Home Churches About
 

വെളിപ്പാടു

Revelation

1:1 യേശുക്രിസ്തുവിന്‍റെ വെളിപ്പാടു: വേഗത്തില്‍ സംഭവിപ്പാനുള്ളതു തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവന്‍ അതു തന്‍റെ ദൂതന്‍ മുഖാന്തരം അയച്ചു തന്‍റെ ദാസനായ യോഹന്നാന്നു പ്രദര്‍ശിപ്പിച്ചു. 2 അവന്‍ ദൈവത്തിന്‍റെ വചനവും യേശുക്രിസ്തുവിന്‍റെ സാക്‍ഷ്യവുമായി താന്‍ കണ്ടതു ഒക്കെയും സാക്ഷീകരിച്ചു. 3 ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍ ; സമയം അടുത്തിരിക്കുന്നു. 4 യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നതു: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്‍നിന്നും 5 വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്കും അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. 6 നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താല്‍ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേന്‍ . 7 ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളെച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങള്‍ ഒക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വു, ആമേന്‍ . 8 ഞാന്‍ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവു അരുളിച്ചെയ്യുന്നു. 9 നിങ്ങളുടെ സഹോദരനും യേശുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്‍റെ സാക്‍ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു. 10 കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി: 11 നീ കാണുന്നതു ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ; പെര്‍ഗ്ഗമൊസ്, തുയഥൈര, സര്‍ദ്ദീസ്, ഫിലദെല്‍ഫ്യ, ലവൊദിക്ക്യാ എന്ന ഏഴു സഭകള്‍ക്കും അയക്കുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്‍റെ പുറകില്‍ കേട്ടു. 12 എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന്‍ ഞാന്‍ തിരിഞ്ഞു. 13 തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍ നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു. 14 അവന്‍റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണു അഗ്നിജ്വാലെക്കു ഒത്തതും 15 കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും ആയിരുന്നു. അവന്‍റെ വലങ്കയ്യില്‍ ഏഴു നക്ഷത്രം ഉണ്ടു; 16 അവന്‍റെ വായില്‍ നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്‍റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതു പോലെ ആയിരുന്നു. 17 അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്‍ക്കല്‍ വീണു. അവന്‍ വലങ്കൈ എന്‍റെ മേല്‍ വെച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു. 18 ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ടു. 19 നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും 20 എന്‍റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്‍റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്‍റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്കു ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.

2:1 എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ടു ഏഴു പൊന്‍ നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നതു: 2 ഞാന്‍ നിന്‍റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും, 3 നിനക്കു സഹിഷ്ണുതയുള്ളതും എന്‍റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു. 4 എങ്കിലും നിന്‍റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു. 5 നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഓ‍ര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്‍റെ നിലവിളക്കു അതിന്‍റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും. 6 എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു. 7 അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ ദൈവത്തിന്‍റെ പരദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാന്‍ കൊടുക്കും. 8 സ്മൂര്‍ന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നതു: 9 ഞാന്‍ നിന്‍റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്‍റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു. 10 പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവ കിരീടം നിനക്കു തരും. 11 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല. 12 പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുക: മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിച്ചെയ്യുന്നതു: 13 നീ എവിടെ പാര്‍ക്കുന്നു എന്നും അതു സാത്താന്‍റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്‍റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍ , സാത്താന്‍ പാര്‍ക്കുന്നേടത്തു തന്നേ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല. 14 എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു. 15 അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ടു. 16 ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്നു എന്‍റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും. 17 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും. 18 തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുക: അഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു: 19 ഞാന്‍ നിന്‍റെ പ്രവൃത്തിയും നിന്‍റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്‍റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു. 20 എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്‍റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ടു. 21 ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല. 22 ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും. 23 അവളുടെ മക്കളെയും ഞാന്‍ കൊന്നുകളയും; ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു ഏവര്‍ക്കും പകരം ചെയ്യും. 24 എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്‍റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടു: വേറൊരു ഭാരം ഞാന്‍ നിങ്ങളുടെ മേല്‍ ചുമത്തുന്നില്ല. 25 എങ്കിലും നിങ്ങള്‍ക്കുള്ളതു ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു. 26 ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്‍റെ പിതാവു എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെ മേല്‍ അധികാരം കൊടുക്കും. 27 അവന്‍ ഇരിമ്പുകോല്‍കൊണ്ടു അവരെ മേയിക്കും; അവര്‍ കുശവന്‍റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും. 28 ഞാന്‍ അവന്നു ഉദയനക്ഷത്രവും കൊടുക്കും. 29 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

3:1 സര്‍ദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്‍റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയുന്നതു: ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്നു നിനക്കു പേര്‍ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു. 2 ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന്‍ നിന്‍റെ പ്രവൃത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണ്ണതയുള്ളതായി കണ്ടില്ല. 3 ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തതു എങ്ങനെ എന്നു ഓ‍ര്‍ത്തു അതു കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്‍റെമേല്‍ വരും എന്നു നീ അറികയും ഇല്ല. 4 എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ടു. 5 അവര്‍ യോഗ്യന്മാരാകയാല്‍ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മാച്ചുകളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേര്‍ ഏറ്റുപറയും. 6 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 7 ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോലുള്ളവനും ആയി ആരും അടെക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടെക്കുകയും ചെയ്യുന്നവന്‍ അരുളിച്ചെയ്യുന്നതു: 8 ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന്‍ നിന്‍റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവെച്ചിരിക്കുന്നു; അതു ആര്‍ക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്‍റെ വചനം കാത്തു, എന്‍റെ നാമം നിഷേധിച്ചിട്ടില്ല. 9 യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്‍റെ പള്ളിയില്‍ നിന്നു വരുത്തും; അവര്‍ നിന്‍റെ കാല്‍ക്കല്‍ വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും. 10 സഹിഷ്ണുതയെക്കുറിച്ചുള്ള എന്‍റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിന്നു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്തു ഞാനും നിന്നെ കാക്കും. 11 ഞാന്‍ വേഗം വരുന്നു; നിന്‍റെ കിരീടം ആരും എടുക്കാതിരിപ്പാന്തക്കവണ്ണം നിനക്കുള്ളതു പിടിച്ചുകൊള്‍ക. 12 ജയിക്കുന്നവനെ ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമവും എന്‍റെ ദൈവത്തിന്‍റെ പക്കല്‍നിന്നു, സ്വര്‍ഗ്ഗത്തില്‍നിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്‍റെ ദൈവത്തിന്‍ നഗരത്തിന്‍റെ നാമവും എന്‍റെ പുതിയ നാമവും ഞാന്‍ അവന്‍റെ മേല്‍ എഴുതും. 13 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 14 ലവൊദിക്ക്യയിലെ സഭയുടെ ദൂതന്നു എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയുന്നതു: 15 ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു. 16 ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാല്‍ നിന്നെ എന്‍റെ വായില്‍ നിന്നു ഉമിണ്ണുകളയും. 17 ഞാന്‍ ധനവാന്‍ ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്‍ 18 നീ സമ്പന്നന്‍ ആകേണ്ടതിന്നു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലെക്കുവാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധിപറയുന്നു. 19 എനിക്കു പ്രിയമുള്ളവരെ ഒക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക. 20 ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്‍റെ അടുക്കല്‍ ചെന്നു അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും. 21 ജയിക്കുന്നവന്നു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നലകും; ഞാനും ജയിച്ചു എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തില്‍ ഇരുന്നതുപോലെ തന്നേ. 22 ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

4:1 അനന്തരം സ്വര്‍ഗ്ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോടു: ഇവിടെ കയറിവരിക; മേലാല്‍ സംഭവിപ്പാനുള്ളതു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു കല്പിച്ചു. 2 ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗ്ഗത്തില്‍ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു. 3 ഇരിക്കുന്നവന്‍ കാഴ്ചെക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍ ; സിംഹാസനത്തിന്‍റെ ചുറ്റും കാഴ്ചെക്കു മരതകത്തോടു സദൃശമായോരു പച്ചവില്ലു; 4 സിംഹാസനത്തിന്‍റെ ചുറ്റിലും ഇരുപത്തുനാലു സിംഹാസനം; വെള്ളയുടുപ്പു ധരിച്ചുംകൊണ്ടു സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാര്‍ ; അവരുടെ തലയില്‍ പൊന്‍ കിരീടം; 5 സിംഹാസനത്തില്‍നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്‍റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു; 6 സിംഹാസനത്തിന്‍റെ മുമ്പില്‍ പളുങ്കിന്നൊത്ത കണ്ണാടിക്കടല്‍ ; സിംഹാസനത്തിന്‍റെ നടുവിലും സിംഹാസനത്തിന്‍റെ ചുറ്റിലും നാലു ജീവികള്‍ ; അവേക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു. 7 ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം. 8 നാലു ജീവികളും ഒരോന്നിന്നു ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണു നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍ , പരിശുദ്ധന്‍ , പരിശുദ്ധന്‍ എന്നു അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. 9 എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന്നു ആ ജീവികള്‍ മഹത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും 10 ഇരുപത്തുനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുമ്പില്‍ വീണു, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു: 11 കര്‍ത്താവേ, നീ സര്‍വ്വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടംഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്‍ മുമ്പില്‍ ഇടും.

5:1 ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലങ്കയ്യില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു. 2 ആ പുസ്തകം തുറപ്പാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളു എന്നു അത്യുച്ചത്തില്‍ ഘോഷിക്കുന്ന ശക്തനായോരു ദൂതനെയും കണ്ടു. 3 പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആര്‍ക്കും കഴിഞ്ഞില്ല. 4 പുസ്തകം തുറന്നു വായിപ്പാനെങ്കിലും അതു നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാന്‍ ഏറ്റവും കരഞ്ഞു. 5 അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്‍റെ വേരുമായവന്‍ പുസ്തകവും അതിന്‍റെ ഏഴുമുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. 6 ഞാന്‍ സിംഹസനത്തിന്‍റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നിലക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സര്‍വ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കള്‍ ആയ ഏഴു കണ്ണും ഉണ്ടു. 7 അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലങ്കയ്യില്‍ നിന്നു പുസ്തകം വാങ്ങി. 8 വാങ്ങിയപ്പോള്‍ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓ‍രോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ത്ഥന എന്ന ധൂപവര്‍ഗ്ഗം നിറഞ്ഞ പൊന്‍ കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്‍റെ മുമ്പാകെ വീണു. 9 പുസ്തകം വാങ്ങുവാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യന്‍ ; നീ അറുക്കപ്പെട്ടു നിന്‍റെ രക്തം കൊണ്ടു സര്‍വ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; 10 ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ടു അവര്‍ പാടുന്നു. 11 പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്‍റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു. 12 അവര്‍ അത്യുച്ചത്തില്‍ ; അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു. 13 സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തില്‍ ഇരിക്കുന്നവന്നു കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാന്‍ കേട്ടു. 14 നാലു ജീവികളും: ആമേന്‍ എന്നു പറഞ്ഞു; മൂപ്പന്മാര്‍ വീണു നമസ്കരിച്ചു.

6:1 കുഞ്ഞാടു മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍ : നീ വരിക എന്നു നാലു ജീവികളില്‍ ഒന്നു ഇടി മുഴക്കം പോലെ പറയുന്നതു ഞാന്‍ കേട്ടു. 2 അപ്പോള്‍ ഞാന്‍ ഒരു വെള്ളകൂതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്‍റെ കയ്യില്‍ ഒരു വില്ലുണ്ടു; അവന്നു ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു. 3 അവന്‍ രണ്ടാം മുദ്ര പൊട്ടിച്ചപ്പോള്‍ : വരിക എന്നു രണ്ടാം ജീവി പറയുന്നതു ഞാന്‍ കേട്ടു. 4 അപ്പോള്‍ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്‍റെ പുറത്തു ഇരിക്കുന്നവന്നു മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍ നിന്നു സമാധാനം എടുത്തുകളയേണ്ടതിന്നു അധികാരം ലഭിച്ചു; ഒരു വലിയ വാളും അവന്നു കിട്ടി. 5 മൂന്നാം മുദ്രപൊട്ടിച്ചപ്പോള്‍ : വരിക എന്നു മൂന്നാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്‍ ഒരു തുലാസു കയ്യില്‍ പിടിച്ചിരുന്നു. 6 ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാല്‍ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവില്‍ നിന്നു ഒരു ശബ്ദം ഞാന്‍ കേട്ടു. 7 നാലാം മുദ്ര പൊട്ടിച്ചപ്പോള്‍ : വരിക എന്നു നാലാം ജീവി പറയുന്നതു ഞാന്‍ കേട്ടു. 8 അപ്പോള്‍ ഞാന്‍ മഞ്ഞനിറമുള്ളോരു കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്നു മരണം എന്നു പേര്‍ ; പാതാളം അവനെ പിന്തുടര്‍ന്നു; അവര്‍ക്കും വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാന്‍ ഭൂമിയുടെ കാലംശത്തിന്മേല്‍ അധികാരം ലഭിച്ചു. 9 അവന്‍ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്‍ : ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്‍ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിങ്കീഴില്‍ കണ്ടു; 10 വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്നു അവര്‍ ഉറക്കെ നിലവിളിച്ചു. 11 അപ്പോള്‍ അവരില്‍ ഓ‍രോരുത്തന്നും വെള്ളനിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലം കൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്നു അവര്‍ക്കും അരുളപ്പാടുണ്ടായി. 12 ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു. 13 അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്‍ക്കുംമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു. 14 പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി. 15 ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധീപന്മാരും ധനവാന്മാരും ബലവാന്മാരും സകലദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും; 16 ഞങ്ങളുടെ മേല്‍ വീഴുവിന്‍ ; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാട്ടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറെപ്പിന്‍ . 17 അവരുടെ മഹാകോപദിവസം വന്നു; ആര്‍ക്കും നില്പാന്‍ കഴിയും എന്നു പറഞ്ഞു.

7:1 അതിന്‍റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നിലക്കുന്നതു ഞാന്‍ കണ്ടു. 2 മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്‍റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോടു: 3 നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. 4 മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍ . 5 യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം; ഗാദ് ഗോത്രത്തില്‍ പന്തീരായിരം; 6 ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം; 7 ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം; 8 സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം; യോസേഫ് ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തിരായിരം പേര്‍ . 9 ഇതിന്‍റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു. 10 രക്ഷ എന്നുള്ളതു സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം എന്നു അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു. 11 സകലദൂതന്മാരും സിംഹാസനത്തിന്‍റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്‍റെ മുമ്പില്‍ കവിണ്ണു വീണു; ആമേന്‍ ; 12 നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു. 13 മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടു: വെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍ ? എവിടെ നിന്നു വന്നു എന്നു ചോദിച്ചു. 14 യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന്നു അവന്‍ എന്നോടു പറഞ്ഞതു: ഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍ ; കുഞ്ഞാടിന്‍റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു. 15 അതുകൊണ്ടു അവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്‍റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കും കൂടാരം ആയിരിക്കും. 16 ഇനി അവര്‍ക്കും വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല്‍ തട്ടുകയുമില്ല. 17 സിംഹാസനത്തിന്‍റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്‍റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളകയും ചെയ്യും.

8:1 അവന്‍ ഏഴാം മുദ്രപൊട്ടിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ഏകദേശം അര മണിക്ക്കുറോളം മൌനത ഉണ്ടായി. 2 അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവര്‍ക്കും ഏഴു കാഹളം ലഭിച്ചു. 3 മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സീംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണ്ണപീഠത്തിന്‍ മേല്‍ സകലവിശുദ്ധന്മാരുടെയും പ്രാര്‍ത്ഥനയോടു ചേര്‍ക്കേണ്ടതിന്നു വളരെ ധൂപവര്‍ഗ്ഗം അവന്നു കൊടുത്തു. 4 ധൂപവര്‍ഗ്ഗത്തിന്‍റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനയോടുകൂടെ ദൂതന്‍റെ കയ്യില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി. 5 ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി. 6 ഏഴു കാഹളമുള്ള ദൂതന്മാര്‍ ഏഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു. 7 ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കല്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്നു വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി. 8 രണ്ടാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ തീ കത്തുന്ന വന്‍ മലപോലെയൊന്നു സമുദ്രത്തിലേക്കു എറിഞ്ഞിട്ടു കടലില്‍ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു. 9 സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്നു ചേതം വന്നു. 10 മൂന്നാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. 11 ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേര്‍ ; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി. 12 നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയില്‍ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി. 13 അനന്തരം ഒരു കഴുകു: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ടു ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.

9:1 അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു; അവന്നു അഗാധകൂപത്തിന്‍റെ താക്കോല്‍ ലഭിച്ചു. 2 അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുകപൊങ്ങി; കൂപത്തിന്‍റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി. 3 പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു. 4 നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി. 5 അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെ തന്നേ. 6 ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ടു ഓ‍ടിപ്പോകും. 7 വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയില്‍ പൊന്‍ കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു. 8 സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്‍റെ പല്ലുപോലെ ആയിരുന്നു. 9 ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്‍റെ ഒച്ച പടെക്കു ഓ‍ടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു. 10 തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിന്നുള്ള ശക്തി വാലില്‍ ആയിരുന്നു. 11 അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍ . 12 കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു. 13 ആറാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദൈവസന്നിധിയിലെ സ്വര്‍ണ്ണ പീഠത്തിന്‍റെ കൊമ്പുകളില്‍നിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു: 14 യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു. 15 ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. 16 കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു. 17 ഞാന്‍ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടതു എങ്ങനെ എന്നാല്‍ അവര്‍ക്കും തീനിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. 18 വായില്‍ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി. 19 കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; 20 ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും, കാണ്മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല. 21 തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.

10:1 ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങുന്നതു ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലുധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍ . 2 അവന്‍റെ കയ്യില്‍ തുറന്നോരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലങ്കാല്‍ സമുദ്രത്തിന്മേലും 3 ഇടങ്കാല്‍ ഭൂമിമേലും വെച്ചു, സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴു ഇടിയും നാദം മുഴക്കി. 4 ഏഴു ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴു ഇടി മുഴക്കിയതു എഴുതാതെ മുദ്രയിട്ടേക്ക എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരുശബ്ദം കേട്ടു. 5 സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലങ്കൈ ആകാശത്തെക്കു ഉയര്‍ത്തി: 6 ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്‍റെ കാലത്തു ദൈവത്തിന്‍റെ മര്‍മ്മം അവന്‍ തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്നു ആകാശവും അതിലുള്ളതും 7 ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു. 8 ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നിലക്കുന്ന ദൂതന്‍റെ കയ്യില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു. 9 ഞാന്‍ ദൂതന്‍റെ അടുക്കല്‍ ചെന്നു ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്‍റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായില്‍ തേന്‍ പോലെ മധുരിക്കും എന്നു പറഞ്ഞു. 10 ഞാന്‍ ദൂതന്‍റെ കയ്യില്‍ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്‍റെ വായില്‍ തേന്‍ പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്‍റെ വയറു കൈച്ചുപോയി. 11 അവന്‍ എന്നോടു: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.

11:1 പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല്‍ എന്‍റെ കയ്യില്‍ കിട്ടി കല്പന ലഭിച്ചതു: നീ എഴുന്നേറ്റു ദൈവത്തിന്‍റെ ആലയത്തെയും യാഗപീഠത്തെയും അതില്‍ നമസ്കരിക്കുന്നവരെയും അളക്കുക. 2 ആലയത്തിന്നു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അതു ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തുരണ്ടു മാസം ചവിട്ടും. 3 അന്നു ഞാന്‍ എന്‍റെ രണ്ടു സാക്ഷികള്‍ക്കും വരം നലകും; അവര്‍ തട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും. 4 അവര്‍ ഭൂമിയുടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ നിലക്കുന്ന രണ്ടു ഒലീവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു. 5 ആരെങ്കിലും അവര്‍ക്കും ദോഷം ചെയ്‍വാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍ നിന്നു തീ പുറപ്പെട്ടു അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവര്‍ക്കും ദോഷം വരുത്തുവാന്‍ ഇച്ഛിക്കുന്നവന്‍ ഇങ്ങനെ മരിക്കേണ്ടിവരും. 6 അവരുടെ പ്രവചനകാലത്തു മഴപെയ്യാതവണ്ണം ആകാശം അടെച്ചുകളവാന്‍ അവര്‍ക്കും അധികാരം ഉണ്ടു. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകലബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ടു. 7 അവര്‍ തങ്ങളുടെ സാക്‍ഷ്യം തികെച്ചശേഷം ആഴത്തില്‍ നിന്നു കയറി വരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും. 8 അവരുടെ കര്‍ത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്‍റെ വീഥിയില്‍ അവരുടെ ശവം കിടക്കും. 9 സകലവംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നരദിവസം കാണും; അവരുടെ ശവം കല്ലറയില്‍ വെപ്പാന്‍ സമ്മതിക്കയില്ല. 10 ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ചു ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയക്കയും ചെയ്യും. 11 മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്‍നിന്നു ജീവശ്വാസം അവരില്‍ വന്നു അവര്‍ കാല്‍ ഊന്നിനിന്നു — അവരെ കണ്ടവര്‍ ഭയപരവശരായിത്തീര്‍ന്നു — 12 ഇവിടെ കയറിവരുവിന്‍ എന്നു സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവര്‍ മേഘത്തില്‍ സ്വര്‍ഗ്ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു. 13 ആ നാഴികയില്‍ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തില്‍ പത്തിലൊന്നു ഇടിഞ്ഞുവീണു; ഭൂകമ്പത്തില്‍ ഏഴായിരം പേര്‍ മരിച്ചുപോയി; ശേഷിച്ചവര്‍ ഭയപരവശരായി സ്വര്‍ഗ്ഗത്തിലെ ദൈവത്തിന്നു മഹത്വം കൊടുത്തു. 14 രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു. 15 ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍ : ലോകരാജത്വം നമ്മുടെ കര്‍ത്താവിന്നും അവന്‍റെ ക്രിസ്തുവിന്നും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്നു സ്വര്‍ഗ്ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി. 16 ദൈവസന്നിധിയില്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തുനാലു മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞതു. 17 സര്‍വ്വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു. 18 ജാതികള്‍ കോപിച്ചു: നിന്‍റെ കോപവും വന്നു: മരിച്ചവരെ ന്യായം വിധിപ്പാനും നിന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും ചെറിയവരും വലിയവരുമായി നിന്‍റെ ഭക്തന്മാര്‍ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു. 19 അപ്പോള്‍ സ്വര്‍ഗ്ഗത്തിലെ ദൈവാലയം തുറന്നു, അവന്‍റെ നിയമപ്പെട്ടകം അവന്‍റെ ആലയത്തില്‍ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.

12:1 സ്വര്‍ഗ്ഗത്തില്‍ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാല്‍ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു. 2 അവള്‍ ഗര്‍ഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു. 3 സ്വര്‍ഗ്ഗത്തില്‍ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയില്‍ ഏഴു രാജമുടിയുമായി തീനിറമുള്ളോരു മഹാസര്‍പ്പം. 4 അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു. 5 അവള്‍ സകലജാതികളെയും ഇരിമ്പുകോല്‍ കൊണ്ടു മേയ്പാനുള്ളോരു ആണ്‍കുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്‍റെ അടുക്കലേക്കും അവന്‍റെ സിംഹാസനത്തിലേക്കും പെട്ടെന്നു എടുക്കപ്പെട്ടു. 6 സ്ത്രീ മരുഭൂമിയിലേക്കു ഓ‍ടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിന്നു ദൈവം ഒരുക്കിയോരു സ്ഥലം അവള്‍ക്കുണ്ടു. 7 പിന്നെ സ്വര്‍ഗ്ഗത്തില്‍ യുദ്ധം ഉണ്ടായി; മീഖായേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി; തന്‍റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി ജയിച്ചില്ലതാനും. 8 സ്വര്‍ഗ്ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. 9 ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്‍റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. 10 അപ്പോള്‍ ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞുകേട്ടതു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവ സന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ. 11 അവര്‍ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടു ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല. 12 ആകയാല്‍ സ്വര്‍ഗ്ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍ ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു. 13 തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസര്‍പ്പം കണ്ടിട്ടു ആണ്‍കുട്ടിയെ പ്രസവിച്ചസ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി. 14 അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്‍റെ സ്ഥലത്തെക്കു പറന്നുപോകേണ്ടതിന്നു വലിയ കഴുകിന്‍റെ രണ്ടു ചിറകുലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോടു അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു. 15 സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു അവളുടെ പിന്നാലെ തന്‍റെ വായില്‍ നിന്നു നദിപോലെ വെള്ളം ചാടിച്ചു. 16 എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു. 17 മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്‍ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു; അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു.

13:1 അപ്പോള്‍ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും തലയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു. 2 ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്‍റെ കാല്‍ കരടിയുടെ കാല്‍പോലെയും വായ് സിംഹത്തിന്‍റെ വായ് പോലെയും ആയിരുന്നു. അതിന്നു മഹാസര്‍പ്പം തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. 3 അതിന്‍റെ തലകളില്‍ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാന്‍ കണ്ടു; അതിന്‍റെ മരണകരമായ മുറിവു പൊറുത്തുപോയി; സര്‍വ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. 4 മൃഗത്തിന്നു അധികാരം കൊടുത്തതു കൊണ്ടു അവര്‍ മഹാസര്‍പ്പത്തെ നമസ്ക്കുരിച്ചു: മൃഗത്തോടു തുല്യന്‍ ആര്‍ ? അതിനോടു പൊരുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. 5 വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു. 6 അതു ദൈവത്തിന്‍റെ നാമത്തെയും അവന്‍റെ കൂടാരത്തെയും സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിന്നായി വായ്തുറന്നു. 7 വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. 8 ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികള്‍ ഒക്കെയും അതിനെ നമസ്കരിക്കും. 9 ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. 10 അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും; ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ടു ആവശ്യം. 11 മറ്റൊരു മൃഗം ഭൂമിയില്‍ നിന്നു കയറുന്നതു ഞാന്‍ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സര്‍പ്പം എന്നപോലെ സംസാരിച്ചു. 12 അതു ഒന്നാമത്തെ മൃഗത്തിന്‍റെ മുമ്പാകെ അതിന്‍റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു. 13 അതു മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങള്‍ പ്രവൃത്തിക്കയും 14 മൃഗത്തിന്‍റെ മുമ്പില്‍ പ്രവൃത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു. 15 മൃഗത്തിന്‍റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്‍റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്‍റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാന്‍ അതിന്നു ബലം ലഭിച്ചു. 16 അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടു മാറും 17 മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വിലക്കുകയോ ചെയ്‍വാന്‍ വഹിയാതെയും ആക്കുന്നു. 18 ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്‍റെ സംഖ്യയത്രെ. അതിന്‍റെ സംഖ്യ അറുനൂറ്ററുപത്താറു.

14:1 പിന്നെ ഞാന്‍ സീയോന്‍ മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്‍റെ നാമവും പിതാവിന്‍റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നിലക്കുന്നതു കണ്ടു. 2 പെരുവെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും വലിയോരു ഇടിമുഴക്കംപോലെയും സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു. 3 അവര്‍ സിംഹാസനത്തിന്നും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടുപാടി; ഭൂമിയില്‍ നിന്നു വിലെക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല. 4 അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍ . കുഞ്ഞാടുപോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിന്നും കുഞ്ഞാടിന്നും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു. 5 ഭോഷകു അവരുടെ വായില്‍ ഉണ്ടായിരുന്നില്ല; അവര്‍ കളങ്കമില്ലാത്തവര്‍ തന്നേ. 6 വേറൊരു ദൂതന്‍ ആകാശമദ്ധ്യേ പറക്കുന്നതു ഞാന്‍ കണ്ടു; ഭൂവാസികളായ സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു അറിയിപ്പാന്‍ അവന്‍റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു. 7 ദൈവത്തെ ഭയപ്പെട്ടു അവന്നു മഹത്വം കൊടുപ്പിന്‍ ; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിന്‍ എന്നു അവന്‍ അത്യുച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. 8 രണ്ടാമതു വേറൊരു ദൂതന്‍ പിന്‍ ചെന്നു: വീണുപോയി; തന്‍റെ ദുര്‍ന്നടപ്പിന്‍റെ ക്രോധമദ്യം സകലജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു. 9 മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്നു അത്യുച്ചത്തില്‍ പറഞ്ഞതു: മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏലക്കുന്നവന്‍ 10 ദൈവകോപത്തിന്‍റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിന്നു മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും. 11 അവരുടെ ദണ്ഡനത്തിന്‍റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിക്കുന്നവര്‍ക്കും അതിന്‍റെ പേരിന്‍റെ മുദ്ര ഏലക്കുന്ന ഏവന്നും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല. 12 ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ടു ഇവിടെ ആവശ്യം. 13 ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ശബ്ദംകേട്ടു; അതു പറഞ്ഞതു: എഴുതുക: ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍ ; അതേ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍ നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്നു ആത്മാവു പറയുന്നു. 14 പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രന്നു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍ കിരീടവും കയ്യില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു. 15 മറ്റൊരു ദൂതന്‍ ദൈവാലത്തില്‍ നിന്നു പുറപ്പെട്ടു, മേഘത്തിന്മേല്‍ ഇരിക്കുന്നവനോടു: കൊയ്ത്തിന്നു സമയം വന്നതുകൊണ്ടു നിന്‍റെ അരിവാള്‍ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 16 മേഘത്തിന്മേല്‍ ഇരിക്കുന്നവന്‍ അരിവാള്‍ ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയില്‍ കൊയ്ത്തു നടന്നു. 17 മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തിലെ ആയലത്തില്‍നിന്നു പുറപ്പെട്ടു; അവന്‍ മൂര്‍ച്ചയുള്ളോരു കോങ്കത്തി പിടിച്ചിരുന്നു. 18 തീയുടെമേല്‍ അധികാരമുള്ള വേറൊരു ദൂതന്‍ യാഗപീഠത്തിങ്കല്‍ നിന്നു പുറപ്പെട്ടു, മൂര്‍ച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോടു: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാല്‍ നിന്‍റെ മൂര്‍ച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. 19 ദൂതന്‍ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്‍റെ വലിയ ചക്കില്‍ ഇട്ടു. 20 ചക്കു നഗരത്തിന്നു പുറത്തുവെച്ചു മെതിച്ചു; ചക്കില്‍നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളംപൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.

15:1 ഞാന്‍ വലുതും അത്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗ്ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെ തന്നേ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു. 2 തീ കലര്‍ന്ന പളുങ്കുകടല്‍ പോലെ ഒന്നു മൃഗത്തോടും അതിന്‍റെ പ്രതിമയോടും പേരിന്‍റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്‍റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിന്നരികെ നിലക്കുന്നതും ഞാന്‍ കണ്ടു. 3 അവര്‍ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്‍റെ പാട്ടും പാടി ചൊല്ലിയതു: സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ; സര്‍വ്വജാതികളുടെയും രാജാവേ, നിന്‍റെ വഴികള്‍ നീതിയും സത്യവുമുള്ളവ: 4 കര്‍ത്താവേ, ആര്‍ നിന്‍റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍ ; നിന്‍റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും. 5 ഇതിന്‍റെ ശേഷം സ്വര്‍ഗ്ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന്‍ കണ്ടു. 6 ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചു മാറത്തു പൊന്‍ കച്ച കെട്ടിയും കൊണ്ടു ദൈവാലയത്തില്‍ നിന്നു പുറപ്പെട്ടുവന്നു. 7 അപ്പോള്‍ നാലു ജീവികളില്‍ ഒന്നു എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍ കലശം ആ ഏഴു ദൂതന്മാര്‍ക്കും കൊടുത്തു. 8 ദൈവത്തിന്‍റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

16:1 നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു. 2 ഒന്നാമത്തവന്‍ പോയി തന്‍റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി. 3 രണ്ടാമത്തവന്‍ തന്‍റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്‍റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി. 4 മൂന്നാമത്തെ ദൂതന്‍ തന്‍റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു. 5 അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു. 6 വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ. 7 അവ്വണം യാഗപീഠവും: അതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു. 8 നാലാമത്തവന്‍ തന്‍റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പൊള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു. 9 മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല. 10 അഞ്ചാമത്തവന്‍ തന്‍റെ കലശം മൃഗത്തിന്‍റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്‍റെ രാജ്യം ഇരുണ്ടുപോയി. 11 അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല. 12 ആറാമത്തവന്‍ തന്‍റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി. 13 മഹാസര്‍പ്പത്തിന്‍റെ വായില്‍ നിന്നും മൃഗത്തിന്‍റെ വായില്‍ നിന്നും കള്ളപ്രവാചകന്‍റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു. 14 ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ. — 15 ഞാന്‍ കള്ളനെപ്പോലെ വരും; തന്‍റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്‍റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ . — 16 അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു. 17 ഏഴാമത്തവന്‍ തന്‍റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു. 18 മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല. 19 മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്‍റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഓ‍ര്‍ത്തു. 20 സകലദ്വീപും ഓ‍ടിപ്പോയി; മലകള്‍ കാണ്മാനില്ലാതെയായി. 21 താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യന്‍ ആ ബാധനിമിത്തം ദൈവത്തെ ദുഷിച്ചു.

17:1 പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്‍റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ 2 ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. 3 അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു. 4 ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്‍റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു. 5 മര്‍മ്മം: മഹതിയാം ബാബിലോന്‍ ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു. 6 വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു. 7 ദൂതന്‍ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്‍റെയും മര്‍മ്മം ഞാന്‍ പറഞ്ഞുതരാം. 8 നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ടു അതിശയിക്കും. 9 ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു. 10 അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു. 11 ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ; അവന്‍ നാശത്തിലേക്കു പോകുന്നു. 12 നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍ ; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും. 13 ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍ ; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു. 14 അവര്‍ കുഞ്ഞാടിനോടു പോരാടും; താന്‍ കര്‍ത്താധികര്‍ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും. 15 പിന്നെ അവന്‍ എന്നോടു പറഞ്ഞതു: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ. 16 നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും. 17 ദൈവത്തിന്‍റെ വചനം നിവൃത്തിയാകുവോളം തന്‍റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു. 18 നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.

18:1 അനന്തരം ഞാന്‍ വലിയ അധികാരമുള്ള മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങുന്നതു കണ്ടു; അവന്‍റെ തേജസ്സിനാല്‍ ഭൂമി പ്രകാശിച്ചു. 2 അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോന്‍ വീണുപോയി; ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറെപ്പുമുള്ള സകലപക്ഷികളുടെയും തടവുമായിത്തിര്‍ന്നു. 3 അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകലജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളെപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു. 4 വേറോരു ശബ്ദം സ്വര്‍ഗ്ഗത്തില്‍ നിന്നു പറയുന്നതായി ഞാന്‍ കേട്ടതു. എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓ‍ഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടു പോരുവിന്‍ . 5 അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓ‍ര്‍ത്തിട്ടുമുണ്ടു. 6 അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്കു പകരം ചെയ്‍വിന്‍ ; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്കു ഇരട്ടിച്ചു കൊടുപ്പിന്‍ ; അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്കു ഇരട്ടി കലക്കിക്കൊടുപ്പിന്‍ ; 7 അവള്‍ തന്നെത്താല്‍ മഹത്വപ്പെടുത്തി പുളെച്ചേടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുപ്പിന്‍ . രാജ്ഞിയായിട്ടു ഞാന്‍ ഇരിക്കുന്നു; ഞാന്‍ വിധവയല്ല; ദുഃഖം കാണ്‍കയുമില്ല എന്നു അവള്‍ ഹൃദയംകൊണ്ടു പറയുന്നു. 8 അതുനിമിത്തം മരണം ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍ തന്നേ വരും; അവളെ തീയില്‍ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്‍ത്താവു ശക്തനല്ലോ. 9 അവളോടു കൂടെ വേശ്യാസംഗം ചെയ്തു പുളെച്ചിരിക്കുന്ന ഭൂരാജാക്കന്മാര്‍ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ടു അവളുടെ ദഹനത്തിന്‍റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു: 10 അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്ക്കുറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും 11 ഭൂമിയിലെ വ്യാപാരികള്‍ പൊന്നു, വെള്ളി, രത്നം, മുത്തു, നേരിയ തുണി, ധൂമ്ര വസ്ത്രം, പട്ടു, കടുഞ്ചുവപ്പു, ചന്ദനത്തരങ്ങള്‍, 12 ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്‍ , വിലയേറിയ മരവും പിച്ചളയും ഇരിമ്പും മര്‍മ്മരക്കല്ലുംകൊണ്ടുള്ള ഓ‍രോ സാമാനം, 13 ലവംഗം, ഏലം, ധൂപവര്‍ഗ്ഗം, മൂറു, കുന്തുരുക്കം, വീഞ്ഞു, എണ്ണ, നേരിയ മാവു, കോതമ്പു, കന്നുകാലി, ആടു, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന്‍ എന്നീ ചരക്കു ഇനി ആരും വാങ്ങായ്കയാല്‍ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു. 14 നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്കു ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല. 15 ഈ വകകൊണ്ടു വ്യാപാരം ചെയ്തു അവളാല്‍ സമ്പന്നരായവര്‍ അവള്‍ക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തുനിന്നു: 16 അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ, ഇത്രവലിയ സമ്പത്തു ഒരു മണിക്ക്കുറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. 17 ഏതു മാലുമിയും ഓ‍രോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്‍ക്കാരും കടലില്‍ തൊഴില്‍ ചെയ്യുന്നവരൊക്കയും 18 ദൂരത്തുനിന്നു അവളുടെ ദഹനത്തിന്‍റെ പുക കണ്ടു: മഹാനഗരത്തോടു തുല്യമായ നഗരം ഏതു എന്നു നിലവിളിച്ചുപറഞ്ഞു. 19 അവര്‍ തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടു: അയ്യോ, അയ്യോ, കടലില്‍ കപ്പലുള്ളവര്‍ക്കും എല്ലാം തന്‍റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്ക്കുറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു. 20 സ്വര്‍ഗ്ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോടു നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ടു അവളെച്ചൊല്ലി ആനന്ദിപ്പിന്‍ . 21 പിന്നെ ശക്തനായോരു ദൂതന്‍ തിരികല്ലോളം വലുതായോരു കല്ലു എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞതു: ഇങ്ങിനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല. 22 വൈണികന്മാര്‍ , വാദ്യക്കാര്‍ , കുഴലൂത്തുകാര്‍ , കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല; യാതൊരു കൌശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല; തിരിക്കല്ലിന്‍റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല. 23 വിളക്കിന്‍റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല; മണവാളന്‍റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല; നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു; നിന്‍റെ ക്ഷുദ്രത്താല്‍ സകലജാതികളും വശീകരിക്കപ്പെട്ടിരുന്നു. 24 പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയില്‍വെച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളില്‍ അല്ലോ കണ്ടതു.

19:1 അനന്തരം ഞാന്‍ സ്വര്‍ഗ്ഗത്തില്‍ വലിയോരു പുരുഷാരത്തിന്‍റെ മഹാഘോഷം പോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. 2 വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യകൂ അവന്‍ ശിക്ഷ വിധിച്ചു തന്‍റെ ദാസന്മാരുടെ രക്തം അവളുടെ കയ്യില്‍നിന്നു ചോദിച്ചു പ്രതികാരം ചെയ്ക കൊണ്ടു അവന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ. 3 അവര്‍ പിന്നെയും: ഹല്ലെലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു. 4 ഇരുപത്തുനാലു മൂപ്പന്മാരും നാലു ജീവികളും: ആമേന്‍ , ഹല്ലെലൂയ്യാ! എന്നു പറഞ്ഞു സിംഹാസനത്തില്‍ ഇരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു. 5 നമ്മുടെ ദൈവത്തിന്‍റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിന്‍ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തില്‍ നിന്നു പുറപ്പെട്ടു. 6 അപ്പോള്‍ വലിയ പുരുഷാരത്തിന്‍റെ ഘോഷംപോലെയും പെരു വെള്ളത്തിന്‍റെ ഇരെച്ചല്‍പോലെയും തകര്‍ത്ത ഇടിമുഴക്കംപോലെയും ഞാന്‍ കേട്ടതു; ഹല്ലെലൂയ്യാ! സര്‍വ്വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവു രാജത്വം ഏറ്റിരിക്കുന്നു. 7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ; അവന്‍റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു. 8 അവള്‍ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാന്‍ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍ തന്നേ. 9 പിന്നെ അവന്‍ എന്നോടു: കുഞ്ഞാടിന്‍റെ കല്യാണസദ്യെക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ എന്നു എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്‍റെ സത്യവചനം എന്നും എന്നോടു പറഞ്ഞു. 10 ഞാന്‍ അവനെ നമസ്കരിക്കേണ്ടതിന്നു അവന്‍റെ കാല്‍ക്കല്‍ വീണു; അപ്പോള്‍ അവന്‍ എന്നോടു: അതരുതു: ഞാന്‍ നിനക്കും യേശുവിന്‍റെ സാക്‍ഷ്യം ഉള്ള നിന്‍റെ സഹോദരന്മാര്‍ക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്‍റെ സാക്ഷ്യമോ പ്രവചനത്തിന്‍റെ ആത്മാവു തന്നേ എന്നു പറഞ്ഞു. 11 അനന്തരം സ്വര്‍ഗ്ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേല്‍ ഇരിക്കുന്നവന്നു വിശ്വസ്തനും സത്യവാനും എന്നും പേര്‍ . അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു. 12 അവന്‍റെ കണ്ണു അഗ്നിജ്വാല, തലയില്‍ അനേകം രാജമുടികള്‍ ; എഴുതീട്ടുള്ള ഒരു നാമവും അവന്നുണ്ടു; അതു അവന്നല്ലാതെ ആര്‍ക്കും അറിഞ്ഞുകൂടാ. 13 അവന്‍ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവന്നു ദൈവവചനം എന്നു പേര്‍ പറയുന്നു. 14 സ്വര്‍ഗ്ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വിശേഷ വസ്ത്രം ധരിച്ചു വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു. 15 ജാതികളെ വെട്ടുവാന്‍ അവന്‍റെ വായില്‍ നിന്നു മൂര്‍ച്ചയുള്ളവാള്‍ പുറപ്പെടുന്നു; അവന്‍ ഇരിമ്പുകോല്‍ കൊണ്ടു അവരെ മേയക്കും; സര്‍വ്വശക്തിയുള്ള ദൈവത്തിന്‍റെ കോപവും ക്രോധവുമായ മദ്യത്തിന്‍റെ ചക്കു അവന്‍ മെതിക്കുന്നു. 16 രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്‍റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു. 17 ഒരു ദൂതന്‍ സൂര്യനില്‍ നിലക്കുന്നതു ഞാന്‍ കണ്ടു; അവന്‍ ആകാശമദ്ധ്യേ പറക്കുന്ന സകല പക്ഷികളോടും: 18 രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ മഹാദൈവത്തിന്‍റെ അത്താഴത്തിന്നു വന്നു കൂടുവിന്‍ എന്നു ഉറക്കെ വിളിച്ചുപറഞ്ഞു. 19 കുതിരപ്പുറത്തിരിക്കുന്നവനോടും അവന്‍റെ സൈന്യത്തോടും യുദ്ധം ചെയ്‍വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നു കൂടിയതു ഞാന്‍ കണ്ടു. 20 മൃഗത്തെയും അതിന്‍റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്‍റെ മുദ്ര ഏല്പിക്കയും അതിന്‍റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു. 21 ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്‍റെ വായില്‍ നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.

20:1 അനന്തരം ഒരു ദൂതന്‍ അഗാധത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യില്‍ പിടിച്ചുകൊണ്ടു സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങുന്നതു ഞാന്‍ കണ്ടു. 2 അവന്‍ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. 3 ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു. 4 ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്കും ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്‍റെ സാക്‍ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്‍റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു. 5 മരിച്ചവരില്‍ ശേഷമുള്ളവര്‍ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല. 6 ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേല്‍ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവര്‍ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും. 7 ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍ നിന്നു അഴിച്ചുവിടും. 8 അവന്‍ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്പുറത്തെ മണല്‍പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേര്‍ക്കേണ്ടതിന്നു വശീകരിപ്പാന്‍ പുറപ്പെടും. 9 അവര്‍ ഭൂമിയില്‍ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാല്‍ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും. 10 അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടിവരും. 11 ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു; അവന്‍റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓ‍ടിപ്പോയി; അവയെ പിന്നെ കണ്ടില്ല. 12 മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നിലക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന്നു ഒത്തവണ്ണം മരിച്ചവര്‍ക്കും അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധി ഉണ്ടായി. 13 സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓ‍രോരുത്തന്നു അവനവന്‍റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി. 14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം. 15 ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും.

21:1 ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. 2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭര്‍ത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗ്ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നേ, ഇറങ്ങുന്നതും ഞാന്‍ കണ്ടു. 3 സിംഹാസനത്തില്‍നിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്‍റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്‍റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. 4 അവന്‍ അവരുടെ കണ്ണില്‍ നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളയും. 5 ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ : ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവന്‍ കല്പിച്ചു. 6 പിന്നെയും അവന്‍ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീര്‍ന്നു; ഞാന്‍ അല്ഫയും ഓ‍മേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാന്‍ ജിവനീരുറവില്‍ നിന്നു സൌജന്യമായി കൊടുക്കും. 7 ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാന്‍ അവന്നു ദൈവവും അവന്‍ എനിക്കു മകനുമായിരിക്കും. 8 എന്നാല്‍ ഭീരുക്കള്‍ , അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍ , ദുര്‍ന്നടപ്പുകാര്‍ , ക്ഷുദ്രക്കാര്‍ , ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഓ‍ഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ: അതു രണ്ടാമത്തെ മരണം. 9 അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരില്‍ ഒരുത്തന്‍ വന്നു എന്നോടു: വരിക, കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു. 10 അവന്‍ എന്നെ ആത്മവിവശതയില്‍ ഉയര്‍ന്നോരു വന്മലയില്‍ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വര്‍ഗ്ഗത്തില്‍നിന്നു, ദൈവസന്നിധിയില്‍നിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു. 11 അതിന്‍റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു. 12 അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില്‍ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര്‍ കൊത്തീട്ടും ഉണ്ടു. 13 കിഴക്കു മൂന്നു ഗോപുരം, വടക്കുമൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം. 14 നഗരത്തിന്‍റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു. 15 എന്നോടു സംസാരിച്ചവന്നു നഗരത്തെയും അതിന്‍റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോല്‍ ഉണ്ടായിരുന്നു. 16 നഗരം സമചതുരമായി കിടക്കുന്നു; അതിന്‍റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ടു അവന്‍ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നേ. 17 അതിന്‍റെ മതില്‍ അളന്നു; മനുഷ്യന്‍റെ അളവിന്നു എന്നുവെച്ചാല്‍ ദൂതന്‍റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. 18 മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. 19 നഗരമതിലിന്‍റെ അടിസ്ഥാനങ്ങള്‍ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, 20 അഞ്ചാമത്തേതു നഖവര്‍ണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധീ രത്നം. 21 പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓ‍രോ ഗോപുരം ഓ‍രോ മുത്തുകൊണ്ടുള്ളതും നഗരത്തിന്‍റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു. 22 മന്ദിരം അതില്‍ കണ്ടില്ല; സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവും കുഞ്ഞാടും അതിന്‍റെ മന്ദിരം ആകുന്നു. 23 നഗരത്തില്‍ പ്രകാശിപ്പാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്‍റെ വിളക്കു ആകുന്നു. 24 ജാതികള്‍ അതിന്‍റെ വെളിച്ചത്തില്‍ നടക്കും; ഭൂമിയുടെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. 25 അതിന്‍റെ ഗോപുരങ്ങള്‍ പകല്‍ക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. 26 ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. 27 കുഞ്ഞാടിന്‍റെ ജീവ പുസ്തകത്തില്‍എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ളേച്ഛതയും ഭോഷകും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കയില്ല.

22:1 വീഥിയുടെ നടുവില്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു. 2 നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. 3 യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഇരിക്കും; അവന്‍റെ ദാസന്മാര്‍ അവനെ ആരാധിക്കും. 4 അവര്‍ അവന്‍റെ മുഖംകാണും; അവന്‍റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും. 5 ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവു അവരുടെ മേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ വെളിച്ചമോ അവര്‍ക്കും ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. 6 പിന്നെ അവന്‍ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടുന്നതു തന്‍റെ ദാസന്മാര്‍ക്കും കാണിച്ചുകൊടുപ്പാന്‍ തന്‍റെ ദൂതനെ അയച്ചു 7 ഇതാ, ഞാന്‍ വേഗത്തില്‍ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു. 8 ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നേ. കേള്‍ക്കയും കാണ്‍കയും ചെയ്തശേഷം അതു എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു. 9 എന്നാല്‍ അവന്‍ എന്നോടു: അതരുതു: ഞാന്‍ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു. 10 അവന്‍ പിന്നെയും എന്നോടു പറഞ്ഞതു: സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുതു. 11 അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.


Free counters!   Site Meter(April28th2012)