Home Churches About
 

കൊലൊസ്സ്യ

Colossians

1:1 ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവില്‍ വിശ്വസ്ത സഹോദരന്മാരുമായവര്‍ക്കും എഴുതുന്നതു: 2 നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 3 സുവിശേഷത്തിന്‍റെ സത്യവചനത്തില്‍ നിങ്ങള്‍ മുമ്പു കേട്ടതായി സ്വര്‍ഗ്ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം, 4 ക്രിസ്തുയേശുവില്‍ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടു നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കയില്‍ എപ്പോഴും 5 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. 6 ആ സുവിശേഷം സര്‍വലോകത്തിലും എന്നപോലെ നിങ്ങുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ത്ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വ്വലോകത്തിലും ഫലം കായിച്ചും വര്‍ദ്ധിച്ചും വരുന്നു. 7 ഇങ്ങനെ നിങ്ങള്‍ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനും 8 നിങ്ങള്‍ക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു. 9 അതുകൊണ്ടു ഞങ്ങള്‍ അതു കേട്ട നാള്‍ മുതല്‍ നിങ്ങള്‍ക്കു വേണ്ടി ഇടവിടാതെ പ്രാര്‍ത്ഥിക്കുന്നു. 10 നിങ്ങള്‍ പൂര്‍ണ്ണപ്രസാദത്തിന്നായി കര്‍ത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിന്‍റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സല്‍പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും 11 സകല സഹിഷ്ണുതെക്കും ദീര്‍ഘക്ഷമെക്കുമായി അവന്‍റെ മഹത്വത്തിന്‍റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂര്‍ണ്ണശക്തിയോടെ ബലപ്പെടേണമെന്നും 12 വിശുദ്ധന്മാര്‍ക്കും വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും 13 നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍ നിന്നു വിടുവിച്ചു തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു. 14 അവനില്‍ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു. 15 അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിമയും സര്‍വ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. 16 സ്വര്‍ഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. 17 അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍ ; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു. 18 അവന്‍ സഭ എന്ന ശരീരത്തിന്‍റെ തലയും ആകുന്നു; സകലത്തിലും താന്‍ മുമ്പനാകേണ്ടതിന്നു അവന്‍ ആരംഭവും മരിച്ചവരുടെ ഇടയില്‍ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. 19 അവനില്‍ സര്‍വ്വസമ്പൂര്‍ണ്ണതയും വസിപ്പാനും 20 അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തം കൊണ്ടു അവന്‍ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്‍ഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി. 21 മുമ്പെ ദുഷ്പ്രവൃത്തികളാല്‍ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ 22 അവന്‍റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവന്‍ ഇപ്പോള്‍ തന്‍റെ ജഡശരീരത്തില്‍ തന്‍റെ മരണത്താല്‍ നിരപ്പിച്ചു. 23 ആകാശത്തിന്‍ കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ ഘോഷിച്ചും പൌലോസ് എന്ന ഞാന്‍ ശുശ്രൂഷകനായിത്തീര്‍ന്നും നിങ്ങള്‍ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്‍റെ പ്രത്യാശയില്‍നിന്നു നിങ്ങള്‍ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തില്‍ നിലനിന്നുകൊണ്ടാല്‍ അങ്ങനെ അവന്‍റെ മുമ്പില്‍ നിലക്കും. 24 ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ കുറവായുള്ളതു എന്‍റെ ജഡത്തില്‍ സഭയായ അവന്‍റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു. 25 നിങ്ങള്‍ക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്‍ത്തിക്കേണ്ടതിന്നു ഞാന്‍ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു. 26 അതു പൂര്‍വ്വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മ്മം എങ്കിലും ഇപ്പോള്‍ അവന്‍റെ വിശുദ്ധന്മാര്‍ക്കും വെളിപ്പെട്ടിരിക്കുന്നു. 27 അവരോടു ജാതികളുടെ ഇടയില്‍ ഈ മര്‍മ്മത്തിന്‍റെ മഹിമാധനം എന്തെന്നു അറിയിപ്പാന്‍ ദൈവത്തിന്നു ഇഷ്ടമായി; ആ മര്‍മ്മം മഹത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതു തന്നേ. 28 അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു. 29 അതിന്നായി ഞാന്‍ എന്നില്‍ ബലത്തോടെ വ്യാപരിക്കുന്ന അവന്‍റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.

2:1 നിങ്ങള്‍ക്കും ലവുദിക്യയിലുള്ളവര്‍ക്കും ജഡത്തില്‍ എന്‍റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവര്‍ക്കും വേണ്ടി, 2 അവര്‍ ക്രിസ്തുവെന്ന ദൈവ മര്‍മ്മത്തിന്‍റെ പരിജ്ഞാനവും വിവേകപൂര്‍ണ്ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തില്‍ ഏകീഭവിച്ചിട്ടു ഹൃദയങ്ങള്‍ക്കു ആശ്വാസം ലഭിക്കേണം എന്നുവെച്ചു ഞാന്‍ എത്ര വലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു. 3 അവനില്‍ ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങള്‍ ഒക്കെയും ഗുപ്തമായിട്ടു ഇരിക്കുന്നു. 4 വശീകരണവാക്കുകൊണ്ടു ആരും നിങ്ങളെ ചതിക്കാതിരിപ്പാന്‍ ഞാന്‍ ഇതു പറയുന്നു. 5 ഞാന്‍ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ടു നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തിന്‍റെ സ്ഥിരതയും കണ്ടു സന്തോഷിക്കുന്നു. 6 ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയില്‍ നടപ്പിന്‍ ; 7 അവനില്‍ വേരൂന്നിയും ആത്മികവര്‍ദ്ധന പ്രാപിച്ചും നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതിന്നു ഒത്തവണ്ണം വിശ്വാസത്താല്‍ ഉറെച്ചും സ്തോത്രത്തില്‍ കവിഞ്ഞും ഇരിപ്പിന്‍ . 8 തത്വജ്ഞാനവും വെറും വഞ്ചനയും കൊണ്ടു ആരും നിങ്ങളെ കവര്‍ന്നുകളായതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അതു മനുഷ്യരുടെ സന്പ്രദായത്തിന്നു ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യ പാഠങ്ങള്‍ക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല. 9 അവനിലല്ലോ ദൈവത്തിന്‍റെ സര്‍വ്വ സമ്പൂര്‍ണ്ണതയും ദേഹരൂപമായി വസിക്കുന്നതു. 10 എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയായ അവനില്‍ നിങ്ങള്‍ പരിപൂര്‍ണ്ണരായിരിക്കുന്നു. 11 അവനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നേ കൈകൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു. 12 സ്നാനത്തില്‍ നിങ്ങള്‍ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ച ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനോടുകൂടെ നിങ്ങളും ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്തു. 13 അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്‍റെ അഗ്രചര്‍മ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ , അവനോടുകൂടെ ജീവിപ്പിച്ചു; 14 അതിക്രമങ്ങള്‍ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതിക്കുലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശില്‍ തറെച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു; 15 വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗ്ഗം വെപ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടിഅവരെ പരസ്യമായ കാഴ്ചയാക്കി. 16 അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുനാള്‍ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. 17 ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിന്നുള്ളതു. 18 താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്‍ശനങ്ങളില്‍ പ്രവേശിക്കയും തന്‍റെ ജഡമനസ്സിനാല്‍ വെറുതെ ചീര്‍ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന്‍ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു. 19 തലയായവനില്‍ നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ചപ്രാപിക്കുന്നു. 20 നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍ സംബന്ധിച്ചു മരിച്ചു എങ്കില്‍ ലോകത്തില്‍ ജീവിക്കുന്നവരെപ്പോലെ 21 മാനുഷകല്പനകള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങള്‍ക്കു കീഴ്പെടുന്നതു എന്തു? 22 ഇതെല്ലാം ഉപയോഗത്താല്‍ നശിച്ചു പോകുന്നതത്രേ. 23 അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്‍റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കും ജ്ഞാനത്തിന്‍റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.

3:1 ആകയാല്‍ നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എങ്കില്‍ ക്രിസ്തുദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിന്‍ . 2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിന്‍ . 3 നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു. 4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോള്‍ നിങ്ങളും അവനോടുകൂടെ തേജസ്സില്‍ വെളിപ്പെടും. 5 ആകയാല്‍ ദുര്‍ന്നടപ്പു, അശുദ്ധി, അതിരാഗം, ദുര്‍മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍ . 6 ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേല്‍ വരുന്നു. 7 അവയില്‍ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയില്‍ നടന്നുപോന്നു. 8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍നിന്നു വരുന്ന ദൂഷണം, ദുര്‍ഭാഷണം ഇവ ഒക്കെയും വിട്ടുകളവിന്‍ . 9 അന്യോന്യം ഭോഷകു പറയരുതു. നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു, 10 തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ. 11 അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മ്മവും എന്നില്ല, ബര്‍ബ്ബരന്‍ , ശകന്‍ , ദാസന്‍ , സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു. 12 അതുകൊണ്ടു ദൈവത്തിന്‍റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീര്‍ഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു 13 അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്‍വിന്‍ . 14 എല്ലാറ്റിന്നും മീതെ സമ്പൂര്‍ണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിന്‍ . 15 ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിന്നല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിന്‍ . 16 സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്‍റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടും കൂടെ നിങ്ങളില്‍ വസിക്കട്ടെ. 17 വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിന്‍ . 18 ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും കര്‍ത്താവില്‍ ഉചിതമാകും വണ്ണം കീഴടങ്ങുവിന്‍ . 19 ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍ ; അവരോടു കൈപ്പായിരിക്കയുമരുതു. 20 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിന്‍ . ഇതു കര്‍ത്താവിന്‍റെ ശിഷ്യന്മാരില്‍ കണ്ടാല്‍ പ്രസാദകരമല്ലോ. 21 പിതാക്കന്മാരേ, നിങ്ങളുടെ മക്കള്‍ അധൈര്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു. 22 ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിന്‍ ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്‍റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു. 23 നിങ്ങള്‍ ചെയ്യുന്നതു ഒക്കെയും മനുഷ്യര്‍ക്കെന്നല്ല കര്‍ത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‍വിന്‍ . 24 അവകാശമെന്ന പ്രതിഫലം കര്‍ത്താവു തരും എന്നറിഞ്ഞു കര്‍ത്താവായ ക്രിസ്തുവിനെ സേവിപ്പിന്‍ . 25 അന്യായം ചെയ്യുന്നവന്‍ താന്‍ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.

4:1 യജമാനന്മാരേ, നിങ്ങള്‍ക്കും സ്വര്‍ഗ്ഗത്തില്‍ യജമാനന്‍ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിന്‍ . 2 പ്രാര്‍ത്ഥനയില്‍ ഉറ്റിരിപ്പിന്‍ ; സ്തോത്രത്തോടെ അതില്‍ ജാഗരിപ്പിന്‍ . 3 എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്‍റെ മര്‍മ്മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്‍റെ വാതില്‍ തുറന്നുതരികയും 4 ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍ . 5 സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍ . 6 ഓ‍‍രോരുത്തനോടു നിങ്ങള്‍ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴുംകൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ. 7 എന്‍റെ അവസ്ഥ ഒക്കെയും കര്‍ത്താവില്‍ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും. 8 നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി 9 ഞാന്‍ അവനെ നിങ്ങളില്‍ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇവിടെത്തെ അവസ്ഥ എല്ലാം അവര്‍ നിങ്ങളോടു അറിയിക്കും. 10 എന്‍റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്‍റെ മച്ചുനനായ മര്‍ക്കൊസും — അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍ — 11 യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍ ഇവര്‍ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീര്‍ന്നു. 12 നിങ്ങളില്‍ ഒരുത്തനായി ക്രിസ്തുയേശുവിന്‍റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങള്‍ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണ്ണനിശ്ചയമുള്ളവരുമായി നില്‍ക്കേണ്ടതിന്നു അവന്‍ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടി എപ്പോഴും പോരാടുന്നു. 13 നിങ്ങള്‍ക്കും ലവുദിക്യക്കാര്‍ക്കും ഹിയരപൊലിക്കാര്‍ക്കും വേണ്ടി അവന്‍ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാന്‍ സാക്ഷി. 14 വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു. 15 ലവുദിക്യയിലെ സഹോദരന്മാര്‍ക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിന്‍ . 16 നിങ്ങളുടെ ഇടയില്‍ ഈ ലേഖനം വായിച്ചു തീര്‍ന്നശേഷം ലവുദിക്യസഭയില്‍ കൂടെ വായിപ്പിക്കയും ലവുദിക്യയില്‍നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിന്‍ . 17 അര്‍ഹിപ്പൊസിനോടു കര്‍ത്താവില്‍ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍ നോക്കേണം എന്നു പറവിന്‍ . 18 പൌലൊസായ എന്‍റെ സ്വന്തകയ്യാലെ വന്ദനം; എന്‍റെ ബന്ധനങ്ങളെ ഓ‍ര്‍ത്തുകൊള്‍വിന്‍ . കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.


Free counters!   Site Meter(April28th2012)