Home Churches About
 

യാക്കോബ്

James

1:1 ദൈവത്തിന്‍റെയും കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ് എഴുതുന്നതു: ചിതറിപ്പാര്‍ക്കുംന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വന്ദനം. 2 എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധപരീക്ഷകളില്‍ അകപ്പെടുമ്പോള്‍ 3 നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിന്‍ . 4 എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണ്ണരും ആകേണ്ടതിന്നു സ്ഥിരതെക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ. 5 നിങ്ങളില്‍ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവന്നു ലഭിക്കും. 6 എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവന്‍ കാറ്റടിച്ചു അലയുന്ന കടല്‍ത്തിരെക്കു സമന്‍ . 7 ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു. 8 ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ വഴികളില്‍ ഒക്കെയും അസ്ഥിരന്‍ ആകുന്നു. 9 എന്നാല്‍ എളിയ സഹോദരന്‍ തന്‍റെ ഉയര്‍ച്ചയിലും 10 ധനവനോ പുല്ലിന്‍റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ. 11 സൂര്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ലു ഉണങ്ങി പൂവു തീര്‍ന്നു അതിന്‍റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളില്‍ വാടിപോകും. 12 പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കര്‍ത്താവു തന്നെ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും. 13 പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്നു ആരും പറയരുതു. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷിക്കുന്നതുമില്ല. 14 ഓ‍രോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു. 15 മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു. 16 എന്‍റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു. 17 എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍ നിന്നു ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല. 18 നാം അവന്‍റെ സൃഷ്ടികളില്‍ ഒരുവിധം ആദ്യഫലമാകേണ്ടതിന്നു അവന്‍ തന്‍റെ ഇഷ്ടം ഹേതുവായി സത്യത്തിന്‍റെ വചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു. 19 പ്രിയസഹോദരന്മാരേ, നിങ്ങള്‍ അതു അറിയുന്നുവല്ലോ. എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിന്നു താമസവുമുള്ളവന്‍ ആയിരിക്കട്ടെ. 20 മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല. 21 ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്‍വിന്‍ . 22 എങ്കിലും വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെ തന്നേ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന്‍ . 23 ഒരുത്തന്‍ വചനം കേള്‍ക്കുന്നവന്‍ എങ്കിലും ചെയ്യാത്തവനായിരുന്നാല്‍ അവന്‍ തന്‍റെ സ്വാഭാവിക മുഖം കണ്ണാടിയില്‍ നോക്കുന്ന ആളോടു ഒക്കുന്നു. 24 അവന്‍ തന്നെത്താന്‍ കണ്ടു പുറപ്പെട്ടു താന്‍ ഇന്ന രൂപം ആയിരുന്നു എന്നു ഉടനെ മറന്നുപോകുന്നു. 25 സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനിലക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താന്‍ ചെയ്യുന്നതില്‍ ഭാഗ്യവാന്‍ ആകും. 26 നിങ്ങളില്‍ ഒരുവന്‍ തന്‍റെ നാവിന്നു കടിഞ്ഞാണിടാതെ തന്‍റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്‍റെ ഭക്തി വ്യര്‍ത്ഥം അത്രേ. 27 പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.

2:1 സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ മുഖപക്ഷം കാണിക്കരുതു. 2 നിങ്ങളുടെ പള്ളിയില്‍ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാല്‍ 3 നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടു: നീ അവിടെ നില്‍ക്ക; അല്ലെങ്കില്‍ എന്‍റെ പാദപീഠത്തിങ്കല്‍ ഇരിക്ക എന്നും പറയുന്നു എങ്കില്‍ 4 നിങ്ങള്‍ ഉള്ളില്‍ പ്രാമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ? 5 പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ : ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്‍റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. 6 ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു? 7 നിങ്ങളുടെമേല്‍ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവര്‍ അല്ലയോ ദുഷിക്കുന്നതു? 8 എന്നാല്‍ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന്നു ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള്‍ നിവര്‍ത്തിക്കുന്നു എങ്കില്‍ നന്നു. 9 മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങള്‍ ലംഘനക്കാര്‍ എന്നു ന്യായപ്രമാണത്താല്‍ തെളിയുന്നു. 10 ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിന്നും കുറ്റക്കാരനായിത്തീര്‍ന്നു. 11 വ്യഭിചാരം ചെയ്യരുതു എന്നു കല്പിച്ചവന്‍ കുല ചെയ്യരുതു എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കുല ചെയ്യുന്നു എങ്കില്‍ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീര്‍ന്നു. 12 സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവര്‍ത്തിക്കയും ചെയ്‍വിന്‍ . 13 കരുണ കാണിക്കാത്തവന്നു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു. 14 സഹോദരന്മാരേ, ഒരുത്തന്‍ തനിക്കു വിശ്വാസം ഉണ്ടു എന്നു പറകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കയും ചെയ്താല്‍ ഉപകാരം എന്തു? ആ വിശ്വാസത്താല്‍ അവന്‍ രക്ഷ പ്രാപിക്കുമോ? 15 ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്ത വരുമായിരിക്കെ നിങ്ങളില്‍ ഒരുത്തന്‍ അവരോടു: 16 സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്‍വിന്‍ എന്നു പറയുന്നതല്ലാതെ ദേഹരക്ഷെക്കു ആവശ്യമുള്ളതു അവര്‍ക്കും കൊടുക്കാതിരുന്നാല്‍ ഉപകാരം എന്തു? 17 അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവെ നിര്‍ജ്ജീവമാകുന്നു. 18 എന്നാല്‍ ഒരുത്തന്‍ : നിനക്കു വിശ്വാസം ഉണ്ടു; എനിക്കു പ്രവൃത്തികള്‍ ഉണ്ടു എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാല്‍ കാണിച്ചു തരാം. 19 ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു. 20 വ്യര്‍ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന്‍ നിനക്കു മനസ്സുണ്ടോ? 21 നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ചിട്ടു പ്രവൃത്തിയാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു? 22 അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാല്‍ വിശ്വാസം പൂര്‍ണ്ണമായി എന്നും നീ കാണുന്നുവല്ലോ. 23 അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അതു അവന്നു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന്‍ ദൈവത്തിന്‍റെ സ്നേഹിതന്‍ എന്നു പേര്‍ പ്രാപിച്ചു. 24 അങ്ങനെ മനുഷ്യന്‍ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാല്‍ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങള്‍ കാണുന്നു. 25 അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്‍കയും വേറൊരു വഴിയായി പറഞ്ഞയക്കയും ചെയ്തതില്‍ പ്രവൃത്തികളാല്‍ അല്ലയോ നീതീകരിക്കപ്പെട്ടതു? 26 ഇങ്ങനെ ആത്മാവില്ലത്ത ശരീരം നിര്‍ജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്‍ജ്ജീവമാകുന്നു.

3:1 സഹോദരന്മാരേ, അധികം ശിക്ഷാവിധിവരും എന്നു അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുതു. 2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തന്‍ വാക്കില്‍ തെറ്റാതിരുന്നാല്‍ അവന്‍ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന്‍ ശക്തനായി സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷന്‍ ആകുന്നു. 3 കുതിരയെ അധീനമാക്കുവാന്‍ വായില്‍ കടിഞ്ഞാണ്‍ ഇട്ടു അതിന്‍റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ. 4 കപ്പലും എത്ര വലിയതു ആയാലും കൊടുങ്കാറ്റടിച്ചു ഓ‍ടുന്നതായാലും അമരക്കാരന്‍ ഏറ്റവും ചെറിയ ചുക്കാന്‍ കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. 5 അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു; 6 നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതിലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താല്‍ അതിന്നു തീ പിടിക്കയും ചെയ്യുന്നു. 7 മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു. 8 നാവിനെയോ മനുഷ്യക്കാര്‍ക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു. 9 അതിനാല്‍ നാം കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തില്‍ ഉണ്ടായ മനുഷ്യരെ അതിനാല്‍ ശപിക്കുന്നു. 10 ഒരു വായില്‍നിന്നു തന്നേ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല. 11 ഉറവിന്‍റെ ഒരേ ദ്വാരത്തില്‍നിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടു വരുമോ? 12 സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായിക്കുമോ? ഉപ്പുറവില്‍നിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല. 13 നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍ ? അവന്‍ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പില്‍ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ. 14 എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കൈപ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷകു പറകയുമരുതു. 15 ഇതു ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൌമികവും പ്രാകൃതവും പൈശാചികവും ആയതത്രേ. 16 ഈര്‍ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ടു. 17 ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. 18 എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതെച്ചു നീതി എന്ന ഫലം കൊയ്യും.

4:1 നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ? 2 നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള്‍ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. 3 നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല. 4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്‍റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു. 5 അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ? 6 എന്നാല്‍ അവന്‍ അധികം കൃപ നലകുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിര്‍ത്തുനില്‍ക്കയും താഴ്മയുള്ളവര്‍ക്കും കൃപ നലകുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു. 7 ആകയാല്‍ നിങ്ങള്‍ ദൈവത്തിന്നു കീഴടങ്ങുവിന്‍ ; പിശാചിനോടു എതിര്‍ത്തുനില്പിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ വിട്ടു ഓ‍ടിപ്പോകും. 8 ദൈവത്തോടു അടുത്തു ചെല്ലുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍ ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍ ; 9 സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍ ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. 10 കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും. 11 സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുതു; തന്‍റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില്‍ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ. 12 ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ഒരുവനേയുള്ളു: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവന്‍ തന്നേ; കൂട്ടുകാരനെ വിധിപ്പാന്‍ നീ ആര്‍ 13 ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍ : 14 നാളെത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ. 15 കര്‍ത്താവിന്നു ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്നു ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടതു. 16 നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു. 17 നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ.

5:1 അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍ . 2 നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി. 3 നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു; ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു. 4 നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കല്‍നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ചെവിയില്‍ എത്തിയിരിക്കുന്നു. 5 നിങ്ങള്‍ ഭൂമിയില്‍ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. 6 നിങ്ങള്‍ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവന്‍ നിങ്ങളോടു മറുത്തുനിലക്കുന്നതുമില്ല. 7 എന്നാല്‍ സഹോദരന്മാരേ, കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ദീര്‍ഘക്ഷമയോടിരിപ്പിന്‍ ; കൃഷിക്കാരന്‍ ഭൂമിയുടെ വിലയേറിയ ഫലത്തിന്നു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിന്നു കിട്ടുവോളം ദീര്‍ഘക്ഷമയോടിരിക്കുന്നുവല്ലോ. 8 നിങ്ങളും ദീര്‍ഘക്ഷമയോടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിന്‍ ; കര്‍ത്താവിന്‍റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു. 9 സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാന്‍ ഒരുവന്‍റെ നേരെ ഒരുവന്‍ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതില്‍ക്കല്‍ നിലക്കുന്നു. 10 സഹോദരന്മാരേ, കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിന്നും ദീര്‍ഘക്ഷമെക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊള്‍വിന്‍ . 11 സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര്‍ എന്നു പുകഴ്ത്തുന്നു. യോബിന്‍റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കര്‍ത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ. 12 വിശേഷാല്‍ സഹോദരന്മാരേ, സ്വര്‍ഗ്ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുതു; ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ നിങ്ങള്‍ ഉവ്വു എന്നു പറഞ്ഞാല്‍ ഉവ്വു എന്നും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നും ഇരിക്കട്ടെ. 13 നിങ്ങളില്‍ കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ത്ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവന്‍ പാട്ടു പാടട്ടെ. 14 നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ. 15 എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ത്ഥന ദീനക്കാരനെ രക്ഷിക്കും; കര്‍ത്താവു അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും. 16 എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിന്നു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവന്നു വേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍ . നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു. 17 ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല. 18 അവന്‍ വീണ്ടും പ്രാര്‍ത്ഥിച്ചപ്പോള്‍ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയില്‍ ധാന്യം വിളഞ്ഞു. 19 സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവന്‍ തിരിച്ചുവരുത്തുകയും ചെയ്താല്‍ 20 പാപിയെ നേര്‍വ്വഴിക്കു ആക്കുന്നവന്‍ അവന്‍റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവന്‍ അറിഞ്ഞുകൊള്ളട്ടെ.


Free counters!   Site Meter(April28th2012)