Home Churches About
 
    സംഖ്യാപുസ്തകം (Numbers)

സംഖ്യാപുസ്തകം 1

1 അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തിയ്യതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനക്കുടാരത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2 നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം. 3 നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം. 4 ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം. 5 നിങ്ങളോടുകൂടെ നിൽക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതു: രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ; 6 ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ; 7 യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ; 8 യിസ്സാഖാർ ഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ; 9 സെബൂലൂൻ ഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്; 10 യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ; 11 ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ; 12 ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ; 13 ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ; 14 ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്; 15 നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര. 16 ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു. 17 കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി. 18 രണ്ടാം മാസം ഒന്നാം തിയ്യതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മോലോട്ടു പേരു പേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു. 19 യഹോവ മോശെയോടു കല്പിച്ചതു പോലെ അവൻ സീനായിമരുഭൂമിയിൽവെച്ചു അവരുടെ എണ്ണമെടുത്തു. 20 യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു, യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും 21 പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ. 22 ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും 23 പേരുപേരായി ശിമെയോൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ. 24 ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 25 ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ. 26 യെഹൂദയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 27 യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവർ എഴുപത്തുനാലായിരത്തറുനൂറു പേർ. 28 യിസ്സാഖാരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 29 യിസ്സാഖാർഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുനാലായിരത്തി നാനൂറു പേർ. 30 സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും 31 പേരു പേരായി സെബൂലൂൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറു പേർ. 32 യോസേഫിന്റെ മക്കളിൽ എഫ്രയീമിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും 33 പേരുപേരായി എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പതിനായിരത്തഞ്ഞൂറു പേർ. 34 മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 35 മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറു പേർ. 36 ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 37 ബെന്യാമീൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറു പേർ. 38 ദാന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 39 ദാൻഗോത്രത്തിൽ എണ്ണപ്പെട്ടവർ അറുപത്തീരായിരത്തെഴുനൂറു പേർ. 40 ആശേരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 41 ആശേർഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തഞ്ഞൂറു പേർ. 42 നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി 43 നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ. 44 മോശെയും അഹരോനും ഗോത്രത്തിന്നു ഒരുവൻ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരും കൂടി എണ്ണമെടുത്തവർ ഇവർ തന്നേ. 45 യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി 46 എണ്ണപ്പെട്ടവർ ആകെ ആറു ലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേർ ആയിരുന്നു. 47 ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല. 48 ലേവിഗോത്രത്തെ മാത്രം എണ്ണരുതു; 49 യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുതു എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു. 50 ലേവ്യരെ സാക്ഷ്യനിവാസത്തിന്നും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കേണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവർ അതിന്നു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാർക്കയും വേണം. 51 തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അതു അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അതു നിവിർത്തേണം; ഒരന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം. 52 യിസ്രായേൽമക്കൾ ഗണംഗണമായി ഓരോരുത്തൻ താന്താന്റെ പാളയത്തിലും ഓരോരുത്തൻ താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം. 53 എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന്നു ലേവ്യർ സാക്ഷ്യനിവാസത്തിന്നു ചുറ്റം പാളയമിറങ്ങേണം; ലേവ്യർ സാക്ഷ്യ നിവാസത്തിന്റെ കാര്യം നോക്കേണം 54 എന്നു യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കൾ ചെയ്തു; അതു പോലെ തന്നെ അവർ ചെയ്തു.

സംഖ്യാപുസ്തകം 2

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 2 യിസ്രായേൽ മക്കളിൽ ഓരോരുത്തൻ താന്താന്റെ ഗോത്രത്തിന്റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനക്കുടാരത്തിന്നെതിരായി ചുറ്റും അവർ പാളയമിറങ്ങേണം. 3 യെഹൂദാപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി കിഴക്കു സൂര്യോദയത്തിന്നു നേരെ പാളയമിറങ്ങേണം; യെഹൂദയുടെ മക്കൾക്കു അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കേണം. 4 അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ. 5 അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്റെ മക്കൾക്കു സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കേണം. 6 അവന്റെ ഗണം ആകെ അമ്പത്തുനാലായിരത്തി നാനൂറു പേർ. 7 പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്കു ഹേലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കേണം. 8 അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറു പേർ. 9 യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ലക്ഷത്തെൺപത്താറായിരത്തി നാനൂറു പേർ. ഇവർ ആദ്യം പുറപ്പെടേണം. 10 രൂബേൻ പാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്റെ മക്കൾക്കു ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കേണം. 11 അവന്റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേർ. 12 അവന്റെ അരികെ ശിമെയോൻ ഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം. 13 അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ. 14 പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. 15 അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ. 16 രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം. 17 പിന്നെ സമാഗമനക്കുടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്രചെയ്യേണം; അവർ പാളയമിറങ്ങുന്നതു പോലെ തന്നേ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം. 18 എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്റെ മക്കൾക്കു അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കേണം. 19 അവന്റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേർ. 20 അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കൾക്കു പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കേണം. 21 അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തിരുനൂറു പേർ. 22 പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്റെ മക്കൾക്കു ഗിദെയോനിയുടെ മകൻ അബീദാൻപ്രഭു ആയിരിക്കേണം. 23 അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറു പേർ. 24 എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേർ. അവർ മൂന്നാമതായി പുറപ്പെടേണം. 25 ദാൻപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി വടക്കെഭാഗത്തു പാളയമിറങ്ങേണം; ദാന്റെ മക്കൾക്കു അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കേണം. 26 അവന്റെ ഗണം ആകെ അറുപത്തീരായിരത്തെഴുനൂറു പേർ. 27 അവന്റെ അരികെ ആശേർഗോത്രം പാളയമിറങ്ങേണം; ആശേരിന്റെ മക്കൾക്കു ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കേണം. 28 അവന്റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേർ. 29 പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം. 30 അവന്റെ ഗണം ആകെ അമ്പത്തുമൂവായിരത്തി നാനൂറു പേർ. 31 ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തറുനൂറു പേർ. അവർ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം. 32 യിസ്രായേൽമക്കളിൽ ഗോത്രം ഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നേ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞുറ്റമ്പതു പേർ ആയിരുന്നു. 33 എന്നാൽ യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല. 34 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു; അങ്ങനെ തന്നേ അവർ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെ തന്നേ അവർ കുടുംബംകുടുംബമായും കുലം കുലമായും പുറപ്പെട്ടു.

സംഖ്യാപുസ്തകം 3

1 യഹോവ സീനായി പർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു: 2 അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ആദ്യജാതൻ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ. 3 പുരോഹിതശുശ്രൂഷചെയ്‍വാൻ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവ തന്നേ. 4 എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ചു യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോൾ യഹോവയുടെ സന്നിധിയിൽവെച്ചു മരിച്ചുപോയി; അവർക്കു മക്കൾ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്റെ മുമ്പാകെ പുരോഹിത ശുശ്രൂഷ ചെയ്തുപോന്നു. 5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 6 നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോന്നു ശുശ്രൂഷ ചെയ്യേണ്ടതിന്നു അവന്റെ മുമ്പാകെ നിർത്തുക. 7 അവർ സമാഗമനക്കുടാരത്തിന്റെ മുമ്പിൽ അവന്റെ കാര്യവും സർവ്വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം. 8 അവർ സമാഗമനക്കുടാരത്തിന്നുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം. 9 നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു. 10 അഹരോനെയും പുത്രന്മാരെയും പൌരോഹിത്യം നടത്തുവാൻ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യൻ മരണശിക്ഷ അനുഭവിക്കേണം. 11 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 12 യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാ കടിഞ്ഞൂലിന്നും പകരം ഞാൻ ലേവ്യരെ യിസ്രായേൽമക്കളിൽനിന്നു എടുത്തിരിക്കുന്നു; ലേവ്യർ എനിക്കുള്ളവരായിരിക്കേണം. 13 കടിഞ്ഞൂലെല്ലാം എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തു കടിഞ്ഞൂലിനെ ഒക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അതു എനിക്കുള്ളതായിരിക്കേണം; ഞാൻ യഹോവ ആകുന്നു. 14 യഹോവ പിന്നെയും സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു: 15 ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെ ഒക്കെയും നീ എണ്ണേണം. 16 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി. 17 ലേവിയുടെ പുത്രന്മാരുടെ പേരുകൾ: ഗേർശോൻ, കെഹാത്ത്, മെരാരി. 18 കുടുംബംകുടുംബമായി ഗേർശോന്റെ പുത്രന്മാരുടെ പേരുകൾ: 19 ലിബ്നി, ശിമെയി. കുടുംബംകുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ. 20 കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ളി, മൂശി. ഇവർ തന്നേ കുലംകുലമായി ലേവിയുടെ കുടുംബങ്ങൾ. 21 ഗേർശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉത്ഭവിച്ചു; ഇവ ഗേർശോന്യ കുടുംബങ്ങൾ. 22 അവരിൽ ഒരു മാസം മുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറു. 23 ഗേർശോന്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ പുറകിൽ പടിഞ്ഞാറെ ഭാഗത്തു പാളയമിറങ്ങേണം. 24 ഗേർശോന്യരുടെ പിതൃഭവനത്തിന്നു ലായേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം. 25 സമാഗമനക്കുടാരത്തിൽ ഗേർശോന്യർ നോക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്റെ പുറമൂടിയും സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീലയും 26 തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ മറശ്ശീലയും പ്രാകാരവാതിലിന്റെ മറശ്ശീലയും അതിന്റെ എല്ലാവേലെക്കും ഉള്ള കയറുകളും ആകുന്നു. 27 കെഹാത്തിൽനിന്നു അമ്രാമ്യരുടെ കുടുംബവും യിസ്ഹാർയ്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉത്ഭവിച്ചു. 28 ഇവ കെഹാത്യരുടെ കുടുംബങ്ങൾ. ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുന്നവർ എണ്ണായിരത്തറുനൂറു പേർ. 29 കെഹാത്യകുടുംബങ്ങൾ തിരുനിവാസത്തിന്റെ തെക്കെ ഭാഗത്തു പാളയമിറങ്ങേണം. 30 കെഹാത്യ കുടുംബങ്ങളുടെ പിതൃഭവനത്തിന്നു ഉസ്സീയേലിന്റെ മകൻ എലീസാഫാൻ പ്രഭു ആയിരിക്കേണം. 31 അവർ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്കു, പീഠങ്ങൾ, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവെക്കുള്ള വേല ഒക്കെയും ആകുന്നു. 32 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ ലേവ്യർക്കു പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം. 33 മെരാരിയിൽനിന്നു മഹ്ളിയരുടെ കുടുംബവും മൂശ്യരുടെ കുടുംബവും ഉത്ഭവിച്ചു; മെരാർയ്യകുടുംബങ്ങൾ ഇവ തന്നേ. 34 അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവർ ആറായിരത്തിരുനൂറു പേർ. 35 മെരാർയ്യകുടുംബങ്ങളുടെ പിതൃഭവനത്തിന്നു അബീഹയിലിന്റെ മകൻ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവർ തിരുനിവാസത്തിന്റെ വടക്കെ ഭാഗത്തു പാളയമിറങ്ങേണം. 36 മെരാർയ്യർ നോക്കുവാൻ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവട്, അതിന്റെ ഉപകരണങ്ങൾ ഒക്കെയും, അതു സംബന്ധിച്ചുള്ള എല്ലാവേലയും, 37 പ്രാകാരത്തിന്റെ ചുറ്റും ഉള്ള തൂൺ, അവയുടെ ചുവടു, കുറ്റി, കയറു എന്നിവ. 38 എന്നാൽ തിരുനിവാസത്തിന്റെ മുൻ വശത്തു കിഴക്കു, സമാഗമനക്കുടാരത്തിന്റെ മുൻ വശത്തു തന്നേ, സൂര്യോദയത്തിന്നു നേരെ മോശെയും അഹരോനും അവന്റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്റെ കാര്യം നോക്കുകയും വേണം; അന്യൻ അടുത്തുവന്നാൽ മരണ ശിക്ഷ അനുഭവിക്കേണം. 39 മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മോലോട്ടു പ്രായമുള്ള ആണുങ്ങൾ ആകെ ഇരുപത്തീരായിരം പേർ. 40 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെ ഒക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക. 41 യിസ്രായേൽമക്കളിലെ എല്ലാകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ടു എടുക്കേണം; ഞാൻ യഹോവ ആകുന്നു. 42 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാകടിഞ്ഞൂലുകളെയും എണ്ണി. 43 ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തിരുനൂറ്റെഴുപത്തുമൂന്നു ആയിരുന്നു. 44 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 45 യിസ്രായേൽമക്കളിൽ എല്ലാ കടിഞ്ഞൂലുകൾക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങൾക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യർ എനിക്കുള്ളവരായിരിക്കേണം; ഞാൻ യഹോവ ആകുന്നു. 46 യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലക്കു അഞ്ചു ശേക്കെൽ വീതം വാങ്ങേണം; 47 വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം. 48 അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കൾക്കും കൊടുക്കേണം. 49 ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി. 50 യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോടു അവൻ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി. 51 യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കൾക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.

സംഖ്യാപുസ്തകം 4

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 2 ലേവ്യരിൽ വെച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെയുള്ളവരായി സമാഗമനക്കുടാരത്തിൽ 3 വേലചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിൻ. 4 സമാഗമനക്കുടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ: 5 പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ടു സാക്ഷ്യപെട്ടകം മൂടേണം. 6 തഹശൂതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ടു അതിന്നു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം. 7 കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ചു അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിന്നുള്ള കുടങ്ങളും വെക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം. 8 അവയുടെ മേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം. 9 ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിന്നുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിന്നുള്ള എല്ലാ എണ്ണകൂടങ്ങളും മൂടേണം. 10 അതും അതിന്റെ പാത്രങ്ങളൊക്കെയും തഹശൂതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞു ഒരു തണ്ടിന്മേൽ വെച്ചുകെട്ടേണം. 11 സ്വർണ്ണ പീഠത്തിന്മേൽ അവർ ഒരു നീലശ്ശീല വിരിച്ചു തഹശ്ശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം. 12 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷെക്കുള്ള ഉപകരണങ്ങളൊക്കെയും അവർ എടുത്തു ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വെച്ചു കെട്ടുകയും വേണം. 13 അവർ യാഗപീഠത്തിൽനിന്നു വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം. 14 അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കേണം; തഹശൂതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം. 15 പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടി തീർന്നശേഷം കെഹാത്യർ ചുമപ്പാൻ വരേണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമായതൊന്നും തൊടരുതു; സമാഗമനക്കുടാരത്തിൽ കെഹാത്യരുടെ ചുമടു ഇവ തന്നേ. 16 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടതു: വെളിച്ചത്തിന്നുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നേ. 17 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 18 നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുതു. 19 അവർ അതിവിശുദ്ധവസ്തുക്കളോടു അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്‍വിൻ: അഹരോനും പുത്രന്മാരും അകത്തു കടന്നു അവരിൽ ഓരോരുത്തനെ അവനവന്റെ വേലെക്കും അവനവന്റെ ചുമട്ടിന്നും ആക്കേണം. 20 എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന്നു ക്ഷണനേരംപോലും അകത്തു കടക്കരുതു. 21 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 22 ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക. 23 മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം. 24 സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല എന്തെന്നാൽ: 25 തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനക്കുടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ടു അതിന്മേലുള്ള പുറമൂടി, സമാഗമനക്കുടാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, 26 പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിന്നും യാഗപീഠത്തിന്നും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിന്നുള്ള മറശ്ശീല, അവയുടെ കയറു എന്നിവയും അവയുടെ ഉപയോഗത്തിന്നുള്ള ഉപകരണങ്ങൾ ഒക്കെയും അവർ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവർ ചെയ്യേണം. 27 ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാവേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്റെയും പുത്രന്മാരുടെയും കല്പന പ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്പിക്കേണം. 28 സമാഗമനക്കുടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇതു തന്നേ; അവരുടെ സേവ പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴായിരിക്കേണം. 29 മെരാർയ്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം. 30 മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിലെ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം. 31 സമാഗമനക്കുടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറെക്കു അവർ എടുക്കേണ്ടുന്ന ചുമടു എന്തെന്നാൽ: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂൺ, ചുവടു, 32 ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂൺ, ചുവടു, കുറ്റി, കയറു എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നേ; അവർ എടുക്കേണ്ടുന്ന ഉപകരണങ്ങൾ നിങ്ങൾ പേർവിവരമായി അവരെ ഏല്പിക്കേണം. 33 പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ കൈക്കീഴെ സമാഗമനക്കുടാരത്തിൽ മെരാർയ്യരുടെ കുടുംബങ്ങൾക്കുള്ള സകലസേവയുടെയും മുറെക്കു അവർ ചെയ്യേണ്ടുന്ന വേല ഇതു തന്നേ. 34 മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും മെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ 35 സമാഗമനക്കുടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി. 36 അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തെഴുനൂറ്റമ്പതു പേർ. 37 മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമന കൂടാരത്തിൽ വേല ചെയ്‍വാനുള്ളവർ എല്ലാം ഇവർ തന്നേ. 38 ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ 39 മുപ്പതുവയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമന കൂടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്നവരായി 40 കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തറുനൂറ്റി മുപ്പതു പേർ. 41 യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനക്കുടാരത്തിൽ വേല ചെയ്‍വാനുള്ളവർ എല്ലാം ഇവർ തന്നേ. 42 മെരാർയ്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ 43 മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനക്കുടാരത്തിൽ വേല ചെയ്‍വാൻ സേവയിൽ പ്രവേശിക്കുന്നവരായി 44 അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിരുനൂറുപേർ. 45 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാർയ്യ കുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നേ. 46 മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതുവയസ്സുവരെ 47 സമാഗമന കൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാൻ പ്രവേശിച്ചവർ ആകെ 48 എണ്ണായിരത്തഞ്ഞൂറ്റെൺപതു പേർ ആയിരുന്നു. 49 യഹോവയുടെ കല്പനപ്രകാരം അവർ മോശെ മുഖാന്തരം ഓരോരുത്തൻ താന്താന്റെ വേലയ്ക്കും താന്താന്റെ ചുമട്ടിന്നും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ച പോലെ അവൻ അവരെ എണ്ണി.

സംഖ്യാപുസ്തകം 5

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 സകല കുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽ നിന്നു പുറത്താക്കുവാൻ യിസ്രായേൽമക്കളോടു കല്പിക്ക. 3 ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാൻ അവരുടെ മദ്ധ്യേ വസിക്കയാൽ അവർ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു. 4 യിസ്രായേൽമക്കൾ അങ്ങനെ ചെയ്തു അവരെ പാളയത്തിൽ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ ചെയ്തു. 5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 6 നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ ചെയ്ത പാപം 7 അവർ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങൾ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം. 8 എന്നാൽ അകൃത്യത്തിന്നു പ്രതിശാന്തി വാങ്ങുവാൻ അവന്നു ചാർച്ചക്കാരൻ ഇല്ലെങ്കിൽ അകൃത്യത്തിന്നുള്ള പ്രതിശാന്തി യഹോവെക്കു കൊടുക്കുന്നതു പുരോഹിതന്നു ഇരിക്കേണം; അതുകൂടാതെ അവന്നുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അർപ്പിക്കേണം. 9 യിസ്രായേൽമക്കൾ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദർച്ചയായതൊക്കെയും അവന്നു ഇരിക്കേണം. 10 ആരെങ്കിലും ശുദ്ധീകരിച്ചർപ്പിക്കുന്ന വസ്തുക്കൾ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം. 11 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു. 12 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു, 13 ഒരുത്തൻ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭർത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവൾ അശുദ്ധയാകയും അവൾക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും 14 അവൾ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ചു അവൻ ഭാര്യയെ സംശയിക്കയും അവൾ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ 15 ആ പുരുഷൻ ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലേണം; അവൾക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ. 16 പുരോഹിതൻ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിർത്തേണം. 17 പുരോഹിതൻ ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതൻ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തിൽ ഇടേണം. 18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യിൽ വെക്കേണം; പുരോഹിതന്റെ കയ്യിൽ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം. 19 പുരോഹിതൻ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതു: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭർത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ. 20 എന്നാൽ നിനക്കു ഭാർത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭർത്താവല്ലാതെ മറ്റൊരു പുരുഷൻ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ - 21 അപ്പോൾ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടു: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീർപ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കിത്തീർക്കട്ടെ. 22 ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീർപ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീ: ആമെൻ, ആമെൻ എന്നു പറയേണം. 23 പുരോഹിതൻ ഈ ശാപങ്ങൾ ഒരു പുസ്തകത്തിൽ എഴുതി കൈപ്പുവെള്ളത്തിൽ കഴുകി കലക്കേണം. 24 അവൻ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; 25 പുരോഹിതൻ സ്ത്രീയുടെ കയ്യിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അർപ്പിക്കേണം. 26 പിന്നെ പുരോഹിതൻ ഭോജനയാഗത്തിൽ ഒരു പിടി എടുത്തു യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം. 27 അവൾ അശുദ്ധയായി തന്റെ ഭർത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീർക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും. 28 എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിർമ്മല ആകുന്നു എങ്കിൽ അവൾക്കു ദോഷം വരികയില്ല; അവൾ ഗർഭം ധരിക്കും. 29 ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം; 30 ഒരു സ്ത്രീ ഭർത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവൻ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയിൽ നിർത്തുമ്പോൾ പുരോഹിതൻ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം. 31 എന്നാൽ പുരുഷൻ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.

സംഖ്യാപുസ്തകം 6

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവെക്കു തന്നെത്താൻ സമർപ്പിക്കേണ്ടതിന്നു നാസീർവ്രതം എന്ന വിശേഷ വിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോൾ 3 വീഞ്ഞും മദ്യവും വർജ്ജിച്ചിരിക്കേണം: വീഞ്ഞിന്റെ കാടിയും മദ്യത്തിന്റെ കാടിയും കുടിക്കരുതു; മുന്തിരിപ്പഴത്തിന്റെ യാതൊരു രസവും കുടിക്കരുതു; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുതു. 4 തന്റെ നാസീർവ്രതകാലത്തു ഒക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ടു ഉണ്ടാക്കുന്നതു ഒന്നും അവൻ തിന്നരുതു. 5 നാസീർവ്രതകാലത്തൊക്കെയും ക്ഷൌരക്കത്തി അവന്റെ തലയിൽ തൊടരുതു; യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലം തികയുവോളം അവൻ വിശുദ്ധനായിരിക്കേണം: തലമുടി വളർത്തേണം. 6 അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു; 7 അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുതു; അവന്റെ ദൈവത്തിന്റെ നാസീർവ്രതം അവന്റെ തലയിൽ ഇരിക്കുന്നു; 8 നാസീർവ്രതകാലത്തു ഒക്കെയും അവൻ യഹോവെക്കു വിശുദ്ധൻ ആകുന്നു. 9 അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്റെ നാസീർവ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവൻ തന്റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൌരം ചെയ്യേണം; ഏഴാം ദിവസം അവൻ ക്ഷൌരം ചെയ്യേണം. 10 എട്ടാം ദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻ കുഞ്ഞിനെയോ പുരോഹിതന്റെ അടുക്കൽ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം. 11 പുരോഹിതൻ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിച്ചു ശവത്താൽ അവൻ പിഴെച്ചതുകൊണ്ടു അവന്നു വേണ്ടി പ്രായശ്ചിത്തം കഴിച്ചു അവന്റെ തല അന്നുതന്നേ ശുദ്ധീകരിക്കേണം. 12 അവൻ വീണ്ടും തന്റെ നാസീർ വ്രതത്തിന്റെ കാലം യഹോവെക്കു വേർതിരിച്ചു ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിൻ കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം അവന്റെ നാസീർവ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം. 13 വ്രതസ്ഥന്റെ പ്രമാണം ആവിതു: അവന്റെ നാസീർവ്രതത്തിന്റെ കാലം തികയുമ്പോൾ അവനെ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൊണ്ടുവരേണം. 14 അവൻ യഹോവെക്കു വഴിപാടായി ഹോമയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻ കുട്ടി, പാപയാഗത്തിന്നു ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിൻ കുട്ടി, സമാധാനയാഗത്തിന്നു ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ, 15 ഒരു കൊട്ടയിൽ, എണ്ണചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം. 16 പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു അവന്റെ പാപയാഗവും ഹോമയാഗവും അർപ്പിക്കേണം. 17 അവൻ ആട്ടുകൊറ്റനെ കൊട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവെക്കു സമാധാന യാഗമായി അർപ്പിക്കേണം; പുരോഹിതൻ അതിന്റെ ഭോജനയാഗവും പാനീയയാഗവും കൂടെ അർപ്പിക്കേണം. 18 പിന്നെ വ്രതസ്ഥൻ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽവെച്ചു തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തു തന്റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിൻ കീഴുള്ള തീയിൽ ഇടേണം; 19 വ്രതസ്ഥൻ തന്റെ വ്രതമുള്ള തല ക്ഷൌരം ചെയ്തശേഷം പുരോഹിതൻ ആട്ടുകൊറ്റന്റെ വേവിച്ച കൈക്കുറകും കൊട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്തു അവയെ വ്രതസ്ഥന്റെ കൈയിൽ വെക്കേണം. 20 പുരോഹിതൻ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദർച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതന്നു വേണ്ടി വിശുദ്ധമാകുന്നു; അതിന്റെ ശേഷം വ്രതസ്ഥന്നു വീഞ്ഞു കുടിക്കാം. 21 നാസീർവ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്റെയും അവൻ തന്റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്റെ നാസീർവ്രതം ഹേതുവായി യഹോവെക്കു കഴിക്കേണ്ടുന്ന വഴിപാടിന്റെയും പ്രമാണം ഇതു തന്നേ. അവൻ ദീക്ഷിച്ച വ്രതംപോലെ തന്റെ നാസീർവ്രതത്തിന്റെ പ്രമാണത്തിന്നു അനുസരണയായി തന്നേ അവൻ ചെയ്യേണം. 22 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 23 നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടതു: നിങ്ങൾ യിസ്രായേൽ മക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടതു എന്തെന്നാൽ: 24 യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ; 25 യഹോവ തിരുമുഖം നിന്റെ മേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ; 26 യഹോവ തിരുമുഖം നിന്റെ മേൽ ഉയർത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ. 27 ഇങ്ങനെ അവർ യിസ്രായേൽമക്കളുടെ മേൽ എന്റെ നാമം വെക്കേണം; ഞാൻ അവരെ അനുഗ്രഹിക്കും.

സംഖ്യാപുസ്തകം 7

1 മോശെ തിരുനിവാസം നിവിർത്തുകഴിഞ്ഞിട്ടു അതും അതിന്റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്റെ സകലപാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം 2 തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാർ വഴിപാടു കഴിച്ചു. 3 അവർ വഴിപാടായിട്ടു ഈരണ്ടു പ്രഭുക്കന്മാർ ഓരോ വണ്ടിയും ഓരോരുത്തൻ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. 4 അപ്പോൾ യഹോവ മോശെയോടു: 5 അവരുടെ പക്കൽനിന്നു അവയെ വാങ്ങുക. അവ സമാഗമനക്കുടാരത്തിന്റെ ഉപയോഗത്തിന്നു ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന്നു അവനവന്റെ വേലക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു. 6 മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യർക്കു കൊടുത്തു. 7 രണ്ടു വണ്ടിയും നാലു കാളയെയും അവൻ ഗേർശോന്യർക്കു അവരുടെ വേലെക്കു തക്കവണ്ണം കൊടുത്തു. 8 നാലുവണ്ടിയും എട്ടുകാളയെയും അവൻ മെരാർയ്യർക്കു പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ കൈക്കീഴ് അവർക്കുള്ള വേലെക്കു തക്കവണ്ണം കൊടുത്തു. 9 കെഹാത്യർക്കു അവൻ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു. 10 യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാർ പ്രതിഷ്ഠെക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്റെ മുമ്പാകെ പ്രഭുക്കന്മാർ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു. 11 അപ്പോൾ യഹോവ മോശെയോടു: യാഗപീഠത്തിന്റെ പ്രതിഷ്ഠെക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു. 12 ഒന്നാം ദിവസം വഴിപാടു കഴിച്ചവൻ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകനായ നഹശോൻ. 13 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - അവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 14 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, 15 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടു, 16 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള, 17 അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിൻ കുട്ടി; ഇതു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാടു. 18 രണ്ടാം ദിവസം യിസ്സാഖാരിന്റെ മക്കളുടെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ വഴിപാടു കഴിച്ചു. 19 അവൻ വഴിപാടു കഴിച്ചതു: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 20 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 21 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 22 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 23 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു സൂവാരിന്റെ മകനായ നെഥനയേലിന്റെ വഴിപാടു. 24 മൂന്നാം ദിവസം സെബൂലൂന്റെ മക്കളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് വഴിപാടു കഴിച്ചു. 25 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 26 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, 27 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ; ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 28 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 29 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാടു. 30 നാലാം ദിവസം രൂബേന്റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്റെ മകൻ എലീസൂർ വഴിപാടു കഴിച്ചു. 31 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റി മുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 32 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 33 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 34 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 35 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു ശെദേയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാടു. 36 അഞ്ചാം ദിവസം ശിമെയോന്റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ വഴിപാടു കഴിച്ചു. 37 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു - 38 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 39 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 40 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള, 41 അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്റെ വഴിപാടു. 42 ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാടു കഴിച്ചു. 43 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു - 44 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 45 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 46 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 47 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാടു. 48 ഏഴാം ദിവസം എഫ്രയീമിന്റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമാ വഴിപാടു കഴിച്ചു. 49 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 50 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻകലശം, 51 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു, 52 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 53 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീഹൂദിന്റെ മകൻ എലീശാമായുടെ വഴിപാടു. 54 എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമലീയേൽ വഴിപാടു കഴിച്ചു. 55 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 56 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 57 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 58 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 59 സമാധാന യാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു; ഇതു പെദാസൂരിന്റെ മകൻ ഗമലീയേലിന്റെ വഴിപാടു. 60 ഒമ്പതാം ദിവസം ബെന്യാമീന്റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകൻ അബീദാൻ വഴിപാടു കഴിച്ചു. 61 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രാകരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 62 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻ കലശം, 63 ഹോമയാഗത്തിന്നായി, ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 64 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 65 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഗിദെയോനിയുടെ മകൻ അബീദാന്റെ വഴിപാടു. 66 പത്താം ദിവസം ദാന്റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ വഴിപാടു കഴിച്ചു. 67 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണ ചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 68 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊൻ കലശം, 69 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 70 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 71 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാടു. 72 പതിനൊന്നാം ദിവസം ആശേരിന്റെ മക്കളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ വഴിപാടു കഴിച്ചു. 73 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജന യാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവു കൊണ്ടു നിറഞ്ഞിരുന്നു - 74 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻ കലശം, 75 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാടു, 76 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 77 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഒക്രാന്റെ മകനായ പഗീയേലിന്റെ വഴിപാടു. 78 പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു. 79 അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവരണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു - 80 ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം, 81 ഹോമയാഗത്തിന്നായി ഒരു കാളക്കിടാവു, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സുപ്രായമുള്ള ഒരു കുഞ്ഞാടു, 82 പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, 83 സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ഏനാന്റെ മകൻ അഹീരയുടെ വഴിപാടു. 84 യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേൽ പ്രഭുക്കന്മാരുടെ പ്രതിഷ്ഠവഴിപാടു ഇതു ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ടു, വെള്ളിക്കിണ്ണം പന്ത്രണ്ടു, 85 പൊൻകലശം പന്ത്രണ്ടു, വെള്ളിത്തളിക ഒന്നിന്നു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന്നു എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങൾ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തി നാനൂറു ശേക്കെൽ. 86 ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശം പന്ത്രണ്ടു; ഓരോന്നു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം കലശങ്ങളുടെ പൊന്നു ആകെ നൂറ്റിരുപതു ശേക്കെൽ. 87 ഹോമയാഗത്തിന്നുള്ള നാൽക്കാലികൾ എല്ലാംകൂടി കാളക്കിടാവു പന്ത്രണ്ടു, ആട്ടുകൊറ്റൻ പന്ത്രണ്ടു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു പന്ത്രണ്ടു, അവയുടെ ഭോജനയാഗം, പാപയാഗത്തിന്നായി കോലാട്ടുകൊറ്റൻ പന്ത്രണ്ടു; 88 സമാധാനയാഗത്തിന്നായി നാൽക്കാലികൾ എല്ലാംകൂടി കാള ഇരുപത്തിനാലു, ആട്ടുകൊറ്റൻ അറുപതു, കോലാട്ടുകൊറ്റൻ അറുപതു, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാടു അറുപതു; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠെക്കുള്ള വഴിപാടു ഇതു തന്നേ. 89 മോശെ തിരുമുമ്പിൽ സംസാരിപ്പാൻ സമാഗമനക്കുടാരത്തിൽ കടക്കുമ്പോൾ അവൻ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽ നിന്നു രണ്ടു കെരൂബുകളുടെ നടുവിൽനിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവൻ അവനോടു സംസാരിച്ചു.

സംഖ്യാപുസ്തകം 8

1 യഹോവ മോശെയോടു അരുളിച്ചെയ്തതു: 2 ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻ വശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക. 3 അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ നിലവിളക്കിന്റെ ദീപം മുൻ വശത്തേക്കു തിരിച്ചുകൊളുത്തി. 4 നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി. 5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ: 6 ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തു ശുചീകരിക്ക. 7 അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെ മേൽ തളിക്കേണം; അവർ സർവ്വാംഗം ക്ഷൌരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം. 8 അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം. 9 ലേവ്യരെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം. 10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം. 11 യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം. 12 ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവെക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം. 13 നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിർത്തി യഹോവെക്കു നീരാജനയാഗമായി അർപ്പിക്കേണം. 14 ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേർതിരിക്കയും ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം. 15 അതിന്റെ ശേഷം സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യർക്കു അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അർപ്പിക്കേണം. 16 അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലാ യിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു. 17 മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ ഒക്കെയും എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു. 18 എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. 19 യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തു വരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനക്കുടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു അഹരോന്നും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു. 20 അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതു പോലെയൊക്കെയും ലേവ്യർക്കു ചെയ്തു; അങ്ങനെ തന്നേ യിസ്രായേൽമക്കൾ അവർക്കു ചെയ്തു. 21 ലേവ്യർ തങ്ങൾക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു. 22 അതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനക്കുടാരത്തിൽ തങ്ങളുടെ വേലചെയ്‍വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവർ അവർക്കു ചെയ്തു. 23 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 24 ലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനക്കുടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം. 25 അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ; 26 എങ്കിലും സമാഗമനക്കുടാരത്തിലെ കാര്യംനോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവർക്കു ചെയ്യേണം.

സംഖ്യാപുസ്തകം 9

1 അവർ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു പോന്നതിന്റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2 യിസ്രായേൽമക്കൾ പെസഹ അതിന്നു നിശ്ചയിച്ച സമയത്തു ആചരിക്കേണം. 3 അതിന്നു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തിയ്യതി വൈകുന്നേരം അതു ആചരിക്കേണം; അതിന്റെ എല്ലാചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസരണയായി നിങ്ങൾ അതു ആചരിക്കേണം. 4 പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. 5 അങ്ങനെ അവർ ഒന്നാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു സീനായിമരുഭൂമിയിൽവെച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കൾ ചെയ്തു. 6 എന്നാൽ ഒരു മനുഷ്യന്റെ ശവത്താൽ അശുദ്ധരായിത്തീർന്നിട്ടു ആ നാളിൽ പെസഹ ആചരിപ്പാൻ കഴിയാത്ത ചിലർ ഉണ്ടായിരുന്നു; അവർ അന്നുതന്നേ മോശെയുടെയും അഹരോന്റെയും മുമ്പാകെ വന്നു അവനോടു: 7 ഞങ്ങൾ ഒരുത്തന്റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്തു യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാൻ ഞങ്ങളെ മുടക്കുന്നതു എന്തു എന്നു ചോദിച്ചു. 8 മോശെ അവരോടു: നില്പിൻ; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നതു എന്തു എന്നു ഞാൻ കേൾക്കട്ടെ എന്നു പറഞ്ഞു. 9 എന്നാറെ യഹോവ മോശെയോടു അരുളിച്ചെയ്തതു. 10 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവൻ യഹോവെക്കു പെസഹ ആചരിക്കേണം. 11 രണ്ടാം മാസം പതിന്നാലാം തിയ്യതി സന്ധ്യാസമയത്തു അവർ അതു ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കൈപ്പുചീരയോടും കൂടെ അതു ഭക്ഷിക്കേണം. 12 രാവിലത്തേക്കു അതിൽ ഒന്നും ശേഷിപ്പിച്ചുവെക്കരുതു; അതിന്റെ അസ്ഥിയൊന്നും ഒടിക്കയും അരുതു; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവർ അതു ആചരിക്കേണം. 13 എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തൻ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്തു യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ടു അവൻ തന്റെ പാപം വഹിക്കേണം. 14 നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന ഒരു പരദേശിക്കു യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹയുടെ ചട്ടത്തിന്നും നിയമത്തിന്നും അനുസരണയായി അവൻ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങൾക്കു ഒരു ചട്ടം തന്നേ ആയിരിക്കേണം. 15 തിരുനിവാസം നിവിർത്തുനിർത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു. 16 അതു എല്ലായ്പോഴും അങ്ങനെ തന്നേ ആയിരുന്നു; പകൽ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു. 17 മേഘം കൂടാരത്തിന്മേൽ നിന്നു പൊങ്ങുമ്പോൾ യിസ്രായേൽമക്കൾ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നേടത്തു അവർ പാളയമിറങ്ങും. 18 യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കൾ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോൾ ഒക്കെയും അവർ പാളയമടിച്ചു താമസിക്കും, 19 മേഘം തിരുനിവാസത്തിന്മേൽ ഏറെനാൾ ഇരുന്നു എങ്കിൽ യിസ്രായേൽമക്കൾ യാത്രപുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും. 20 ചിലപ്പോൾ മേഘം തിരുനിവാസത്തിന്മേൽ കുറെനാൾ ഇരിക്കും; അപ്പോൾ അവർ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പന പോലെ യാത്ര പുറപ്പെടും. 21 ചിലപ്പോൾ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കിൽ അവർ യാത്ര പുറപ്പെടും. ചിലപ്പോൾ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവർ യാത്ര പുറപ്പെടും. 22 രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ ആവസിച്ചിരുന്നാൽ യിസ്രായേൽമക്കൾ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവർ പുറപ്പെടും. 23 യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.

സംഖ്യാപുസ്തകം 10

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ: 2 വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പു പണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം. 3 അവ ഊതുമ്പോൾ സഭ മുഴുവനും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ നിന്റെ അടുക്കൽ കൂടേണം. 4 ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാർ നിന്റെ അടുക്കൽ കൂടേണം. 5 ഗംഭീരധ്വനി ഊതുമ്പോൾ കിഴക്കെ പാളയങ്ങൾ യാത്ര പുറപ്പെടേണം. 6 രണ്ടാം പ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോൾ തെക്കെ പാളയങ്ങൾ യാത്രപുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകൾക്കായി ഗംഭീരധ്വനി ഊതേണം: 7 സഭയെ കൂട്ടേണ്ടതിന്നു ഊതുമ്പോൾ ഗംഭീരധ്വനി ഊതരുതു. 8 അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ആകുന്നു കാഹളം ഊതേണ്ടതു; ഇതു നിങ്ങൾക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. 9 നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്റെ നേരെ നിങ്ങൾ യുദ്ധത്തിന്നു പോകുമ്പോൾ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർത്തു ശത്രുക്കളുടെ കയ്യിൽനിന്നു രക്ഷിക്കും. 10 നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങൾ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോൾ കാഹളം ഊതേണം; അവ നിങ്ങൾക്കു ദൈവത്തിന്റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു. 11 അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി. 12 അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻ മരുഭൂമിയിൽ വന്നുനിന്നു. 13 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്രപുറപ്പെട്ടു. 14 യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ. 15 യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ. 16 സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്. 17 അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാർയ്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു. 18 പിന്നെ രൂബേന്റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്റെ മകൻ എലീസൂർ. 19 ശിമെയോൻമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂരിശദ്ദായിയുടെ മകൻ ശെലൂമിയേൽ. 20 ഗാദ് മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്. 21 അപ്പോൾ കെഹാത്യർ വിശുദ്ധസാധനങ്ങൾ ചമന്നുകൊണ്ടു പുറപ്പെട്ടു; ഇവർ എത്തുമ്പോഴേക്കു തിരുനിവാസം നിവിർത്തുകഴിയും. 22 പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്റെ മകൻ എലീശാമാ. 23 മനശ്ശെമക്കളുടെ ഗോത്രത്തിന്റെ സേനാപതി പെദാസൂരിന്റെ മകൻ ഗമലീയേൽ. 24 ബെന്യാമീൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഗിദെയോനിയുടെ മകൻ അബീദാൻ. 25 പിന്നെ അവരുടെ എല്ലാപാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാൻമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസേർ. 26 ആശേർമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഒക്രാന്റെ മകൻ പഗീയേൽ. 27 നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര. 28 യിസ്രായേൽമക്കൾ യാത്ര പുറപ്പെട്ടപ്പോൾ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു. 29 പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു. 30 അവൻ അവനോടു: ഞാൻ വരുന്നില്ല; എന്റെ സ്വദേശത്തേക്കും ചാർച്ചക്കാരുടെ അടുക്കലേക്കും ഞാൻ പോകുന്നു എന്നു പറഞ്ഞു. 31 അതിന്നു അവൻ: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും. 32 ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങൾക്കു ചെയ്യുന്ന നന്മപോലെ തന്നേ ഞങ്ങൾ നിനക്കും ചെയ്യും എന്നു പറഞ്ഞു. 33 അനന്തരം അവർ യഹോവയുടെ പർവ്വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവർക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിന്നു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി. 34 പാളയം പുറപ്പെട്ടപ്പോൾ യഹോവയുടെ മേഘം പകൽ സമയം അവർക്കു മീതെ ഉണ്ടായിരുന്നു. 35 പെട്ടകം പുറപ്പെടുമ്പോൾ മോശെ: യഹോവേ, എഴുന്നേൽക്കേണമേ; നിന്റെ ശത്രുക്കൾ ചിതറുകയും നിന്നെ പകെക്കുന്നവർ നിന്റെ മുമ്പിൽ നിന്നു ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും. 36 അതു വിശ്രമിക്കുമ്പോൾ അവൻ: യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.

സംഖ്യാപുസ്തകം 11

1 അനന്തരം ജനം യഹോവെക്കു അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ടു അവന്റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു. 2 ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി. 3 യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന്നു തബേരാ എന്നു പേരായി. 4 പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ടു: ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? 5 ഞങ്ങൾ മിസ്രയീമിൽ വെച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തെങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു. 6 ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു. 7 മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു. 8 ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു. 9 രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോൾ മന്നയും പൊഴിയും. 10 ജനം കുടുംബംകുടുംബമായി ഓരോരുത്തൻ താന്താന്റെ കൂടാരവാതിൽക്കൽവെച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി. 11 അപ്പോൾ മോശെ യഹോവയോടു പറഞ്ഞതു: നീ അടിയനെ വലെച്ചതു എന്തു? നിനക്കു എന്നോടു കൃപ തോന്നാതെ ഈ സർവ്വജനത്തിന്റെയും ഭാരം എന്റെമേൽ വെച്ചതെന്തു? 12 മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു എന്റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്നു എന്നോടു കല്പിപ്പാൻ ഈ ജനത്തെ ഒക്കെയും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ? 13 ഈ ജനത്തിന്നു ഒക്കെയും കൊടുപ്പാൻ എനിക്കു എവിടെനിന്നു ഇറച്ചി കിട്ടും? അവർ ഇതാ: ഞങ്ങൾക്കു തിന്മാൻ ഇറച്ചി തരിക എന്നു എന്നോടു പറഞ്ഞു കരയുന്നു. 14 ഏകനായി ഈ സർവ്വജനത്തെയും വഹിപ്പാൻ എന്നെക്കൊണ്ടു കഴിയുന്നതല്ല; അതു എനിക്കു അതിഭാരം ആകുന്നു. 15 ഇങ്ങനെ എന്നോടു ചെയ്യുന്ന പക്ഷം ദയവിചാരിച്ചു എന്നെ കൊന്നുകളയേണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ. 16 അപ്പോൾ യഹോവ മോശെയോടു കല്പിച്ചതു: യിസ്രായേൽമൂപ്പന്മാരിൽവെച്ചു ജനത്തിന്നു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനക്കുടാരത്തിന്നരികെ നിന്നോടു കൂടെ നിൽക്കേണ്ടതിന്നു എന്റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക. 17 അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും. 18 എന്നാൽ ജനത്തോടു നീ പറയേണ്ടതു: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്കു തിന്മാൻ ഇറച്ചി ആർ തരും? മിസ്രയീമിൽ ഞങ്ങൾക്കു നന്നായിരുന്നു എന്നു നിങ്ങൾ പറഞ്ഞു യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്കു ഇറച്ചി തരികയും നിങ്ങൾ തിന്നുകയും ചെയ്യും. 19 ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നേ; 20 അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങൾക്കു ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കയും: ഞങ്ങൾ മിസ്രയീമിൽനിന്നു എന്തിന്നു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞു അവന്റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ. 21 അപ്പോൾ മോശെ: എന്നോടുകൂടെയുള്ള ജനം ആറുലക്ഷം കാലാൾ ഉണ്ടു; ഒരു മാസം മുഴുവൻ തിന്മാൻ ഞാൻ അവർക്കു ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു. 22 അവർക്കു മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെ ഒക്കെയും അവർക്കു വേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു. 23 യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു. 24 അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിറുത്തി. 25 എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും. 26 എന്നാൽ ആ പുരഷന്മാരിൽ രണ്ടു പേർ പാളയത്തിൽ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എൽദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേർ. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവർ പാളയത്തിൽ വെച്ചു പ്രവചിച്ചു. 27 അപ്പോൾ ഒരു ബാല്യക്കാരൻ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു. 28 എന്നാറെ നൂന്റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു. 29 മോശെ അവനോടു: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു. 30 പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നു ചേർന്നു. 31 അനന്തരം യഹോവ അയച്ച ഒരു കാറ്റു ഊതി കടലിൽനിന്നു കാടയെ കൊണ്ടുവന്നു പാളയത്തിന്റെ സമീപത്തു ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോടു ഏകദേശം രണ്ടു മുഴം അടുത്തു പറന്നുനില്ക്കുമാറാക്കി. 32 ജനം എഴുന്നേറ്റു അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാൾ മുഴുവനും കാടയെ പിടിച്ചു കൂട്ടി; നന്നാ കുറെച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി. 33 എന്നാൽ ഇറച്ചി അവരുടെ പല്ലിന്നിടയിൽ ഇരിക്കുമ്പോൾ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു. 34 ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി. 35 കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തിൽ പാർത്തു.

സംഖ്യാപുസ്തകം 12

1 മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീനിമിത്തം മിർയ്യാമും അഹരോനും അവന്നു വിരോധമായി സംസാരിച്ചു: 2 യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു. 3 മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു. 4 പെട്ടെന്നു യഹോവ മോശെയോടും അഹരോനോടും മിർയ്യാമിനോടും: നിങ്ങൾ മൂവരും സമാഗമനക്കുടാരത്തിങ്കൽ വരുവിൻ എന്നു കല്പിച്ചു; അവർ മൂവരും ചെന്നു. 5 യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു അഹരോനെയും മിർയ്യാമിനെയും വിളിച്ചു; അവർ ഇരുവരും അങ്ങോട്ടു ചെന്നു. 6 പിന്നെ അവൻ അരുളിച്ചെയ്തതു: എന്റെ വചനങ്ങളെ കേൾപ്പിൻ; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും. 7 എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു. 8 അവനോടു ഞാൻ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവൻ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങൾ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാൻ ശങ്കിക്കാഞ്ഞതു എന്തു? 9 യഹോവയുടെ കോപം അവരുടെ നേരെ ജ്വലിച്ചു അവൻ മറഞ്ഞു. 10 മേഘവും കൂടാരത്തിന്മേൽ നിന്നു നീങ്ങിപ്പോയി. മിർയ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോൻ മിർയ്യാമിനെ നോക്കിയപ്പോൾ അവൾ കുഷ്ടരോഗിണി എന്നു കണ്ടു. 11 അഹരോൻ മോശെയോടു: അയ്യോ യജമാനനേ, ഞങ്ങൾ ഭോഷത്വമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വെക്കരുതേ. 12 അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെടുമ്പോൾ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവൾ ആകരുതേ എന്നു പറഞ്ഞു. 13 അപ്പോൾ മോശെ യഹോവയോടു: ദൈവമേ, അവളെ സൌഖ്യമാക്കേണമേ എന്നു നിലവിളിച്ചു. 14 യഹോവ മോശെയോടു: അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവൾ ഏഴുദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിന്നു പുറത്തു അടെച്ചിടേണം; പിന്നത്തേതിൽ അവളെ ചേർത്തുകൊള്ളാം എന്നു കല്പിച്ചു. 15 ഇങ്ങനെ മിർയ്യാമിനെ ഏഴു ദിവസം പാളയത്തിന്നു പുറത്തു ആക്കി അടെച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു. 16 അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻ മരുഭൂമിയിൽ പാളയമിറങ്ങി.

സംഖ്യാപുസ്തകം 13

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻ ദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം. 3 അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻ മരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു. 4 അവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ. 5 ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്. 6 യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്. 7 യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ. 8 എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ. 9 ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി. 10 സെബൂലൂൻ ഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ. 11 യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി. 12 ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ. 13 ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ. 14 നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി. 15 ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ. 16 ദേശം ഒറ്റു നോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു. 17 മോശെ കനാൻ ദേശം ഒറ്റു നോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി: 18 ദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ; 19 അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ, 20 ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു. 21 അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ശോധനചെയ്തു. 22 അവർ തെക്കെ, ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു. 23 അവർ എസ്കോൽതാഴ്വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു. 24 യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്വര എന്നു പേരായി. 25 അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു. 26 അവർ യാത്രചെയ്തു പാറാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു. 27 അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ. 28 എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു. 29 അമാലേക്യർ തെക്കെ ദേശത്തു പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോർയ്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻ നദീതീരത്തും പാർക്കുന്നു. 30 എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു. 31 എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു. 32 തങ്ങൾ ഒറ്റു നോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ; 33 അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെ തന്നേ ആയിരുന്നു.

സംഖ്യാപുസ്തകം 14

1 അപ്പോൾ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു. 2 യിസ്രായേൽമക്കൾ എല്ലാവരും മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു; സഭ ഒക്കെയും അവരോടു: മിസ്രയീംദേശത്തുവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവെച്ചു ഞങ്ങൾ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. 3 വാളാൽ വീഴേണ്ടതിന്നു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നതു എന്തിന്നു? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങൾക്കു നല്ലതു? എന്നു പറഞ്ഞു. 4 നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോക എന്നും അവർ തമ്മിൽ തമ്മിൽ പറഞ്ഞു. 5 അപ്പോൾ മോശെയും അഹരോനും യിസ്രായേൽസഭയുടെ സർവ്വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു. 6 ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും വസ്ത്രം കീറി, 7 യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു. 8 യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും. 9 യഹോവയോടു നിങ്ങൾ മത്സരിക്കമാത്രം അരുതു; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുതു; അവർ നമുക്കു ഇരയാകുന്നു; അവരുടെ ശരണം പോയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ടു അവരെ ഭയപ്പെടരുതു. 10 എന്നാറെ അവരെ കല്ലെറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സു സമാഗമനക്കുടാരത്തിൽ എല്ലായിസ്രായേൽമക്കളും കാൺകെ പ്രത്യക്ഷമായി. 11 യഹോവ മോശെയോടു: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാൻ അവരുടെ മദ്ധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവർ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും? 12 ഞാൻ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാൾ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്നു അരുളിച്ചെയ്തു. 13 മോശെ യഹോവയോടു പറഞ്ഞതു: എന്നാൽ മിസ്രയീമ്യർ അതു കേൾക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ. 14 അവർ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവർ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവർ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവർക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവർക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ. 15 നീ ഇപ്പോൾ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്റെ കീർത്തി കേട്ടിരിക്കുന്ന ജാതികൾ: 16 ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാൻ യഹോവെക്കു കഴിയായ്കകൊണ്ടു അവൻ അവരെ മരുഭൂമിയിൽവെച്ചു കൊന്നു കളഞ്ഞു എന്നു പറയും. 17 യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ 18 എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കർത്താവേ, ഇപ്പോൾ നിന്റെ ശക്തി വലുതായിരിക്കേണമേ. 19 നിന്റെ മഹാദയെക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്റെ അകൃത്യം ക്ഷമിക്കേണമേ. 20 അതിന്നു യഹോവ അരുളിച്ചെയ്തതു: നിന്റെ അപേക്ഷപ്രകാരം ഞാൻ ക്ഷമിച്ചിരിക്കുന്നു. 21 എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും. 22 എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവെച്ചു ഞാൻ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാർ എല്ലാവരും ഇപ്പോൾ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ടു 23 അവരുടെ പിതാക്കന്മാരോടു ഞാൻ സത്യം ചെയ്തിട്ടുള്ള ദേശം അവർ കാൺകയില്ല; എന്നെ നിരസിച്ചവർ ആരും അതു കാൺകയില്ല. 24 എന്റെ ദാസനായ കാലേബോ, അവന്നു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂർണ്ണമായി അനുസരിച്ചതുകൊണ്ടും അവൻ പോയിരുന്ന ദേശത്തേക്കു ഞാൻ അവനെ എത്തിക്കും; അവന്റെ സന്തതി അതു കൈവശമാക്കും. 25 എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതുകൊണ്ടു നിങ്ങൾ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിൻ. 26 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 27 ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കൾ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ കേട്ടിരിക്കുന്നു. 28 അവരോടു പറവിൻ: ഞാൻ കേൾക്കെ നിങ്ങൾ പറഞ്ഞതുപോലെ തന്നേ, എന്നാണ, ഞാൻ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു. 29 ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതൽ മേലോട്ടു എണ്ണപ്പെട്ടവരായി 30 എന്റെ നേരെ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാൻ നിങ്ങളെ പാർപ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല. 31 എന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങൾ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാൻ അതിൽ കടക്കുമാറാക്കും; നിങ്ങൾ നിരസിച്ചിരിക്കുന്ന ദേശം അവർ അറിയും. 32 നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും. 33 നിങ്ങളുടെ ശവം മരുഭൂമിയിൽ ഒടുങ്ങുംവരെ നിങ്ങളുടെ മക്കൾ മരുഭൂമിയിൽ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും; 34 ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്റെ എണ്ണത്തിന്നൊത്തവണ്ണം, ഒരു ദിവസത്തിന്നു ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങൾ നിങ്ങളുടെ അകൃത്യങ്ങൾ വഹിച്ചു എന്റെ അകല്ച അറിയും. 35 എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോടു ഞാൻ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും എന്നു യഹോവയായ ഞാൻ കല്പിച്ചിരിക്കുന്നു. 36 ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ചവരും, മടങ്ങിവന്നു ദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞു സഭ മുഴുവനും അവന്നു വിരോധമായി പിറുപിറുപ്പാൻ സംഗതി വരുത്തിയ വരും, 37 ദേശത്തെക്കുറിച്ചു ദുർവ്വർത്തമാനം പറഞ്ഞവരുമായ പുരുഷന്മാർ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു. 38 എന്നാൽ ദേശം ഒറ്റുനോക്കുവാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ പുത്രൻ കാലേബും മരിച്ചില്ല. 39 പിന്നെ മോശെ ഈ വാക്കുകൾ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു. 40 പിറ്റേന്നു അവർ അതികാലത്തു എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങൾക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്കു ഞങ്ങൾ കയറിപ്പോകുന്നു: ഞങ്ങൾ പാപം ചെയ്തുപോയി എന്നു പറഞ്ഞു മലമുകളിൽ കയറി. 41 അപ്പോൾ മോശെ: നിങ്ങൾ എന്തിന്നു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാദ്ധ്യമാകയില്ല. 42 ശത്രുക്കളാൽ തോൽക്കാതിരിക്കേണ്ടതിന്നു നിങ്ങൾ കയറരുതു; യഹോവ നിങ്ങളുടെ മദ്ധ്യേ ഇല്ല. 43 അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ടു; നിങ്ങൾ വാളാൽ വീഴും; നിങ്ങൾ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ടു യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു. 44 എന്നിട്ടും അവർ ധാർഷ്ട്യം പൂണ്ടു മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും. 45 എന്നാറെ മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോർമ്മാവരെ അവരെ ഛിന്നിച്ചു ഓടിച്ചുകളഞ്ഞു.

സംഖ്യാപുസ്തകം 15

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ടു 3 ഒരു നേർച്ച നിവർത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അർപ്പിക്കുമ്പോൾ 4 യഹോവെക്കു വഴിപാടു കഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം. 5 ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാൽഹീൻ വീഞ്ഞു കൊണ്ടുവരേണം. 6 ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്നു എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടു വരേണം. 7 അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൌരഭ്യവാസനയായി അർപ്പിക്കേണം. 8 നേർച്ച നിവർത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ 9 കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അർപ്പിക്കേണം. 10 അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. 11 കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻ കുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം. 12 നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം. 13 സ്വദേശിയായവനൊക്കെയും യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെ തന്നേ അനുഷ്ഠിക്കേണം. 14 നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം. 15 നിങ്ങൾക്കാകട്ടെ വന്നു പാർക്കുന്ന പരദേശിക്കാകട്ടെ സർവ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം. 16 നിങ്ങൾക്കും വന്നു പാർക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം. 17 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 18 യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം 19 ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം. 20 ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദർച്ചാർപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദർച്ചാർപ്പണംപോലെ തന്നേ അതു ഉദർച്ച ചെയ്യേണം. 21 ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദർച്ചാർപ്പണം കഴിക്കേണം. 22 യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും 23 യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാൾമുതൽ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റു ചെയ്താൽ, 24 അറിയാതെ കണ്ടു അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവെക്കു സൌരഭ്യവാസനയായി അർപ്പിക്കേണം. 25 ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സർവ്വസഭെക്കും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാൽ സംഭവിക്കയും അവർ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവെക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അർപ്പിക്കയും ചെയ്തുവല്ലോ. 26 എന്നാൽ അതു യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നു പാർക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സർവ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ. 27 ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെൺകോലാട്ടിനെ അർപ്പിക്കണം. 28 അബദ്ധവശാൽ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകർമ്മം അനുഷ്ഠിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കപ്പെടും. 29 യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നു പാർക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം. 30 എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം. 31 അവൻ യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിർമ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും. 32 യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു. 33 അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു. 34 അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു. 35 പിന്നെ യഹോവ മോശെയോടു: ആ മരുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു. 36 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു. 37 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 38 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം. 39 നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓർത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം. 40 നിങ്ങൾ എന്റെ സകല കല്പനകളും ഓർത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ. 41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ തന്നേ.

സംഖ്യാപുസ്തകം 16

1 എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹ്, രൂബേൻ ഗോത്രത്തിൽ എലീയാബിന്റെ പുത്രന്മാരായ ദാഥാൻ, അബീരാം, പേലെത്തിന്റെ മകനായ ഓൻ എന്നിവർ 2 യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു. 3 അവൻ മോശെക്കും അഹരോന്നും വിരോധമായി കൂട്ടംകൂടി അവരോടു: മതി, മതി; സഭയ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു? എന്നു പറഞ്ഞു. 4 ഇതു കേട്ടപ്പോൾ മോശെ കവിണ്ണുവീണു. 5 അവൻ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതു: നാളെ രാവിലെ യഹോവ തനിക്കുള്ളവൻ ആരെന്നും തന്നോടടുപ്പാൻ തക്കവണ്ണം വിശുദ്ധൻ ആരെന്നും കാണിക്കും; താൻ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും. 6 കോരഹും അവന്റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങൾ ഇതു ചെയ്‍വിൻ: 7 ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവർഗ്ഗം ഇടുവിൻ; യഹോവ തിരഞ്ഞെടുക്കുന്നവൻ തന്നേ വിശുദ്ധൻ; ലേവിപുത്രന്മാരേ, മതി, മതി! 8 പിന്നെ മോശെ കോരഹിനോടു പറഞ്ഞതു: ലേവിപുത്രന്മാരേ, കേൾപ്പിൻ. 9 യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‍വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ? 10 അവൻ നിന്നെയും ലേവിപുത്രന്മാരായ നിന്റെ സകല സഹോദരന്മാരെയും തന്നോടു അടുക്കുമാറാക്കിയല്ലോ; നിങ്ങൾ പൌരോഹിത്യംകൂടെ കാംക്ഷിക്കുവോ? 11 ഇതു ഹേതുവായിട്ടു നീയും നിന്റെ കൂട്ടക്കാർ ഒക്കെയും യഹോവെക്കു വിരോധമായി കൂട്ടംകൂടിയിരിക്കുന്നു; നിങ്ങൾ അഹരോന്റെ നേരെ പിറുപിറുപ്പാൻ തക്കവണ്ണം അവൻ എന്തുമാത്രമുള്ളു? 12 പിന്നെ മോശെ എലിയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാൻ ആളയച്ചു; അതിന്നു അവർ: 13 ഞങ്ങൾ വരികയില്ല; മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാൻ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങൾക്കു അധിപതിയും ആക്കുന്നുവോ? 14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു. 15 അപ്പോൾ മോശെ ഏറ്റവും കോപിച്ചു അവൻ യഹോവയോടു: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാൻ അവരുടെ പക്കൽനിന്നു ഒരു കഴുതയെപ്പോലും വാങ്ങീട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു. 16 മോശെ കോരഹനോടു: നീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ. 17 നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു അവയിൽ ധൂപവർഗ്ഗം ഇട്ടു ഒരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പതു കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു. 18 അങ്ങനെ അവർ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതിൽ ധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽനിന്നു. 19 കോരഹ് അവർക്കു വിരോധമായി സർവ്വസഭയെയും സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോൾ യഹോവയുടെ തേജസ്സു സർവ്വസഭെക്കും പ്രത്യക്ഷമായി. 20 യഹോവ മോശെയോടും അഹരോനോടും: 21 ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു. 22 അപ്പോൾ അവർ കവിണ്ണുവീണു: സകലജനത്തിന്റെയും ആത്മാക്കൾക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യൻ പാപം ചെയ്തതിന്നു നീ സർവ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു. 23 അതിന്നു യഹോവ മോശെയോടു: 24 കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലും നിന്നു മാറിക്കൊൾവിൻ എന്നു സഭയോടു പറക എന്നു കല്പിച്ചു. 25 മോശെ എഴുന്നേറ്റു ദാഥാന്റെയും അബീരാമിന്റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്റെ പിന്നാലെ ചെന്നു. 26 അവൻ സഭയോടു: ഈ ദുഷ്ടമനുഷ്യരുടെ സകലപാപങ്ങളാലും നിങ്ങൾ സംഹരിക്കപ്പെടാതിരിക്കെണ്ടതിന്നു അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിൻ; അവർക്കുള്ള യാതൊന്നിനെയും തൊടരുതു എന്നു പറഞ്ഞു. 27 അങ്ങനെ അവർ കോരഹ്, ദാഥാൻ, അബീരാം എന്നവരുടെ വാസസ്ഥലത്തിന്റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽനിന്നു. 28 അപ്പോൾ മോശെ പറഞ്ഞതു: ഈ സകലപ്രവൃത്തികളും ചെയ്യേണ്ടതിന്നു യഹോവ എന്നെ അയച്ചു; ഞാൻ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങൾ ഇതിനാൽ അറിയും: 29 സകലമനുഷ്യരും മരിക്കുന്നതു പോലെ ഇവർ മരിക്കയോ സകലമനുഷ്യർക്കും ഭവിക്കുന്നതുപോലെ ഇവർക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല. 30 എന്നാൽ യഹോവ ഒരു അപൂർവ്വകാര്യം പ്രവർത്തിക്കയും ഭൂമി വായ് പിളർന്നു അവരെയും അവർക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവർ ജീവനോടു പാതാളത്തിലേക്കു ഇറങ്ങുകയും ചെയ്താൽ അവർ യഹോവയെ നിരസിച്ചു എന്നു നിങ്ങൾ അറിയും. 31 അവൻ ഈ വാക്കുകളെല്ലാം പറഞ്ഞു തീർന്നപ്പോൾ അവരുടെ കീഴെ ഭൂമി പിളർന്നു. 32 ഭൂമി വായ്തുറന്നു അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേർന്നിട്ടുള്ള എല്ലാവരെയും അവരുടെ സർവ്വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു. 33 അവരും അവരോടു ചേർന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്കു ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവർ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു. 34 അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യർ ഒക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വഴുങ്ങിക്കളയരുതേ എന്നു പറഞ്ഞു ഓടിപ്പോയി. 35 അപ്പോൾ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതുപേരെയും ദഹിപ്പിച്ചു. 36 യഹോവ മോശെയോടു അരുളിച്ചെയ്തതു: 37 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടു അവൻ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങൾ എടുപ്പാൻ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക; 38 പാപം ചെയ്തു തങ്ങൾക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങൾ യാഗപീഠം, പൊതിവാൻ അടിച്ചു തകിടാക്കണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കൾക്കു അതു ഒരു അടയാളമായിരിക്കട്ടെ. 39 വെന്തുപോയവർ ധൂപം കാട്ടിയ താമ്രകലശങ്ങൾ പുരോഹിതനായ എലെയാസാർ എടുത്തു 40 അഹരോന്റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാൻ അടുക്കയും കോരഹിനെയും അവന്റെ കൂട്ടുകാരെയും പോലെ ആകയും ചെയ്യാതിരിക്കേണ്ടതിന്നു യിസ്രായേൽ മക്കൾക്കു ജ്ഞാപകമായി അവയെ യാഗപീഠം, പൊതിവാൻ തകിടായി അടിപ്പിച്ചു; യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ തന്നേ. 41 പിറ്റെന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു. 42 ഇങ്ങനെ മോശെക്കും അഹരോന്നും വിരോധമായി സഭകൂടിയപ്പോൾ അവർ സമാഗമനക്കുടാരത്തിന്റെ നേരെ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു. 43 അപ്പോൾ മോശെയും അഹരോനും സമാഗമനക്കുടാരത്തിന്റെ മുമ്പിൽ ചെന്നു. 44 യഹോവ മോശെയോടു: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; 45 ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോൾ അവർ കവിണ്ണുവീണു. 46 മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 47 മോശെ കല്പിച്ചതുപോലെ അഹരോൻ കലശം എടുത്തു സഭയുടെ നടുവിലേക്കു ഓടി, ബാധ ജനത്തിന്റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു, 48 മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി. 49 കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തെഴുനൂറുപേർ ആയിരുന്നു 50 പിന്നെ അഹരോൻ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.

സംഖ്യാപുസ്തകം 17

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 യിസ്രായേൽമക്കളോടു സംസാരിച്ചു അവരുടെ പക്കൽനിന്നു ഗോത്രം ഗോത്രമായി സകലഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്റെ വടിമേൽ അവന്റെ പേർ എഴുതുക. 3 ലേവിയുടെ വടിമേലോ അഹരോന്റെ പേർ എഴുതേണം; ഓരോ ഗോത്രത്തലവന്നു ഓരോ വടി ഉണ്ടായിരിക്കേണം. 4 സമാഗമനക്കുടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്റെ മുമ്പാകെ അവയെ വെക്കേണം. 5 ഞാൻ തിരഞ്ഞെടുക്കുന്നവന്റെ വടി തളിർക്കും; ഇങ്ങനെ യിസ്രായേൽമക്കൾ നിങ്ങൾക്കു വിരോധമായി പിറുപിറുക്കുന്നതു ഞാൻ നിർത്തലാക്കും. 6 മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകലപ്രഭുക്കന്മാരും ഗോത്രം ഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു. 7 മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വെച്ചു. 8 പിറ്റെന്നാൾ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോൾ ലേവിഗൃഹത്തിന്നുള്ള അഹരോന്റെ വടി തളിർത്തിരിക്കുന്നതു കണ്ടു; അതു തളിർത്തു പൂത്തു ബദാം ഫലം കായിച്ചിരുന്നു. 9 മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്നു എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു; അവർ ഓരോരുത്തൻ താന്താന്റെ വടി നോക്കിയെടുത്തു. 10 യഹോവ മോശെയോടു: അഹരോന്റെ വടി മത്സരികൾക്കു ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന്നു സാക്ഷ്യത്തിന്റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവർ മരിക്കാതിരിക്കേണ്ടതിന്നു എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിർത്തലാക്കും എന്നു കല്പിച്ചു. 11 മോശെ അങ്ങനെ തന്നേ ചെയ്തു: യഹോവ തന്നോടു കല്പിച്ചതുപോലെ അവൻ ചെയ്തു. 12 അപ്പോൾ യിസ്രായേൽമക്കൾ മോശെയോടു: ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിയക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു. 13 യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.

സംഖ്യാപുസ്തകം 18

1 പിന്നെ യഹോവ അഹരോനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്റെ പുത്രന്മാരും നിങ്ങളുടെ പൌരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം. 2 നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവർ നിന്നോടു ചേർന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം. 3 അവർ നിനക്കും കൂടാരത്തിന്നൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാൽ അവരും നിങ്ങളും കൂടെ മരിക്കാതിരിക്കേണ്ടതിന്നു അവർ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുതു. 4 അവർ നിന്നോടു ചേർന്നു സമാഗമനക്കുടാരം സംബന്ധിച്ചുള്ള സകലവേലെക്കുമായി കൂടാരത്തിന്റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോടു അടുക്കരുതു. 5 യിസ്രായേൽമക്കളുടെ മേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും കാര്യം നിങ്ങൾ നോക്കേണം. 6 ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തിരിക്കുന്നു; യഹോവെക്കു ദാനമായിരിക്കുന്ന അവരെ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു. 7 ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം. 8 യഹോവ പിന്നെയും അഹരോനോടു അരുളിച്ചെയ്തതു: ഇതാ, എന്റെ ഉദർച്ചാർപ്പണങ്ങളുടെ കാര്യം ഞാൻ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകലവസ്തുക്കളിലും അവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതവാകാശമായും തന്നിരിക്കുന്നു. 9 തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവെച്ചു ഇതു നിനക്കുള്ളതായിരിക്കേണം; അവർ എനിക്കു അർപ്പിക്കുന്ന അവരുടെ എല്ലാവഴിപാടും സകലഭോജനയാഗവും സകലപാപയാഗവും സകലഅകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്റെ പുത്രന്മാർക്കും ഇരിക്കേണം. 10 അതി വിശുദ്ധവസ്തുവായിട്ടു അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം. അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം. 11 യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദർച്ചാർപ്പണമായ ഇതു അവരുടെ സകലനീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം. 12 എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവർ യഹോവെക്കു അർപ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാൻ നിനക്കു തന്നിരിക്കുന്നു. 13 അവർ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവെക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്റെ വീട്ടിൽ ശുദ്ധിയുള്ളവന്നെല്ലാം അതു ഭക്ഷിക്കാം. 14 യിസ്രായേലിൽ ശപഥാർപ്പിതമായതു ഒക്കെയും നിനക്കു ഇരിക്കേണം. 15 മനുഷ്യരിൽ ആകട്ടെ മൃഗങ്ങളിൽ ആകട്ടെ സകല ജഡത്തിലും അവർ യഹോവെക്കു കൊണ്ടുവരുന്ന കടിഞ്ഞൂൽ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം. 16 വീണ്ടെടുപ്പു വിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യംകൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന്നു ഇരുപതു ഗേരപ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നേ. 17 എന്നാൽ പശു, ആടു, കോലാടു എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുതു; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം. 18 നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെ തന്നേ അവയുടെ മാംസവും നിനക്കു ഇരിക്കേണം. 19 യിസ്രായേൽമക്കൾ യഹോവെക്കു അർപ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദർച്ചാർപ്പണങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്റെ സന്തതിക്കും ഇതു എന്നേക്കും ഒരു ലവണനിയമം ആകുന്നു. 20 യഹോവ പിന്നെയും അഹരോനോടു: നിനക്കു അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുതു; അവരുടെ ഇടയിൽ നിനക്കു ഒരു ഓഹരിയും അരുതു; യിസ്രായേൽമക്കളുടെ ഇടയിൽ ഞാൻ തന്നേ നിന്റെ ഓഹരിയും അവകാശവും ആകുന്നു എന്നു അരുളിച്ചെയ്തു. 21 ലേവ്യർക്കോ ഞാൻ സാമഗമനക്കുടാരം സംബന്ധിച്ചു അവർ ചെയ്യുന്ന വേലെക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു. 22 യിസ്രായേൽമക്കൾ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്നു മേലാൽ സമാഗമനക്കുടാരത്തോടു അടുക്കരുതു. 23 ലേവ്യർ സമാഗമനക്കുടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അതു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം; അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുതു. 24 യിസ്രായേൽമക്കൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്കു അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ടു അവർക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുതു എന്നു ഞാൻ അവരോടു കല്പിച്ചിരിക്കുന്നു. 25 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 26 നീ ലേവ്യരോടു പറയേണ്ടതു എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാൻ നിങ്ങളുടെ അവകാശമായി നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോൾ ദശാംശത്തിന്റെ പത്തിലൊന്നു നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം. 27 നിങ്ങളുടെ ഈ ഉദർച്ചാർപ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേർക്കു എണ്ണും. 28 ഇങ്ങനെ യിസ്രായേൽ മക്കളോടു നിങ്ങൾ വാങ്ങുന്ന സകലദശാംശത്തിൽനിന്നും യഹോവെക്കു ഒരു ഉദർച്ചാർപ്പണം അർപ്പിക്കേണം; യഹോവെക്കുള്ള ആ ഉദർച്ചാർപ്പണം നിങ്ങൾ പുരോഹിതനായ അഹരോന്നു കൊടുക്കേണം. 29 നിങ്ങൾക്കുള്ള സകലദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്റെയും വിശുദ്ധഭാഗം നിങ്ങൾ യഹോവെക്കു ഉദർച്ചാർപ്പണമായി അർപ്പിക്കേണം. 30 ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ അതിന്റെ ഉത്തമഭാഗം ഉദർച്ചാർപ്പണമായി അർപ്പിക്കുമ്പോൾ അതു കളത്തിലെ അനുഭവം പോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യർക്കു എണ്ണും. 31 അതു നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും എല്ലാടത്തുവെച്ചും ഭക്ഷിക്കാം; അതു സമാഗമനക്കുടാരത്തിങ്കൽ നിങ്ങൾ ചെയ്യുന്ന വേലെക്കുള്ള ശമ്പളം ആകുന്നു. 32 അതിന്റെ ഉത്തമഭാഗം ഉദർച്ചചെയ്താൽ പിന്നെ നിങ്ങൾ അതു നിമിത്തം പാപം വഹിക്കയില്ല; നിങ്ങൾ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കൾ അശുദ്ധമാക്കുകയും അതിനാൽ മരിച്ചു പോവാൻ ഇടവരികയുമില്ല.

സംഖ്യാപുസ്തകം 19

1 യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 2 യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാൽ: കളങ്കവും ഊനവുമില്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽമക്കളോടു പറക. 3 നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കേണം; അവൻ അതിനെ പാളയത്തിന്നു പുറത്തുകൊണ്ടുപോകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവെച്ചു അറുക്കയും വേണം. 4 പുരോഹിതനായ എലെയാസാർ വിരൽകൊണ്ടു അതിന്റെ രക്തം കുറെ എടുത്തു സമാഗമനക്കുടാരത്തിന്റെ മുൻഭാഗത്തിന്നു നേരെ ഏഴു പ്രാവശ്യം തളിക്കേണം. 5 അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം. 6 പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം. 7 അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 8 അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം. 9 പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം. 10 പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നു പാർക്കുന്ന പരദേശിക്കും ഇതു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം. 11 യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം. 12 അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല. 13 മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെ മേൽ നില്ക്കുന്നു. 14 കൂടാരത്തിൽവെച്ചു ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ആവിതു: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴുദിവസം അശുദ്ധൻ ആയിരിക്കേണം. 15 മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും. 16 വെളിയിൽവെച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവൻ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം. 17 അശുദ്ധനായിത്തീരുന്നവന്നുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്തു ഒരു പാത്രത്തിൽ ഇട്ടു അതിൽ ഉറവു വെള്ളം ഒഴിക്കേണം. 18 പിന്നെ ശുദ്ധിയുള്ള ഒരുത്തൻ ഈസോപ്പു എടുത്തു വെള്ളത്തിൽ മുക്കി കൂടാരത്തെയും സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചു പോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും തളിക്കേണം. 19 ശുദ്ധിയുള്ളവൻ അശുദ്ധനായ്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവൻ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താൻ കഴുകേണം; സന്ധ്യെക്കു അവൻ ശുദ്ധിയുള്ളവനാകും. 20 എന്നാൽ ആരെങ്കിലും അശുദ്ധനായ്തീർന്നിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽ നിന്നു ഛേദിച്ചുകളയേണം; അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. 21 ഇതു അവർക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണ ജലം തളിക്കുന്നവൻ വസ്ത്രം അലക്കേണം; ശുദ്ധീകരണ ജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കേണം. 22 അശുദ്ധൻ തൊടുന്നതു എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.

സംഖ്യാപുസ്തകം 20

1 അനന്തരം യിസ്രായേൽമക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെ വെച്ചു മിർയ്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു. 2 ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി. 3 ജനം മേശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. 4 ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു? 5 ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു. 6 എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽ നിന്നു സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സു അവർക്കു പ്രത്യക്ഷമായി. 7 യഹോവ മോശെയോടു: നിന്റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവർ കാൺകെ പാറയോടു കല്പിക്ക. 8 എന്നാൽ അതു വെള്ളം തരും; പാറയിൽ നിന്നു അവർക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിന്നും അവരുടെ കന്നുകാലികൾക്കും കുടിപ്പാൻ കൊടുക്കേണം എന്നു അരുളിച്ചെയ്തു. 9 തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു. 10 മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോടു: മത്സരികളേ, കേൾപ്പിൻ; ഈ പാറയിൽനിന്നു ഞങ്ങൾ നിങ്ങൾക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു. 11 മോശെ കൈ ഉയർത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. 12 പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങൾ യിസ്രായേൽമക്കൾ കാൺകെ എന്നെ ശുദ്ധീകരിപ്പാൻ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങൾ ഈ സഭയെ ഞാൻ അവർക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്നു അരുളിച്ചെയ്തു. 13 ഇതു യിസ്രായേൽമക്കൾ യഹോവയോടു കലഹിച്ചതും അവർ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം. 14 അനന്തരം മോശെ കാദേശിൽനിന്നു എദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതു: നിന്റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു: 15 ഞങ്ങൾക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽ പോയി ഏറിയ കാലം പാർത്തു: മിസ്രയീമ്യർ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു. 16 ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ അവൻ ഞങ്ങളുടെ നിലവിളി കേട്ടു ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങൾ നിന്റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു. 17 ഞങ്ങൾ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെവെള്ളം കുടിക്കയുമില്ല. ഞങ്ങൾ രാജപാതയിൽകൂടി തന്നേ നടക്കും; 18 നിന്റെ അതിർ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല. എദോം അവനോടു: നീ എന്റെ നാട്ടിൽകൂടി കടക്കരുതു: കടന്നാൽ ഞാൻ വാളുമായി നിന്റെ നേരെ പുറപ്പെടും എന്നു പറഞ്ഞു. 19 അതിന്നു യിസ്രായേൽമക്കൾ അവനോടു: ഞങ്ങൾ പെരുവഴിയിൽകൂടി പൊയ്ക്കൊള്ളാം; ഞാനും എന്റെ കന്നുകാലിയും നിന്റെ വെള്ളം കുടിച്ചുപോയാൽ അതിന്റെ വിലതരാം; കാൽനടയായി കടന്നു പോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു. 20 അതിന്നു അവൻ നീ കടന്നുപോകരുതു എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കയ്യോടുംകൂടെ അവന്റെ നേരെ പുറപ്പെട്ടു. 21 ഇങ്ങനെ എദോം തന്റെ അതിരിൽകൂടി കടന്നുപോകുവാൻ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ടു ഒഴിഞ്ഞുപോയി. 22 പിന്നെ യിസ്രായേൽമക്കളുടെ സർവ്വസഭയും കാദേശിൽനിന്നു യാത്രപുറപ്പെട്ടു ഹോർ പർവ്വതത്തിൽ എത്തി. 23 എദോംദേശത്തിന്റെ അതിരിങ്കലുള്ള ഹോർപർവ്വതത്തിൽവെച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തതു: 24 അഹരോൻ തന്റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങൾ എന്റെ കല്പന മറുത്തതുകൊണ്ടു ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു അവൻ കടക്കയില്ല. 25 അഹരോനെയും അവന്റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോർപർവ്വതത്തിൽ കൊണ്ടു ചെന്നു 26 അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോൻ അവിടെവെച്ചു മരിച്ചു തന്റെ ജനത്തോടു ചേരും. 27 യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സർവ്വസഭയും കാൺകെ അവർ ഹോർപർവ്വത്തിൽ കയറി. 28 മോശെ അഹരോന്റെ വസ്ത്രം ഊരി അവന്റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോൻ അവിടെ പർവ്വതത്തിന്റെ മുകളിൽവെച്ചു മരിച്ചു; മോശെയും എലെയാസാരും പർവ്വതത്തിൽനിന്നു ഇറങ്ങി വന്നു. അഹരോൻ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോൾ യിസ്രായേൽ ഗൃഹം ഒക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു

സംഖ്യാപുസ്തകം 21

1 യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി. 2 അപ്പോൾ യിസ്രായേൽ യഹോവെക്കു ഒരു നേർച്ച നേർന്നു; ഈ ജനത്തെ നീ എന്റെ കയ്യിൽ ഏല്പിച്ചാൽ ഞാൻ അവരുടെ പട്ടണങ്ങൾ ശപഥാർപ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു. 3 യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോർമ്മാ എന്നു പേരായി. 4 പിന്നെ അവർ എദോംദേശത്തെ ചുറ്റിപ്പോകുവാൻ ഹോർപർവ്വതത്തിങ്കൽനിന്നു ചെങ്കടൽവഴിയായി യാത്രപുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്റെ മനസ്സു ക്ഷീണിച്ചു. 5 ജനം ദൈവത്തിന്നും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിന്നു നിങ്ങൾ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു എന്തിന്നു? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങൾക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു. 6 അപ്പോൾ യഹോവ ജനത്തിന്റെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു. 7 ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങൾ യഹോവെക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാൻ യഹോവയോടു പ്രാർത്ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിന്നുവേണ്ടി പ്രാർത്ഥിച്ചു. 8 യഹോവ മോശെയോടു: ഒരു അഗ്നിസർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവൻ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു. 9 അങ്ങനെ മോശെ താമ്രംകൊണ്ടു ഒരു സർപ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സർപ്പം ആരെയെങ്കിലും കടിച്ചിട്ടു അവൻ താമ്രസർപ്പത്തെ നോക്കിയാൽ ജീവിക്കും. 10 അനന്തരം യിസ്രായേൽമക്കൾ പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. 11 ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിന്നു നേരെ മോവാബിന്റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി. 12 അവിടെനിന്നു പുറപ്പെട്ടു സാരോദ് താഴ്വരയിൽ പാളയമിറങ്ങി. 13 അവിടെനിന്നു പുറപ്പെട്ടു അമോർയ്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽ കൂടി ഒഴുകുന്ന അർന്നോൻ തോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോർയ്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു: 14 "സൂഫയിലെ വാഹേബും അർന്നോൻ താഴ്വരകളും ആരിന്റെ നിവാസത്തോളം നീണ്ടു. 15 മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവു" എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. 16 അവിടെനിന്നു അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതു തന്നേ. 17 ആ സമയത്തു യിസ്രായേൽ: "കിണറേ, പൊങ്ങിവാ; അതിന്നു പാടുവിൻ. 18 പ്രഭുക്കന്മാർ കുഴിച്ച കിണർ; ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകൾകൊണ്ടും കുത്തിയ കിണർ എന്നുള്ള പാട്ടുപാടി. 19 പിന്നെ അവർ മരുഭൂമിയിൽനിന്നു മത്ഥാനെക്കും മത്ഥാനയിൽനിന്നു നഹലീയേലിന്നും നഹലീയേലിൽനിന്നു 20 ബാമോത്തിന്നും ബാമോത്തിൽനിന്നു മോവാബിന്റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരെയുള്ള പിസ്ഗമുകളിലേക്കും യാത്രചെയ്തു. 21 അവിടെനിന്നു യിസ്രായേൽ അമോർയ്യരുടെ രാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: 22 ഞാൻ നിന്റെ ദേശത്തുകൂടി കടന്നുപോകുവാൻ അനുവദിക്കേണമേ; ഞങ്ങൾ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങൾ നിന്റെ അതിർകഴിയുംവരെ രാജപാതയിൽകൂടി തന്നേ പൊയ്ക്കൊള്ളാം എന്നു പറയിച്ചു. 23 എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു. 24 യിസ്രായേൽ അവനെ വാളിന്റെ വായ്ത്തലകൊണ്ടു വെട്ടി, അർന്നോൻ മുതൽ യബ്ബോക്ക്‌വരെയും അമ്മോന്യരുടെ അതിർവരെയും ഉള്ള അവന്റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളതു ആയിരുന്നു. 25 ഈ പട്ടണങ്ങൾ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോർയ്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാർത്തു; ഹെശ്ബോനിലും അതിന്റെ സകല ഗ്രാമങ്ങളിലും തന്നേ. 26 ഹെശ്ബോൻ അമോർയ്യരുടെ രാജാവായ സീഹോന്റെ നഗരം ആയിരുന്നു; അവൻ മുമ്പിലത്തെ മോവാബ് രാജാവിനോടു പടയെടുത്തു അർന്നോൻ വരെ ഉള്ള അവന്റെ ദേശമൊക്കെയും അവന്റെ കയ്യിൽനിന്നു പിടിച്ചിരുന്നു. 27 അതുകൊണ്ടു കവിവരന്മാർ പറയുന്നതു: "ഹെശ്ബോനിൽ വരുവിൻ; സീഹോന്റെ നഗരം പണിതുറപ്പിക്കട്ടെ. 28 ഹെശ്ബോനിൽനിന്നു തീയും സീഹോന്റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അർന്നോൻ തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു. 29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്റെ ജനമേ, നീ മുടിഞ്ഞിരിക്കുന്നു. അവൻ തന്റെ പുത്രന്മാരെ പലായനത്തിന്നും പുത്രിമാരെ അമോർയ്യരാജാവായ സീഹോന്നു അടിമയായും കൊടുത്തു. 30 ഞങ്ങൾ അവരെ അമ്പെയ്തു; ദീബോൻ വരെ ഹെശ്ബോൻ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി." 31 ഇങ്ങനെ യിസ്രായേൽ അമോർയ്യരുടെ ദേശത്തു കുടിപാർത്തു. 32 അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാൻ ആളയച്ചു; അവർ അതിന്റെ ഗ്രാമങ്ങളെ പിടിച്ചു അവിടെയുള്ള അമോർയ്യരെ ഓടിച്ചുകളഞ്ഞു. 33 പിന്നെ അവർ തിരിഞ്ഞു ബാശാൻ വഴിയായി പോയി; ബാശാൻ രാജാവായ ഓഗ് തന്റെ സകലജനവുമായി അവരുടെനേരെ പുറപ്പെട്ടു എദ്രെയിൽവെച്ചു പടയേറ്റു. 34 അപ്പോൾ യഹോവ മോശെയോടു: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ സകലജനത്തെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാർത്ത അമോർയ്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്നു അരുളിച്ചെയ്തു. 35 അങ്ങനെ അവർ അവനെയും അവന്റെ പുത്രന്മാരെയും അവന്റെ സകലജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.

സംഖ്യാപുസ്തകം 22

1 യിസ്രായേൽമക്കൾ യാത്രപുറപ്പെട്ടു യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നക്കരെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി. 2 യിസ്രായേൽ അമോർയ്യരോടു ചെയ്തതൊക്കെയും സിപ്പോരിന്റെ മകനായ ബാലാൿ അറിഞ്ഞു. 3 ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു. 4 മോവാബ് മിദ്യാന്യമൂപ്പന്മാരോടു: കാള വയലിലെ പുല്ലു നക്കിക്കളയുന്നതു പോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‌രാജാവു സിപ്പോരിന്റെ മകനായ ബാലാൿ ആയിരുന്നു. 5 അവൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പാൻ അവന്റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ പാർക്കുന്നു. 6 നീ വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവർ എന്നെക്കാൾ ഏറ്റവും ബലവാന്മാർ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്നു ഓടിച്ചുകളവാൻ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ, നീ ശപിക്കുന്നവൻ ശപിക്കപ്പെട്ടവൻ എന്നു ഞാൻ അറിയുന്നു എന്നു പറയിച്ചു. 7 മോവാബ്യ മൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരും കൂടി കയ്യിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്റെ അടുക്കൽ ചെന്നു ബാലാക്കിന്റെ വാക്കുകളെ അവനോടു പറഞ്ഞു. 8 അവൻ അവരോടു: ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതു പോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടു കൂടെ പാർത്തു. 9 ദൈവം ബിലെയാമിന്റെ അടുക്കൽവന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു ചോദിച്ചു. 10 ബിലെയാം ദൈവത്തോടു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം. 11 പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാൿ എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു. 12 ദൈവം ബിലെയാമിനോടു: നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു എന്നു കല്പിച്ചു. 13 ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല എന്നു പറഞ്ഞു. 14 മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല എന്നു പറഞ്ഞു. 15 ബാലാൿ വീണ്ടും അവരെക്കാൾ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു. 16 അവർ ബിലെയാമിന്റെ അടുക്കൽ വന്നു അവനോടു: എന്റെ അടുക്കൽ വരുന്നതിന്നു മുടക്കം ഒന്നും പറയരുതേ. 17 ഞാൻ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാൻ ചെയ്യാം; വന്നു എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്റെ മകനായ ബാലാൿ പറയുന്നു എന്നു പറഞ്ഞു. 18 ബിലെയാം ബാലാക്കിന്റെ ഭൃത്യന്മാരോടു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ചു ഏറെയോ കുറെയോ ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല. 19 ആകയാൽ യഹോവ ഇനിയും എന്നോടു എന്തു അരുളിച്ചെയ്യും എന്നു ഞാൻ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാർപ്പിൻ എന്നു ഉത്തരം പറഞ്ഞു. 20 രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: ഇവർ നിന്നെ വിളിപ്പാൻ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ടു അവരോടുകൂടെ പോക; എന്നാൽ ഞാൻ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവു എന്നു കല്പിച്ചു. 21 ബിലെയാം രാവിലെ എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി. 22 അവൻ പോകുന്നതുകൊണ്ടു ദൈവത്തിന്റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതൻ വഴിയിൽ അവന്നു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു. 23 യഹോവയുടെ ദൂതൻ വാൾ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽ നിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന്നു ബിലെയാം അതിനെ അടിച്ചു. 24 പിന്നെ യഹോവയുടെ ദൂതൻ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു. 25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികെ ഒതുങ്ങി ബിലെയാമിന്റെ കാൽ മതിലോടു ചേർത്തു ഞെക്കി; അവൻ അതിനെ വീണ്ടും അടിച്ചു. 26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടു ചെന്നു ഇടത്തോട്ടും വലത്തോട്ടും മാറുവാൻ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു. 27 യഹോവയുടെ ദൂതനെ കണ്ടപ്പോൾ കഴുത ബിലെയാമിന്റെ കീഴെകിടന്നുകളഞ്ഞു; ബിലെയാമിന്റെ കോപം ജ്വലിച്ചു അവൻ കഴുതയെ വടികൊണ്ടു അടിച്ചു. 28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോടു: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാൻ ഞാൻ നിന്നോടു എന്തു ചെയ്തു എന്നു ചോദിച്ചു. 29 ബിലെയാം കഴുതയോടു: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു. 30 കഴുത ബിലെയാമിനോടു: ഞാൻ നിന്റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്റെ പുറത്തല്ലയോ നീ കയറിനടന്നതു? ഞാൻ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്നു അവൻ പറഞ്ഞു. 31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണു തുറന്നു, യഹോവയുടെ ദൂതൻ വാളൂരിപ്പിടിച്ചു കൊണ്ടു നില്ക്കുന്നതു അവൻ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു. യഹോവയുടെ ദൂതൻ അവനോടു: 32 ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചതു എന്തു? ഇതാ, ഞാൻ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്റെ വഴി നാശകരം എന്നു ഞാൻ കാണുന്നു. 33 കഴുത എന്നെ കണ്ടു ഈ മൂന്നു പ്രാവശ്യം എന്റെ മുമ്പിൽ നിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലെങ്കിൽ ഞാൻ ഇപ്പോൾ തന്നേ നിന്നെ കൊന്നുകളകയും അതിനെ ജീവനോട രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു. 34 ബിലെയാം യഹോവയുടെ ദൂതനോടു: ഞാൻ പാപം ചെയ്തിരിക്കുന്നു: നീ എനിക്കു എതിരായി വഴിയിൽനിന്നിരുന്നു എന്നു ഞാൻ അറിഞ്ഞില്ല; ഇതു നിനക്കു അനിഷ്ടമെന്നുവരികിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. 35 യഹോവയുടെ ദൂതൻ ബിലെയാമിനോടു: ഇവരോടുകൂടെ പോക; എങ്കിലും ഞാൻ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവു എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു. 36 ബിലെയാം വരുന്നു എന്നു ബാലാൿ കേട്ടപ്പോൾ അർന്നോൻ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു. 37 ബാലാൿ ബിലെയാമിനോടു: ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു: 38 ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു എന്നു പറഞ്ഞു. 39 അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിർയ്യത്ത് - ഹൂസോത്തിൽ എത്തി. 40 ബാലാൿ കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു. 41 പിറ്റെന്നാൾ ബാലാൿ ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.

സംഖ്യാപുസ്തകം 23

1 അനന്തരം ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 2 ബിലെയാം പറഞ്ഞതുപോലെ ബാലാൿ ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു; 3 പിന്നെ ബിലെയാം ബാലാക്കിനോടു: നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവൻ എന്നെ ദർശിപ്പിക്കുന്നതു ഞാൻ നിന്നോടു അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി. 4 ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പിഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു. 5 എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു. 6 അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. 7 അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാൿ എന്നെ അരാമിൽനിന്നും മോവാബ്‌രാജാവു പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു. 8 ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും? 9 ശിലാഗ്രങ്ങളിൽനിന്നു ഞാൻ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാൻ അവനെ ദർശിക്കുന്നു; ഇതാ തനിച്ചു പാർക്കുന്നോരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല. 10 യാക്കോബിന്റെ ധൂളിയെ ആർക്കു എണ്ണാം? യിസ്രായേലിന്റെ കാലംശത്തെ ആർക്കു ഗണിക്കാം? ഭക്തന്മാർ മരിക്കുമ്പോലെ ഞാൻ മരിക്കട്ടെ; എന്റെ അവസാനം അവന്റേതുപോലെ ആകട്ടെ. 11 ബാലാൿ ബിലെയാമിനോടു: നീ എന്നോടു ഈ ചെയ്തതു എന്തു? എന്റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാൻ നിന്നെ വരുത്തിയതു? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 12 അതിന്നു അവൻ: യഹോവ എന്റെ നാവിന്മേൽ തന്നതു പറവാൻ ഞാൻ ശ്രദ്ധിക്കേണ്ടായോ എന്നു ഉത്തരം പറഞ്ഞു. 13 ബാലാൿ അവനോടു: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന്നു എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്നു അവരെ ശപിക്കേണം എന്നു പറഞ്ഞു. 14 ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു. 15 പിന്നെ അവൻ ബാലാക്കിനോടു: ഇവിടെ നിന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിൽക്ക; ഞാൻ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു. 16 യഹോവ ബിലെയാമിന്നു പ്രത്യക്ഷനായി അവന്റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറക എന്നു കല്പിച്ചു. 17 അവൻ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ മോവാബ്യ പ്രഭുക്കന്മാരോടുകൂടെ തന്റെ ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു. അപ്പോൾ ബാലാൿ അവനോടു: യഹോവ എന്തു അരുളിച്ചെയ്തു എന്നു ചോദിച്ചു. 18 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്കേ, എഴുന്നേറ്റു കേൾക്ക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവി തരിക. 19 വ്യാജം പറവാൻ ദൈവം മനുഷ്യനല്ല; അനുതപിപ്പാൻ അവൻ മനുഷ്യപുത്രനുമല്ല; താൻ കല്പിച്ചതു ചെയ്യാതിരിക്കുമോ? താൻ അരുളിച്ചെയ്തതു നിവർത്തിക്കാതിരിക്കുമോ? 20 അനുഗ്രഹിപ്പാൻ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവൻ അനുഗ്രഹിച്ചിരിക്കുന്നു; എനിക്കു അതു മറിച്ചുകൂടാ. 21 യാക്കോബിൽ തിന്മ കാണ്മാനില്ല; യിസ്രായേലിൽ കഷ്ടത ദർശിപ്പാനുമില്ല; അവന്റെ ദൈവമായ യഹോവ അവനോടു കൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മദ്ധ്യേ ഉണ്ടു. 22 ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു. 23 ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോൾ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവർത്തിച്ചിരിക്കുന്നു എന്നേ പറയാവു. 24 ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവൻ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല. 25 അപ്പോൾ ബാലാൿ ബിലെയാമിനോടു: അവരെ ശപിക്കയും വേണ്ടാ അനുഗ്രഹിക്കയും വേണ്ടാ എന്നു പറഞ്ഞു. 26 ബിലെയാം ബാലാക്കിനോടു: യഹോവ കല്പിക്കുന്നതൊക്കെയും ഞാൻ ചെയ്യും എന്നു നിന്നോടു പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു. 27 ബാലാൿ ബിലെയാമിനോടു: വരിക, ഞാൻ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്നു നീ എനിക്കുവേണ്ടി അവരെ ശപിപ്പാൻ ദൈവത്തിന്നു പക്ഷേ സമ്മതമാകും എന്നു പറഞ്ഞു. 28 അങ്ങനെ ബാലാൿ ബിലെയാമിനെ മരുഭൂമിക്കു എതിരെയുള്ള പെയോർമലയുടെ മുകളിൽ കൊണ്ടുപോയി. 29 ബിലെയാം ബാലാക്കിനോടു: ഇവിടെ എനിക്കു ഏഴു യാഗപീഠം പണിതു ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഒരുക്കിനിർത്തുക എന്നു പറഞ്ഞു. 30 ബിലെയാം പറഞ്ഞതുപോലെ ബാലാൿ ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.

സംഖ്യാപുസ്തകം 24

1 യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവെക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോൾ അവൻ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാൻ പോകാതെ മരുഭൂമിക്കുനേരെ മുഖം തിരിച്ചു. 2 ബിലെയാം തല ഉയർത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാർക്കുന്നതു കണ്ടു; ദൈവത്തിന്റെ ആത്മാവു അവന്റെമേൽ വന്നു; 3 അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബെയോരിന്റെ മകനായ ബിലെയാം പറയുന്നു. 4 കണ്ണടച്ചിരിക്കുന്ന പുരുഷൻ പറയുന്നു; ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു: 5 യാക്കോബേ, നിന്റെ കൂടാരങ്ങൾ യിസ്രായേലേ, നിന്റെ നിവാസങ്ങൾ എത്ര മനോഹരം! 6 താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങൾ പോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെ തന്നേ. 7 അവന്റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്റെ വിത്തിന്നു വെള്ളം ധാരാളം; അവന്റെ അരചൻ ആഗാഗിലും ശ്രേഷ്ഠൻ; അവന്റെ രാജത്വം ഉന്നതം തന്നേ. 8 ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടു വരുന്നു; കാട്ടുപോത്തിന്നു തുല്യമായ ബലം അവന്നു ഉണ്ടു; ശത്രുജാതികളെ അവൻ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവൻ തകർക്കുന്നു; അസ്ത്രം എയ്തു അവരെ തുളെക്കുന്നു. 9 അവൻ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നേ; ആർ അവനെ ഉണർത്തും? നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ; നിന്നെ ശപിക്കുന്നവൻ ശപീക്കപ്പെട്ടവൻ. 10 അപ്പോൾ ബാലാക്കിന്റെ കോപം ബിലെയാമിന്റെ നേരെ ജ്വലിച്ചു; അവൻ കൈ ഞെരിച്ചു ബിലെയാമിനോടു: എന്റെ ശത്രുക്കളെ ശപിപ്പാൻ ഞാൻ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീർവ്വദിക്കയത്രേ ചെയ്തിരിക്കുന്നു. 11 ഇപ്പോൾ നിന്റെ സ്ഥലത്തേക്കു ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാൻ ഞാൻ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു. 12 അതിന്നു ബിലെയാം ബാലാക്കിനോടു പറഞ്ഞതു: ബാലാൿ തന്റെ ഗൃഹം നിറെച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ചു ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാൻ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ 13 ഞാൻ പറകയുള്ളു എന്നു എന്റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാൻ പറഞ്ഞില്ലയോ? 14 ഇപ്പോൾ ഇതാ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം. 15 പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു; 16 ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു: 17 ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും. 18 എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും. 19 യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും. 20 അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേൿ ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ. 21 അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു. 22 എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചുകൊണ്ടുപോവാൻ ഇനിയെത്ര? 23 പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും? 24 കിത്തീംതീരത്തുനിന്നു കപ്പലുകൾ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവന്നും നിർമ്മൂലനാശം ഭവിക്കും 25 അതിന്റെ ശേഷം ബിലെയാം പുറപ്പെട്ടു തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്റെ വഴിക്കു പോയി.

സംഖ്യാപുസ്തകം 25

1 യിസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി. 2 അവർ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികൾക്കു വിളിക്കയും ജനം ഭക്ഷിച്ചു അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു. 3 യിസ്രായേൽ ബാൽപെയോരിനോടു ചേർന്നു, യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു. 4 യഹോവ മോശെയോടു: ജനത്തിന്റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന്നു അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു. 5 മോശെ യിസ്രായേൽ ന്യായാധിപന്മാരോടു: നിങ്ങൾ ഓരോരുത്തൻ താന്താന്റെ ആളുകളിൽ ബാൽപെയോരിനോടു ചേർന്നവരെ കൊല്ലുവിൻ എന്നു പറഞ്ഞു. 6 എന്നാൽ മോശെയും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു. 7 അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു, 8 ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി. 9 ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ. 10 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: 11 ഞാൻ എന്റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന്നു അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്റെ ക്രോധം യിസ്രായേൽ മക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു. 12 ആകയാൽ ഇതാ, ഞാൻ അവന്നു എന്റെ സമാധാനനിയമം കൊടുക്കുന്നു. 13 അവൻ തന്റെ ദൈവത്തിന്നുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ടു അതു അവന്നും അവന്റെ സന്തതിക്കും നിത്യപൌരോഹിത്യത്തിന്റെ നിയമമാകുന്നു എന്നു നീ പറയേണം. 14 മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു. 15 കൊല്ലപ്പെട്ട മിദ്യാന്യ സ്ത്രീക്കു കൊസ്ബി എന്നു പേർ; അവൾ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്റെ മകളായിരുന്നു. 16 പെയോരിന്റെ സംഗതിയിലും പെയോർ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്റെ മകൾ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യർ നിങ്ങളെ ചതിച്ചു ഉപായങ്ങളാൽ വലെച്ചിരിക്കകൊണ്ടു, 17 നിങ്ങൾ അവരെ വലെച്ചു സംഹരിപ്പിൻ 18 എന്നു യഹോവ മോശെയോടു അരുളിച്ചെയ്തു.

സംഖ്യാപുസ്തകം 26

1 ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും: 2 യിസ്രായേൽമക്കളുടെ സർവ്വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിൻ എന്നു കല്പിച്ചു. 3 അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽ വെച്ചു അവരോടു: 4 യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിൻ എന്നു പറഞ്ഞു. 5 യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം; 6 ഹെസ്രോനിൽനിന്നു ഹെസ്രോന്യ കുടുംബം; കർമ്മിയിൽനിന്നു കർമ്മ്യകുടുംബം. 7 ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതു പേർ. 8 പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്. 9 എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവെക്കു വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവർ തന്നേ; 10 ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായ്തീർന്നു. 11 എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല. 12 ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം; 13 സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം. 14 ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ. 15 ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്നു ശൂനീയകുടുംബം; 16 ഒസ്നിയിൽനിന്നു ഒസ്നീയകുടുംബം; ഏരിയിൽനിന്നു ഏർയ്യകുടുംബം; 17 അരോദിൽനിന്നു അരോദ്യകുടുംബം; അരേലിയിൽനിന്നു അരേല്യകുടുംബം. 18 അവരിൽ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തഞ്ഞൂറു പേർ. 19 യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻ ദേശത്തു വെച്ചു മരിച്ചുപോയി. 20 യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശേലയിൽനിന്നു ശേലാന്യകുടുംബം; ഫേരെസിൽനിന്നു ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം. 21 ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം. 22 അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്താറായിരത്തഞ്ഞൂറു പേർ. 23 യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബം കുടുംബമായി ആരെന്നാൽ: തോലാവിൽ നിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം; 24 യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം. 25 അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തു നാലായിരത്തി മുന്നൂറു പേർ. 26 സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്നു സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യ കുടുംബം; യഹ്ളേലിൽനിന്നു യഹ്ളേല്യകുടുംബം. 27 അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തഞ്ഞൂറു പേർ. 28 യോസേഫിന്റെ പുത്രന്മാർ കുടുംബം കുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും. 29 മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്നു മാഖീർയ്യകുടുംബം; മാഖീർ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം. 30 ഗിലെയാദിന്റെ പുത്രന്മാർ ആരെന്നാൽ: ഈയേസെരിൽ നിന്നു ഈയേസെർയ്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം. 31 അസ്രീയേലിൽനിന്നു അസ്രീയേല്യകുടുംബം; ശേഖെമിൽ നിന്നാു ശേഖെമ്യകുടുംബം; 32 ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽ നിന്നു ഹേഫെർയ്യകുടുംബം. 33 ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ളാ, നോവാ, ഹൊഗ്ള, മിൽക്കാ, തിർസാ എന്നിവരായിരുന്നു. 34 അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തീരായിരത്തെഴുനൂറു പേർ. 35 എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെർയ്യകുടുംബം; തഹനിൽ നിന്നു തഹന്യകുടുംബം, 36 ശൂഥേലഹിന്റെ പുത്രന്മാർ ആരെന്നാൽ: ഏരാനിൽനിന്നു ഏരാന്യകടുംബം. 37 അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തീരായിരത്തഞ്ഞൂറുപേർ. ഇവർ കുടുംബം കുടുംബമായി യോസേഫിന്റെ പുത്രന്മാർ. 38 ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്നു അസ്ബേല്യകുടുംബം; അഹീരാമിൽനിന്നു അഹീരാമ്യകുടുംബം; 39 ശെഫൂമിൽനിന്നു ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്നു ഹൂഫാമ്യകുടുംബം. 40 ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്നു അർദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം. 41 ഇവർ കുടുംബംകുടുംബമായി ബേന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറു പേർ. 42 ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങൾ ആകുന്നു. 43 ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തുനാലായിരത്തി നാനാറു പേർ. 44 ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വയിൽനിന്നു യിശ്വീയ കുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം. 45 ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെർയ്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം. 46 ആശേരിന്റെ പുത്രിക്കു സാറാ എന്നു പേർ. 47 ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തുമൂവായിരത്തി നാനൂറു പേർ. 48 നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം; 49 യേസെരിൽനിന്നു യേസെർയ്യകുടുംബം. ശില്ലോമിൽനിന്നു ശില്ലോമ്യ കുടുംബം 50 ഇവർ കുടുംബം കുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി നാനൂറു പേർ. 51 യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവർ ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേർ. 52 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: 53 ഇവർക്കു ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം. 54 ആളേറെയുള്ളവർക്കു അവകാശം ഏറെയും ആൾ കുറവുള്ളവർക്കു അവകാശം കുറെച്ചും കൊടുക്കേണം; ഓരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം. 55 ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവർക്കു അവകാശം ലഭിക്കേണം. 56 ആൾ ഏറെയുള്ളവർക്കും കുറെയുള്ളവർക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം. 57 ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ആരെന്നാൽ: ഗേർശോനിൽനിന്നു ഗേർശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാർയ്യകുടുംബം. 58 ലേവ്യകുടുംബങ്ങൾ ആവിതു: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു. 59 അമ്രാമിന്റെ ഭാര്യക്കു യോഖേബേദ് എന്നു പേർ; അവൾ മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകൾ; അവൾ അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിർയ്യാമിനെയും പ്രസവിച്ചു. 60 അഹരോന്നു നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു. 61 എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി. 62 ഒരു മാസം പ്രായംമുതൽ മേലോട്ടു അവരിൽ എണ്ണപ്പെട്ട ആണുങ്ങൾ ആകെ ഇരുപത്തുമൂവായിരം പേർ; യിസ്രായേൽമക്കളുടെ ഇടയിൽ അവർക്കു അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല. 63 യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നേ. 64 എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവെച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോൾ അവർ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. 65 അവർ മരുഭൂമിയിൽവെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

സംഖ്യാപുസ്തകം 27

1 അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ളാ, നോവ, ഹോഗ്ള, മിൽക്കാ, തിർസാ, എന്നിവരായിരുന്നു. 2 അവർ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വ സഭയുടെയും മുമ്പാകെ നിന്നു പറഞ്ഞതു എന്തെന്നാൽ: 3 ഞങ്ങളുടെ അപ്പൻ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവെക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചതു; അവന്നു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല. 4 ഞങ്ങളുടെ അപ്പന്നു മകൻ ഇല്ലായ്കകൊണ്ടു അവന്റെ പേർ കുടുംബത്തിൽനിന്നു ഇല്ലാതെയാകുന്നതു എന്തു? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്കു ഒരു അവകാസം തരേണം. 5 മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വെച്ചു. 6 യഹോവ മോശെയേൂടു അരുളിച്ചെയ്തതു: 7 സെലോഫ ഹാദിന്റെ പുത്രിമാർ പറയുന്നതു ശരിതന്നേ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്കു ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്റെ അവകാശം അവർക്കു കൊടുക്കേണം. 8 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്കു കൊടുക്കേണം. 9 അവന്നു മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്കു കൊടുക്കേണം. 10 അവന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്കു കൊടുക്കേണം. 11 അവന്റെ അപ്പന്നു സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന്നു അവന്റെ അവകാശം കൊടുക്കേണം അവൻ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതു പോലെ യിസ്രായേൽമക്കൾക്കു ന്യായപ്രമാണം ആയിരിക്കേണം. 12 അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക. 13 അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും. 14 സഭയുടെ കലഹത്തിങ്കൽ നിങ്ങൾ സീൻമരുഭൂമിയിൽവെച്ചു അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ടു തന്നേ. സീൻമരുഭൂമിയിൽ കാദേശിലെ കലഹജലം അതു തന്നേ. 15 അപ്പോൾ മോശെ യഹോവയോടു: 16 യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാൻ തക്കവണ്ണം അവർക്കു മുമ്പായി പോകുവാനും അവർക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും 17 അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു. 18 യഹോവ മോശെയോടു കല്പിച്ചതു: എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ചു 19 അവന്റെ മേൽ കൈവെച്ചു അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന്നു ആജ്ഞകൊടുക്ക. 20 യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന്നു നിന്റെ മഹിമയിൽ ഒരംശം അവന്റെ മേൽ വെക്കേണം. 21 അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കേണം; അവൻ അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം. 22 യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയു മുമ്പാകെ നിർത്തി. 23 അവന്റെമേൽ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.

സംഖ്യാപുസ്തകം 28

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 എനിക്കു സൌരഭ്യവാസനയായ ദഹനയാഗങ്ങൾക്കുള്ള എന്റെ ഭോജനമായ വഴിപാടു തക്കസമയത്തു എനിക്കു അർപ്പിക്കേണ്ടതിന്നു ജാഗ്രതയായിരിപ്പാൻ യിസ്രായേൽമക്കളോടു കല്പിക്കേണം. 3 നീ അവരോടു പറയേണ്ടതു: നിങ്ങൾ യഹോവെക്കു അർപ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാൾതോറും നിരന്തരഹോമയാഗത്തിന്നായി: ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടു. 4 ഒരു കുഞ്ഞാടിനെ രാവിലേയും മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം. 5 ഇടിച്ചെടുത്ത എണ്ണ കാൽ ഹീൻ ചേർത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായും അർപ്പിക്കേണം. 6 ഇതു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി സീനായിപർവ്വതത്തിൽവെച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം. 7 അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവെക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം. 8 മറ്റെ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവും അതിന്റെ പാനീയയാഗവുംപോലെ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം. 9 ശബ്ബത്ത് നാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിന്നായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും അതിന്റെ പാനീയയാഗവും അർപ്പിക്കേണം. 10 നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം. 11 നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും 12 കാള ഒന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റന്നു ഭോജനയാഗമായി എണ്ണചേർത്ത രണ്ടിടങ്ങഴി മാവും 13 കുഞ്ഞാടൊന്നിന്നു ഭോജനയാഗമായി എണ്ണചേർത്ത ഒരിടങ്ങഴി മാവും അർപ്പിക്കേണം. അതു ഹോമയാഗം; യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം തന്നേ. 14 അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം. 15 നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ പാപയാഗമായി യഹോവെക്കു ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കേണം. 16 ഒന്നാം മാസം പതിന്നാലാം തിയ്യതി യഹോവയുടെ പെസഹ ആകുന്നു. 17 ആമാസം പതിനഞ്ചാം തിയ്യതി പെരുനാൾ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം. 18 ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു. 19 എന്നാൽ നിങ്ങൾ യഹോവെക്കു ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം. 20 അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവു ആയിരിക്കേണം; കാള ഒന്നിന്നു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന്നു രണ്ടിടങ്ങഴിയും 21 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഓരോ ഇടങ്ങഴിയും അർപ്പിക്കേണം. 22 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടിനെയും അർപ്പിക്കേണം. 23 നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിന്നു പുറമെ ഇവ അർപ്പിക്കേണം. 24 ഇങ്ങനെ ഏഴു നാളും യഹോവെക്കു സൌരഭ്യവാസനയായി ദഹനയാഗത്തിന്റെ ഭോജനം ദിവസംപ്രതി അർപ്പിക്കേണം. നിരന്തരഹോമയാഗത്തിന്നും അതിന്റെ പാനീയയാഗത്തിന്നും പുറമെ ഇതു അർപ്പിക്കേണം. 25 ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു. 26 വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയധാന്യംകൊണ്ടു ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുതു. 27 എന്നാൽ നിങ്ങൾ യഹോവെക്കു സൌരഭ്യവാസനയായ ഹോമയാഗത്തിന്നായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം. 28 അവയുടെ ഭോജനയാഗമായി എണ്ണചേർത്ത മാവു, കാള ഒന്നിന്നു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും 29 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും 30 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ ഒരു കോലാട്ടുകൊറ്റനും വേണം. 31 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവയുടെ പാനീയയാഗത്തിന്നും പുറമെ നിങ്ങൾ ഇവ അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.

സംഖ്യാപുസ്തകം 29

1 ഏഴാം മാസം ഒന്നാം തിയ്യതി വിശുദ്ധ സഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; അതു നിങ്ങൾക്കു കാഹളനാദോത്സവം ആകുന്നു. 2 അന്നു നിങ്ങൾ യഹോവെക്കു സൊരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം. 3 അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും, 4 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം. 5 നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാൻ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 6 അമാവാസിയിലെ ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും നാൾതോറുമുള്ള ഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അവെക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി തന്നേ. 7 ഏഴാം മാസം പത്താം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു നിങ്ങൾ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുതു. 8 എന്നാൽ യഹോവെക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അർപ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം. 9 അവയുടെ ഭോജനയാഗം എണ്ണ ചേർത്ത മാവു കാളെക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന്നു ഇടങ്ങഴി രണ്ടും 10 ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന്നു ഇടങ്ങഴി ഓരോന്നും ആയിരിക്കേണം. 11 പ്രായശ്ചിത്തയാഗത്തിന്നും നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്നും വേണം. 12 ഏഴാം മാസം പതിനഞ്ചാം തിയ്യതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യ വേലയൊന്നും ചെയ്യരുതു; ഏഴു ദിവസം യഹോവെക്കു ഉത്സവം അചരിക്കേണം. 13 നിങ്ങൾ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം. 14 അവയുടെ ഭോജനയാഗം പതിമൂന്നു കാളയിൽ ഓരോന്നിന്നു എണ്ണചേർത്ത മാവു ഇടങ്ങഴി മുമ്മൂന്നും രണ്ടു ആട്ടുകൊറ്റനിൽ ഓരോന്നിന്നു ഇടങ്ങഴി ഈരണ്ടും 15 പതിന്നാലു കുഞ്ഞാട്ടിൽ ഓരോന്നിന്നും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം. 16 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 17 രണ്ടാം ദിവസം നിങ്ങൾ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം. 18 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം. 19 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 20 മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം. 21 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം. 22 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 23 നാലാം ദിവസം പത്തു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സുപ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം. 24 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം. 25 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 26 അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ളഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം. 27 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം. 28 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 29 ആറാം ദിവസം എട്ടു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലും കുഞ്ഞാടിനെയും അർപ്പിക്കേണം. 30 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം. 31 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 32 ഏഴാം ദിവസം ഏഴു കാളയെയും രണ്ടു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അർപ്പിക്കേണം. 33 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം. 34 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനും വേണം. 35 എട്ടാം ദിവസം നിങ്ങൾക്കു അന്ത്യയോഗം ഉണ്ടാകേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുതു. 36 എന്നാൽ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം. 37 അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം. 38 നിരന്തരഹോമയാഗത്തിന്നും അതിന്റെ ഭോജനയാഗത്തിന്നും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിന്നായിട്ടു ഒരു കോലാട്ടുകൊറ്റനും വേണം. 39 ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവെക്കു അർപ്പിക്കേണം. 40 യഹോവ മോശെയോടു കല്പിച്ചതു ഒക്കെയും മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.

സംഖ്യാപുസ്തകം 30

1 മോശെ യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടു പറഞ്ഞതു: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ: 2 ആരെങ്കിലും യഹോവെക്കു ഒരു നേർച്ച നേരുകയോ ഒരു പരിവർജ്ജനവ്രതം ദീക്ഷിപ്പാൻ ശപഥംചെയ്കയോ ചെയ്താൽ അവൻ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം. 3 ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്റെ വീട്ടിൽ ഇരിക്കുമ്പോൾ യഹോവെക്കു ഒരു നേർച്ചനേർന്നു ഒരു പരിവർജ്ജനവ്രതം നിശ്ചയിക്കയും 4 അവളുടെ അപ്പൻ അവളുടെ നേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാനേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും. 5 എന്നാൽ അവളുടെ അപ്പൻ അവളുടെ എല്ലാനേർച്ചയെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതത്തെയും കുറിച്ചു കേൾക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പൻ അവളോടു വിലക്കുകകൊണ്ടു യഹോവ അവളോടു ക്ഷമിക്കും. 6 അവൾക്കു ഒരു നേർച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതമോ ഉള്ളപ്പോൾ 7 അവൾ ഒരുത്തന്നു ഭാര്യയാകയും ഭർത്താവു അതിനെക്കുറിച്ചു കേൾക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേർച്ചകളും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും സ്ഥിരമായിരിക്കും. 8 എന്നാൽ ഭർത്താവു അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേർച്ചയും അവൾ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവർജ്ജനവ്രതവും അവൻ ദുർബ്ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും. 9 വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേർച്ചയും പരിവർജ്ജനവ്രതവും എല്ലാം അവളുടെ മേൽ സ്ഥിരമായിരിക്കും. 10 അവൾ ഭർത്താവിന്റെ വീട്ടിൽവെച്ചു നേരുകയോ ഒരു പരിവർജ്ജനശപഥം ചെയ്കയോ ചെയ്തിട്ടു 11 ഭർത്താവു അതിനെക്കുറിച്ചു കേൾക്കുമ്പോൾ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേർച്ചകൾ ഒക്കെയും അവൾ നിശ്ചയിച്ച പരിവർജ്ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും. 12 എന്നാൽ ഭർത്താവു കേട്ട നാളിൽ അവയെ ദുർബ്ബലപ്പെടുത്തി എങ്കിൽ നേർച്ചകളോ പരിവർജ്ജനവ്രതമോ സംബന്ധിച്ചു അവളുടെ നാവിന്മേൽ നിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭർത്താവു അതിനെ ദുർബ്ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും. 13 ആത്മതപനം ചെയ്‍വാനുള്ള ഏതു നേർച്ചയും പരിവർജ്ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുർബ്ബലപ്പെടുത്തുവാനോ ഭർത്താവിന്നു അധികാരം ഉണ്ടു. 14 എന്നാൽ ഭർത്താവു ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവൻ അവളുടെ എല്ലാനേർച്ചയും അവൾ നിശ്ചയിച്ച സകലപരിവർജ്ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ടു അവൻ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു. 15 എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുർബ്ബലപ്പെടുത്തിയാൽ അവൻ അവളുടെ കുറ്റം വഹിക്കും. 16 ഭാര്യാഭർത്താക്കന്മാർ തമ്മിലും അപ്പന്റെ വീട്ടിൽ കന്യകയായി പാർക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിന്നു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങൾ ഇവ തന്നേ.

സംഖ്യാപുസ്തകം 31

1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു: 2 യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും. 3 അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ. 4 നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപോരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു. 5 അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു. 6 മോശെ ഓരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു. 7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു. 8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യ രാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു. 9 യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു. 10 അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു. 11 അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു. 12 ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽകൊണ്ടു വന്നു. 13 മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു. 14 എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ: 15 നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു. 16 ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു. 17 ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ. 18 പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ. 19 നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം. 20 സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമംകൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ. 21 പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു: 22 പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു, 23 വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം. 24 ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം. 25 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: 26 നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി 27 പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ. 28 യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം. 29 അവർക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം. 30 എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം. 31 യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു. 32 യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും 33 എഴുപത്തീരായിരം മാടും 34 അറുപത്തോരായിരം കഴുതയും 35 പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു. 36 യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു. 37 ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു; 38 കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു; 39 കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു; 40 ആൾ പതിനാറായിരം; അവരിൽ യഹോവെക്കുള്ള ഓഹരി മുപ്പത്തി രണ്ടു. 41 യഹോവെക്കു ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതു പോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു. 42 മോശെ പടയാളികളുടെ പക്കൽ നിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്നു - 43 സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും 44 മുപ്പത്താറായിരം മാടും 45 മുപ്പതിനായിരത്തഞ്ഞൂറു കഴുതയും 46 പതിനാറായിരം ആളും ആയിരുന്നു - 47 യിസ്രായേൽമക്കളുടെ പാതിയിൽനിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്കു കൊടുത്തു. 48 പിന്നെ സൈന്യസഹസ്രങ്ങൾക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്നു മോശെയോടു: 49 അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല. 50 അതുകൊണ്ടു ഞങ്ങൾക്കു ഓരോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്കു, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങൾ യഹോവെക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു. 51 മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി. 52 സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവെക്കു ഉദർച്ചാർപ്പണം ചെയ്ത പൊന്നു എല്ലാം കൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെൽ ആയിരുന്നു. 53 യോദ്ധാക്കളിൽ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു. 54 മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമ്മെക്കായി സമാഗമനക്കുടാരത്തിൽകൊണ്ടു പോയി.

സംഖ്യാപുസ്തകം 32

1 എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്‌ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു 2 മോശെയൊടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു: 3 അതാരോത്ത്, ദീബോൻ, യസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സെബാം, നെബോ, ബെയോൻ 4 എന്നിങ്ങനെ യഹോവ യിസ്രായേൽ സഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു. 5 അതുകൊണ്ടു നിനക്കു അടയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങൾക്കു അവകാശമായി തരേണം; ഞങ്ങളെ യോർദ്ദാന്നക്കരെ കൊണ്ടു പോകരുതേ എന്നു പറഞ്ഞു. 6 മോശെ ഗാദ്യരോടും രൂഹേന്യരോടും പറഞ്ഞതു: നിങ്ങളുടെ സഹോദരന്മർ യുദ്ധത്തിന്നു പോകുമ്പോൾ നിങ്ങൾക്കു ഇവിടെ ഇരിക്കേണമെന്നോ? 7 യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു അവർ കടക്കാതിരിപ്പാൻ തക്കവണ്ണം നിങ്ങൾ അവരെ അധൈര്യപ്പെടുത്തുന്നതു എന്തിന്നു? 8 ഒറ്റുനോക്കേണ്ടതിന്നു ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്ബർന്നേയയിൽനിന്നു അയച്ചപ്പോൾ അവർ ഇങ്ങനെ തന്നേ ചെയ്തു. 9 അവർ എസ്കോൽ താഴ്വരയൊളം ചെന്നു ദേശം കണ്ടശേഷം യഹോവ യിസ്രായേൽമക്കൾക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി. 10 അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവൻ സത്യംചേയ്തു കല്പിച്ചതു: 11 കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു 12 അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവർ എന്നോടു പൂർണ്ണമായി പറ്റി നിൽക്കായ്കകൊണ്ടു തന്നേ. 13 അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്റെ നേരെ ജ്വലിച്ചു; യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവൻ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി. 14 എന്നാൽ യിസ്രായേലിന്റെ നേരെ യഹോവയുടെ ഉഗ്രകോപം ഇനിയും വർദ്ധിപ്പാൻ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാർക്കു പകരം നിങ്ങൾ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു. 15 നിങ്ങൾ അവനെ വിട്ടു പിന്നോക്കം പോയാൽ അവൻ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങൾ ഈ ജനത്തെയെല്ലാം നശിപ്പിക്കും. 16 അപ്പോൾ അവർ അടുത്തു ചെന്നു പറഞ്ഞതു: ഞങ്ങൾ ഇവിടെ ഞങ്ങളുടെ ആടുമാടുകൾക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികൾക്കു പട്ടണങ്ങളും പണിയട്ടെ. 17 എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങൾ യുദ്ധസന്നദ്ധരായി അവർക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികൾ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാർക്കട്ടെ. 18 യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങൾ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരികയില്ല. 19 യോർദ്ദാന്നക്കരെയും അതിന്നപ്പുറവും ഞങ്ങൾ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോർദ്ദാന്നിക്കരെ ഞങ്ങൾക്കു അവകാശം ഉണ്ടല്ലോ. 20 അതിന്നു മോശെ അവരോടു പറഞ്ഞതു: നിങ്ങൾ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു 21 യഹോവ തന്റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങൾ എല്ലാവരും അവന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോർദ്ദാന്നക്കരെ കടന്നുപോകുമെങ്കിൽ 22 ദേശം യഹോവയുടെ മുമ്പാകെ കീഴമർന്നശേഷം നിങ്ങൾ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോൾ ഈ ദേശം യഹോവയുടെ മുമ്പാകെ നിങ്ങളുടെ അവകാശമാകും. 23 എന്നാൽ നിങ്ങൾ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങൾ അനുഭവിക്കും. 24 നിങ്ങളുടെ കുട്ടികൾക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകൾക്കായി തൊഴുത്തുകളും പണിതു നിങ്ങൾ പറഞ്ഞതുപോലെ ചെയ്തുകൊൾവിൻ. 25 ഗാദ്യരും രൂബേന്യരും മോശെയോടു യജമാനൻ കല്പിക്കുന്നതുപോലെ അടിയങ്ങൾ ചെയ്തുകൊള്ളാം. 26 ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ. 27 അടിയങ്ങളോ യജമാനൻ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന്നു കടന്നു പോകാം എന്നു പറഞ്ഞു. 28 ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്റെ മകനായ യോശുവയോടും യിസ്രായേൽ മക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ: 29 ഗാദ്യരും രൂബേന്യരും ഓരോരുത്തൻ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോർദ്ദാന്നക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങൾ അവർക്കു ഗിലെയാദ് ദേശം അവകാശമായി കൊടുക്കേണം. 30 എന്നാൽ അവർ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരെക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാൻ ദേശത്തുതന്നേ ആയിരിക്കേണം. 31 ഗാദ്യരും രൂബേന്യരും അതിന്നു: യഹോവ അടിയങ്ങളോടു അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം. 32 ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിന്നു ഞങ്ങൾ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാൻ ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു. 33 അപ്പോൾ മോശെ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിന്നും അമോർയ്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻ രാജാവായ ഓഗിന്റെ രാജ്യവുമായ ദേശവും അതിന്റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു. 34 അങ്ങനെ ഗാദ്യർ ദീബോൻ, അതാരോത്ത്, 35 അരോയേർ, അത്രോത്ത്, ശോഫാൻ, യസേർ, യൊഗ്ബെഹാ, 36 ബേത്ത്-നിമ്രാ, ബേത്ത്-ഹാരാൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകൾക്കു തൊഴുത്തുകളായും പണിതു. 37 രൂബേന്യർ ഹെശ്ബോനും എലെയാലേയും കിർയ്യത്തയീമും പേരുമാറ്റിക്കളഞ്ഞ നെബോ, 38 ബാൽമെയോൻ എന്നിവയും സിബ്മയും പണിതു; അവർ പണിത പട്ടണങ്ങൾക്കു പുതിയ പേരിട്ടു. 39 മനശ്ശെയുടെ മകനായ മാഖീരിന്റെ പുത്രന്മാർ ഗിലെയാദിൽ ചെന്നു അതിനെ അടക്കി, അവിടെ പാർത്തിരുന്ന അമോർയ്യരെ ഓടിച്ചുകളഞ്ഞു. 40 മോശെ ഗിലെയാദ് ദേശം മനശ്ശെയുടെ മകനായ മാഖീരിന്നു കൊടുത്തു; അവൻ അവിടെ പാർത്തു. 41 മനശ്ശെയുടെ പുത്രനായ യായീർ ചെന്നു അതിലെ ഊരുകളെ അടക്കി, അവെക്കു ഹവവോത്ത്-യായീർ (യായീരിന്റെ ഊരുകൾ) എന്നു പേരിട്ടു. 42 നോബഹ് ചെന്നു കെനാത്ത് പട്ടണവും അതിന്റെ ഗ്രാമങ്ങളും അടക്കി; അതിന്നു തന്റെ പേരിൻ പ്രകാരം നോബഹ് എന്നു പേരിട്ടു.

സംഖ്യാപുസ്തകം 33

1 മോശെയുടെയും അഹരോന്റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങൾ ആവിതു: 2 മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങൾ എഴുതിവെച്ചു; താവളം താവളമായി അവർ ചെയ്ത പ്രയാണങ്ങൾ ആവിതു: 3 ഒന്നാം മാസം പതിനഞ്ചാം തിയ്യതി അവർ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റെന്നാൾ യിസ്രായേൽമക്കൾ എല്ലാമിസ്രയീമ്യരും കാൺകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു. 4 മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു. 5 യിസ്രായേൽമക്കൾ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി. 6 സുക്കോത്തിൽനിന്നു അവർ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി. 7 ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോന്നെതിരെയുള്ള പീഹഹീരോത്തിന്നു തിരിഞ്ഞുവന്നു; അവർ മിഗ്ദോലിന്നു കിഴക്കു പാളയമിറങ്ങി. 8 പീഹഹീരോത്തിന്നു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്റെ നടവിൽകൂടി മരുഭൂമിയിൽ കടന്നു ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴിനടന്നു മാറയിൽ പാളയമിറങ്ങി. 9 മാറയിൽനിന്നു പുറപ്പെട്ടു ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നതു കൊണ്ടു അവർ അവിടെ പാളയമിറങ്ങി. 10 ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിന്നരികെ പാളയമിറങ്ങി. 11 ചെങ്കടലിന്നരികെനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. 12 സീൻമരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കുയിൽ പാളയമിറങ്ങി. 13 ദൊഫ്ക്കുയിൽ നിന്നു പുറപ്പെട്ടു ആലൂശിൽ പാളയമിറങ്ങി. 14 ആലൂശിൽ നിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിന്നു കുടിപ്പാൻ വെള്ളമില്ലായിരുന്നു. 15 രെഫീദീമിൽ നിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി. 16 സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി. 17 കിബ്രോത്ത്-ഹത്താവയിൽ നിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി. 18 ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി. 19 രിത്തമയിൽനിന്നു പുറപ്പെട്ടു രിമ്മോൻ-പേരെസിൽ പാളയമിറങ്ങി. 20 രിമ്മോൻ-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി. 21 ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി. 22 രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി. 23 കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേർമലയിൽ പാളയമിറങ്ങി. 24 ശാഫേർമലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി. 25 ഹരാദയിൽനിന്നു പുറപ്പെട്ടു മകഹേലോത്തിൽ പാളയമിറങ്ങി. 26 മകഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി. 27 തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി. 28 താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കുയിൽ പാളയമിറങ്ങി. 29 മിത്ത്ക്കുയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി. 30 ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി. 31 മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി. 32 ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി. 33 ഹോർ-ഹഗ്ഗിദ്ഗാദിൽ നിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി. 34 യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി. 35 അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോൻ-ഗേബെരിൽ പാളയമിറങ്ങി. 36 എസ്യോൻ-ഗേബെരിൽനിന്നു പുറപ്പെട്ടു സീൻമരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്. 37 അവർ കാദേശിൽനിന്നു പുറപ്പെട്ടു എദോംദേശത്തിന്റെ അതിരിങ്കൽ ഹോർപർവ്വതത്തിങ്കൽ പാളയമിറങ്ങി. 38 പുരോഹിതനായ അഹരോൻ യഹോവയുടെ കല്പനപ്രകാരം ഹോർ പർവ്വതത്തിൽ കയറി, യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പോന്നതിന്റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തിയ്യതി അവിടെവെച്ചു മരിച്ചു. 39 അഹരോൻ ഹോർ പർവ്വതത്തിൽവെച്ചു മരിച്ചപ്പോൾ അവന്നു നൂറ്റിരുപത്തിമൂന്നു വയസ്സായിരുന്നു. 40 എന്നാൽ കനാൻ ദേശത്തു തെക്കു പാർത്തിരുന്ന കനാന്യനായ അരാദ്‍രാജാവു യിസ്രായേൽ മക്കളുടെ വരവിനെക്കുറിച്ചു കേട്ടു. 41 ഹോർ പർവ്വതത്തിങ്കൽനിന്നു അവർ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി. 42 സല്മോനയിൽ നിന്നു പറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി. 43 പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി. 44 ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്റെ അതിരിങ്കൽ ഈയേ-അബാരീമിൽ പാളയമിറങ്ങി. 45 ഈയീമിൽനിന്നു പുറപ്പെട്ടു ദീബോൻ ഗാദിൽ പാളയമിറങ്ങി. 46 ദീബോൻ ഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ളാഥയീമിൽ പാളയമിറങ്ങി. 47 അല്മോദിബ്ളാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിന്നു കിഴക്കു അബാരീംപർവ്വതത്തിങ്കൽ പാളയമിറങ്ങി. 48 അബാരീംപർവ്വതത്തിങ്കൽ നിന്നു പുറപ്പെട്ടു യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ പാളയമിറങ്ങി. 49 യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽ ബേത്ത്-യെശീമോത്ത് മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി. 50 യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെയോടു അരുളിച്ചെയ്തതു: 51 നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങൾ യോർദ്ദാന്നക്കരെ കനാൻ ദേശത്തേക്കു കടന്നശേഷം 52 ദേശത്തിലെ സകലനിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകർത്തു അവരുടെ സകലപൂജാഗിരികളെയും നശിപ്പിച്ചുകളയേണം. 53 നിങ്ങൾ ദേശം കൈവശമാക്കി അതിൽ കുടിപാർക്കേണം; നിങ്ങൾ കൈവശമാക്കേണ്ടതിന്നു ഞാൻ ആ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. 54 നിങ്ങൾ കുടുംബംകുടുംബമായി ദേശം ചീട്ടിട്ടു അവകാശമാക്കേണം; ആളേറെയുള്ളവർക്കു ഏറെയും കുറെയുള്ളവക്കു കുറെയും അവകാശം കൊടുക്കേണം; അവന്നവന്നു ചീട്ടു എവിടെ വീഴുന്നുവോ അവിടെ അവന്റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങൾക്കു അവകാശം ലഭിക്കേണം. 55 എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങൾ അവരിൽ ശേഷിപ്പിക്കുന്നവർ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാർശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങൾ പാർക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും. 56 അത്രയുമല്ല, ഞാൻ അവരോടു ചെയ്‍വാൻ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.

സംഖ്യാപുസ്തകം 34

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 2 യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങൾ കനാൻ ദേശത്തു എത്തുമ്പോൾ നിങ്ങൾക്കു അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്റെ അതിർ ഇങ്ങനെ ആയിരിക്കേണം. 3 തെക്കെ ഭാഗം സീൻമരുഭൂമിതുടങ്ങി എദോമിന്റെ വശത്തുകൂടിയായിരിക്കേണം; നിങ്ങളുടെ തെക്കെ അതിർ കിഴക്കു ഉപ്പുകടലിന്റെ അറ്റം തുടങ്ങി ആയിരിക്കേണം. 4 പിന്നെ നിങ്ങളുടെ അതിർ അക്രബ്ബീംകയറ്റത്തിന്നു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്ബർന്നേയയുടെ തെക്കു അവസാനിക്കേണം. അവിടെനിന്നു ഹസർ-അദ്ദാർവരെ ചെന്നു അസ്മോനിലേക്കു കടക്കേണം. 5 പിന്നെ അതിർ അസ്മോൻ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം. 6 പടിഞ്ഞാറോ മഹാസമുദ്രം അതിർ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറെ അതിർ. 7 വടക്കോ മഹാസമുദ്രംതുടങ്ങി ഹോർപർവ്വതം നിങ്ങളുടെ അതിരാക്കേണം. 8 ഹോർപർവ്വതംമുതൽ ഹമാത്ത്‌വരെ അതിരാക്കേണം. സെദാദിൽ ആ അതിർ അവസാനിക്കേണം; 9 പിന്നെ അതിർ സിഫ്രോൻ വരെ ചെന്നു ഹസാർ-ഏനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കെ അതിർ. 10 കിഴക്കോ ഹസാർ-എനാൻ തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം. 11 ശെഫാംതുടങ്ങി ആ അതിർ അയീന്റെ കിഴക്കു ഭാഗത്തു രിബ്ളാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നേരെത്ത് കടലിന്റെ കിഴക്കെ കര തൊട്ടിരിക്കേണം. 12 അവിടെ നിന്നു യോർദ്ദാൻ വഴിയായി ഇറങ്ങിച്ചെന്നു ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്റെ അതിർ ആയിരിക്കേണം. 13 മോശെ യിസ്രായേൽമക്കളോടു കല്പിച്ചതു: നിങ്ങൾക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങൾക്കു കൊടുപ്പാൻ കല്പിച്ചിട്ടുള്ള ദേശം ഇതു തന്നേ. 14 രൂബേൻ ഗോത്രക്കാരുടെ കുടുംബങ്ങൾക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങൾക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ. 15 ഈ രണ്ടര ഗോത്രത്തിന്നു അവകാശം ലഭിച്ചതു കിഴക്കൻ പ്രദേശത്തു യെരീഹോവിന്നു കിഴക്കു യോർദ്ദാന്നക്കരെ ആയിരുന്നു. 16 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു: 17 നിങ്ങൾക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും. 18 ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിന്നു നിങ്ങൾ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം. 19 അവർ ആരെല്ലാമെന്നാൽ: യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്. 20 ശിമെയോൻ ഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ ശെമൂവേൽ. 21 ബെന്യാമീൻ ഗോത്രത്തിൽ കിസ്ളോന്റെ മകൻ എലീദാദ്. 22 ദാൻഗോത്രത്തിന്നുള്ള പ്രഭു യൊഗ്ളിയുടെ മകൻ ബുക്കി. 23 യോസേഫിന്റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിന്നുള്ള പ്രഭു എഫോദിന്റെ മകൻ ഹാന്നീയേൽ. 24 എഫ്രയീംഗോത്രത്തിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ. 25 സെബൂലൂൻ ഗോത്രത്തിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ. 26 യിസ്സാഖാർ ഗോത്രത്തിന്നുള്ള പ്രഭു അസ്സാന്റെ മകൻ പൽത്തീയേൽ. 27 ആശേർഗോത്രത്തിന്നുള്ള പ്രഭു ശെലോമിയുടെ പുത്രൻ അഹീഹൂദ്. 28 നഫ്താലിഗോത്രത്തിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ. 29 യിസ്രായേൽമക്കൾക്കു കനാൻ ദേശത്തു അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ചവർ ഇവർ തന്നേ.

സംഖ്യാപുസ്തകം 35

1 യഹോവ പിന്നെയും യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു മോശെയോടു അരുളിച്ചെയ്തതു: 2 യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യർക്കു വസിപ്പാൻ പട്ടങ്ങൾ കൊടുക്കേണമെന്നു അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്കു കൊടുക്കേണം. 3 പട്ടണങ്ങൾ അവർക്കു പാർപ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകൾ മുതലായ സകലമൃഗസമ്പത്തിന്നും വേണ്ടി ആയിരിക്കേണം. 4 നിങ്ങൾ ലേവ്യർക്കു കൊടുക്കേണ്ടുന്ന പുല്പുറം. പട്ടണത്തിന്റെ മതിലിങ്കൽ തുടങ്ങിപുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം. 5 പട്ടണം നടുവാക്കി അതിന്നു പുറമെ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇതു അവർക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം. 6 നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറു സങ്കേതനഗരങ്ങളായിരിക്കേണം; കുലചെയ്തവൻ അവിടേക്കു ഓടിപ്പോകേണ്ടതിന്നു നിങ്ങൾ അവയെ അവന്നു വേണ്ടി വേറുതിരിക്കേണം; ഇവകൂടാതെ നിങ്ങൾ വേറെയും നാല്പത്തുരണ്ടു പട്ടണങ്ങളെ കൊടുക്കേണം. 7 അങ്ങനെ നിങ്ങൾ ലേവ്യർക്കു കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടെ നാല്പത്തെട്ടു ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം. 8 യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവർ ഏറെയും ജനം കുറഞ്ഞവർ കുറെയും പട്ടണങ്ങൾ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന്നു ഒത്തവണ്ണം ലേവ്യർക്കു പട്ടണങ്ങളെ കൊടുക്കേണം. 9 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: 10 നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങൾ യോർദ്ദാൻ കടന്നു കനാൻ ദേശത്തു എത്തിയശേഷം 11 ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേറുതിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവൻ അവിടേക്കു ഓടിപ്പോകേണം. 12 കുലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നില്ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 13 നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരം ആയിരിക്കേണം. 14 യോർദ്ദാന്നക്കരെ മൂന്നുപട്ടണവും കനാൻ ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കേണം. 15 അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവൻ ഏവനും അവിടേക്കു ഓടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നുപാർക്കുന്നവന്നും സങ്കേതം ആയിരിക്കേണം. 16 എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 17 മരിപ്പാൻ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലെറിഞ്ഞിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണ ശിക്ഷ അനുഭവിക്കേണം. 18 അല്ലെങ്കിൽ മരിപ്പാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ടു ഒരുത്തനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവൻ കുലപാതകൻ; കുലപാതകൻ മരണശിക്ഷ അനുഭവിക്കേണം. 19 രക്തപ്രതികാരകൻ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോൾ അവനെ കൊല്ലേണം. 20 ആരെങ്കിലും ദ്വേഷംനിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറികയോ ചെയ്തിട്ടു അവൻ മരിച്ചുപോയാൽ, 21 അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ടു അവനെ അടിച്ചിട്ടു അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കേണം. അവൻ കുലപാതകൻ; രക്തപ്രതികാരകൻ കുലപാതകനെ കണ്ടുകൂടുമ്പോൾ കൊന്നുകളയേണം. 22 എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്നു ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്റെ മേൽ എറിഞ്ഞുപോകയോ, 23 അവന്നു ശത്രുവായിരിക്കാതെയും അവന്നു ദോഷം വിചാരിക്കാതെയും അവൻ മരിപ്പാൻ തക്കവണ്ണം അവനെ കാണാതെ കല്ലു എറികയോ ചെയ്തിട്ടു അവൻ മരിച്ചു പോയാൽ 24 കുലചെയ്തവന്നും രക്തപ്രതികാരകന്നും മദ്ധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം. 25 കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം. 26 എന്നാൽ കുലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിർ വിട്ടു പുറത്തു വരികയും 27 അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിന്നു പുറത്തുവെച്ചു കണ്ടു രക്തപ്രതികാരകൻ കുലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന്നു രക്തപാതകം ഇല്ല. 28 അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കുലചെയ്തവന്നു മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം. 29 ഇതു നിങ്ങൾക്കു തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം. 30 ആരെങ്കിലും ഒരുത്തനെ കൊന്നാൽ കുലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷെക്കു ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല. 31 മരണയോഗ്യനായ കുലപാതകന്റെ ജീവന്നുവേണ്ടി നിങ്ങൾ വീണ്ടെടുപ്പു വില വാങ്ങരുതു; അവൻ മരണശിക്ഷ തന്നേ അനുഭവിക്കേണം. 32 സങ്കേതനഗരത്തിലേക്കു ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിന്നു മുമ്പെ നാട്ടിൽ മടങ്ങിവന്നു പാർക്കേണ്ടതിന്നും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുതു. 33 നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുതു; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിന്നുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന്നു പ്രായശ്ചിത്തം സാദ്ധമല്ല. 34 അതു കൊണ്ടു ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുതു; യിസ്രായേൽമക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു.

സംഖ്യാപുസ്തകം 36

1 യോസേഫിന്റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മക്കളുടെ കുടുംബത്തലവന്മാർ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞതു: 2 യിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്കു കൊടുപ്പാൻ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി. 3 എന്നാൽ അവർ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവർക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്റെ ഓഹരിയിൽനിന്നു പൊയ്പോകും. 4 യിസ്രായേൽമക്കളുടെ യോബേൽ സംവത്സരം വരുമ്പോൾ അവരുടെ അവകാശം അവർ ചേരുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും. 5 അപ്പോൾ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചതു: യോസേഫിന്റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരി തന്നേ. 6 യഹോവ ശെലോഫഹാദിന്റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്നകാര്യം എന്തെന്നാൽ: അവർ തങ്ങൾക്കു ബോധിച്ചവർക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവർക്കു മാത്രമേ ആകാവു. 7 യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽ നിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുതു; യിസ്രായേൽമക്കളിൽ ഓരോരുത്തൻ താന്താന്റെ പിതൃഗോത്രത്തിന്റെ അവകാശത്തോടു ചേർന്നിരിക്കേണം; 8 യിസ്രായേൽമക്കൾ ഓരോരുത്തൻ താന്താന്റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിന്നു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതുകന്യകയും തന്റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തന്നു ഭാര്യയാകേണം. 9 അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തൻ താന്താന്റെ അവകാശത്തോടു ചേർന്നിരിക്കേണം. 10 യഹോവ മോശെയോടു കല്പിച്ചതുപോലെ ശെലോഫഹാദിന്റെ പുത്രിമാർ ചെയ്തു. 11 ശെലോഫഹാദിന്റെ പുത്രിമാരായ മഹ്ളാ, തിർസാ, ഹൊഗ്ളാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ അപ്പന്റെ സഹോദരന്മാരുടെ പുത്രന്മാർക്കു ഭാര്യമാരായി. 12 യോസേഫിന്റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവർ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്റെ ഗോത്രത്തിൽതന്നേ ഇരിക്കയും ചെയ്തു. 13 യെരീഹോവിന്നെതിരെ യോർദ്ദാന്നരികെ മോവാബ് സമഭൂമിയിൽവെച്ചു യഹോവ മോശെമുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവ തന്നേ.


Free counters!   Site Meter(April28th2012)