Home Churches About
 

ലൂക്കോസ്

Luke

1:1 ശ്രീമാനായ തെയോഫിലോസേ, ആദി മുതല്‍ കണ്ട സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ, 2 നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു, 3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു 4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു. 5 യെഹൂദ്യരാജാവായ ഹെരോദാവിന്‍റെ കാലത്തു അബീയാക്ക്കുറില്‍ സെഖര്യാവു എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്കു എലീശബെത്ത് എന്നു പേര്‍ . 6 ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്‍റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. 7 എലീശബെത്ത് മച്ചിയാകകൊണ്ടു അവര്‍ക്കും സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു. 8 അവന്‍ ക്കുറിന്‍റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍ : 9 പൌരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്‍റെ മന്ദിരത്തില്‍ ചെന്നു ധൂപം കാട്ടുവാന്‍ അവന്നു നറുക്കു വന്നു. 10 ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹം ഒക്കെയും പുറത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 11 അപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ ധൂപപീഠത്തിന്‍റെ വലത്തു ഭാഗത്തു നില്‍ക്കുന്നവനായിട്ടു അവന്നു പ്രത്യക്ഷനായി. 12 സെഖര്യാവു അവനെ കണ്ടു ഭ്രമിച്ചു ഭയപരവശനായി. 13 ദൂതന്‍ അവനോടു പറഞ്ഞതു: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാര്‍ത്ഥനെക്കു ഉത്തരമായി: നിന്‍റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാന്‍ എന്നു പേര്‍ ഇടേണം. 14 നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും. 15 അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വെച്ചു തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും. 16 അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും. 17 അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ടു ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിന്നുവേണ്ടി ഒരുക്കുവാന്‍ അവന്നു മുമ്പായി ഏലീയാവിന്‍റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും. 18 സെഖര്യാവു ദൂതനോടു; ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്‍റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു. 19 ദൂതന്‍ അവനോടു: ഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. 20 തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്‍റെ ഈ വാക്കു വിശ്വസിക്കായ്കകൊണ്ടു അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൌനമായിരിക്കും എന്നു ഉത്തരം പറഞ്ഞു. 21 ജനം സെഖര്യാവിന്നായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപെട്ടു. 22 അവന്‍ പുറത്തു വന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന്‍ മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്നു അവര്‍ അറിഞ്ഞു; അവന്‍ അവര്‍ക്കും ആഗ്യം കാട്ടി ഊമനായി പാര്‍ത്തു. 23 അവന്‍റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന്‍ വീട്ടിലേക്കു പോയി. 24 ആ നാളുകള്‍ കഴിഞ്ഞിട്ടു അവന്‍റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു: 25 മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവു എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ചു മാസം ഒളിച്ചു പാര്‍ത്തു. 26 ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്‍ , 27 ദാവീദ് ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന്നു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര്‍ മറിയ എന്നു ആയിരുന്നു. 28 ദൂതന്‍ അവളുടെ അടുക്കല്‍ അകത്തു ചെന്നു: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവു നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു. 29 അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇതു എന്തൊരു വന്ദനം എന്നു വിചാരിച്ചു. 30 ദൂതന്‍ അവളോടു: മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചു. 31 നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര്‍ വിളിക്കേണം. 32 അവന്‍ വലിയവന്‍ ആകും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവന്നു കൊടുക്കും 33 അവന്‍ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. 34 മറിയ ദൂതനോടു: ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു. 35 അതിന്നു ദൂതന്‍ : പരിശുദ്ധാത്മാവു നിന്‍റെ മേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെ മേല്‍ നിഴലിടും; ആകയാല്‍ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും. 36 നിന്‍റെ ചാര്‍ച്ചക്കാരത്തി എലീശബെത്തും വാര്‍ദ്ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്കു ഇതു ആറാം മാസം. 37 ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. 38 അതിന്നു മറിയ: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്കു പോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന്‍ അവളെ വിട്ടുപോയി. 39 ആ നാളുകളില്‍ മറിയ എഴുന്നേറ്റു മല നാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില്‍ ബദ്ധപ്പെട്ടു ചെന്നു, 40 സെഖര്യാവിന്‍റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു. 41 മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, 42 ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതു: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍ : നിന്‍റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു: 43 എന്‍റെ കര്‍ത്താവിന്‍റെ മാതാവു എന്‍റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി. 44 നിന്‍റെ വന്ദനസ്വരം എന്‍റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്‍റെ ഗര്‍ഭത്തില്‍ ആനന്ദം കൊണ്ടു തുള്ളി. 45 കര്‍ത്താവു തന്നോടു അരുളിച്ചെയ്തതിന്നു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി. 46 അപ്പോള്‍ മറിയ പറഞ്ഞതു: “എന്‍റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു; 47 എന്‍റെ ആത്മാവു എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു. 48 അവന്‍ തന്‍റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും. 49 ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു. 50 അവനെ ഭയപ്പെടുന്നവര്‍ക്കും അവന്‍റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു. 51 തന്‍റെ ഭുജംകൊണ്ടു അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു. 52 പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍ നിന്നു ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു. 53 വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു. 54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്‍റെ സന്തതിക്കും എന്നേക്കും കരുണ ഓ‍ര്‍ക്കേണ്ടതിന്നു, 55 തന്‍റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.” 56 മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ടു വീട്ടിലേക്കു മടങ്ങിപ്പോയി. 57 എലീശബെത്തിന്നു പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു; 58 കര്‍ത്താവു അവള്‍ക്കു വലിയ കരുണ കാണിച്ചു എന്നു അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ടു അവളോടുകൂടെ സന്തോഷിച്ചു. 59 എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്‍റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു. 60 അവന്‍റെ അമ്മയോ: അല്ല, അവന്നു യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു. 61 അവര്‍ അവളോടു: നിന്‍റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു. 62 പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു. 63 അവന്‍ ഒരു എഴുത്തു പലക ചോദിച്ചു: അവന്‍റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു. 64 ഉടനെ അവന്‍റെ വായും നാവും തുറന്നു, അവന്‍ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു. 65 ചുറ്റും പാര്‍ക്കുന്നവര്‍ക്കും എല്ലാം ഭയം ഉണ്ടായി;, യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു. 66 കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചു: ഈ പൈതല്‍ എന്തു ആകും എന്നു പറഞ്ഞു; കര്‍ത്താവിന്‍റെ കൈ അവനോടു കൂടെ ഉണ്ടായിരുന്നു. 67 അവന്‍റെ അപ്പനായ സെഖര്യാവു പരിശുദ്ധാത്മാവു നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞതു: 68 “യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവു അനുഗ്രഹിക്കപ്പെട്ടവന്‍ . അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ചു ഉദ്ധാരണം ചെയ്കയും 69 ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ 70 നമ്മുടെ ശത്രുക്കളുടെ വശത്തു നിന്നും നമ്മെ പകെക്കുന്ന ഏവരുടെയും കയ്യില്‍ നിന്നും നമ്മെ രക്ഷിപ്പാന്‍ 71 തന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പു ഉയര്‍ത്തുകയും ചെയ്തിരിക്കുന്നതു, 72 നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിന്നും 73 നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിക്കപ്പെട്ടു 74 നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു 75 അവന്‍ നമ്മുടെ പിതാവായ അബ്രാഹാമിനോടു സത്യവും തന്‍റെ വിശുദ്ധ നിയമവും ഓ‍ര്‍ത്തതുകൊണ്ടും ആകുന്നു. 76 നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും 77 നമ്മുടെ ദൈവത്തിന്‍റെ ആര്‍ദ്രകരുണയാല്‍ അവന്‍റെ ജനത്തിന്നു പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവന്നു മുമ്പായി നടക്കും. 78 ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന്നു 79 ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്നു ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.” 80 പൈതല്‍ വളര്‍ന്നു ആത്മാവില്‍ ബലപ്പെട്ടു; അവന്‍ യിസ്രായേലിന്നു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.

2:1 ആ കാലത്തു ലോകം ഒക്കെയും പേര്‍വഴി ചാര്‍ത്തേണം എന്നു ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു. 2 കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി. 3 എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിന്നു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി. 4 അങ്ങനെ യോസേഫും ദാവീദിന്‍റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ടു തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടും കൂടെ ചാര്‍ത്തപ്പെടേണ്ടതിന്നു ഗലീലയിലെ നസറത്ത് പട്ടണം വിട്ടു, 5 യെഹൂദ്യയില്‍ ബേത്ളേഹെം എന്ന ദാവീദിന്‍ പട്ടണത്തിലേക്കു പോയി. 6 അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികെഞ്ഞു. 7 അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്കും സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. 8 അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു. 9 അപ്പോള്‍ കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര്‍ ഭയപരവശരായിതീര്‍ന്നു. 10 ദൂതന്‍ അവരോടു: ഭയപ്പെടേണ്ടാ; സര്‍വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു. 11 കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു. 12 നിങ്ങള്‍ക്കു അടയാളമോ; ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു. 13 പെട്ടെന്നു സ്വര്‍ഗ്ഗീയ സൈന്യത്തിന്‍റെ ഒരു സംഘം ദൂതനോടു ചേര്‍ന്നു ദൈവത്തെ പുകഴ്ത്തി. 14 “അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കും സമാധാനം” എന്നു പറഞ്ഞു. 15 ദൂതന്മാ‍ര്‍ അവരെ വിട്ടു സ്വര്‍ഗ്ഗത്തില്‍ പോയ ശേഷം ഇടയന്മാര്‍ :ബേത്ത്ലേഹെമോളം ചെന്നു കര്‍ത്താവു നമ്മോടു അറിയിച്ച ഈ സംഭവം കണേണം എന്നു തമ്മില്‍ പറഞ്ഞു 16 അവര്‍ ബദ്ധപ്പെട്ടു ചെന്നു, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു. 17 കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്കു അറിയിച്ചു. 18 കേട്ടവര്‍ എല്ലാവരും ഇടയന്മാര്‍ പറഞ്ഞതിനെക്കുറിച്ചു ആശ്ചര്യപ്പെട്ടു. 19 മറിയ ഈ വാര്‍ത്ത ഒക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു. 20 തങ്ങളോടു അറിയിച്ചതുപോലെ ഇടയന്മാര്‍ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി. 21 പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കുംമുമ്പെ ദൂതന്‍ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര്‍ വിളിച്ചു. 22 മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍ 23 കടിഞ്ഞൂലായ ആണൊക്കെയും കര്‍ത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ 24 അവനെ കര്‍ത്താവിന്നു അര്‍പ്പിപ്പാനും ഒരു ഇണ കുറപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി. 25 യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിന്നായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെ മേല്‍ ഉണ്ടായിരുന്നു. 26 കര്‍ത്താവിന്‍റെ ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാണ്കയില്ല എന്നു പരിശുദ്ധാത്മാവിനാല്‍ അവന്നു അരുളപ്പാടു ഉണ്ടായിരുന്നു. 27 അവന്‍ ആത്മനിയോഗത്താല്‍ ദൈവാലയത്തില്‍ ചെന്നു. യേശു എന്ന പൈതലിന്നു വേണ്ടി ന്യായപ്രമാണത്തിന്‍റെ ചട്ടപ്രകാരം ചെയ്‍വാന്‍ അമ്മയപ്പന്മാര്‍ അവനെ അകത്തു കൊണ്ടുചെന്നപ്പോള്‍ 28 അവന്‍ അവനെ കയ്യില്‍ ഏന്തി ദൈവത്തെ പുകഴ്ത്തി: 29 “ഇപ്പോള്‍ നാഥാ തിരുവചനം പോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. 30 ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്വവുമായി 31 നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ 32 എന്‍റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു. 33 ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതില്‍ അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു. 34 ​പിന്നെ ശീമ്യോന്‍ അവരെ അനുഗ്രഹിച്ചു അവന്‍റെ അമ്മയായ മറിയയോടു:അനേകഹൃദയങ്ങളിലെ വിചാരം വെളിപ്പെടെണ്ടതിന്നു ഇവനെ യിസ്രായേലില്‍ പലരുടെയും വീഴ്ചക്കും എഴുന്നെല്പിന്നും മറുത്തുപറയുന്ന അടയാളത്തിന്നുമായി വെച്ചിരിക്കുന്നു. 35 നിന്‍റെ സ്വന്തപ്രാണനില്‍കൂടിയും ഒരു വാള്‍ കടക്കും എന്നു പറഞ്ഞു. 36 ആശേര്‍ ഗോത്രത്തില്‍ ഫനൂവേലിന്‍റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവള്‍ കന്യാകാലത്തില്‍ പിന്നെ ഭര്‍ത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി 37 ദൈവാലയം വിട്ടു പിരിയാതെ ഉപവാസത്തോടും പ്രാര്‍ത്ഥനയോടും കൂടെ രാവും പകലും ആരാധന ചെയ്തു പോന്നു. 38 ആ നാഴികയില്‍ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു. 39 കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചുരിക്കുന്നതൊക്കെയും നിവര്‍ത്തിച്ചശേഷം അവര്‍ ഗലീലയില്‍ തങ്ങളുടെ പട്ടണമായ നസറത്തിലേക്കു മടങ്ങിപ്പോയി. 40 പൈതല്‍ വളര്‍ന്നു ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു. 41 അവന്‍റെ അമ്മയപ്പന്മാര്‍ ആണ്ടുതോറും പെസഹപെരുനാളിന്നു യെരൂശലേമിലേക്കു പോകും. 42 അവന്നു പന്ത്രണ്ടു വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുനാളിന്നു പോയി. 43 പെരുനാള്‍ കഴിഞ്ഞു മടങ്ങിപ്പോരുമ്പോള്‍ ബാലനായ യേശു യെരൂശലേമില്‍ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല. 44 സഹയാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും എന്നു അവര്‍ ഊഹിച്ചിട്ടു ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ തിരഞ്ഞു. 45 കാണാഞ്ഞിട്ടു അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി. 46 മൂന്നു നാള്‍ കഴിഞ്ഞശേഷം അവന്‍ ദൈവാലയത്തില്‍ ഉപദേഷ്ടാക്കന്മാരുടെ നടുവില്‍ ഇരിക്കുന്നതും അവരുടെ ഉപദേശം കേള്‍ക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു. 47 അവന്‍റെ വാക്കു കേട്ടവര്‍ക്കെല്ലാവര്‍ക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവര്‍ അതിശയിച്ചു; 48 അമ്മ അവനോടു: മകനേ, ഞങ്ങളോടു ഇങ്ങനെ ചെയ്തതു എന്തു? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്നു പറഞ്ഞു. 49 അവന്‍ അവരോടു: എന്നെ തിരഞ്ഞതു എന്തിന്നു? എന്‍റെ പിതാവിന്നുള്ളതില്‍ ഞാന്‍ ഇരിക്കേണ്ടതു എന്നു നിങ്ങള്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു. 50 അവന്‍ തങ്ങളോടു പറഞ്ഞ വാക്കു അവര്‍ ഗ്രഹിച്ചില്ല. 51 പിന്നെ അവന്‍ അവരോടുകൂടെ ഇറങ്ങി, നസറെത്തില്‍ വന്നു അവര്‍ക്കും കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അവന്‍റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു. 52 യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നു വന്നു.

3:1 തീബെര്‍യ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍ : ഹെരോദാവു ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്‍യ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും 2 ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്‍റെ മകനായ യോഹന്നാന്നു മരുഭൂമിയില്‍വെച്ചു ദൈവത്തിന്‍റെ അരുളപ്പാടു ഉണ്ടായി. 3 അവന്‍ യോര്‍ദ്ദാന്നരികെയുള്ള നാട്ടില്‍ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു. 4 “മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിതു: കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍ ; അവന്‍റെ പാത നിരപ്പാക്കുവിന്‍ .” 5 എല്ലാതാഴ്വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും; 6 സകലജഡവും ദൈവത്തിന്‍റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ. 7 അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോടു അവന്‍ പറഞ്ഞതു: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓ‍ടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍? 8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിന്‍ . അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ടു; എന്നു ഉള്ളം കൊണ്ടു പറവാന്‍ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളില്‍ നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിന്നു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 9 ഇപ്പോള്‍ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു. 10 എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു. 11 അതിന്നു അവന്‍ : രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു. 12 ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നു: ഗുരോ, ഞങ്ങള്‍ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു. 13 നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുതു എന്നു അവന്‍ പറഞ്ഞു. 14 പടജ്ജനവും അവനോടു: ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്‍ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിന്‍ എന്നു അവരോടു പറഞ്ഞു. 15 ജനം കാത്തു നിന്നു; അവന്‍ ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില്‍ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍ 16 യോഹന്നാന്‍ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാന്‍ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും. 17 അവന്നു വീശുമുറം കയ്യില്‍ ഉണ്ടു; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവെക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും. 18 മറ്റു പലതും അവന്‍ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു. 19 എന്നാല്‍ ഇടപ്രഭുവായ ഹെരോദാവു സഹോദരന്‍റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങള്‍ നിമിത്തവും യോഹന്നാന്‍ അവനെ ആക്ഷേപിക്കയാല്‍ 20 അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില്‍ ആക്കുകയും ചെയ്തു. 21 ജനം എല്ലാം സ്നാനം ഏലക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം തുറന്നു, 22 പരിശുദ്ധാത്മാവു ദേഹരൂപത്തില്‍ പ്രാവു എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയ പുത്രന്‍ ; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി. 23 യേശുവിന്നു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു; 24 യോസേഫ് ഹേലിയുടെ മകന്‍ , ഹേലി മത്ഥാത്തിന്‍റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , ലേവി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി യന്നായിയുടെ മകന്‍ , യന്നായി 25 യോസേഫിന്‍റെ മകന്‍ , യോസേഫ് മത്തഥ്യൊസിന്‍റെ മകന്‍ , മത്തഥ്യൊസ് ആമോസിന്‍റെ മകന്‍ , ആമോസ് നാഹൂമിന്‍റെ മകന്‍ , നാഹൂം എസ്ളിയുടെ മകന്‍ , എസ്ളി നഗ്ഗായിയുടെ മകന്‍ , 26 നഗ്ഗായി മയാത്തിന്‍റെ മകന്‍ , മയാത്ത് മത്തഥ്യൊസിന്‍റെ മകന്‍ , മത്തത്യൊസ് ശെമയിയുടെ മകന്‍ , ശെമയി യോസേഫിന്‍റെ മകന്‍ , യോസേഫ് യോദയുടെ മകന്‍ , 27 യോദാ യോഹന്നാന്‍റെ മകന്‍ , യോഹന്നാന്‍ രേസയുടെ മകന്‍ , രേസ സൊരൊബാബേലിന്‍റെ മകന്‍ , സൊരൊബാബേല്‍ ശലഥീയേലിന്‍റെ മകന്‍ , ശലഥീയേല്‍ നേരിയുടെ മകന്‍ , 28 നേരി മെല്‍ക്കിയുടെ മകന്‍ , മെല്‍ക്കി അദ്ദിയുടെ മകന്‍ , അദ്ദി കോസാമിന്‍റെ മകന്‍ , കോസാം എല്മാദാമിന്‍റെ മകന്‍ , എല്മാദാം ഏരിന്‍റെ മകന്‍ , 29 ഏര്‍ യോസുവിന്‍റെ മകന്‍ , യോശു എലീയേസരിന്‍റെ മകന്‍ , എലീയേസര്‍ യോരീമിന്‍റെ മകന്‍ , യോരീം മത്ഥാത്തിന്‍റെ മകന്‍ , മത്ഥാത്ത് ലേവിയുടെ മകന്‍ , 30 ലേവി ശിമ്യോന്‍റെ മകന്‍ , ശിമ്യോന്‍ യെഹൂദയുടെ മകന്‍ യെഹൂദാ യോസേഫിന്‍റെ മകന്‍ , യോസേഫ് യോനാമിന്‍റെ മകന്‍ , യോനാം എല്യാക്കീമിന്‍റെ മകന്‍ , 31 എല്യാക്കീം മെല്യാവിന്‍റെ മകന്‍ , മെല്യാവു മെന്നയുടെ മകന്‍ , മെന്നാ മത്തഥയുടെ മകന്‍ , മത്തഥാ നാഥാന്‍റെ മകന്‍ , നാഥാന്‍ ദാവീദിന്‍റെ മകന്‍ , 32 ദാവീദ് യിശ്ശായിയുടെ മകന്‍ , യിശ്ശായി ഓ‍ബേദിന്‍റെ മകന്‍ , ഓ‍ബേദ് ബോവസിന്‍റെ മകന്‍ , ബോവസ് സല്മോന്‍റെ മകന്‍ , സല്മോന്‍ നഹശോന്‍റെ മകന്‍ , 33 നഹശോന്‍ അമ്മീനാദാബിന്‍റെ മകന്‍ , അമ്മീനാദാബ് അരാമിന്‍റെ മകന്‍ , അരാം എസ്രോന്‍റെ മകന്‍ , എസ്രോന്‍ പാരെസിന്‍റെ മകന്‍ , പാരെസ് യേഹൂദയുടെ മകന്‍ , 34 യെഹൂദാ യാക്കോബിന്‍റെ മകന്‍ , യാക്കോബ് യിസ്ഹാക്കിന്‍റെ മകന്‍ , യിസ്ഹാക്‍ അബ്രാഹാമിന്‍റെ മകന്‍ , അബ്രാഹാം തേറഹിന്‍റെ മകന്‍ , 35 തേറഹ് നാഹോരിന്‍റെ മകന്‍ , നാഹോര്‍ സെരൂഗിന്‍റെ മകന്‍ , സെരൂഗ് രെഗുവിന്‍റെ മകന്‍ , രെഗു ഫാലെഗിന്‍റെ മകന്‍ , ഫാലെഗ് ഏബെരിന്‍റെ മകന്‍ , ഏബെര്‍ ശലാമിന്‍റെ മകന്‍ , ശലാം കയിനാന്‍റെ മകന്‍ , 36 കയിനാന്‍ അര്‍ഫക്സാദിന്‍റെ മകന്‍ , അര്‍ഫക്സാദ് ശേമിന്‍റെ മകന്‍ , ശേം നോഹയുടെ മകന്‍ , നോഹ, ലാമേക്കിന്‍റെ മകന്‍ , 37 ലാമേക്ക്‍ മെഥൂശലയുടെ മകന്‍ , മെഥൂശലാ ഹാനോക്കിന്‍റെ മകന്‍ , ഹാനോക്ക്‍ യാരെദിന്‍റെ മകന്‍ , യാരെദ് മലെല്യേലിന്‍റെ മകന്‍ , മലെല്യേല്‍ കയിനാന്‍റെ മകന്‍ , 38 കയിനാന്‍ എനോശിന്‍റെ മകന്‍ , എനോശ് ശേത്തിന്‍റെ മകന്‍ , ശേത്ത് ആദാമിന്‍റെ മകന്‍ , ആദാം ദൈവത്തിന്‍റെ മകന്‍ .

4:1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകെകണ്ടിരുന്നു. 2 ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോള്‍ അവന്നു വിശന്നു. 3 അപ്പോള്‍ പിശാചു അവനോടു: നീ ദൈവ പുത്രന്‍ എങ്കില്‍ ഈ കല്ലിനോടു അപ്പമായി ത്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു. 4 യേശു അവനോടു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തില്‍ അവന്നു കാണിച്ചു: 6 ഈ അധികാരം ഒക്കെയും അതിന്‍റെ മഹത്വവും നിനക്കു തരാം; അതു എങ്കല്‍ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാന്‍ കൊടുക്കുന്നു. 7 നീ എന്നെ നമസ്കരിച്ചാല്‍ അതെല്ലാം നിന്‍റെതാകും എന്നു അവനോടു പറഞ്ഞു. 8 യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 9 പിന്നെ അവന്‍ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോടു: നീ ദൈവപുത്രന്‍ എങ്കില്‍ ഇവിടെ നിന്നു താഴോട്ടു ചാടുക. 10 “നിന്നെ കാപ്പാന്‍ അവന്‍ തന്‍റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും 11 നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം അവര്‍ നിന്നെ കയ്യില്‍ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 12 യേശു അവനോടു: നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുതു എന്നു അരുച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു. 13 അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി. 14 യേശു ആത്മാവിന്‍റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്‍റെ ശ്രുതി ചുറ്റുമുള്ള നാട്ടില്‍ ഒക്കെയും പരന്നു. 15 അവന്‍ അവരുടെ പള്ളികളില്‍ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു. 16 അവന്‍ വളര്‍ന്ന നസറെത്തില്‍ വന്നു: ശബ്ബത്തില്‍ തന്‍റെ പതിവുപോലെ പള്ളിയില്‍ ചെന്നു വായിപ്പാന്‍ എഴുന്നേറ്റുനിന്നു. 17 യെശയ്യാപ്രവാചകന്‍റെ പുസ്തകം അവന്നു കൊടുത്തു; അവന്‍ പുസ്തകം വിടര്‍ത്തി: 18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവു എന്നെ അഭിഷേകം ചെയ്കയാല്‍ അവന്‍റെ ആത്മാവു എന്‍റെമല്‍ ഉണ്ടു; ബദ്ധന്മാര്‍ക്കും വിടുതലും കുരുടന്മാര്‍ക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും 19 കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു. 20 പിന്നെ അവന്‍ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കല്‍ പതിഞ്ഞിരുന്നു. 21 അവന്‍ അവരോടു: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി. 22 എല്ലാവരും അവനെ പുകഴ്ത്തി, അവന്‍റെ വായില്‍നിന്നു പുറപ്പെട്ട ലാവണ്യ വാക്കുകള്‍ നിമിത്തം ആശ്ചര്യപെട്ടു; ഇവന്‍ യോസേഫിന്‍റെ മകന്‍ അല്ലയോ എന്നു പറഞ്ഞു. 23 അവന്‍ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫര്‍ന്നഹൂമില്‍ ഉണ്ടായി കേട്ടതുഎല്ലാം ഈ നിന്‍റെ പിതൃനഗരത്തിലും ചെയ്കഎന്നും നിങ്ങള്‍ എന്നോടു പറയും നിശ്ചയം. 24 ഒരു പ്രവാചകനും തന്‍റെ പിതൃനഗരത്തില്‍ സമ്മതനല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25 ഏലീയാവിന്‍റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാ ക്ഷാമം ഉണ്ടായപ്പോള്‍ യിസ്രായേലില്‍ പല വിധവമാര്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ യഥാര്‍ത്ഥമായി നിങ്ങളോടു പറയുന്നു. 26 എന്നാല്‍ സിദോനിലെ സരെപ്തയില്‍ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരില്‍ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല. 27 അവ്വണ്ണം എലീശാപ്രവാചകന്‍റെ കാലത്തു യിസ്രായേലില്‍ പല കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാന്‍ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവന്‍ പറഞ്ഞു. 28 പള്ളിയിലുള്ളവര്‍ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു 29 അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാന്‍ ഭാവിച്ചു. 30 അവനോ അവരുടെ നടുവില്‍ കൂടി കടന്നുപോയി. 31 അനന്തരം അവന്‍ ഗലീലയിലെ ഒരു പട്ടണമായ കഫര്‍ന്നഹൂമില്‍ ചെന്നു ശബ്ബത്തില്‍ അവരെ ഉപദേശിച്ചുപോന്നു. 32 അവന്‍റെ വചനം അധികാരത്തോടെ ആകയാല്‍ അവര്‍ അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു. 33 അവിടെ പള്ളിയില്‍ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു. 34 അവന്‍ നസറായനായ യേശുവേ, വിടു; ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നിരിക്കുന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധന്‍ തന്നേ എന്നു ഉറക്കെ നിലവിളിച്ചു. 35 മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോള്‍ ഭൂതം അവനെ നടുവില്‍ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി. 36 എല്ലാവര്‍ക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവന്‍ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു. 37 അവന്‍റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു. 38 അവന്‍ പള്ളിയില്‍നിന്നു ഇറങ്ങി ശിമോന്‍റെ വീട്ടില്‍ ചെന്നു. ശിമോന്‍റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാല്‍ അവര്‍ അവള്‍ക്കുവേണ്ടി അവനോടു അപേക്ഷിച്ചു. 39 അവന്‍ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവള്‍ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു. 40 സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവര്‍ ഒക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഔരോരുത്തന്‍റെയും മേല്‍ കൈ വെച്ചു അവരെ സൌഖ്യമാക്കി. 41 പലരില്‍ നിന്നും ഭൂതങ്ങള്‍ ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നില വിളിച്ചു പറഞ്ഞുകൊണ്ടുപുറപ്പെട്ടുപോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു. 42 നേരം വെളുത്തപ്പോള്‍ അവന്‍ പുറപ്പെട്ടു ഒരു നിര്‍ജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്‍റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാന്‍ അവനെ തടുത്തു. 43 അവന്‍ അവരോടു: ഞാന്‍ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു. 44 അങ്ങനെ അവന്‍ ഗലീലയിലെ പള്ളികളില്‍ പ്രസംഗിച്ചുപോന്നു.

5:1 അവന്‍ ഗന്നേസരെത്ത് തടാകത്തിന്‍റെ കരയില്‍ നിലക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയില്‍ 2 രണ്ടു പടകു കരെക്കു അടുത്തു നിലക്കുന്നതു അവന്‍ കണ്ടു; അവയില്‍ നിന്നു മീന്‍ പിടിക്കാര്‍ ഇറങ്ങി വല കഴുകുകയായിരുന്നു. 3 ആ പടകുകളില്‍ ശിമോന്നുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു. 4 സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമോനോടു: ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവിന്‍ എന്നു പറഞ്ഞു. 5 അതിന്നു ശിമോന്‍ : നാഥാ, ഞങ്ങള്‍ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിന്നു ഞാന്‍ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു. 6 അവര്‍ അങ്ങനെ ചെയ്തപ്പോള്‍ പെരുത്തു മീന്‍ കൂട്ടം അകപ്പെട്ടു വല കീറാറായി. 7 അവര്‍ മറ്റെ പടകിലുള്ള കൂട്ടാളികള്‍ വന്നു സഹായിപ്പാന്‍ അവരെ മാടിവിളിച്ചു. അവര്‍ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു. 8 ശിമോന്‍ പത്രൊസ് അതു കണ്ടിട്ടു യേശുവിന്‍റെ കാല്‍ക്കല്‍ വീണു: കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞഞു. 9 അവര്‍ക്കും ഉണ്ടായ മീ൯പിടിത്തത്തില്‍ അവന്നു അവനോടു കൂടെയുള്ളവര്‍ക്കും എല്ലാവര്‍ക്കും സംഭ്രമം പിടിച്ചിരുന്നു. 10 ശിമോന്‍റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: ഭയപ്പെടേണ്ടാ ഇന്നു മുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു. 11 പിന്നെ അവര്‍ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. 12 അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞോരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണു വീണു: കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അവനോടു അപേക്ഷിച്ചു. 13 യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി. 14 അവന്‍ അവനോടു: ഇതു ആരോടും പറയരുതു; എന്നാല്‍ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവര്‍ക്കും സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അര്‍പ്പിക്ക എന്നു അവനോടു കല്പിച്ചു. 15 എന്നാല്‍ അവനെക്കുറിച്ചുള്ള വര്‍ത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേള്‍ക്കേണ്ടതിന്നും കൂടി വന്നു. 16 അവനോ നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. 17 അവന്‍ ഒരു ദിവസം ഉപദേശിക്കുമ്പോള്‍ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തില്‍നിന്നും യെരൂശലേമില്‍നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാന്‍ കര്‍ത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു. 18 അപ്പോള്‍ ചില ആളുകള്‍ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയില്‍ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്‍റെ മുമ്പില്‍ വെപ്പാന്‍ ശ്രമിച്ചു. 19 പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാന്‍ വഴി കാണാഞ്ഞിട്ടു പുരമേല്‍ കയറി ഓ‍ടു നീക്കി അവനെ കിടക്കയോടെ നടുവില്‍ യേശുവിന്‍റെ മുമ്പില്‍ ഇറക്കിവെച്ചു. 20 അവരുടെ വിശ്വാസം കണ്ടിട്ടു. അവന്‍ : മനുഷ്യാ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 21 ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവന്‍ ആര്‍ ? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ചിന്തിച്ചുതുടങ്ങി. 22 യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: നിങ്ങള്‍ ഹൃദയത്തില്‍ ചിന്തിക്കുന്നതു എന്തു? 23 നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. 24 എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു - അവന്‍ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 25 ഉടനെ അവര്‍ കാണ്‍കെ അവന്‍ എഴുന്നേറ്റു, താന്‍ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി. 26 എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂര്‍വ്വ കാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു. 27 അതിന്‍റെ ശേഷം അവന്‍ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കകാരന്‍ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു. 28 അവന്‍ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു. 29 ലേവി തന്‍റെ വീട്ടില്‍ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയില്‍ ഇരുന്നു. 30 പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്‍റെ ശിഷ്യന്മാരോടു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു. 31 യേശു അവരോടു: ദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; 32 ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാന്‍ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു. 33 അവര്‍ അവനോടു: യോഹന്നാന്‍റെ ശിഷ്യന്മാര്‍ കൂടക്കൂടെ ഉപവസിച്ചു പ്രാര്‍ത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്‍റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു. 34 യേശു അവരോടു: മണവാളന്‍ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോള്‍ അവരെ ഉപവാസം ചെയ്യിപ്പാന്‍ കഴിയുമോ? 35 മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവര്‍ ഉപവസിക്കും എന്നു പറഞ്ഞു. 36 ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേര്‍ത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും. 37 ആരും പുതുവീഞ്ഞു പഴയതുരുത്തിയില്‍ പകരുമാറില്ല, പകര്‍ന്നാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും; 38 പുതുവീഞ്ഞു പുതിയതുരുത്തിയില്‍ അത്രേ പകര്‍ന്നുവെക്കേണ്ടതു. 39 പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.

6:1 ഒരു ശബ്ബത്തില്‍ അവന്‍ വിളഭൂമിയില്‍ കൂടി കടന്നുപോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മിതിന്നു. 2 പരീശന്മാരില്‍ ചിലര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. 3 യേശു അവരോടു: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു 4 പുരോഹിതന്മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കും കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്നു ഉത്തരം പറഞ്ഞു. 5 മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നും അവരോടു പറഞ്ഞു. 6 മറ്റൊരു ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിക്കുമ്പോള്‍ വലങ്കൈ വറണ്ടുള്ളോരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു. 7 ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവന്‍ ശബ്ബത്തില്‍ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു. 8 അവരുടെ വിചാരം അറിഞ്ഞിട്ടു അവന്‍ വരണ്ട കൈയുള്ള മനുഷ്യനോടു: എഴുന്നേറ്റു നടുവില്‍ നില്‍ക്ക എന്നു പറഞ്ഞു; 9 അവന്‍ എഴുന്നേറ്റു നിന്നു. യേശു അവരോടു: ഞാന്‍ നിങ്ങളോടു ഒന്നു ചോദിക്കട്ടെ: ശബ്ബത്തില്‍ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു. 10 അവരെ എല്ലാം ചുറ്റും നോക്കീട്ടു ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു, അവന്‍റെ കൈക്കു സൌഖ്യം വന്നു. 11 അവരോ ഭ്രാന്തു നിറഞ്ഞവരായി യേശുവിനെ എന്തു ചെയ്യേണ്ടു എന്നു തമ്മില്‍ ആലോചന കഴിച്ചു. 12 ആ കാലത്തു അവന്‍ പ്രാര്‍ത്ഥിക്കേണ്ടതിന്നു ഒരു മലയില്‍ ചെന്നു ദൈവത്തോടുള്ള പ്രാര്‍ത്ഥനയില്‍ രാത്രി കഴിച്ചു. 13 നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു, അവര്‍ക്കും അപ്പൊസ്തലന്മാര്‍ എന്നും പേര്‍ വിളിച്ചു. 14 അവര്‍ ആരെന്നാല്‍ : പത്രൊസ് എന്നു അവന്‍ പേര്‍വിളിച്ച ശിമോന്‍ , അവന്‍റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്‍ , ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, 15 മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്‍ , 16 യാക്കോബിന്‍റെ സഹോദരനായ യൂദാ, ദ്രോഹിയായ്തീര്‍ന്ന ഈസ്കായ്യോര്‍ത്ത് യൂദാ എന്നിവര്‍ തന്നേ. 17 അവന്‍ അവരോടു കൂടെ ഇറങ്ങി സമഭൂമിയില്‍ നിന്നു; അവന്‍റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയില്‍ എല്ലാടത്തുനിന്നും യെരൂശലേമില്‍ നിന്നും സോര്‍ സീദോന്‍ എന്ന സമുദ്രതീരങ്ങളില്‍ നിന്നും അവന്‍റെ വചനം കേള്‍പ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹു പുരുഷാരവും ഉണ്ടായിരുന്നു. 18 അശുദ്ധാത്മാക്കള്‍ ബാധിച്ചവരും സൌഖ്യം പ്രാപിച്ചു. 19 ശക്തി അവനില്‍ നിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു. 20 അനന്തരം അവന്‍ ശിഷ്യന്മാരെ നോക്കി പറഞ്ഞതു: ദരിദ്രന്മാരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ : ദൈവരാജ്യം നിങ്ങള്‍ക്കുള്ളതു. 21 ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ : നിങ്ങള്‍ക്കു തൃപ്തിവരും; ഇപ്പോള്‍കരയുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍ : നിങ്ങള്‍ ചിരിക്കും. 22 മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്കു എന്നു തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. 23 ആ നാളില്‍ സന്തോഷിച്ചു തുള്ളുവിന്‍ ; നിങ്ങളുടെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ വലിയതു; അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോടു അങ്ങനെ തന്നേ ചെയ്തുവല്ലോ. 24 എന്നാല്‍ സമ്പന്നരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചുപോയല്ലോ. 25 ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ ദുഃഖിച്ചു കരയും. 26 സകല മനുഷ്യരും നിങ്ങളെ പുകഴത്തിപ്പറയുമ്പോള്‍ നിങ്ങള്‍ക്കു അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാര്‍ കള്ള പ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ. 27 എന്നാല്‍ കേള്‍ക്കുന്നവരായ നിങ്ങളോടു ഞാന്‍ പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍ ; നിങ്ങളെ പകെക്കുന്നവര്‍ക്കും ഗുണം ചെയ്‍വിന്‍ . 28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍ ; നിങ്ങളെ ദുഷിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ . 29 നിന്നെ ഒരു ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും കാണിച്ചുകൊടുക്ക; നിന്‍റെ പുതപ്പു എടുത്തുകളയുന്നവന്നു വസ്ത്രവും തടുക്കരുതു. 30 നിന്നോടു ചോദിക്കുന്ന ഏവന്നും കൊടുക്ക; നിനക്കുള്ളതു എടുത്തുകളയുന്നവനോടു മടക്കി ചോദിക്കരുതു. 31 മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതുപോലെ തന്നേ അവര്‍ക്കും ചെയ്‍വിന്‍ . 32 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ. 33 നിങ്ങള്‍ക്കു നന്മചെയ്യുന്നവര്‍ക്കും നന്മ ചെയ്താല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ. 34 മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള്‍ ആശിക്കുന്നവര്‍ക്കും കടം കൊടുത്താല്‍ നിങ്ങള്‍ക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികള്‍ക്കു കടം കൊടുക്കുന്നുവല്ലോ. 35 നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍ ; അവര്‍ക്കും നന്മ ചെയ്‍വിന്‍ ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്‍റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. 36 അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവന്‍ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര്‍ ആകുവിന്‍ . 37 വിധിക്കരുതു; എന്നാല്‍ നിങ്ങളെയും വിധിക്കയില്ല; ശിക്ഷെക്കു വിധിക്കരുതു; എന്നാല്‍ നിങ്ങള്‍ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന്‍ ; എന്നാല്‍ നിങ്ങളെയും വിടുവിക്കും. 38 കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും. 39 അവന്‍ ഒരുപമയും അവരോടു പറഞ്ഞു: കുരുടന്നു കരുടനെ വഴികാട്ടുവാന്‍ കഴിയുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലയോ? ശിഷ്യന്‍ ഗുരുവിന്നു മീതെയല്ല, 40 അഭ്യാസം തികഞ്ഞവന്‍ എല്ലാം ഗുരുവിനെപ്പോലെ ആകും. 41 എന്നാല്‍ നീ സഹോദരന്‍റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോല്‍ വിചാരിക്കാതിരിക്കയും ചെയ്യുന്നതു എന്തു? 42 അല്ല, സ്വന്തകണ്ണിലെ കോല്‍ നോക്കാതെ: സഹോദരാ, നില്ലു; നിന്‍റെ കണ്ണിലെ കരടു എടുത്തുകളയട്ടെ എന്നു സഹോദരനോടു പറവാന്‍ നിനക്കു എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണിലെ കോല്‍ എടുത്തുകളക; എന്നാല്‍ സഹോദരന്‍റെ കണ്ണിലെ കരടു എടുത്തുകളവാന്‍ വെടിപ്പായി കണുമല്ലോ. 43 ആകാത്തഫലം കായക്കുന്ന നല്ല വൃക്ഷമില്ല; നല്ലഫലം കായക്കുന്ന ആകാത്ത വൃക്ഷവുമില്ല. 44 ഏതു വൃക്ഷത്തെയും ഫലംകൊണ്ടു അറിയാം. മുള്ളില്‍നിന്നു അത്തിപ്പഴം ശേഖരിക്കുകയും ഞെരിഞ്ഞിലിലില്‍ നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ. 45 നല്ലമനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന്‍ ദോഷമായതില്‍ നിന്നു ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതല്ലോ വായി പ്രസ്താവിക്കുന്നതു. 46 നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നതു ചെയ്യാതിരിക്കയും ചെയ്യുന്നതു എന്തു? 47 എന്‍റെ അടുക്കല്‍ വന്നു എന്‍റെ വചനം കേട്ടു ചെയ്യുന്നവന്‍ എല്ലാം ഇന്നവനോടു തുല്യന്‍ എന്നു ഞാന്‍ കാണിച്ചു തരാം. 48 ആഴെക്കുഴിച്ചു പാറമേല്‍ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോടു അവന്‍ തുല്യന്‍ . വെള്ളപ്പൊക്കം ഉണ്ടായിട്ടു ഒഴുക്കു വീട്ടിനോടു അടിച്ചു; എന്നാല്‍ അതു നല്ലവണ്ണം പണിതിരിക്കകൊണ്ടു അതു ഇളകിപ്പോയില്ല. 49 കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യന്‍ . ഒഴുക്കു അടിച്ച ഉടനെ അതു വീണു; ആ വീട്ടിന്‍റെ വീഴ്ച വലിയതുമായിരുന്നു.

7:1 ജനം കേള്‍ക്കെ തന്‍റെ വചനം ഒക്കെയും പറഞ്ഞുതീര്‍ന്ന ശേഷം അവന്‍ കഫര്‍ന്നഹൂമില്‍ ചെന്നു. 2 അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു. 3 അവന്‍ യേശുവിന്‍റെ വസ്തുത കേട്ടിട്ടു, അവന്‍ വന്നു തന്‍റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാന്‍ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു. 4 അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാന്‍ അവന്‍ യോഗ്യന്‍ ; 5 അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്കു ഒരു പള്ളിയും തീര്‍പ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു. 6 യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോള്‍ ശതാധിപന്‍ സ്നേഹിതന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു: കര്‍ത്താവേ, പ്രയാസപ്പെടേണ്ടാ; നി എന്‍റെ പുരെക്കകത്തു വരുവാന്‍ ഞാന്‍ പോരാത്തവന്‍ . 7 അതുകൊണ്ടു നിന്‍റെ അടുക്കല്‍ വരുവാന്‍ ഞാന്‍ യോഗ്യന്‍ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരന്നു സൌഖ്യംവരും. 8 ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യന്‍ ; എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാല്‍ അവന്‍ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു; എന്‍റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു പറയിച്ചു. 9 യേശു അതു കേട്ടിട്ടു അവങ്കല്‍ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്നക്കുട്ടത്തോടു: യിസ്രായേലില്‍കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു; 10 ശതാധിപന്‍ പറഞ്ഞയച്ചിരുന്നവര്‍ വീട്ടില്‍ മടങ്ങി വന്നപ്പോള്‍ ദാസനെ സൌഖ്യത്തോടെ കണ്ടു. 11 പിറ്റെന്നാള്‍ അവന്‍ നയിന്‍ എന്ന പട്ടണത്തിലേക്കു പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി. 12 അവന്‍ പട്ടണത്തിന്‍റെ വാതിലോടു അടുത്തപ്പോള്‍ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവന്‍ അമ്മെക്കു ഏകജാതനായ മകന്‍ ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു. 13 അവളെ കണ്ടിട്ടു കര്‍ത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവന്‍ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവര്‍ നിന്നു. 14 ബാല്യക്കാരാ എഴുന്നേല്‍ക്ക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു അവന്‍ പറഞ്ഞു. 15 മരിച്ചവന്‍ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാന്‍ തുടങ്ങി; അവന്‍ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു. 16 എല്ലാവര്‍ക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു. 17 അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയില്‍ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു. 18 ഇതു ഒക്കെയും യോഹന്നാന്‍റെ ശിഷ്യന്മാര്‍ അവനോടു അറിയിച്ചു. 19 എന്നാറെ യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരില്‍ രണ്ടുപേരെ വിളിച്ചു, കര്‍ത്താവിന്‍റെ അടുക്കല്‍ അയച്ചു: വരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു. 20 ആ പുരുഷന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു: വരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാന്‍ യോഹന്നാന്‍ സ്നാപകന്‍ ഞങ്ങളെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 21 ആ നാഴികയില്‍ അവന്‍ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാര്‍ക്കും കാഴ്ച നലകുകയും ചെയ്തിട്ടു അവരോടു: 22 കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ . 23 എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന്‍ എന്നു ഉത്തരം പറഞ്ഞു. 24 യോഹന്നാന്‍റെ ദൂതന്മാര്‍ പോയശേഷം അവന്‍ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങള്‍ എന്തു കാണ്മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഓ‍ടയോ? 25 അല്ല, എന്തു കാണ്മാന്‍ പോയി? മാര്‍ദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര്‍ രാജധാനികളില്‍ അത്രേ. 26 അല്ല, എന്തു കാണ്മാന്‍ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു: 27 “ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു. 28 സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല; ദൈവരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.-- 29 എന്നാല്‍ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്‍റെ സ്നാനം ഏറ്റതിനാല്‍ ദൈവത്തെ നീതീകരിച്ചു. 30 എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാല്‍ സ്നാനം ഏല്‍ക്കാതെ ദൈവത്തിന്‍റെ ആലോചന തങ്ങള്‍ക്കു വൃഥാവാക്കിക്കളഞ്ഞു. _ 31 ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവര്‍ ഏതിനോടു തുല്യം? 32 ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപം പാടി, നിങ്ങള്‍ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവര്‍ തുല്യര്‍ : 33 യോഹന്നാന്‍ സ്നാപകന്‍ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങള്‍ പറയുന്നു. 34 മനുഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യന്‍ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു നിങ്ങള്‍ പറയുന്നു. 35 ജ്ഞാനമോ തന്‍റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു. 36 പരീശന്മാരില്‍ ഒരുത്തന്‍ തന്നോടുകൂടെ ഭക്ഷണം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവന്‍ പരീശന്‍റെ വീട്ടില്‍ ചെന്നു ഭക്ഷണത്തിന്നിരുന്നു. 37 ആ പട്ടണത്തില്‍ പാപിയായ ഒരു സ്ത്രീ, അവന്‍ പരീശന്‍റെ വീട്ടില്‍ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെണ്‍കല്‍ഭരണി പരിമളതൈലം കൊണ്ടുവന്നു, 38 പുറകില്‍ അവന്‍റെ കാല്‍ക്കല്‍ കരഞ്ഞുകൊണ്ടു നിന്നു കണ്ണിനീര്‍കൊണ്ടു അവന്‍റെ കാല്‍ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാല്‍ ചുംബിച്ചു തൈലം പൂശി. 39 അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ടു: ഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍ , തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ എന്നു ഉള്ളില്‍ പറഞ്ഞു 40 ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവന്‍ പറഞ്ഞു. 41 കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു. 42 വീട്ടുവാന്‍ അവര്‍ക്കും വക ഇല്ലായ്കയാല്‍ അവന്‍ ഇരുവര്‍ക്കും ഇളെച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര്‍ അവനെ അധികം സ്നേഹിക്കും? 43 അധികം ഇളെചചുകിട്ടിയവന്‍ എന്നു ഞാന്‍ ഊഹിക്കുന്നു എന്നു ശിമോന്‍ പറഞ്ഞു. അവന്‍ അവനോടു: നീ വിധിച്ചതു ശരി എന്നു പറഞ്ഞു. 44 സ്ത്രിയുടെ നേരെ തിരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നു, നീ എന്‍റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്‍കൊണ്ടു എന്‍റെ കാല്‍ നനെച്ചു തലമുടികൊണ്ടു തുടെച്ചു. 45 നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതു മുതല്‍ ഇടവിടാതെ എന്‍റെ കാല്‍ ചുംബിച്ചു. 46 നീ എന്‍റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്‍റെ കാല്‍ പൂശി. 47 ആകയാല്‍ ഇവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു ഞാന്‍ നിന്നോടു പറയുന്നു; അവള്‍ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവന്‍ അല്പം സ്നേഹിക്കുന്നു. 48 പിന്നെ അവന്‍ അവളോടു: നിന്‍റെ പാപങ്ങള്‍ മോചിച്ചു തിന്നിരിക്കുന്നു എന്നു പറഞ്ഞു. 49 അവനോടു കൂടെ പന്തിയില്‍ ഇരുന്നവര്‍ : പാപമോചനവും കൊടുക്കുന്ന ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞുതുടങ്ങി. 50 അവനോ സ്ത്രീയോടു: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

8:1 അനന്തരം അവന്‍ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു. 2 അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൌഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും 3 ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ടു അവര്‍ക്കും ശുശ്രൂഷ ചെയ്തു പോന്ന മറ്റു പല സ്ത്രികളും ഉണ്ടായിരുന്നു. 4 പിന്നെ വലിയോരു പുരുഷാരവും ഓ‍രേ പട്ടണത്തില്‍നിന്നു അവന്‍റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ ഉപമയായി പറഞ്ഞതു: വിതെക്കുന്നവന്‍ വിത്തു വിതെപ്പാന്‍ പുറപ്പെട്ടു. 5 വിതെക്കുമ്പോള്‍ ചിലതു വഴിയരികെ വീണിട്ടു ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു. 6 മറ്റു ചിലതു പാറമേല്‍ വീണു മുളെച്ചു നനവില്ലായ്കയാല്‍ ഉണങ്ങിപ്പോയി. 7 മറ്റു ചിലതു മുള്ളിന്നിടയില്‍ വീണു; മുള്ളുംകൂടെ മുളെച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. 8 മറ്റു ചിലതു നല്ല നിലത്തു വീണു മുളെച്ചു നൂറുമേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ടു: കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നു വിളിച്ചു പറഞ്ഞു. 9 അവന്‍റെ ശിഷ്യന്മാര്‍ അവനോടു ഈ ഉപമ എന്തു എന്നു ചോദിച്ചതിന്നു അവന്‍ പറഞ്ഞതു: 10 ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവര്‍ക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ. 11 ഉപമയുടെ പൊരുളോ: വിത്തു ദൈവവചനം; 12 വഴിയരികെയുള്ളവര്‍ കേള്‍ക്കുന്നവര്‍ എങ്കിലും അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാചു വന്നു അവരുടെ ഹൃദയത്തില്‍ നിന്നു വചനം എടുത്തുകളയുന്നു. 13 പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കും വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍ വാങ്ങിപ്പോകയും ചെയ്യുന്നു. 14 മുള്ളിന്നിടയില്‍ വീണതോ കേള്‍ക്കുന്നവര്‍ എങ്കിലും പോയി ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്‍ണ്ണമായി ഫലം കൊടുക്കാത്തവരത്രേ. 15 നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ. 16 വിളക്കു കൊളുത്തീട്ടു ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്‍ക്കീഴെ വെക്കയോ ചെയ്യാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു. 17 വെളിപ്പെടാതെ ഗൂഢമായതു ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല. 18 ആകയാല്‍ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍ . ഉള്ളവന്നു കിട്ടും; ഇല്ലാത്തവനോടോ ഉണ്ടു എന്നു തോന്നുന്നതും കൂടെ എടുത്തുകളയും. 19 അവന്‍റെ അമ്മയും സഹോദരന്മാരും അവന്‍റെ അടുക്കല്‍ വന്നു,പുരുഷാരം നിമിത്തം അവനോടു അടുപ്പാ൯ കഴിങ്ങില്ല 20 ​നിന്‍റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്മാന്‍ ഇച്ഛിച്ചുകൊണ്ടു പുറത്തു നിലക്കുന്നു എന്നു ചിലര്‍ അവനോടു അറിയിച്ചു. 21 അവരോടു അവന്‍ : എന്‍റെ അമ്മയും സഹോദരന്മാരും ദൈവ വചനം കേട്ടു ചെയ്യുന്നവരത്രേ എന്നു ഉത്തരം പറഞ്ഞു. 22 ഒരു ദിവസം അവന്‍ ശിഷ്യന്മാരുമായി പടകില്‍ കയറി; നാം തടാകത്തിന്‍റെ അക്കരെ പോക എന്നു അവരോടു പറഞ്ഞു. 23 അവര്‍ നീക്കി ഓ‍ടുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി തടാകത്തില്‍ ഒരു ചുഴലിക്കാറ്റു ഉണ്ടായി 24 ​പടകില്‍ വെള്ളം നിറഞ്ഞിട്ടു അവര്‍ പ്രാണഭയത്തിലായി അടുക്കെ ചെന്നു: നാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്‍ത്തി; അവന്‍ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്‍റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി. പിന്നെ അവരോടു: 25 നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവന്‍ ആര്‍ ? അവന്‍ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മില്‍ പറഞ്ഞു ആശ്ചര്യപ്പെട്ടു. 26 അവര്‍ ഗലീലക്കു നേരെയുള്ള ഗെരസേന്യ ദേശത്തു അണഞ്ഞു. 27 അവന്‍ കരെക്കു ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചോരു മനുഷ്യന്‍ പട്ടണത്തില്‍ നിന്നു വന്നു എതിര്‍പെട്ടു; അവന്‍ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു. 28 അവന്‍ യേശുവിനെ കണ്ടിട്ടു നിലവിളിച്ചു അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്തു? എന്നെ ഉപദ്രവിക്കരുതേ എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു ഉറക്കെ പറഞ്ഞു. 29 അവന്‍ അശുദ്ധാത്മാവിനോടു ആ മനുഷ്യനെ വിട്ടുപോകുവാന്‍ കല്പിച്ചിരുന്നു. അതു വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവന്‍ ബന്ധനങ്ങളെ തകര്‍ക്കയും ഭൂതം അവനെ കാടുകളിലേക്കു ഓ‍ടിക്കയും ചെയ്യും. 30 യേശു അവനോടു: നിന്‍റെ പേര്‍ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോന്‍ എന്നു അവന്‍ പറഞ്ഞു. 31 പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. 32 അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു. 33 ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. 34 ഈ സംഭവിച്ചതു മേയക്കുന്നവര്‍ കണ്ടിട്ടു ഓ‍ടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു. 35 സംഭവിച്ചതു കാണ്മാന്‍ അവര്‍ പുറപ്പെട്ടു യേശുവിന്‍റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്‍റെ കാല്‍ക്കല്‍ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു. 36 ഭൂതഗ്രസ്തന്നു സൌഖ്യം വന്നതു എങ്ങനെ എന്നു കണ്ടവര്‍ അവരോടു അറിയിച്ചു. 37 ഗെരസേന്യ ദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി തങ്ങളെ വിട്ടുപോകേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകുകയറി മടങ്ങിപ്പോന്നു. 38 ഭൂതങ്ങള്‍ വിട്ടുപോയ ആള്‍ അവനോടുകൂടെ ഇരിപ്പാന്‍ അനുവാദം ചോദിച്ചു. 39 അതിന്നു അവന്‍ : നീ വീട്ടില്‍ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതു ഒക്കെയും അറിയിക്ക എന്നു പറഞ്ഞു അവനെ അയച്ചു. അവന്‍ പോയി യേശു തനിക്കു ചെയ്തതു ഒക്കെയും പട്ടണത്തില്‍ എല്ലാടവും അറിയിച്ചു. 40 യേശു മടങ്ങിവന്നപ്പോള്‍ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവര്‍ എല്ലാവരും അവന്നായിട്ടു കാത്തിരിക്കയായിരുന്നു. 41 അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നുപേരുള്ളോരു മനുഷ്യന്‍ വന്നു യേശുവിന്‍റെ കാല്‍ക്കല്‍ വീണു. 42 അവന്നു ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായോരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതു കൊണ്ടു തന്‍റെ വീട്ടില്‍ വരേണം എന്നു അവനോടു അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു. 43 അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം വൈദ്യന്മാര്‍ക്കും കൊടുത്തിട്ടും ആരാലും സൌഖ്യം വരുത്തുവാന്‍ കഴിയാത്തവളുമായോരു സ്ത്രീ 44 പുറകില്‍ അടുത്തു ചെന്നു അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി. 45 എന്നെ തൊട്ടതു ആര്‍ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പേള്‍ : ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു. 46 യേശുവോ: ഒരാള്‍ എന്നെ തൊട്ടു; എങ്കല്‍നിന്നു ശക്തി പുറപ്പെട്ടതു ഞാന്‍ അറിഞ്ഞു എന്നു പറഞ്ഞു. 47 താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീകണ്ടു വിറെച്ചുംകൊണ്ടു വന്നു അവന്‍റെ മുമ്പില്‍ വീണു, അവനെ തൊട്ട സംഗതിയും തല്‍ക്ഷണം സൌഖ്യമായതും സകലജനവും കേള്‍ക്കെ അറിയിച്ചു. 48 അവന്‍ അവളോടു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു. 49 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നു: നിന്‍റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു. 50 യേശു അതുകേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്കമാത്രം ചെയ്ക; എന്നാല്‍ അവള്‍ രക്ഷപ്പെടും എന്നു അവനോടു ഉത്തരം പറഞ്ഞു. 51 വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന്‍ , യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല. 52 എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോള്‍ : കരയേണ്ടാ, അവള്‍ മരിച്ചില്ല, ഉറങ്ങുന്നത്രഎന്നു അവന്‍ പറഞ്ഞു. 53 അവരോ അവള്‍ മരിച്ചുപോയി എന്നു അറികകൊണ്ടു അവനെ പരിഹസിച്ചു. 54 എന്നാല്‍ അവന്‍ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്‍ക്ക എന്നു അവളോടു ഉറക്കെ പറഞ്ഞു. 55 അവളുടെ ആത്മാവു മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു. 56 അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചതു ആരോടും പറയരുതു എന്നു അവന്‍ അവരോടു കല്പിച്ചു.

9:1 അവന്‍ പന്തിരുവരെ അടുക്കല്‍ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവര്‍ക്കും ശക്തിയും അധികാരവും കൊടുത്തു; 2 ദൈവരാജ്യം പ്രസംഗിപ്പാനും രോഗികള്‍ക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു: 3 വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു. 4 നിങ്ങള്‍ ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാര്‍പ്പിന്‍ . 5 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാല്‍ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലില്‍നിന്നു പൊടി തട്ടിക്കളവിന്‍ . 6 അവര്‍ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയും കൊണ്ടു ഊര്‍തോറും സഞ്ചരിച്ചു. 7 സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. 8 യോഹന്നാന്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു: 9 യോഹന്നാനെ ഞാന്‍ ശിരഃഛേദം ചെയ്തു; എന്നാല്‍ ഞാന്‍ ഇങ്ങനെയുള്ളതു കേള്‍ക്കുന്ന ഇവന്‍ ആര്‍ എന്നു പറഞ്ഞു അവനെ കാണ്മാന്‍ ശ്രമിച്ചു. 10 അപ്പൊസ്തലന്മാര്‍ മടങ്ങിവന്നിട്ടു തങ്ങള്‍ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവന്‍ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി. 11 അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടര്‍ന്നു. അവന്‍ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു. 12 പകല്‍ കഴിവാറായപ്പോള്‍ പന്തിരുവര്‍ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയില്‍ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാര്‍പ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. 13 അവന്‍ അവരോടു: നിങ്ങള്‍ തന്നേ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല; ഞങ്ങള്‍ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങള്‍ കൊള്ളേണമോ എന്നു അവര്‍ പറഞ്ഞു. 14 ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. പിന്നെ അവര്‍ തന്‍റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു. 15 അവര്‍ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി. 16 അവന്‍ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാന്‍ ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു. 17 എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു. 18 അവന്‍ തനിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ കൂടെ ഉണ്ടായിരുന്നു; അവന്‍ അവരോടു: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു. 19 യോഹന്നാന്‍ സ്നാപകന്‍ എന്നും ചിലര്‍ ഏലീയാവു എന്നും മറ്റു ചിലര്‍ പുരാതന പ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവര്‍ ഉത്തരം പറഞ്ഞു. 20 അവന്‍ അവരോടു: എന്നാല്‍ നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്‍റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു. 21 ഇതു ആരോടും പറയരുതെന്നു അവന്‍ അവരോടു അമര്‍ച്ചയായിട്ടു കല്പിച്ചു. 22 മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാര്‍ മഹാപുരോഹിതന്മാര്‍ ശാസ്ത്രികള്‍ എന്നിവര്‍ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞു. 23 പിന്നെ അവന്‍ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ. 24 ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും. 25 ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടീട്ടു തന്നെത്താന്‍ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താന്‍ അവന്നു എന്തു പ്രയോജനം? 26 ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രന്‍ തന്‍റെയും പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തില്‍ വരുമ്പോള്‍ നാണിക്കും. 27 എന്നാല്‍ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഇവിടെ നില്‍ക്കുന്നവരില്‍ ഉണ്ടു സത്യം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 28 ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ മലയില്‍ കയറിപ്പോയി. 29 അവന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുഖത്തിന്‍റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തിര്‍ന്നു. 30 രണ്ടു പുരുഷന്മാര്‍ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ. 31 അവര്‍ തേജസ്സില്‍ പ്രത്യക്ഷരായി അവന്‍ യെരൂശലേമില്‍ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു. 32 പത്രൊസും കൂടെയുള്ളവരും ഉറക്കത്താല്‍ ഭാരപ്പെട്ടിരുന്നു; ഉണര്‍ന്നശേഷം അവന്‍റെ തേജസ്സിനെയും അവനോടു കൂടെ നിലക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു. 33 അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ , ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താന്‍ പറയുന്നതു ഇന്നതു എന്നു അറിയാതെ പവഞ്ഞു. 34 ഇതു പറയുമ്പോള്‍ ഒരു മേഘം വന്നു അവരുടെമേല്‍ നിഴലിട്ടു. അവര്‍ മേഘത്തില്‍ ആയപ്പോള്‍ പേടിച്ചു. 35 മേഘത്തില്‍നിന്നു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍ , ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദം ഉണ്ടായി. 36 ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടതു ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൌനമായിരുന്നു. 37 പിറ്റെന്നാള്‍ അവര്‍ മലയില്‍ നിന്നു ഇറങ്ങി വന്നപ്പോള്‍ ബഹുപുരുഷാരം അവനെ എതിരേറ്റു. 38 കൂട്ടത്തില്‍നിന്നു ഒരാള്‍ നിലവിളിച്ചു: ഗുരോ, എന്‍റെ മകനെ കടാക്ഷിക്കേണമെന്നു ഞാന്‍ നിന്നോടു അപേക്ഷിക്കുന്നു; അവന്‍ എനിക്കു ഏകജാതന്‍ ആകുന്നു. 39 ഒരാത്മാവു അവനെ പിടിച്ചിട്ടു അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു. 40 അതിനെ പുറത്താക്കുവാന്‍ നിന്‍റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു. 41 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു; 42 അവന്‍ വരുമ്പോള്‍ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി, അപ്പനെ ഏല്പിച്ചു. 43 എല്ലാവരും ദൈവത്തിന്‍റെ മഹിമയിങ്കല്‍ വിസ്മയിച്ചു. യേശു ചെയ്യുന്നതില്‍ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോള്‍ അവന്‍ തന്‍റെ ശിഷ്യന്മാരോടു: 44 നിങ്ങള്‍ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്‍വിന്‍ : മനുഷ്യപുത്രന്‍ മനുഷ്യരുടെ കയ്യില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു എന്നു പറഞ്ഞു. 45 ആ വാക്കു അവര്‍ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവര്‍ക്കും മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാന്‍ അവര്‍ ശങ്കിച്ചു. 46 അവരില്‍വെച്ചു ആര്‍ വലിയവന്‍ എന്നു ഒരു വാദം അവരുടെ ഇടയില്‍ നടന്നു. 47 യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി: 48 ഈ ശിശുവിനെ എന്‍റെ നാമത്തില്‍ ആരെങ്കിലും കൈക്കൊണ്ടാല്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവന്‍ അത്രേ വലിയവന്‍ ആകും എന്നു അവരോടു പറഞ്ഞു. 49 നാഥാ, ഒരുത്തന്‍ നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാല്‍ അവനെ വിരോധിച്ചു എന്നു യോഹന്നാന്‍ പറഞ്ഞതിന്നു യേശു അവനോടു: 50 വിരോധിക്കരുതു; നിങ്ങള്‍ക്കു പ്രതിക്കുലമല്ലാത്തവന്‍ നിങ്ങള്‍ക്കു അനുകൂലമല്ലോ എന്നു പറഞ്ഞു. 51 അവന്‍റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോള്‍ അവന്‍ യെരൂശലേമിലേക്കു യാത്രയാവാന്‍ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. 52 അവര്‍ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമര്യക്കാരുടെ ഒരു ഗ്രാമത്തില്‍ ചെന്നു. 53 എന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോകുവാന്‍ ഭാവിച്ചിരിക്കയാല്‍ അവര്‍ അവനെ കൈക്കൊണ്ടില്ല. 54 അതു അവന്‍റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കര്‍ത്താവേ, [ഏലിയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. 55 അവന്‍ തിരിഞ്ഞു അവരെ ശാസിച്ചു: [നിങ്ങള്‍ ഏതു ആത്മാവിന്നു അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല; 56 മനുഷ്യ പുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു.] അവര്‍ വേറൊരു ഗ്രാമത്തിലേക്കു പോയി. 57 അവര്‍ വഴിപോകുമ്പോള്‍ ഒരുത്തന്‍ അവനോടു: നീ എവിടെപോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു. 58 യേശു അവനോടു: കുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാന്‍ സ്ഥലമില്ല എന്നു പറഞ്ഞു. 59 വേറൊരുത്തനോടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവന്‍ : ഞാന്‍ മുമ്പെ പോയി എന്‍റെ അപ്പനെ കുഴിച്ചിടുവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു. 60 അവന്‍ അവനോടു: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു. 61 മറ്റൊരുത്തന്‍ : കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; ആദ്യം എന്‍റെ വീട്ടിലുള്ളവരോടു യാത്ര പറവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു. 62 യേശു അവനോടു: കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

10:1 അനന്തരം കര്‍ത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താന്‍ ചെല്ലുവാനുള്ള ഔരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു: 2 കൊയ്ത്തു വളരെ ഉണ്ടു സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോടു തന്‍റെ കൊയ്ത്തിന്നു വേലക്കാരെ അയക്കേണ്ടതിന്നു അപേക്ഷിപ്പിന്‍ . 3 പോകുവിന്‍ ; ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. 4 സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുതു; വഴിയില്‍ വെച്ചു ആരെയും വന്ദനം ചെയ്കയുമരുതു; 5 ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ : ഈ വീട്ടിന്നു സമാധാനം എന്നു ആദ്യം പറവിന്‍ 6 അവിടെ ഒരു സമാധാനപുത്രന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്മേല്‍ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും. 7 അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ടു ആ വീട്ടില്‍ തന്നേ പാര്‍പ്പിന്‍ ; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുതു. 8 ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നതു ഭക്ഷിപ്പിന്‍ . 9 അതിലെ രോഗികളെ സൌഖ്യമാക്കി, ദൈവരാജ്യം നിങ്ങള്‍ക്കു സമീപിച്ചുവന്നിരിക്കുന്നു എന്നു അവരോടു പറവിന്‍ . 10 ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്‍റെ തെരുക്കളില്‍ പോയി: 11 നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലിന്നു പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്കു കുടഞ്ഞേച്ചുപോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു. എന്നു അറിഞ്ഞുകൊള്‍വിന്‍ എന്നു പറവിന്‍ . 12 ആ പട്ടണത്തെക്കാള്‍ സൊദോമ്യര്‍ക്കും ആ നാളില്‍ സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 13 കോരസീനേ, നിനക്കു അയ്യോ കഷ്ടം! ബേത്ത് സയിദേ, നിനക്കു അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നേ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു. 14 എന്നാല്‍ ന്യായവിധിയില്‍ നിങ്ങളെക്കാള്‍ സോരിന്നും സീദോന്നും സഹിക്കാവതാകും. 15 നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗ്ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും. 16 നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ തള്ളുന്നവന്‍ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു. 17 ആ എഴുപതുപേര്‍ സന്തോഷത്തേടെ മടങ്ങിവന്നു: കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു; 18 അവന്‍ അവരോടു: സാത്താന്‍ മിന്നല്‍പോലെ ആകാശത്തു നിന്നു വീഴുന്നതു ഞാന്‍ കണ്ടു. 19 പാമ്പുകളെയും തേളുകളെയും ശത്രുവിന്റേ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്കു അധികാരം തരുന്നു; ഒന്നും നിങ്ങള്‍ക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. 20 എങ്കിലും ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേര്‍ സ്വര്‍ഗ്ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിന്‍ . 21 ആ നാഴികയില്‍ അവന്‍ പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു പറഞ്ഞതു: പിതാവേ, സ്വര്‍ഗ്ഗത്തിന്നും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറെച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ. 22 എന്‍റെ പിതാവു സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു. പുത്രന്‍ ഇന്നവന്‍ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവു ഇന്നവന്‍ എന്നു പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല. 23 പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു: നിങ്ങള്‍ കാണുന്നതിനെ കാണുന്ന കണ്ണു ഭാഗ്യമുള്ളതു. 24 നിങ്ങള്‍ കാണുന്നതിനെ കാണ്മാന്‍ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്‍പ്പാന്‍ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു. 25 അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു. 26 അവന്‍ അവനോടു: ന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്നു ചോദിച്ചതിന്നു അവന്‍ : 27 നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു. 28 അവന്‍ അവനോടു: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു. 29 അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്‍റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു: 30 ഒരു മനുഷ്യന്‍ യെരൂശലേമില്‍ നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ചു പോയി. 31 ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി. 32 അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി. 33 ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്‍റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു 34 എണ്ണയും വീഞ്ഞും പകര്‍ന്നു അവന്‍റെ മുറിവുകളെ കെട്ടി അവനെ തന്‍റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു. 35 പിറ്റെന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു. 36 കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടവന്നു ഈ മൂവരില്‍ ഏവന്‍ കൂട്ടുകാരനായിത്തീര്‍ന്നു എന്നു നിനക്കു തോന്നുന്നു? 37 അവനോടു കരുണ കാണിച്ചവന്‍ എന്നു അവന്‍ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെ തന്നേ ചെയ്ക എന്നു പറഞ്ഞു. 38 പിന്നെ അവര്‍ യാത്രപോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്താ എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു. 39 അവള്‍ക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്‍റെ കാല്‍ക്കല്‍ ഇരുന്നു അവന്‍റെ വചനം കേട്ടുകൊണ്ടിരുന്നു. 40 മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ടു അടുക്കെവന്നു: കര്‍ത്താവേ, എന്‍റെ സഹോദരി ശുശ്രൂഷെക്കു എന്നെ തനിച്ചു വിട്ടിരിക്കുന്നതില്‍ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു. 41 കര്‍ത്താവു അവളോടു: മാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു. 42 എന്നാല്‍ അല്പമേ വേണ്ടു; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അതു ആരും അവളോടു അപഹരിക്കയുമില്ല.

11:1 അവന്‍ ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോടു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു. 2 അവന്‍ അവരോടു പറഞ്ഞതു: നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു: [സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; [നിന്‍റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;] 3 ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ. 4 ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ: [ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.] 5 പിന്നെ അവന്‍ അവരോടു പറഞ്ഞതു: നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹതിന്‍ ഉണ്ടു എന്നിരിക്കട്ടെ; അവന്‍ അര്‍ദ്ധരാത്രിക്കു അവന്‍റെ അടുക്കല്‍ ചെന്നു: സ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം; 6 എന്‍റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്‍റെ അടുക്കല്‍ വന്നു; അവന്നു വിളമ്പിക്കൊടുപ്പാന്‍ എന്‍റെ പക്കല്‍ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്‍ : 7 എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും 8 അവന്‍ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 9 യാചിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും. 10 യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 11 എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോടു മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ? 12 മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ? 13 അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും. 14 ഒരിക്കല്‍ അവന്‍ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു. 15 അവരില്‍ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു. 16 വേറെ ചിലര്‍ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു. 17 അവന്‍ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതു: തന്നില്‍തന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഓ‍രോന്നും വീഴും. 18 സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്‍ . അവന്‍റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ. 19 ഞാന്‍ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപതികള്‍ ആകും. 20 എന്നാല്‍ ദൈവത്തിന്‍റെ ശക്തികൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം. 21 ബലവാന്‍ ആയുധം ധരിച്ചു തന്‍റെ അരമന കാക്കുമ്പോള്‍ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു. 22 അവനിലും ബലവാനായവന്‍ വന്നു അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വ്വായുധവര്‍ഗ്ഗം പിടിച്ചുപറിച്ചു അവന്‍റെ കൊള്ള പകുതി ചെയ്യുന്നു. 23 എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു. 24 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടു: ഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു, 25 അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു. 26 അപ്പോള്‍ അവന്‍ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതില്‍ കടന്നു പാര്‍ത്തിട്ടു ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള്‍ വല്ലാതെയായി ഭവിക്കും. 27 ഇതു പറയുമ്പോള്‍ പുരുഷാരത്തില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. 28 അതിന്നു അവന്‍ : അല്ല, ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു. 29 പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയതു: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല. 30 യോനാ നീനെവേക്കാര്‍ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറെക്കും ആകും. 31 തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ . 32 നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന്‍ . 33 വിളക്കു കൊളുത്തീട്ടു ആരും നിലവറയിലോ പറയിന്‍ കീഴിലോ വെക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു. 34 ശരീരത്തിന്‍റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. 35 ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക. 36 നിന്‍റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും. 37 അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു. 38 മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു. 39 കര്‍ത്താവു അവനോടു: പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു. 40 മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയതു? 41 അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍ ; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു. 42 പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം. 43 പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു. നിങ്ങള്‍ക്കു അയ്യോ കഷ്ടം; 44 നിങ്ങള്‍ കാണ്മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല. 45 ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോടു: ഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു. 46 അതിന്നു അവന്‍ പറഞ്ഞതു: ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല. 47 നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു. 48 അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു. 49 അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നതു: ഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും. 50 ഹാബേലിന്‍റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്‍വെച്ചു പട്ടുപോയ സെഖര്യാവിന്‍റെ രക്തം വരെ 51 ലോക സ്ഥാപനം മുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 52 ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്‍റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു. 53 അവന്‍ അവിടംവിട്ടുപോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും 54 അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്‍റെ വായില്‍ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.

12:1 അതിന്നിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിതു: പരീശന്മാരുടെ പുളിച്ചമാവായ കപടഭക്തി സൂക്ഷിച്ചു കൊള്‍വിന്‍ . 2 മൂടിവെച്ചതു ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായതു ഒന്നും അറിയാതെയും ഇരിക്കയില്ല. 3 ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വെച്ചു ചെവിയില്‍ മന്ത്രിച്ചതു പുരമുകളില്‍ ഘോഷിക്കും. 4 എന്നാല്‍ എന്‍റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നതു: ദേഹത്തെ കൊന്നിട്ടു പിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ. 5 ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍ : അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 6 രണ്ടു കാശിന്നു അഞ്ചു കുരികിലിനെ വിലക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല. 7 നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍ . 8 മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും. 9 മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും. 10 മനുഷ്യപുത്രന്‍റെ നേരെ ഒരു വാക്കു പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്‍റെ നേരെ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 11 എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ; 12 പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയില്‍ തന്നേ നിങ്ങളെ പഠിപ്പിക്കും. 13 പുരുഷാരത്തില്‍ ഒരുത്തന്‍ അവനോടു: ഗുരോ, ഞാനുമായി അവകാശം പകുതിചെയ്‍വാന്‍ എന്‍റെ സഹോദരനോടു കല്പിച്ചാലും എന്നു പറഞ്ഞു. 14 അവനോടു അവന്‍ : മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയതു ആര്‍ എന്നു ചോദിച്ചു. 15 പിന്നെ അവരോടു: സകലദ്രവ്യാഗ്രഹവും സൂക്ഷിച്ചു ഒഴിഞ്ഞുകൊള്‍വിന്‍ ; ഒരുത്തന്നു സമൃദ്ധിഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന്നു ആധാരമായിരിക്കുന്നതു എന്നു പറഞ്ഞു. 16 ഒരുപമയും അവരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്‍റെ ഭൂമി നന്നായി വിളഞ്ഞു. 17 അപ്പോള്‍ അവന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? എന്‍റെ വിളവു കൂട്ടിവെപ്പാന്‍ സ്ഥലം പോരാ എന്നു ഉള്ളില്‍ വിചാരിച്ചു. 18 പിന്നെ അവന്‍ പറഞ്ഞതു: ഞാന്‍ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ചു അധികം വലിയവ പണിതു എന്‍റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവേക്കും. 19 എന്നിട്ടു എന്നോടുതന്നേ; നിനക്കു ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും. ദൈവമോ അവനോടു: 20 മൂഢാ, ഈ രാത്രിയില്‍ നിന്‍റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചതു ആര്‍ക്കാകും എന്നു പറഞ്ഞു. 21 ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കു തന്നേ നിക്ഷേപിക്കുന്നവന്‍റെ കാര്യം ഇങ്ങനെ ആകുന്നു. 22 അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: ആകയാല്‍ എന്തു തിന്നും എന്നു ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 23 ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലോ. 24 കാക്കയെ നോക്കുവിന്‍ ; അതു വിതെക്കുന്നില്ല, കൊയ്യുന്നില്ല, അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍ ; 25 പിന്നെ വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കും കഴിയും? 26 ആകയാല്‍ ഏറ്റവും ചെറിയതിന്നുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നതു എന്തു? 27 താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല നൂല്‍ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍ പോലും തന്‍റെ സകല മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 28 ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്‍ , അല്പവിശ്വസികളേ, നിങ്ങളെ എത്ര അധികം? 29 എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുതു. 30 ഈ വക ഒക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്കു ആവശ്യം എന്നു അറിയുന്നു. 31 അവന്‍റെ രാജ്യം അന്വേഷിപ്പിന്‍ ; അതോടുകൂടെ നിങ്ങള്‍ക്കു ഇതും കിട്ടും. 32 ചെറിയ ആട്ടിന്‍ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങള്‍ക്കു നലകുവാന്‍ പ്രസാദിച്ചിരിക്കുന്നു. 33 നിങ്ങള്‍ക്കുള്ളതു വിറ്റു ഭിക്ഷകൊടുപ്പിന്‍ ; കള്ളന്‍ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വര്‍ഗ്ഗത്തില്‍ പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്കു ഉണ്ടാക്കിക്കൊള്‍വിന്‍ . 34 നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും. 35 നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ. 36 യജമാനന്‍ കല്യാണത്തിന്നു പോയി വന്നു മുട്ടിയാല്‍ ഉടനെ വാതില്‍ തുറന്നുകൊടുക്കേണ്ടതിന്നു അവന്‍ എപ്പോള്‍ മടങ്ങിവരും വന്നു കാത്തുനിലക്കുന്ന ആളുകളോടു നിങ്ങള്‍ തുല്യരായിരിപ്പിന്‍ . 37 യജമാനന്‍ വരുന്നേരം ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ദാസന്മാര്‍ ഭാഗ്യവാന്മാര്‍ ; അവന്‍ അര കെട്ടി അവരെ ഭക്ഷണത്തിന്നിരുത്തുകയും വന്നു അവര്‍ക്കും ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. 38 അവന്‍ രണ്ടാം യാമത്തില്‍ വന്നാലും മൂന്നാമതില്‍ വന്നാലും അങ്ങനെ കണ്ടു എങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍ . 39 കള്ളന്‍ ഇന്ന നാഴികെക്കു വരുന്നു എന്നു വിട്ടുടയവന്‍ അറിഞ്ഞിരുന്നു എങ്കില്‍ അവന്‍ ഉണര്‍ന്നിരുന്നു തന്‍റെ വീടു തുരപ്പാന്‍ സമ്മതിക്കയില്ല എന്നറിവിന്‍ . 40 നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍ . 41 കര്‍ത്താവേ, ഈ ഉപമ പറയുന്നതു ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്നു കര്‍ത്താവു പറഞ്ഞതു: 42 തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനന്‍ തന്‍റെ വേലക്കാരുടെ മേല്‍ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകന്‍ ആര്‍ ? 43 യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തുകാണുന്ന ദാസന്‍ ഭാഗ്യവാന്‍ . 44 അവന്‍ തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിവേക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 45 എന്നാല്‍ ദാസന്‍ : യജമാനന്‍ താമസിച്ചേ വരികയുള്ളു എന്നു ഹൃദയത്തില്‍ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനും തുടങ്ങിയാല്‍ . 46 അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്‍റെ യജമാനന്‍ വന്നു അവനെ ദണ്ഡിപ്പിക്കയും അവന്നു അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും. 47 യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ടു ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന്നു വളരെ അടികൊള്ളും. 48 അറിയാതെകണ്ടു അടിക്കു യോഗ്യമായതു ചെയ്തവന്നോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോടു വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോടു അധികം ചോദിക്കും. 49 ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അതു ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്തു ഇച്ഛിക്കേണ്ടു? 50 എങ്കിലും എനിക്കു ഒരു സ്നാനം ഏല്പാന്‍ ഉണ്ടു; അതു കഴിയുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു. 51 ഭൂമിയില്‍ സമാധാനം നലകുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 52 ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോടു ഇരുവരും ഇങ്ങനെ അഞ്ചുപേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും. 53 അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും. 54 പിന്നെ അവന്‍ പുരുഷാരത്തോടു പറഞ്ഞതു: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള്‍ പെരുമഴ വരുന്നു എന്നു നിങ്ങള്‍ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു. 55 തെക്കന്‍ കാറ്റു ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു. 56 കപടഭകതിക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവത്തെ വിവേചിപ്പാന്‍ നിങ്ങള്‍ക്കു അറിയാം; 57 എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു? 58 പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല്‍ പോകുമ്പോള്‍ വഴിയില്‍വെച്ചു അവനോടു നിരന്നുകൊള്‍വാന്‍ ശ്രമിക്ക; അല്ലാഞ്ഞാല്‍ അവന്‍ നിന്നെ ന്യായാധിപന്‍റെ മുമ്പില്‍ ഇഴെച്ചുകൊണ്ടു പോകയും ന്യായാധിപന്‍ നിന്നെ കോല്‍ക്കാരന്‍റെ പക്കല്‍ ഏല്പിക്കയും കോല്‍ക്കാരന്‍ തടവില്‍ ആക്കുകയും ചെയ്യും. 59 ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെ നിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.

13:1 ആ സമയത്തു തന്നേ അവിടെ ഉണ്ടായിരുന്ന ചിലര്‍ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലര്‍ത്തിയ വര്‍ത്തമാനം അവനോടു അറിയിച്ചു. 2 അതിന്നു അവന്‍ ഉത്തരം പറഞ്ഞതു: ആ ഗലീലക്കാര്‍ ഇതു അനുഭവിക്കായാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? 3 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാന്‍ നിങ്ങള്‍ എല്ലാവരും അങ്ങനെതന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 4 അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടുപേര്‍ യെരൂശലേമില്‍ പാര്‍ക്കുംന്ന സകല മനുഷ്യരിലും കുറ്റക്കാര്‍ ആയിരുന്നു എന്നു തോന്നുന്നുവോ? 5 അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നേ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 6 അവന്‍ ഈ ഉപമയും പറഞ്ഞു: ഒരുത്തന്നു തന്‍റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നോരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന്‍ അതില്‍ ഫലം തിരഞ്ഞുവന്നു, കണ്ടില്ലതാനും. 7 അവന്‍ തോട്ടക്കാരനോടു: ഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിന്നു എന്നു പറഞ്ഞു. 8 അതിന്നു അവന്‍ : കര്‍ത്താവേ, ഞാന്‍ അതിന്നു ചുറ്റും കിളെച്ചു വളം ഇടുവോളം ഈ ആണ്ടും കൂടെ നില്‍ക്കട്ടെ. 9 മേലാല്‍ കായിച്ചെങ്കിലോ - ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്നു ഉത്തരം പറഞ്ഞു. 10 ഒരു ശബ്ബത്തില്‍ അവന്‍ ഒരു പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നു; 11 അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവു ബാധിച്ചിട്ടു ഒട്ടും നിവിരുവാന്‍ കഴിയാതെ കൂനിയായോരു സ്ത്രീ ഉണ്ടായിരുന്നു. 12 യേശു അവളെ കണ്ടു അടുക്കെ വിളിച്ചു: സ്ത്രിയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞു അവളുടെ മേല്‍ കൈവെച്ചു. 13 അവള്‍ ക്ഷണത്തില്‍ നിവിര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി. 14 യേശു ശബ്ബത്തില്‍ സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടു: വേല ചെയ്‍വാന്‍ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊള്‍വിന്‍ ; ശബ്ബത്തില്‍ അരുതു എന്നു പറഞ്ഞു. 15 കര്‍ത്താവു അവനോടു: കപടഭക്തിക്കാരേ, നിങ്ങളില്‍ ഓ‍രോരുത്തന്‍ ശബ്ബത്തില്‍ തന്‍റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? 16 എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു. 17 അവന്‍ ഇതു പറഞ്ഞപ്പോള്‍ അവന്‍റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരം ഒക്കെയും സന്തോഷിച്ചു. 18 പിന്നെ അവന്‍ പറഞ്ഞതു: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോടു അതിനെ ഉപമിക്കേണ്ടു? 19 ഒരു മനുഷ്യന്‍ എടുത്തു തന്‍റെ തോട്ടത്തില്‍ ഇട്ട കടുകുമണിയോടു അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്നു അതിന്‍റെ കൊമ്പുകളില്‍ വസിച്ചു. 20 പിന്നെയും അവന്‍ ദൈവരാജ്യത്തെ ഏതിനോടു ഉപമിക്കേണ്ടു? അതു പുളിച്ചമാവിനോടു തുല്ല്യം; 21 അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവില്‍ ചേര്‍ത്തു എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു എന്നു പറഞ്ഞു. 22 അവന്‍ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ചു യെരൂശലേമിലേക്കു യാത്ര ചെയ്തു. 23 അപ്പോള്‍ ഒരുത്തന്‍ അവനോടു: കര്‍ത്താവേ, രക്ഷിക്കപ്പെടുന്നവര്‍ ചുരുക്കമോ എന്നു ചോദിച്ചതിന്നു അവനോടു പറഞ്ഞതു: 24 ഇടുക്കുവാതിലൂടെ കടപ്പാന്‍ പോരാടുവിന്‍ . പലരും കടപ്പാന്‍ നോക്കും കഴികയില്ലതാനും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 25 വീട്ടുടയവന്‍ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങള്‍ പുറത്തുനിന്നു: കര്‍ത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞതുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോള്‍ : നിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല, എന്നു അവന്‍ ഉത്തരം പറയും. 26 അന്നേരം നിങ്ങള്‍ : നിന്‍റെ മുമ്പില്‍ ഞങ്ങള്‍ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളില്‍ നീ പഠിക്കയും ചെയ്തുവല്ലൊ എന്നു പറഞ്ഞുതുടങ്ങും. 27 അവനോ: നിങ്ങള്‍ എവിടെ നിന്നു എന്നു ഞാന്‍ അറിയുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; അനീതി പ്രവൃത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടുപോകുവിന്‍ എന്നു പറയും. 28 അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവ രാജ്യത്തില്‍ ഇരിക്കുന്നതും നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങള്‍ കാണുമ്പോള്‍ കരച്ചലും പല്ലുകടിയും ഉണ്ടാകും. 29 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകര്‍ വന്നു ദൈവരാജ്യത്തില്‍ പന്തിയിലിരിക്കും. 30 മുമ്പന്മാരായ്തീരുന്ന പിമ്പന്മാരുണ്ടു, പിമ്പന്മാരായ്തീരുന്ന മുമ്പന്മാരും ഉണ്ടു. 31 ആ നാഴികയില്‍ തന്നേ ചില പരീശന്മാര്‍ അടുത്തുവന്നു: ഇവിടം വിട്ടു പൊയ്ക്കാള്‍ക ഹെരോദാവു നിന്നെ കൊല്ലുവാന്‍ ഇച്ഛിക്കുന്നു എന്നു അവനോടു പറഞ്ഞു. 32 അവന്‍ അവരോടു പറഞ്ഞതു: നിങ്ങള്‍ പോയി ആ കുറുക്കനോടു: ഞാന്‍ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളില്‍ സമാപിക്കുകയും ചെയ്യും. 33 എങ്കിലും ഇന്നും നാളെയും മറ്റെന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിന്നു പുറത്തുവെച്ചു ഒരു പ്രവാചകന്‍ നശിച്ചുപോകുന്നതു അസംഭവ്യമല്ലോ എന്നു പറവിന്‍ . 34 യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുംപോലെ നിന്‍റെ മക്കളെ എത്രവട്ടം ചേര്‍ത്തുകൊള്‍വാന്‍ എനിക്കു മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല. 35 നിങ്ങളുടെ ഭവനം ശൂന്യമായ്ത്തീരും; കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

14:1 പരീശപ്രമാണികളില്‍ ഒരുത്തന്‍റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. 2 മഹോദരമുള്ളോരു മനുഷ്യന്‍ അവന്‍റെ മുമ്പില്‍ ഉണ്ടായിരുന്നു. 3 യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തില്‍ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു. 4 അവന്‍ അവനെ തൊട്ടു സൌഖ്യമാക്കി വിട്ടയച്ചു. 5 പിന്നെ അവരോടു: നിങ്ങളില്‍ ഒരുത്തന്‍റെ മകനോ കാളയോ ശബ്ബത്തു നാളില്‍ കിണറ്റില്‍ വീണാല്‍ ക്ഷണത്തില്‍ 6 വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന്നു പ്രത്യുത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല. 7 ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ടു അവന്‍ അവരോടു ഒരുപമ പറഞ്ഞു: 8 ഒരുത്തന്‍ നിന്നെ കല്യാണത്തിന്നു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുതു; പക്ഷെ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം. 9 പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്നു: ഇവന്നു ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള്‍ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തുപോയി ഇരിക്കേണ്ടിവരും. 10 നിന്നെ വിളിച്ചാല്‍ ചെന്നു ഒടുക്കത്തെ സ്ഥലത്തു ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോടു: സ്നേഹിതാ, മുമ്പോട്ടു വന്നു ഇരിക്ക എന്നുപറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും. 11 തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. 12 തന്നെ ക്ഷണിച്ചവനോടു അവന്‍ പറഞ്ഞതു: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള്‍ സ്നേഹിതന്മാരേയും സഹോരദരന്മാരെയും ചാര്‍ച്ചക്കാരെയും സമ്പത്തുള്ള അയല്‍ക്കാരെയും വിളിക്കരുതു; അവര്‍ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും. 13 നീ വിരുന്നു കഴിക്കുമ്പോള്‍ ദരിദ്രന്മാര്‍ . അംഗഹീനന്മാര്‍ മുടന്തന്മാര്‍ . കുരുടുന്മാര്‍ എന്നിവരെ ക്ഷണിക്ക; 14 എന്നാല്‍ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാന്‍ അവര്‍ക്കും വകയില്ലല്ലോ; നീതിമാന്മാരരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രത്യുപകാരം ഉണ്ടാകും. 15 കൂടെ പന്തിയിരിരുന്നവരില്‍ ഒരുത്തന്‍ ഇതു കേട്ടിട്ടു: ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു അവനോടു പറഞ്ഞു; 16 അവനോടു അവന്‍ പറഞ്ഞതു: ഒരു മനുഷ്യന്‍ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു. 17 അത്താഴസമയത്തു അവന്‍ തന്‍റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിന്‍ എന്നു പറയിച്ചു. 18 എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവന്‍ അവനോടു: ഞാന്‍ ഒരു നിലം കൊണ്ടതിനാല്‍ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 19 മറ്റൊരുത്തന്‍ : ഞാന്‍ അഞ്ചേര്‍കാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാന്‍ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു. 20 വേറൊരുത്തന്‍ : ഞാന്‍ ഇപ്പോള്‍വിവാഹം കഴിച്ചിരിക്കുന്നു; വരുവാന്‍ കഴിവില്ല എന്നു പറഞ്ഞു. 21 ദാസന്‍ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോള്‍ വീട്ടുടയവന്‍ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാര്‍ , അംഗഹീനന്മാര്‍ , കുരുടന്മാര്‍ , മുടന്തന്മാര്‍ , എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. 22 പിന്നെ ദാസന്‍ : യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു. 23 യജമാനന്‍ ദാസനോടു: നീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്‍റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബ്ബന്ധിക്ക. 24 ആ ക്ഷണിച്ച പുരുഷന്മാര്‍ ആരും എന്‍റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 25 ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോള്‍ അവന്‍ തിരിഞ്ഞു അവരോടു പറഞ്ഞതു: 26 എന്‍റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല. 27 തന്‍റെ ക്രൂശു എടുത്തു കൊണ്ടു എന്‍റെ പിന്നാലെ വരാത്തവന്നു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴിയില്ല. 28 നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്നു അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ? 29 അല്ലെങ്കില്‍ അടിസ്ഥാനം ഇട്ടശേഷം തീര്‍പ്പാന്‍ വകയില്ല എന്നു വന്നേക്കാം; 30 കാണുന്നവര്‍ എല്ലാം; ഈ മനുഷ്യര്‍ പണിവാന്‍ തുടങ്ങി, തീര്‍പ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ. 31 അല്ല, ഒരു രാജാവു മറ്റൊരു രാജാവിനോടു പട ഏല്പാന്‍ പുറപ്പെടുംമുമ്പേ ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോടു താന്‍ പതിനായിരവുമായി എതിര്‍പ്പാന്‍ മതിയോ എന്നു ആലോചിക്കുന്നില്ലയോ? 32 പോരാ എന്നു വരികില്‍ മറ്റവന്‍ ദൂരത്തിരിക്കുമ്പോള്‍ തന്നേ സ്ഥാനാപതികളെ അയച്ചു സമാധാനത്തിന്നായി അപേക്ഷിക്കുന്നു. 33 അങ്ങനെ തന്നേ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതു ഒക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന്നു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല. 34 ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാല്‍ എന്തൊന്നുകൊണ്ടു അതിന്നു രസം വരുത്തും? 35 പിന്നെ നിലത്തിന്നും വളത്തിന്നും കൊള്ളുന്നതല്ല; അതിനെ പുറത്തു കളയും. കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ

15:1 ചുങ്കക്കാരും പാപികളും എല്ലാം അവന്‍റെ വചനം കേള്‍പ്പാന്‍ അവന്‍റെ അടുക്കല്‍ വന്നു. 2 ഇവന്‍ പാപികളെ കൈക്കൊണ്ടു അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു. 3 അവരോടു അവന്‍ ഈ ഉപമ പറഞ്ഞു: 4 നിങ്ങളില്‍ ഒരു ആള്‍ക്കു നൂറു ആടുണ്ടു എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു. ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ? 5 കണ്ടു കിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി: 6 കാണാതെ പോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിന്‍ എന്നു അവരോടു പറയും. 7 അങ്ങനെ തന്നേ മാനസാന്തരം കൊണ്ടു ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 8 അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ടു എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാല്‍ അവള്‍ വിളക്കു കത്തിച്ചു വീടു അടിച്ചുവാരി അതുകണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ? 9 കണ്ടുകിട്ടിയാല്‍ സ്നേഹിതമാരെയും അയല്‍ക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടു കിട്ടിയതുകൊണ്ടു എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്നു പറയും. 10 അങ്ങനെ തന്നേ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 11 പിന്നെയും അവന്‍ പറഞ്ഞതു: ഒരു മനുഷ്യന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു. 12 അവരില്‍ ഇളയവന്‍ അപ്പനോടു: അപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കും മുതല്‍ പകുത്തുകൊടുത്തു. 13 ഏറെനാള്‍ കഴിയുംമുമ്പെ ഇളയമകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു. 14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടുവന്നു തുടങ്ങി. 15 അവന്‍ ആ ദേശത്തിലേ പൌരന്മാരില്‍ ഒരുത്തനെ ചെന്നു ആശ്രയിച്ചു. അവന്‍ അവനെ തന്‍റെ വയലില്‍ പന്നികളെ മേയ്പാന്‍ അയച്ചു. 16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാന്‍ അവന്‍ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല. 17 അപ്പോള്‍ സുബോധം വന്നിട്ടു അവന്‍ : എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. 18 ഞാന്‍ എഴുന്നേറ്റു അപ്പന്‍റെ അടുക്കല്‍ ചെന്നു അവനോടു: അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. 19 ഇനി നിന്‍റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്‍റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. 20 അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്‍റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഓ‍ടിച്ചെന്നു അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. 21 മകന്‍ അവനോടു: അപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു. 22 അപ്പന്‍ തന്‍റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിന്‍ ; ഇവന്‍റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിന്‍ . 23 തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിന്‍ ; നാം തിന്നു ആനന്ദിക്ക. 24 ഈ എന്‍റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി. 25 അവന്‍റെ മൂത്തമകന്‍ വയലില്‍ ആയിരുന്നു; അവന്‍ വന്നു വീട്ടിനോടു അടുത്തപ്പോള്‍ വാദ്യവും നൃത്തഘോഷവും കേട്ടു, 26 ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു. 27 അവന്‍ അവനോടു: നിന്‍റെ സഹോദരന്‍ വന്നു; നിന്‍റെ അപ്പന്‍ അവനെ സൌഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. 28 അപ്പോള്‍ അവന്‍ കോപിച്ചു, അകത്തു കടപ്പാന്‍ മനസ്സില്ലാതെ നിന്നു; അപ്പന്‍ പുറത്തു വന്നു അവനോടു അപേക്ഷിച്ചു. 29 അവന്‍ അവനോടു: ഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്‍റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിന്‍ കുട്ടിയെ തന്നിട്ടില്ല. 30 വേശ്യമാരോടു കൂടി നിന്‍റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്‍റെ മകന്‍ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു. 31 അതിന്നു അവന്‍ അവനോടു: മകനേ, നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്‍റെതു ആകുന്നു. 32 നിന്‍റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.

16:1 പിന്നെ അവന്‍ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാര്യവിചാരകന്‍ ഉണ്ടായിരുന്നു; അവന്‍ അവന്‍റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര്‍ അവനെ കുറ്റം പറഞ്ഞു. 2 അവന്‍ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേള്‍ക്കുന്നതു എന്തു? നിന്‍റെ കാര്യവിചാരത്തിന്‍റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു. 3 എന്നാറെ കാര്യ വിചാരകന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? യജമാനന്‍ കാര്യവിചാരത്തില്‍ നിന്നു എന്നെ നീക്കുവാന്‍ പോകുന്നു; കിളെപ്പാന്‍ എനിക്കു പ്രാപ്തിയില്ല; ഇരപ്പാന്‍ ഞാന്‍ നാണിക്കുന്നു. 4 എന്നെ കാര്യവിചാരത്തില്‍നിന്നു നീക്കിയാല്‍ അവര്‍ എന്നെ തങ്ങളുടെ വീടുകളില്‍ ചേര്‍ത്തുകൊള്‍വാന്‍ തക്കവണ്ണം ഞാന്‍ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു. 5 പിന്നെ അവന്‍ യജമാനന്‍റെ കടക്കാരില്‍ഓ‍രോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. 6 നൂറു കുടം എണ്ണ എന്നു അവന്‍ പറഞ്ഞു. അവന്‍ അവനോടു: നിന്‍റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു. 7 അതിന്‍റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവന്‍ പറഞ്ഞു; അവനോടു: നിന്‍റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു. 8 ഈ അനീതിയുള്ള കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു യജമാനന്‍ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള്‍ ഈ ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ ബുദ്ധിയേറിയവരല്ലോ. 9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങള്‍ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോള്‍ അവര്‍ നിത്യ കൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്‍വാന്‍ ഇടയാകും. 10 അത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍ ; അത്യല്പത്തില്‍ നീതികെട്ടവന്‍ അധികത്തിലും നീതി കെട്ടവന്‍ . 11 നിങ്ങള്‍ അനീതിയുള്ള മമ്മോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായതു നിങ്ങളെ ആര്‍ ഭരമേല്പിക്കും? 12 അന്യമായതില്‍ വിശ്വസ്തരായില്ല എങ്കില്‍ നിങ്ങള്‍ക്കു സ്വന്തമായതു ആര്‍ തരും? 13 രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യന്നും കഴികയില്ല; അവന്‍ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാന്‍ കഴികയില്ല. 14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ടു അവനെ പരിഹസിച്ചു. 15 അവന്‍ അവരോടു പറഞ്ഞതു: നിങ്ങള്‍ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര്‍ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്‍റെ മുമ്പാകെ അറെപ്പത്രേ. 16 ന്യായപ്രമാണത്തിന്‍റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന്‍ വരെ ആയിരുന്നു; അന്നുമുതല്‍ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്‍ക്കാരേണ അതില്‍ കടപ്പാന്‍ നോക്കുന്നു. 17 ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണുപോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം. 18 ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്‍ത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു. 19 ധനവാനായോരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനന്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു. 20 ലാസര്‍ എന്നു പേരുള്ളോരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്‍റെ പടിപ്പുരക്കല്‍ കിടന്നു 21 ധനവാന്‍റെ മേശയില്‍ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്‍റെ വ്രണം നക്കും. 22 ആ ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി. 23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്‍റെ മടിയില്‍ ലാസരിനെയും കണ്ടു: 24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്‍ വിരലിന്‍റെ അറ്റം വെള്ളത്തില്‍ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു. 25 അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നുഓ‍ര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു. 26 അത്രയുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവെ വലിയോരു പിളര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കും കഴിവില്ല; അവിടെ നിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കും കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു. 27 അതിന്നു അവന്‍ : എന്നാല്‍ പിതാവേ, അവനെ എന്‍റെ അപ്പന്‍റെ വീട്ടില്‍ അയക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു; 28 എനിക്കു അഞ്ചു സഹോദരന്മാര്‍ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാന്‍ അവന്‍ അവരോടു സാക്‍ഷ്യം പറയട്ടെ എന്നു പറഞ്ഞു. 29 അബ്രാഹാം അവനോടു: അവര്‍ക്കും മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു. 30 അതിന്നു അവന്‍ : അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്‍നിന്നു ഒരുത്തന്‍ എഴുന്നേറ്റു അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു. 31 അവന്‍ അവനോടു: അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍ നിന്നു ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

17:1 അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: ഇടര്‍ച്ചകള്‍ വരാതിരിക്കുന്നതു അസാദ്ധ്യം; എങ്കിലും അവ വരുത്തുന്നവന്നു അയ്യോ കഷ്ടം. 2 അവന്‍ ഈ ചെറിയവരില്‍ ഒരുത്തന്നു ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരിക്കല്ലു അവന്‍റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നതു അവന്നു നന്നു. 3 സൂക്ഷിച്ചുകൊള്‍വിന്‍ ; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോടു ക്ഷമിക്ക. 4 ദിവസത്തില്‍ ഏഴുവട്ടം നിന്നോടു പിഴെക്കയും ഏഴുവട്ടവും നിന്‍റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോടു ക്ഷമിക്ക. 5 അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു: ഞങ്ങള്‍ക്കു വിശ്വാസം വര്‍ദ്ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു. 6 അതിന്നു കര്‍ത്താവു പറഞ്ഞതു: നിങ്ങള്‍ക്കു കടകുമണിയോളം വിശ്വാസം ഉണ്ടെങ്കില്‍ ഈ കാട്ടത്തിയോടു: വേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും. 7 നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വരുമ്പോള്‍ : നീ ക്ഷണത്തില്‍ വന്നു ഊണിന്നു ഇരിക്ക എന്നു അവനോടു പറയുമോ? അല്ല: 8 എനിക്കു അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്ക; പിന്നെ നീയും തിന്നു കുടിച്ചുകൊള്‍ക എന്നു പറകയില്ലയോ? 9 തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ടു അവന്നു നന്ദിപറയുമോ? 10 അവ്വണ്ണം നിങ്ങളോടു കല്പിച്ചതു ഒക്കെയും ചെയ്തശേഷം: ഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്‍ ചെയ്യേണ്ടതേ ചെയ്തിട്ടുള്ളു എന്നു നിങ്ങളും പറവിന്‍ . 11 അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലെക്കും നടുവില്‍കൂടി കടക്കുമ്പോള്‍ 12 ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു 13 അകലെ നിന്നുകൊണ്ടു: യേശൂ, നായക, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്നു ഉറക്കെ പറഞ്ഞു. 14 അവന്‍ അവരെ കണ്ടിട്ടു: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കും നിങ്ങളെ തന്നേ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍ തന്നേ അവര്‍ ശുദ്ധരായ്തീര്‍ന്നു. 15 അവരില്‍ ഒരുത്തന്‍ തനിക്കു സൌഖ്യംവന്നതു കണ്ടു ഉച്ചത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്നു അവന്‍റെ കാല്‍ക്കല്‍ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു; 16 അവനോ ശമര്യക്കാരന്‍ ആയിരുന്നു 17 പത്തുപേര്‍ ശുദ്ധരായ്തീര്‍ന്നില്ലയോ? ഒമ്പതുപേര്‍ എവിടെ? 18 ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിന്നു മഹത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ടു അവനോടു: 19 എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. 20 ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്നു: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നതു; 21 ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍ തന്നേ ഉണ്ടല്ലോ എന്നു അവന്‍ ഉത്തരം പറഞ്ഞു. 22 പിന്നെ അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞതു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്മാന്‍ ആഗ്രഹിക്കുന്ന കാലം വരും; 23 കാണുകയില്ലതാനും. അന്നു നിങ്ങളോടു: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുതു, പിന്‍ ചെല്ലുകയുമരുതു. 24 മിന്നല്‍ ആകാശത്തിങ്കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്‍റെ ദിവസത്തില്‍ ആകും. 25 എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം. 26 നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും. 27 നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു. 28 ലോത്തിന്‍റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു. 29 എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു. 30 മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നേ ആകും. 31 അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു. 32 ലോത്തിന്‍റെ ഭാര്യയെ ഓ‍ര്‍ത്തുകൊള്‍വിന്‍ . 33 തന്‍റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും. 34 ആ രാത്രിയില്‍ രണ്ടുപേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും. 35 രണ്ടുപേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; 36 മറ്റവളെ ഉപേക്ഷിക്കും [രണ്ടുപേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 37 അവര്‍ അവനോടു: കര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്നു: ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും എന്നു അവന്‍ പറഞ്ഞു.

18:1 മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു: 2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. 3 ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ അവന്‍റെ അടുക്കല്‍ ചെന്നു: എന്‍റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു. 4 അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്‍ : എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല 5 എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള്‍ ഒടുവില്‍ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു. 6 അനീതിയുള്ള ന്യായാധിപന്‍ പറയുന്നതു കേള്‍പ്പിന്‍ . 7 ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘ ക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ? 8 വേഗത്തില്‍ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവു പറഞ്ഞു. 9 തങ്ങള്‍ നീതിമാന്മാര്‍ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവന്‍ ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍ 10 രണ്ടു മനുഷ്യര്‍ പ്രാര്‍ത്ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന്‍ പരീശന്‍ , മറ്റവന്‍ ചുങ്കക്കാരന്‍ . 11 പരീശന്‍ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചു പറിക്കാര്‍ , നീതി കെട്ടവര്‍ , വ്യഭിചാരികള്‍ മുതലായശേഷമനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു. 12 ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതില്‍ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു. 13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗ്ഗത്തേക്കു നോക്കുവാമ്പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു. 14 അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 15 അവന്‍ തൊടേണ്ടതിന്നു ചിലര്‍ ശിശുക്കളെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അതുകണ്ടു അവരെ ശാസിച്ചു. 16 യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍ ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു. 17 ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു. 18 ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. 19 അതിന്നു യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു: 20 കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്‍ഷ്യം പറയരുതു; നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 21 ഇവ ഒക്കെയും ഞാന്‍ ചെറുപ്പം മുതല്‍ കാത്തു കൊണ്ടിരിക്കുന്നു എന്നു അവന്‍ പറഞ്ഞതു കേട്ടിട്ടു 22 യേശു: ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്‍ക്കും പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു. 23 അവന്‍ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖതിനായിത്തീര്‍ന്നു. 24 യേശു അവനെ കണ്ടിട്ടു: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നതു എത്ര പ്രയാസം! 25 ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു. 26 ഇതു കേട്ടവര്‍ : എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കും കഴിയും എന്നു പറഞ്ഞു. 27 അതിന്നു അവന്‍ : മനുഷ്യരാല്‍ അസാദ്ധ്യമായതു ദൈവത്താല്‍ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു. 28 ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു. 29 യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു 30 ഈ കാലത്തില്‍ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു. 31 അനന്തരം അവന്‍ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും. 32 അവനെ ജാതികള്‍ക്കു ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും 33 മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും എന്നു പറഞ്ഞു. 34 അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവര്‍ക്കും മറവായിരുന്നു; പറഞ്ഞതു അവര്‍ തിരിച്ചറിഞ്ഞതുമില്ല. 35 അവന്‍ യെരീഹോവിന്നു അടുത്തപ്പോള്‍ ഒരു കുരുടന്‍ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു. 36 പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവന്‍ ചോദിച്ചു. 37 നസറായനായ യേശു കടന്നുപോകുന്നു എന്നു അവര്‍ അവനോടു അറിയിച്ചു. 38 അപ്പോള്‍ അവന്‍ : യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു. 39 മുന്‍ നടക്കുന്നവര്‍ അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോ: ദാവീദ്പുത്രാ എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു. 40 യേശു നിന്നു, അവനെ തന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പിച്ചു. 41 ഞാന്‍ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കര്‍ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവന്‍ പറഞ്ഞു. 42 യേശു അവനോടു: കാഴ്ച പ്രാപിക്ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. 43 ക്ഷണത്തില്‍ അവന്‍ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചും കൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.

19:1 അവന്‍ യെരീഹോവില്‍ എത്തി കടന്നു പോകുമ്പോള്‍ 2 ചുങ്കക്കാരില്‍ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷന്‍ , 3 യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്മാന്‍ ശ്രമിച്ചു, വളര്‍ച്ചയില്‍ കുറിയവന്‍ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല. 4 എന്നാറെ അവന്‍ മുമ്പോട്ടു ഓ‍ടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേല്‍ കയറി. യേശു ആ വഴിയായി വരികയായിരുന്നു. 5 അവന്‍ ആ സ്ഥലത്തു എത്തിയപ്പോള്‍ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാന്‍ ഇന്നു നിന്‍റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു. 6 അവന്‍ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു. 7 കണ്ടവര്‍ എല്ലാം: അവന്‍ പാപിയായോരു മനുഷ്യനോടുകൂടെ പാര്‍പ്പാന്‍ പോയി എന്നു പറഞ്ഞു പിറുപിറുത്തു. 8 സക്കായിയോ നിന്നു കര്‍ത്താവിനോടു: കര്‍ത്താവേ, എന്‍റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കും കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കില്‍ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു. 9 യേശു അവനോടു: ഇവനും അബ്രാഹാമിന്‍റെ മകന്‍ ആകയാല്‍ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു. 10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നതു എന്നു പറഞ്ഞു. 11 അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവന്‍ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തില്‍ വെളിപ്പെടും എന്നു അവര്‍ക്കും തോന്നുകയാലും അവന്‍ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാല്‍ : 12 കുലീനനായോരു മനുഷ്യന്‍ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി. 13 അവന്‍ പത്തു ദാസന്മാരെ വിളിച്ചു അവര്‍ക്കും പത്തു റാത്തല്‍ വെള്ളി കൊടുത്തു ഞാന്‍ വരുവോളം വ്യാപാരം ചെയ്തുകൊള്‍വിന്‍ എന്നു അവരോടു പറഞ്ഞു. 14 അവന്‍റെ പൌരന്മാരോ അവനെ പകെച്ചു അവന്‍റെ പിന്നൊലെ പ്രതിനിധികളെ അയച്ചു: അവന്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുന്നതു ഞങ്ങള്‍ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു. 15 അവന്‍ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോള്‍ താന്‍ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാര്‍ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാന്‍ കല്പിച്ചു. 16 ഒന്നാമത്തവന്‍ അടുത്തു വന്നു; കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു പത്തുറാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു. 17 അവന്‍ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തില്‍ വിശ്വസ്തന്‍ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവന്‍ ആയിരിക്ക എന്നു കല്പിച്ചു. 18 രണ്ടാമത്തവന്‍ വന്നു: കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു അഞ്ചു റാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു. 19 നീയും അഞ്ചു പട്ടണത്തിന്നു മേല്‍വിചാരകന്‍ ആയിരിക്ക എന്നു അവന്‍ അവനോടു കല്പിച്ചു. 20 മറ്റൊരുവന്‍ വന്നു: കര്‍ത്താവേ, ഇതാ നിന്‍റെ റാത്തല്‍ , ഞാന്‍ അതു ഒരു ഉറുമാലില്‍ കെട്ടി വെച്ചിരുന്നു. 21 നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ ആകകൊണ്ടു ഞാന്‍ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു. 22 അവന്‍ അവനോടു: ദുഷ്ട ദാസനേ, നിന്‍റെ വായില്‍ നിന്നു തന്നേ ഞാന്‍ നിന്നെ ന്യായം വിധിക്കും. ഞാന്‍ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു നീ അറിഞ്ഞുവല്ലോ. 23 ഞാന്‍ വന്നു എന്‍റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തില്‍ ഏല്പിക്കാഞ്ഞതു എന്തു? 24 പിന്നെ അവന്‍ അരികെ നിലക്കുന്നവരോടു: ആ റാത്തല്‍ അവന്‍റെ പക്കല്‍ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിന്‍ എന്നു പറഞ്ഞു. 25 കര്‍ത്താവേ, അവന്നു പത്തു റാത്തല്‍ ഉണ്ടല്ലോ എന്നു അവന്‍ പറഞ്ഞു. 26 ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 27 എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്‍റെ മുമ്പില്‍വെച്ചു കൊന്നുകളവിന്‍ എന്നു അവന്‍ കല്പിച്ചു. 28 ഇതു പറഞ്ഞിട്ടു അവന്‍ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു. 29 അവന്‍ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു: 30 നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അതില്‍ കടക്കുമ്പോള്‍ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകൂട്ടിയെ കെട്ടീയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിന്‍ . 31 അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍ : കര്‍ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ എന്നു പറഞ്ഞു. 32 അയക്കപ്പെട്ടവര്‍ പോയി തങ്ങളോടു പറഞ്ഞതു പോലെ കണ്ടു. 33 കഴുതകുട്ടിയെ അഴിക്കുമ്പോള്‍ അതിന്‍റെ ഉടയവര്‍ : കഴുതകൂട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു: 34 കര്‍ത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവര്‍ പറഞ്ഞു. 35 അതിനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതകൂട്ടിമേല്‍ ഇട്ടു യേശുവിനെ കയറ്റി. 36 അവന്‍ പോകുമ്പോള്‍ അവര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു. 37 അവന്‍ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി: 38 കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍ ; സ്വര്‍ഗ്ഗത്തില്‍ സമാധാനവും അത്യുന്നതങ്ങളില്‍ മഹത്വവും എന്നു പറഞ്ഞു. 39 പുരുഷാരത്തില്‍ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്‍റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു. 40 അതിന്നു അവന്‍ : ഇവര്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു. 41 അവന്‍ നഗരത്തിന്നു സമീപിച്ചപ്പോള്‍ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു: 42 ഈ നാളില്‍ നിന്‍റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്‍റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു. 43 നിന്‍റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്‍റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി 44 നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കല്‍ കല്ലിന്മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും. 45 പിന്നെ അവന്‍ ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെ പുറത്താക്കിത്തുടങ്ങി: 46 എന്‍റെ ആലയം പ്രാര്‍ത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തിര്‍ത്തു എന്നു അവരോടു പറഞ്ഞു. 47 അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിപ്പാന്‍ തക്കം നോക്കി. 48 എങ്കിലും ജനം എല്ലാം അവന്‍റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടു എന്നു അവര്‍ അറിഞ്ഞില്ല.

20:1 ആ ദിവസങ്ങളില്‍ ഒന്നില്‍ അവന്‍ ദൈവാലയത്തില്‍ ജനത്തോടു ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തു വന്നു അവനോടു: 2 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നതു ആര്‍ ? ഞങ്ങളോടു പറക എന്നു പറഞ്ഞു. 3 അതിന്നു ഉത്തരമായി അവന്‍ : ഞാനും നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതു എന്നോടു പറവിന്‍ . 4 യോഹന്നാന്‍റെ സ്നാനം സ്വര്‍ഗ്ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായതു എന്നു ചോദിച്ചു. 5 അവര്‍ തമ്മില്‍ നിരൂപിച്ചു: സ്വര്‍ഗ്ഗത്തില്‍ നിന്നു എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവന്‍ ചോദിക്കും. 6 മനുഷ്യരില്‍നിന്നു എന്നു പറഞ്ഞാലോ ജനം ഒക്കെയും യോഹന്നാന്‍ ഒരു പ്രവാചകന്‍ എന്നു ഉറെച്ചിരിക്കകൊണ്ടു നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ടു: 7 എവിടെനിന്നോ ഞങ്ങള്‍ അറിയുന്നില്ല എന്നു ഉത്തരം പറഞ്ഞു. 8 യേശു അവരോടു: എന്നാല്‍ ഞാന്‍ ഇതു ചെയ്യുന്നതു ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു. 9 അനന്തരം അവന്‍ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാല്‍ : ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാര്‍ത്തു. 10 സമയമായപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന്നു അവരുടെ അടുക്കല്‍ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാര്‍ തല്ലി വെറുതെ അയച്ചുകളഞ്ഞു. 11 അവന്‍ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവര്‍ തല്ലി അപമാനിച്ചു വെറുതെ അയച്ചുകളഞ്ഞു. 12 അവന്‍ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവര്‍ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു. 13 അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍ : ഞാന്‍ എന്തു ചെയ്യേണ്ടു? എന്‍റെ പ്രിയ പുത്രനെ അയക്കും; പക്ഷേ അവര്‍ അവനെ ശങ്കിക്കും എന്നു പറഞ്ഞു. 14 കുടിയാന്മാര്‍ അവനെ കണ്ടിട്ടു: ഇവന്‍ അവകാശി; അവകാശം നമുക്കു ആകേണ്ടതിന്നു നാം അവനെ കൊന്നുകളക എന്നു തമ്മില്‍ ആലോചിച്ചു പറഞ്ഞു. 15 അവര്‍ അവനെ തോട്ടത്തില്‍ നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാല്‍ തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അവരോടു എന്തു ചെയ്യും? 16 അവന്‍ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാര്‍ക്കും ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ടു അവര്‍ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു. 17 അവനോ അവരെ നോക്കി: “എന്നാല്‍ വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിത്തീര്‍ന്നു” എന്നു എഴുതിയിരിക്കുന്നതു എന്തു? 18 ആ കല്ലിന്മേല്‍ വീഴുന്ന ഏവനും തകര്‍ന്നുപോകും; അതു ആരുടെ മേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. 19 ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയില്‍ തന്നേ അവന്‍റെ മേല്‍ കൈവെപ്പാന്‍ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു. 20 പിന്നെ അവര്‍ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കില്‍ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാര്‍ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു. 21 അവര്‍ അവനോടു: ഗുരോ, നീ നേര്‍ പറഞ്ഞു ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്‍റെ വഴി യഥാര്‍ത്ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങള്‍ അറിയുന്നു. 22 നാം കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. 23 അവരുടെ ഉപായം ഗ്രഹിച്ചിട്ടു അവന്‍ അവരോടു: ഒരു വെള്ളിക്കാശ് കാണിപ്പിന്‍ ; 24 അതിനുള്ള സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവര്‍ പറഞ്ഞു. 25 എന്നാല്‍ കൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു അവന്‍ അവരോടു പറഞ്ഞു. 26 അങ്ങനെ അവര്‍ ജനത്തിന്‍റെ മുമ്പില്‍ വെച്ചു അവനെ വാക്കില്‍ പിടിപ്പാന്‍ കഴിയാതെ അവന്‍റെ ഉത്തരത്തില്‍ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു. 27 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരില്‍ ചിലര്‍ അടുത്തു വന്നു അവനോടു ചോദിച്ചതു: 28 ഗുരോ, ഒരുത്തന്‍റെ സഹോദരന്‍ വിവാഹം കഴിച്ചിട്ടു മക്കളില്ലാതെ മരിച്ചുപോയാല്‍ അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു. 29 എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ ഒന്നാമത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി. 30 രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു. 31 അവ്വണ്ണം ഏഴുപേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി. 32 ഒടുവില്‍ സ്ത്രീയും മരിച്ചു. 33 എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യയായിരുന്നുവല്ലോ. 34 അതിന്നു യേശു ഉത്തരം പറഞ്ഞതു: ഈ ലോകത്തിന്‍റെ മക്കള്‍ വിവാഹം കഴിക്കയും വിവാഹത്തിന്നു കൊടുക്കയും ചെയ്യുന്നു. 35 എങ്കിലും ആ ലോകത്തിന്നും മരിച്ചവരില്‍ നിന്നുള്ള പുനരുത്ഥാനത്തിന്നും യോഗ്യരായവര്‍ വിവാഹം കഴിയക്കയുമില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; അവര്‍ക്കും ഇനി മരിപ്പാനും കഴികയില്ല. 36 അവന്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു. 37 മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേലക്കുന്നു എന്നതോ മോശെയും മുള്‍പ്പടര്‍പ്പുഭാഗത്തു കര്‍ത്താവിനെ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു പറയുന്നതിനാല്‍ സൂചിപ്പിച്ചിരിക്കുന്നു. 38 ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന്നു ജീവിച്ചിരിക്കുന്നുവല്ലോ. 39 അതിന്നു ചില ശാസ്ത്രിമാര്‍ : ഗുരോ, നീ പറഞ്ഞതു ശരി എന്നു ഉത്തരം പറഞ്ഞു. 40 പിന്നെ അവനോടു ഒന്നും ചോദിപ്പാന്‍ അവര്‍ തുനിഞ്ഞതുമില്ല. 41 എന്നാല്‍ അവന്‍ അവരോടു: ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു പറയുന്നതു എങ്ങനെ? 42 “കര്‍ത്താവു എന്‍റെ കര്‍ത്താവിനോടു: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദ പീഠമാക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” 43 എന്നു സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദ് തന്നേ പറയുന്നുവല്ലോ. 44 ദാവീദ് അവനെ കര്‍ത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്‍റെ പുത്രന്‍ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു. 45 എന്നാല്‍ ജനം ഒക്കെയും കേള്‍ക്കെ അവന്‍ തന്‍റെ ശിഷ്യന്മാരോടു: 46 നിലയങ്കികളോടെ നടപ്പാന്‍ ഇച്ഛിക്കയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍ . 47 അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ത്ഥിക്കയും ചെയ്യുന്നു; അവര്‍ക്കും ഏറ്റവും വലിയ ശിക്ഷാവിധിവരും.

21:1 അവന്‍ തലപൊക്കി ധനവാന്മാര്‍ ഭണ്ഡാരത്തില്‍ വഴിപാടു ഇടുന്നതു കണ്ടു. 2 ദരിദ്രയായോരു വിധവ രണ്ടു കാശു ഇടുന്നതു കണ്ടിട്ടു അവന്‍ : 3 ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. 4 എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്‍റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു. 5 ചിലര്‍ ദൈവാലയത്തെക്കുറിച്ചു അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ : 6 ഈ കാണുന്നതില്‍ ഇടിഞ്ഞുപോകാതെ കല്ലു കല്ലിന്മേല്‍ ശേഷിക്കാത്ത കാലം വരും എന്നു അവന്‍ പറഞ്ഞു. 7 ഗുരോ, അതു എപ്പോള്‍ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്തു എന്നു അവര്‍ അവനോടു ചോദിച്ചു. 8 അതിന്നു അവന്‍ : ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ . ഞാന്‍ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞു അനേകര്‍ എന്‍റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുതു. 9 നിങ്ങള്‍ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുതു; അതു ആദ്യം സംഭവിക്കേണ്ടതു തന്നേ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു. 10 പിന്നെ അവന്‍ അവരോടു പറഞ്ഞതു: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും. 11 വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തില്‍ മഹാ ലക്ഷ്യങ്ങളും ഉണ്ടാകും. 12 ഇതു എല്ലാറ്റിന്നും മുമ്പെ എന്‍റെ നാമംനിമിത്തം അവര്‍ നിങ്ങളുടെമേല്‍ കൈവെച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില്‍ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും. 13 അതു നിങ്ങള്‍ക്കു സാക്‍ഷ്യം പറവാന്‍ തരം ആകും. 14 ആകയാല്‍ പ്രതിവാദിപ്പാന്‍ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന്നു മനസ്സില്‍ ഉറെച്ചുകൊള്‍വിന്‍ . 15 നിങ്ങളുടെ എതിരികള്‍ക്കു ആര്‍ക്കും ചെറുപ്പാനോ എതിര്‍പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും. 16 എന്നാല്‍ അമ്മയപ്പന്മാരും സഹോദരന്മാരും ചാര്‍ച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളില്‍ ചിലരെ കൊല്ലിക്കയും ചെയ്യും. 17 എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും. 18 നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും. 19 നിങ്ങള്‍ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും. 20 സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്നു അറിഞ്ഞുകൊള്‍വിന്‍ . 21 അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്കു ഓ‍ടിപ്പോകട്ടെ; അതിന്‍റെ നടുവിലുള്ളവര്‍ പുറപ്പെട്ടുപോകട്ടെ; നാട്ടുപുറങ്ങളിലുള്ളവര്‍ അതില്‍ കടക്കരുതു. 22 എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന്നു ആ നാളുകള്‍ പ്രതികാരകാലം ആകുന്നു. 23 ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുല കുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! ദേശത്തു വലിയ ഞെരുക്കവും ഈ ജനത്തിന്മേല്‍ ക്രോധവും ഉണ്ടാകും. 24 അവര്‍ വാളിന്‍റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകലജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും. 25 സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള്‍ ഉണ്ടാകും; കടലിന്‍റെയും ഓ‍ളത്തിന്‍റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും. 26 ആകാശത്തിന്‍റെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല്‍ ഭൂലോകത്തിന്നു എന്തു ഭവിപ്പാന്‍ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്‍ത്തുംകൊണ്ടു മനുഷ്യര്‍ നിര്‍ജ്ജീവന്മാര്‍ ആകും. 27 അപ്പോള്‍ മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തില്‍ വരുന്നതു അവര്‍ കാണും. 28 ഇതു സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവിര്‍ന്നു തല പൊക്കുവിന്‍ . 29 ഒരുപമയും അവരോടു പറഞ്ഞതു: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിന്‍ . 30 അവ തളിര്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ വേനല്‍ അടുത്തിരിക്കുന്നു എന്നു സ്വതവെ അറിയുന്നുവല്ലോ. 31 അവ്വണ്ണം തന്നേ ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിന്‍ . 32 സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു. 33 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല. 34 നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍വിന്‍ . 35 അതു സര്‍വ്വഭൂതലത്തിലും വസിക്കുന്ന ഏവര്‍ക്കും വരും. 36 ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിന്നും ഒഴിഞ്ഞു പോകുവാനും മനുഷ്യപുത്രന്‍റെ മുമ്പില്‍ നില്പാനും നിങ്ങള്‍ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണര്‍ന്നും പ്രാര്‍ത്ഥിച്ചുംകൊണ്ടിരിപ്പിന്‍ . 37 അവന്‍ ദിവസേന പകല്‍ ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; രാത്രി ഓ‍ലിവ് മലയില്‍ പോയി പാര്‍ക്കും. 38 ജനം എല്ലാം അവന്‍റെ വചനം കേള്‍ക്കേണ്ടതിന്നു അതികാലത്തു ദൈവലായത്തില്‍ അവന്‍റെ അടുക്കല്‍ ചെല്ലും.

22:1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ അടുത്തു. 2 അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല്‍ അവനെ ഒടുക്കുവാന്‍ ഉപായം അന്വേഷിച്ചു. 3 എന്നാല്‍ പന്തിരുവരുടെ കൂട്ടത്തില്‍ ഉള്ള ഈസ്കാര്‍യ്യോത്തായൂദയില്‍ സാത്താന്‍ കടന്നു: 4 അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു. 5 അവര്‍ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു. 6 അവന്‍ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാന്‍ തക്കം അന്വേഷിച്ചുപോന്നു. 7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാള്‍ ആയപ്പോള്‍ 8 അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു. 9 ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു അവര്‍ ചോദിച്ചതിന്നു: 10 നിങ്ങള്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങള്‍ക്കു എതിര്‍പെടും; അവന്‍ കടക്കുന്ന വീട്ടിലേക്കു പിന്‍ ചെന്നു വീട്ടുടയവനോടു: 11 ഞാന്‍ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന്‍ . 12 അവന്‍ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന്‍ എന്നു അവരോടു പറഞ്ഞു. 13 അവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി. 14 സമയം ആയപ്പോള്‍ അവന്‍ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു. 15 അവന്‍ അവരോടു: ഞാന്‍ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു. 16 അതു ദൈവരാജ്യത്തില്‍ നിവൃത്തിയാകുവോളം ഞാന്‍ ഇനി അതു കഴിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു. 17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍ . 18 ദൈവരാജ്യം വരുവോളം ഞാന്‍ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതല്‍ കുടിക്കില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. 19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തു: ഇതു നിങ്ങള്‍ക്കു വേണ്ടി നലകുന്ന എന്‍റെ ശരീരം; എന്‍റെ ഓ‍ര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു. 20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയ നിയമം ആകുന്നു. 21 എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്‍റെ കൈ എന്‍റെ അരികെ മേശപ്പുറത്തു ഉണ്ടു. 22 നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം! എന്നു പറഞ്ഞു. 23 ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി. 24 തങ്ങളുടെ കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി. 25 അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാര്‍ അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു. 26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ. 27 ആരാകുന്നു വലിയവന്‍ ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു. 28 നിങ്ങള്‍ ആകുന്നു എന്‍റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവര്‍ . 29 എന്‍റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു. 30 നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ എന്‍റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും. 31 ശിമോനേ, ശിമോനെ, സാത്താന്‍ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു. 32 ഞാനോ നിന്‍റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക. 33 അവന്‍ അവനോടു: കര്‍ത്താവേ, ഞാന്‍ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു. 34 അതിന്നു അവന്‍ : പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു. 35 പിന്നെ അവന്‍ അവരോടു: ഞാന്‍ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള്‍ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവര്‍ പറഞ്ഞു. 36 അവന്‍ അവരോടു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്‍റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ. 37 അവനെ അധര്‍മ്മികളുടെ കൂട്ടത്തില്‍ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു. 38 കര്‍ത്താവേ, ഇവിടെ രണ്ടു വാള്‍ ഉണ്ടു എന്നു അവര്‍ പറഞ്ഞതിന്നു: മതി എന്നു അവന്‍ അവരോടു പറഞ്ഞു. 39 പിന്നെ അവന്‍ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു. 40 ആ സ്ഥലത്തു എത്തിയപ്പോള്‍ അവന്‍ അവരോടു: നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. 41 താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി; 42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു. 43 അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി. 44 പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്‍റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി. 45 അവന്‍ പ്രാര്‍തഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ വിഷാദത്താല്‍ ഉറങ്ങുന്നതു കണ്ടു അവരോടു: 46 നിങ്ങള്‍ ഉറങ്ങുന്നതു എന്തു? പരീക്ഷയില്‍ അകപ്പെടാതിരപ്പാന്‍ എഴുന്നേറ്റു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു. 47 അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തുവന്നു. 48 യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു. 49 സംഭവിപ്പാന്‍ പോകുന്നതു അവന്‍റെ കൂടെയുള്ളവര്‍ കണ്ടു: കര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു. 50 അവരില്‍ ഒരുത്തന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തെ കാതു അറുത്തു. 51 അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്‍റെ കാതു തൊട്ടു സൌഖ്യമാക്കി. 52 യേശു തന്‍റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്‍റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ? 53 ഞാന്‍ ദിവസേന ദൈവാലയത്തില്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്‍റെ നേരെ കൈ ഓ‍ങ്ങിയില്ല; എന്നാല്‍ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്‍റെ അധികാരവും ആകുന്നു എന്നു പറഞ്ഞു. 54 അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്‍റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ ചെന്നു. 55 അവര്‍ നടുമുറ്റത്തിന്‍റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോള്‍ പത്രൊസും അവരുടെ ഇടയില്‍ ഇരുന്നു. 56 അവന്‍ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു. 57 അവനോ; സ്ത്രിയേ, ഞാന്‍ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു. 58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന്‍ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവന്‍ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു. 59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന്‍ : ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന്‍ ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു. 60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പെട്ടെന്നു കോഴി കൂകി. 61 അപ്പോള്‍ കര്‍ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓ‍ര്‍ത്തു 62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു. 63 യേശുവിനെ പിടിച്ചവര്‍ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി: 64 പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു 65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു. 66 നേരം വെളുത്തപ്പോള്‍ ജനത്തിന്‍റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില്‍ വരുത്തി: നീ ക്രിസ്തു എങ്കില്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു. 67 അവന്‍ അവരോടു: ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല; 68 ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറയുകയുമില്ല. 69 എന്നാല്‍ ഇന്നുമുതല്‍ മനുഷ്യ പുത്രന്‍ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു. 70 എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങള്‍ പറയുന്നതു ശരി; ഞാന്‍ ആകുന്നു എന്നു അവന്‍ പറഞ്ഞു. 71 അപ്പോള്‍ അവര്‍ ഇനി സാക്‍ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്‍റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.

23:1 അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്‍റെ അടുക്കല്‍ കൊണ്ടുപോയി: 2 ഇവന്‍ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസര്‍ക്കും കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി. 3 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാന്‍ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു. 4 പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു. 5 അതിന്നു അവര്‍ : അവന്‍ ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു. 6 ഇതു കേട്ടിട്ടു ഈ മനുഷ്യന്‍ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു; 7 ഹെരോദാവിന്‍റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമില്‍ വന്നു പാര്‍ക്കുംന്ന ഹെരോദാവിന്‍റെ അടുക്കല്‍ അവനെ അയച്ചു. 8 ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാന്‍ വളരെക്കാലമായി ഇച്ഛിച്ചു, അവന്‍ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു. 9 ഏറിയോന്നു ചോദിച്ചിട്ടും അവന്‍ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല. 10 മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു. 11 ഹെരോദാവു തന്‍റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്‍റെ അടുക്കല്‍ മടക്കി അയച്ചു. 12 അന്നു ഹെരോദാവും പീലാത്തൊസും തമ്മില്‍ സ്നേഹിതന്മാരായിത്തീര്‍ന്നു; മുമ്പെ അവര്‍ തമ്മില്‍ വൈരമായിരുന്നു. 13 പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി. 14 അവരോടു: ഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല; 15 ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായതു ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം; 16 അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. 17 ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു, 18 [ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു] 19 അവനോ നഗരത്തില്‍ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവന്‍ ആയിരുന്നു. 20 പീലാത്തൊസ് യേശുവിനെ വിടുവിപ്പാന്‍ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു. 21 അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു. 22 അവന്‍ മൂന്നാമതും അവരോടു: അവന്‍ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനില്‍ കണ്ടില്ല; അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു. 23 അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു; 24 അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു. 25 കലഹവും കുലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു. 26 അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്‍റെ പിന്നാലെ നടക്കുമാറാക്കി. 27 ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്‍റെ പിന്നാലെ ചെന്നു. 28 യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍ . 29 മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു. 30 അന്നു മലകളോടു: ഞങ്ങളുടെ മേല്‍ വീഴുവിന്‍ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞു തുടങ്ങും. 31 പച്ചമരത്തോടു ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു. 32 ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി. 33 തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു. 34 എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്‍റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. 35 ജനം നോക്കിക്കൊണ്ടു നിന്നു. ഇവന്‍ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു. 36 പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു. 37 നീ യെഹൂദന്മാരുടെ രാജാവു എങ്കില്‍ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു. 38 ഇവന്‍ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്‍റെ മീതെ ഉണ്ടായിരുന്നു. 39 തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍ : നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു. 40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ? 41 നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു. 42 പിന്നെ അവന്‍ : യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെ ഓ‍ര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു. 43 യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു. 44 ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി. 45 ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി. 46 യേശു അത്യുച്ചത്തില്‍ പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കയ്യില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു. 47 ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ടു: ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി. 48 കാണ്മാന്‍ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചു കൊണ്ടു മടങ്ങിപ്പോയി. 49 അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍ നിന്നു അവനെ അനുഗമിച്ചസ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു. 50 അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി — 51 അവന്‍ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു — 52 പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു, 53 അതു ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു. 54 അന്നു ഒരുക്ക നാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു. 55 ഗലീലയില്‍ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്‍റെ ശരീരം വെച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി 56 ​സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരന്നു.

24:1 അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അതികാലത്തു എത്തി, 2 കല്ലറയില്‍ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു. 3 അകത്തു കടന്നാറെ കര്‍ത്താവായ യേശുവിന്‍റെ ശരീരം കണ്ടില്ല. 4 അതിനെക്കുറിച്ചു അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാര്‍ അരികെ നിലക്കുന്നതു കണ്ടു. 5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോള്‍ അവര്‍ അവരോടു: നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നതു എന്തു? 6 അവന്‍ ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; 7 മുമ്പെ ഗലീലയില്‍ ഇരിക്കുമ്പോള്‍ തന്നേ അവന്‍ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യില്‍ ഏല്പിച്ചു ക്രൂശിക്കയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞതു ഓ‍ര്‍ത്തുകൊള്‍വിന്‍ എന്നു പറഞ്ഞു 8 അവര്‍ അവന്‍റെ വാക്കു ഓ‍ര്‍ത്തു, 9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര്‍ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു. 10 അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയ എന്നവര്‍ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു. 11 ഈ വാക്കു അവര്‍ക്കും വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല. 12 [എന്നാല്‍ പത്രൊസ് എഴുന്നേറ്റു കല്ലറെക്കല്‍ ഓ‍ടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.] 13 അന്നു തന്നേ അവരില്‍ രണ്ടുപേര്‍ യെരൂശലേമില്‍നിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്‍ 14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു. 15 സംസാരിച്ചും തര്‍ക്കിച്ചും കൊണ്ടിരിക്കുമ്പോള്‍ യേശു താനും അടുത്തുചെന്നു അവരോടു ചേര്‍ന്നു നടന്നു. 16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു. 17 അവന്‍ അവരോടു: നിങ്ങള്‍ വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്തു എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു. 18 ക്ളെയൊപ്പാവു എന്നു പേരുള്ളവന്‍ ; യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു. 19 ഏതു എന്നു അവന്‍ അവരോടു ചോദിച്ചതിന്നു അവര്‍ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ. 20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു. 21 ഞങ്ങളോ അവന്‍ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാള്‍ ആകുന്നു. 22 ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറെക്കല്‍ പോയി 23 അവന്‍റെ ശരീരം കാണാതെ മടങ്ങിവന്നു അവന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദര്‍ശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു. 24 ഞങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ കല്ലറക്കല്‍ ചെന്നു സ്ത്രീകള്‍ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും. 25 അവന്‍ അവരോടു: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ, 26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്‍റെ മഹത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു. 27 മോശെ തുടങ്ങി സകലപ്രവാചകന്മാരില്‍ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവര്‍ക്കും വ്യാഖ്യാനിച്ചുകൊടുത്തു. 28 അവര്‍ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോള്‍ അവന്‍ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു. 29 അവരോ: ഞങ്ങളോടുകൂടെ പാര്‍ക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍പ്പാന്‍ ചെന്നു. 30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവര്‍ക്കുംകൊടുത്തു. 31 ഉടനെ അവരുടെ കണ്ണു തുറന്നു അവര്‍ അവനെ അറിഞ്ഞു; അവന്‍ അവര്‍ക്കും അപ്രത്യക്ഷനായി 32 അവന്‍ വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവര്‍ തമ്മില്‍ പറഞ്ഞു. 33 ആ നാഴികയില്‍ തന്നേ അവര്‍ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 34 കര്‍ത്താവു വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു. 35 വഴിയില്‍ സംഭവിച്ചതും അവന്‍ അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്‍വന്നതും അവര്‍ വിവരിച്ചു പറഞ്ഞു. 36 ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു: [നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.] 37 അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കും തോന്നി. 38 അവന്‍ അവരോടു നിങ്ങള്‍ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്തു? 39 ഞാന്‍ തന്നെ ആകുന്നു എന്നു എന്‍റെ കയ്യും കാലും നോക്കി അറിവിന്‍ ; എന്നെ തൊട്ടുനോക്കുവിന്‍ ; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു. 40 [ഇങ്ങനെ പറഞ്ഞിട്ടു അവന്‍ കയ്യും കാലും അവരെ കാണിച്ചു.] 41 അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നിലക്കുമ്പോള്‍ അവരോടു: തിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു. 42 അവര്‍ ഒരു ഖണ്ഡം വറുത്ത മീനും [തേന്‍ കട്ടയും] അവന്നു കൊടുത്തു. 43 അതു അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു. 44 പിന്നെ അവന്‍ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു 45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു. 46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാള്‍ മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേല്‍ക്കയും 47 അവന്‍റെ നാമത്തില്‍ മാനസാന്തരവും പാപമോചനവും യെരൂശലേമില്‍ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു. 48 ഇതിന്നു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു. 49 എന്‍റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെ മേല്‍ അയക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്‍പ്പിന്‍ എന്നും അവരോടു പറഞ്ഞു. 50 അനന്തരം അവന്‍ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു. 51 അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടു പിരിഞ്ഞു [സ്വര്‍ഗ്ഗാരോഹണം ചെയ്തു]. 52 അവര്‍ [അവനെ നമസ്ക്കുരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും ദൈവലായത്തില്‍ ഇരുന്നു 53 ദൈവത്തെ വാഴ്ത്തിപ്പോന്നു.


Free counters!   Site Meter(April28th2012)