂ കയറുകൊണ്ടു അമർത്താമോ? 2 അതിന്റെ മൂക്കിൽ കയറു കോർക്കാമോ? അതിന്റെ അണയിൽ കൊളുത്തു കടത്താമോ? 3 അതു നിന്നോടു ഏറിയ യാചന കഴിക്കുമോ? സാവധാനവാക്കു നിന്നോടു പറയുമോ? 4 അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന്നു അതു നിന്നോടു ഉടമ്പടി ചെയ്യുമോ? 5 പക്ഷിയോടു എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്റെ ബാലമാർക്കായി കെട്ടിയിടുമോ? 6 മീൻ പിടിക്കൂറ്റുകാർ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാർക്കു പകുത്തു വില്ക്കുമോ? 7 നിനക്കു അതിന്റെ തോലിൽ നിറെച്ചു അസ്ത്രവും തലയിൽ നിറെച്ചു ചാട്ടുളിയും തറെക്കാമോ? 8 അതിനെ ഒന്നു തൊടുക; പോർ തിട്ടം എന്നു ഓർത്തുകൊൾക; പിന്നെ നീ അതിന്നു തുനികയില്ല. 9 അവന്റെ ആശെക്കു ഭംഗംവരുന്നു; അതിനെ കാണുമ്പോൾ തന്നേ അവൻ വീണു പോകുമല്ലോ. 10 അതിനെ ഇളക്കുവാൻ തക്ക ശൂരനില്ല; പിന്നെ എന്നോടു എതിർത്തുനില്ക്കുന്നവൻ ആർ? 11 ഞാൻ മടക്കിക്കൊടുക്കേണ്ടതിന്നു എനിക്കു മുമ്പു കൂട്ടി തന്നതാർ? ആകാശത്തിൻ കീഴെയുള്ളതൊക്കെയും എന്റെതല്ലയോ? 12 അതിന്റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാൻ മിണ്ടാതിരിക്കയില്ല. 13 അതിന്റെ പുറങ്കുപ്പായം ഊരാകുന്നവനാർ? അതിന്റെ ഇരട്ടനിരപ്പല്ലിന്നിടയിൽ ആർ ചെല്ലും? 14 അതിന്റെ മുഖത്തെ കതകു ആർ തുറക്കും? അതിന്റെ പല്ലിന്നു ചുറ്റും ഭീഷണം ഉണ്ടു. 15 ചെതുമ്പൽനിര അതിന്റെ ഡംഭമാകുന്നു; അതു മുദ്രവെച്ചു മുറുക്കി അടെച്ചിരിക്കുന്നു. 16 അതു ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല. 17 ഒന്നോടൊന്നു ചേർന്നിരിക്കുന്നു; വേർപ്പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു. 18 അതു തുമ്മുമ്പോൾ വെളിച്ചം മിന്നുന്നു; അതിന്റെ കണ്ണു ഉഷസ്സിന്റെ കണ്ണിമപോലെ ആകുന്നു. 19 അതിന്റെ വായിൽനിന്നു തീപ്പന്തങ്ങൾ പുറപ്പെടുകയും തീപ്പൊരികൾ തെറിക്കയും ചെയ്യുന്നു. 20 തിളെക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു. 21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു. 22 അതിന്റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു. 23 അതിന്റെ മാംസദശകൾ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറെച്ചിരിക്കുന്നു. 24 അതിന്റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളതു തിരികല്ലിന്റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നേ. 25 അതു പൊങ്ങുമ്പോൾ ബലശാലികൾ പേടിക്കുന്നു; ഭയം ഹേതുവായിട്ടു അവർ പരവശരായ്തീരുന്നു. 26 വാൾകൊണ്ടു അതിനെ എതിർക്കുന്നതു അസാദ്ധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല 27 ഇരിമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു. 28 അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ലു അതിന്നു താളടിയായിരിക്കുന്നു. 29 ഗദ അതിന്നു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ടു അതു ചിരിക്കുന്നു. 30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു. 31 കലത്തെപ്പോലെ അതു ആഴിയെ തിളെപ്പിക്കുന്നു; സമുദ്രത്തെ അതു തൈലംപോലെയാക്കിത്തീർക്കുന്നു. 32 അതിന്റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരെച്ചതുപോലെ തോന്നുന്നു. 33 ഭൂമിയിൽ അതിന്നു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു. 34 അതു ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കൾക്കെല്ലാം അതു രാജാവായിരിക്കുന്നു. 1 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു: 2 നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു. 3 അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാർ? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അത്ഭുതമേറിയതു ഞാൻ തിരിച്ചറിയാതെ പറഞ്ഞുപോയി. 4 കേൾക്കേണമേ; ഞാൻ സംസാരിക്കും; ഞാൻ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ. 5 ഞാൻ നിന്നെക്കുറിച്ചു ഒരു കേൾവി മാത്രമേ കേട്ടിരുന്നുള്ളു; ഇപ്പോഴോ, എന്റെ കണ്ണാൽ നിന്നെ കാണുന്നു. 6 ആകയാൽ ഞാൻ എന്നെത്തന്നേ വെറുത്തു പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു. 7 യഹോവ ഈ വചനങ്ങളെ ഇയ്യോബിനോടു അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോടു അരുളിച്ചെയ്തതു: നിന്നോടും നിന്റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ല. 8 ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ. 9 അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്റെ മുഖത്തെ ആദരിച്ചു. 10 ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കു വേണ്ടി പ്രാർത്ഥിച്ചപ്പോൾ യഹോവ അവന്റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പെ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന്നു ഇരട്ടിയായി കൊടുത്തു. 11 അവന്റെ സകലസഹോദരന്മാരും സഹോദരിമാരും മുമ്പെ അവന്നു പരിചയമുള്ളവരൊക്കെയും അവന്റെ അടുക്കൽ വന്നു അവന്റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്റെമേൽ വരുത്തിയിരുന്ന സകലഅനർത്ഥത്തെയും കുറിച്ചു അവർ അവനോടു സഹതാപം കാണിച്ചു അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന്നു ഓരോ പൊൻനാണ്യവും ഓരോ പൊൻമോതിരവും കൊടുത്തു. 12 ഇങ്ങനെ യഹോവ ഇയ്യോബിന്റെ പിൻകാലത്തെ അവന്റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു; അവന്നു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏർ കാളയും ആയിരം പെൺകഴുതയും ഉണ്ടായി. 13 അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. 14 മൂത്തവൾക്കു അവൻ യെമീമാ എന്നും രണ്ടാമത്തെവൾക്കു കെസീയാ എന്നും മൂന്നാമത്തവൾക്കു കേരെൻ-ഹപ്പൂൿ എന്നും പേർ വിളിച്ചു. 15 ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൌന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടെ അവർക്കു അവകാശം കൊടുത്തു. 16 അതിന്റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവൻ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു. 17 അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂർണ്ണനുമായി മരിച്ചു. |