Home Churches About
 

ഉല്പത്തി 1

1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. 2 ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവു വെള്ളത്തിൻ മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. 3 വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. 4 വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേർപിരിച്ചു. 5 ദൈവം വെളിച്ചത്തിന്നു പകൽ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം. 6 ദൈവം വെള്ളങ്ങളുടെ മദ്ധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിന്നും വെള്ളത്തിന്നും തമ്മിൽ വേർപിരിവായിരിക്കട്ടെ എന്നു കല്പിച്ചു. 7 വിതാനം ഉണ്ടാക്കീട്ടു ദൈവം വിതാനത്തിൻ കീഴുള്ള വെള്ളവും വിതാനത്തിൻ മീതെയുള്ള വെള്ളവും തമ്മിൽ വേർപിരിച്ചു; അങ്ങനെ സംഭവിച്ചു. 8 ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം. 9 ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു. 10 ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു. 11 ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 12 ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു. 13 സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം. 14 പകലും രാവും തമ്മിൽ വേർപിരിവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ; 15 ഭൂമിയെ പ്രകാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 16 പകൽ വാഴേണ്ടതിന്നു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിന്നു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി. 17 ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേർപിരിപ്പാനുമായി 18 ദൈവം അവയെ ആകാശവിതാനത്തിൽ നിർത്തി; നല്ലതു എന്നു ദൈവം കണ്ടു. 19 സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം. 20 വെള്ളത്തിൽ ജലജന്തുക്കൾ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെ മീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു. 21 ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു. 22 നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു. 23 സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം. 24 അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതു തരം ജീവജന്തുക്കൾ ഭൂമിയിൽനിന്നു ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 25 ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു. 26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. 27 ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. 28 ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെപറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു. 29 ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വിത്തുള്ള ഫലം കായക്കുന്ന സകലവൃക്ഷങ്ങളും ഇതാ, ഞാൻ നിങ്ങൾക്കു തന്നിരിക്കുന്നു; അവ നിങ്ങൾക്കു ആഹാരമായിരിക്കട്ടെ; 30 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കൾക്കും ആഹാരമായിട്ടു പച്ചസസ്യം ഒക്കെയും ഞാൻ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു. 31 താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.

ഉല്പത്തി 2

1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. 2 താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി 3 താൻ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു. 4 യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല. 5 യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാൻ മനുഷ്യനും ഉണ്ടായിരുന്നില്ല. 6 ഭൂമിയിൽ നിന്നു മഞ്ഞു പൊങ്ങി, നിലം ഒക്കെയും നനെച്ചുവന്നു. 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. 8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി. 9 കാണ്മാൻ ഭംഗിയുള്ളതും തിന്മാൻ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളെപ്പിച്ചു. 10 തോട്ടം നനെപ്പാൻ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അതു അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു. 11 ഒന്നാമത്തേതിന്നു പീശോൻ എന്നു പേർ; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ടു. 12 ആ ദേശത്തിലെ പൊന്നു മേത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ടു. 13 രണ്ടാം നദിക്കു ഗീഹോൻ എന്നു പേർ; അതു ക്രുശ്‌ദേശമൊക്കെയും ചുറ്റുന്നു. 14 മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേർ; അതു അശ്ശൂരിന്നു കിഴക്കോട്ടു ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു. 15 യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെൻ തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി. 16 യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. 17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും. 18 അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു. 19 യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തു നിന്നു നിർമ്മിച്ചിട്ടു മനുഷ്യൻ അവെക്കു എന്തു പേരിടുമെന്നു കാണ്മാൻ അവന്റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കൾക്കും മനുഷ്യൻ ഇട്ടതു അവെക്കു പേരായി; 20 മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പറവകൾക്കും എല്ലാ കാട്ടുമൃഗങ്ങൾക്കും പേരിട്ടു; എങ്കിലും മനുഷ്യന്നു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. 21 ആകയാൽ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്നു എടുത്തു അതിന്നു പകരം മാംസം പിടിപ്പിച്ചു. 22 യഹോവയായ ദൈവം മനുഷ്യനിൽനിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. 23 അപ്പോൾ മനുഷ്യൻ; ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു. 24 അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏക ദേഹമായി തീരും. 25 മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവർക്കു നാണം തോന്നിയില്ലതാനും.

ഉല്പത്തി 3

1 യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൌശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. 2 സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം; 3 എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. 4 പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം; 5 അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു. 6 ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാൻ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭർത്താവിന്നും കൊടുത്തു; അവന്നും തിന്നു. 7 ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങൾ നഗ്നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങൾക്കു അരയാട ഉണ്ടാക്കി. 8 വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു. 9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു. 10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു. 11 നീ നഗ്നനെന്നു നിന്നോടു ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്നു അവൻ ചോദിച്ചു. 12 അതിന്നു മനുഷ്യൻ: എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. 13 യഹോവയായ ദൈവം സ്ത്രീയോടു: നീ ഈ ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: പാമ്പു എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു. 14 യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചതു: നീ ഇതു ചെയ്കകൊണ്ടു എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവെച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും. 15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. 16 സ്ത്രീയോടു കല്പിച്ചതു: ഞാൻ നിനക്കു കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടു ആകും; അവൻ നിന്നെ ഭരിക്കും. 17 മനുഷ്യനോടു കല്പിച്ചതോ: നീ നിന്റെ ഭാര്യയുടെ വാക്കു അനുസരിക്കയും തിന്നരുതെന്നു ഞാൻ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്നു അഹോവൃത്തി കഴിക്കും. 18 മുള്ളും പറക്കാരയും നിനക്കു അതിൽനിന്നു മുളെക്കും; വയലിലെ സസ്യം നിനക്കു ആഹാരമാകും. 19 നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും. 20 മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ. 21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു. 22 യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതിവരരുതു എന്നു കല്പിച്ചു. 23 അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻ തോട്ടത്തിൽനിന്നു പുറത്താക്കി. 24 ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴികാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.

ഉല്പത്തി 4

1 അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. 2 പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. 3 കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. 4 ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും വഴിപാടിലും പ്രസാദിച്ചു. 5 കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. 6 എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? 7 നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. 8 എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു. 9 പിന്നെ യഹോവ കയീനോടു: നിന്റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്നു: ഞാൻ അറിയുന്നില്ല; ഞാൻ എന്റെ അനുജന്റെ കാവൽക്കാരനോ എന്നു അവൻ പറഞ്ഞു. 10 അതിന്നു അവൻ അരുളിച്ചെയ്തതു. നീ എന്തു ചെയ്തു? നിന്റെ അനുജന്റെ രക്തത്തിന്റെ ശബ്ദം ഭൂമിയിൽ നിന്നു എന്നോടു നിലവിളിക്കുന്നു. 11 ഇപ്പോൾ നിന്റെ അനുജന്റെ രക്തം നിന്റെ കയ്യിൽ നിന്നു ഏറ്റുകൊൾവാൻ വായിതുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം. 12 നീ കൃഷി ചെയ്യുമ്പോൾ നിലം ഇനിമേലാൽ തന്റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും. 13 കയീൻ യഹോവയോടു: എന്റെ കുറ്റം പൊറുപ്പാൻ കഴിയുന്നതിനെക്കാൾ വലിയതാകുന്നു. 14 ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാൻ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവൻ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു. 15 യഹോവ അവനോടു: അതുകൊണ്ടു ആരെങ്കിലും കയീനെ കൊന്നാൽ അവന്നു ഏഴിരട്ടി പകരം കിട്ടും എന്നു അരുളിച്ചെയ്തു; കയീനെ കാണുന്നവർ ആരും കൊല്ലാതിരിക്കേണ്ടതിന്നു യഹോവ അവന്നു ഒരു അടയാളം വെച്ചു. 16 അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽ നിന്നു പുറപ്പെട്ടു ഏദെന്നു കിഴക്കു നോദ് ദേശത്തു ചെന്നു പാർത്തു. 17 കയീൻ തന്റെ ഭാര്യയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവൻ ഒരു പട്ടണം പണിതു, ഹാനോൿ എന്നു തന്റെ മകന്റെ പേരിട്ടു. 18 ഹാനോക്കിന്നു ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു. 19 ലാമെൿ രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്കു ആദാ എന്നും മറ്റവൾക്കു സില്ലാ എന്നും പേർ. 20 ആദാ യാബാലിനെ പ്രസവിച്ചു; അവൻ കൂടാരവാസികൾക്കും പശുപാലകന്മാർക്കും പിതാവായ്തീർന്നു. 21 അവന്റെ സഹോദരന്നു യൂബാൽ എന്നു പേർ. ഇവൻ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവർക്കും പിതാവായ്തീർന്നു. 22 സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവൻ ചെമ്പുകൊണ്ടും ഇരിമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീർക്കുന്നവനായ്തീർന്നു; തൂബൽകയീന്റെ പെങ്ങൾ നയമാ. 23 ലാമെൿ തന്റെ ഭാര്യമാരോടു പറഞ്ഞതു: ആദയും സില്ലയും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; ലാമെക്കിൻ ഭാര്യമാരേ, എന്റെ വചനത്തിന്നു ചെവി തരുവിൻ! എന്റെ മുറിവിന്നു പകരം ഞാൻ ഒരു പുരുഷനെയും, എന്റെ പരിക്കിന്നു പകരം ഒരു യുവാവിനെയും കൊല്ലും. 24 കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും. 25 ആദാം തന്റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു: കയീൻ കൊന്ന ഹാബെലിന്നു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞു അവന്നു ശേത്ത് എന്നു പേരിട്ടു. 26 ശേത്തിന്നും ഒരു മകൻ ജനിച്ചു; അവന്നു എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.

ഉല്പത്തി 5

1 ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; 2 സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു. 3 ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു. 4 ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു. 5 ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 6 ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു. 7 എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 8 ശേത്തിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 9 എനോശിന്നു തൊണ്ണൂറു വയസ്സായപ്പോൾ അവൻ കേനാനെ ജനിപ്പിച്ചു. 10 കേനാനെ ജനിപ്പിച്ച ശേഷം എനോശ് എണ്ണൂറ്റിപതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 11 എനോശിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 12 കേനാന്നു എഴുപതു വയസ്സായപ്പോൾ അവൻ മഹലലേലിനെ ജനിപ്പിച്ചു. 13 മഹലലേലിനെ ജനിപ്പിച്ച ശേഷം കേനാൻ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 14 കേനാന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പത്തു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 15 മഹലലേലിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ യാരെദിനെ ജനിപ്പിച്ചു. 16 യാരെദിനെ ജനിപ്പിച്ച ശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 17 മഹലലേലിന്റെ ആയുഷ്കാലം ആകെ എണ്ണൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 18 യാരെദിന്നു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോൾ അവൻ ഹാനോക്കിനെ ജനിപ്പിച്ചു. 19 ഹാനോക്കിനെ ജനിപ്പിച്ച ശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 20 യാരെദിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 21 ഹാനോക്കിന്നു അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു. 22 മെഥൂശലഹിനെ ജനിപ്പിച്ച ശേഷം ഹാനോൿ മൂന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു. 23 ഹനോക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു. 24 ഹാനോൿ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. 25 മെഥൂശലഹിന്നു നൂറ്റെണ്പത്തേഴു വയസ്സായപ്പോൾ അവൻ ലാമേക്കിനെ ജനിപ്പിച്ചു. 26 ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 27 മെഥൂശലഹിന്റെ ആയൂഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 28 ലാമേക്കിന്നു നൂറ്റെണ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ഒരു മകനെ ജനിപ്പിച്ചു. 29 യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞു അവന്നു നോഹ എന്നു പേർ ഇട്ടു. 30 നോഹയെ ജനിപ്പിച്ചശേഷം ലാമേൿ അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 31 ലാമേക്കിന്റെ ആയൂഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. 32 നോഹെക്കു അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.

ഉല്പത്തി 6

1 മനുഷ്യൻ ഭൂമിയിൽ പെരുകിത്തുടങ്ങി അവർക്കു പുത്രിമാർ ജനിച്ചപ്പോൾ 2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. 3 അപ്പോൾ യഹോവ: മനുഷ്യനിൽ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവൻ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു. 4 അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ തന്നേ. 5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. 6 താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: 7 ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. 8 എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു. 9 നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. 10 ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു. 11 എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. 12 ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു. 13 ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. 14 നീ ഗോഫർമരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കുക; പെട്ടകത്തിന്നു അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം. 15 അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാൽ: പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. 16 പെട്ടകത്തിന്നു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതിൽ അതിന്റെ വശത്തുവെക്കേണം: താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം. 17 ആകാശത്തിൻ കീഴിൽനിന്നു ജീവശ്വാസമുള്ള സർവ്വജഡത്തെയും നശിപ്പിപ്പാൻ ഞാൻ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും. 18 നിന്നോടോ ഞാൻ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം. 19 സകല ജീവികളിൽനിന്നും, സർവ്വജഡത്തിൽനിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം. 20 അതതു തരം പക്ഷികളിൽനിന്നും അതതു തരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കൽ വരേണം. 21 നീയോ സകലഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവെക്കും ആഹാരമായിരിക്കേണം. 22 ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവൻ ചെയ്തു.

ഉല്പത്തി 7

1 അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സർവ്വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. 2 ശുദ്ധിയുള്ള സകലമൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നു ആണും പെണ്ണുമായി ഈരണ്ടും, 3 ആകാശത്തിലെ പറവകളിൽനിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേർത്തുകൊള്ളേണം. 4 ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാൻ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാൻ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽനിന്നു നശിപ്പിക്കും. 5 യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു. 6 ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോൾ നോഹെക്കു അറുനൂറു വയസ്സായിരുന്നു. 7 നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു. 8 ശുദ്ധിയുള്ള മൃഗങ്ങളിൽ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും, 9 ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. 10 ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി. 11 നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. 12 നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു. 13 അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു. 14 അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തിഴയുന്ന അതതുതരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ. 15 ജീവശ്വാസമുള്ള സർവ്വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു. 16 ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സർവ്വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടെച്ചു. 17 ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വർദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയർന്നു. 18 വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റേവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി. 19 വെള്ളം ഭൂമിയിൽഅത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി. 20 പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവെക്കു മീതെ പൊങ്ങി. 21 പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി. 22 കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു. 23 ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു. 24 വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.

ഉല്പത്തി 8

1 ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു. 2 ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു. 3 വെള്ളം ഇടവിടാതെ ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി. 4 ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പർവ്വതത്തിൽ ഉറെച്ചു. 5 പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി. 6 നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു. 7 അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു. 8 ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു. 9 എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി. 10 ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു. 11 പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു. 12 പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല. 13 ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു. 14 രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു. 15 ദൈവം നോഹയോടു അരുളിച്ചെയ്തതു: 16 നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ. 17 പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ. 18 അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി. 19 സകല മൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽ നിന്നു ഇറങ്ങി. 20 നോഹ യഹോവെക്കു ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാപറവകളിലും ചിലതു എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിച്ചു. 21 യഹോവ സൌരഭ്യവാസന മണത്തപ്പോൾ യഹോവ തന്റെ ഹൃദയത്തിൽ അരുളിച്ചെയ്തതു: ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളതു ആകുന്നു; ഞാൻ ചെയ്തതു പോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല. 22 ഭൂമിയുള്ള കാലത്തോളം വിതയും കൊയിത്തും, ശീതവും ഉഷ്ണവും, വേനലും വർഷവും, രാവും പകലും നിന്നുപോകയുമില്ല.

ഉല്പത്തി 9

1 ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ. 2 നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സുമദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 3 ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു. 4 പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു. 5 നിങ്ങളുടെ പ്രാണാനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും. 6 ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു. 7 ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ. 8 ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു: 9 ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും 10 ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. 11 ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു. 12 പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടു കൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു: 13 ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും. 14 ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും. 15 അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. 16 വില്ലു മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വ ജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിന്നു ഞാൻ അതിനെ നോക്കും. 17 ഞാൻ ഭൂമിയിലുള്ള സർവ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു. 18 പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാർ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്റെ പിതാവു. 19 ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു. 20 നോഹ കൃഷിചെയ്‍വാൻ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി. 21 അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു. 22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു. 23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്റെ നഗ്നത മറെച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ടു അവർ പിതാവിന്റെ നഗ്നത കണ്ടില്ല. 24 നോഹ ലഹരിവിട്ടുണർന്നപ്പോൾ തന്റെ ഇളയ മകൻ ചെയ്തതു അറിഞ്ഞു. 25 അപ്പോൾ അവൻ: കനാൻ ശപിക്കപ്പെട്ടവൻ; അവൻ തന്റെ സഹോദരന്മാർക്കു അധമദാസനായ്തീരും എന്നു പറഞ്ഞു. 26 ശേമിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ; കനാൻ അവരുടെ ദാസനാകും. 27 ദൈവം യാഫെത്തിനെ വർദ്ധിപ്പിക്കട്ടെ; അവൻ ശേമിന്റെ കൂടാരങ്ങളിൽ വസിക്കും; കനാൻ അവരുടെ ദാസനാകും എന്നും അവൻ പറഞ്ഞു. 28 ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു. 29 നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു.

ഉല്പത്തി 10

1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു. 2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. 3 ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ. 4 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം. 5 ഇവരാൽ ജാതികളുടെ ദ്വീപുകൾ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു. 6 ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ. 7 കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രമാ, സബ്തെക്കാ; രമയുടെ പുത്രന്മാർ: ശെബയും ദെദാനും. 8 കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു. 9 അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ടു: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടു വീരൻ എന്നു പഴഞ്ചൊല്ലായി. 10 അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർദേശത്തു ബാബേൽ, ഏരെൿ, അക്കാദ്, കൽനേ എന്നിവ ആയിരുന്നു. 11 ആ ദേശത്തനിന്നു അശ്ശൂർ പുറപ്പെട്ടു നീനവേ, രെഹോബത്ത് പട്ടണം, കാലഹ്, 12 നീനവെക്കും കാലഹിന്നും മദ്ധ്യേ മഹാനഗരമായ രേശെൻ എന്നിവ പണിതു. 13 മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം, പത്രൂസീം, കസ്ളൂഹീം-- 14 ഇവരിൽനിന്നു ഫെലിസ്ഥ്യർ ഉത്ഭവിച്ചു-- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു. 15 കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്, 16 യെബൂസ്യൻ, അമോർയ്യൻ, 17 ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ, 18 അർവ്വാദ്യൻ, സെമാർയ്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു. 19 കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാവരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു. 20 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്റെ പുത്രന്മാർ. 21 ഏബെരിന്റെ പുത്രന്മാർക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാർ ജനിച്ചു. 22 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. 23 അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്. 24 അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു. 25 ഏബെരിന്നു രണ്ടു പുത്രന്മാർ ജനിച്ചു; ഒരുത്തുന്നു പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയതു; അവന്റെ സഹോദരന്നു യൊക്താൻ എന്നു പേർ. 26 യൊക്താനോ: അല്മോദാദ്, 27 ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം, 28 ഊസാൽ, ദിക്ളാ, ഓബാൽ, അബീമയേൽ, 29 ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു. 30 അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻ മലയായ സെഫാർവരെ ആയിരുന്നു. 31 ഇവർ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്റെ പുത്രന്മാർ. 32 ഇവർ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങൾ. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയിൽ ജാതികൾ പിരിഞ്ഞുപോയതു.

ഉല്പത്തി 11

1 ഭൂമിയിൽ ഒക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു. 2 എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്തു, ശിനാർദേശത്തു ഒരു സമഭൂമി കണ്ടു അവിടെ കുടിയിരുന്നു. 3 അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണു കുമ്മായമായും ഉപയോഗിച്ചു. 4 വരുവിൻ, നാം ഭൂതലത്തിൽ ഒക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്കു ഒരു പേരുമുണ്ടാക്കുക എന്നു അവർ പറഞ്ഞു. 5 മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണോണ്ടതിന്നു യഹോവ ഇറങ്ങിവന്നു. 6 അപ്പോൾ യഹോവ: ഇതാ, ജനം ഒന്നു അവർക്കെല്ലാവർക്കും ഭാഷയും ഒന്നു; ഇതും അവർ ചെയ്തു തുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്കു അസാദ്ധ്യമാകയില്ല. 7 വരുവിൻ; നാം ഇറങ്ങിച്ചെന്നു, അവർ തമ്മിൽ ഭാഷതിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്നു അരുളിച്ചെയ്തു. 8 അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു. 9 സർവ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാൽ അതിന്നു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു. 10 ശേമിന്റെ വംശപാരമ്പര്യമാവിതു: ശേമിന്നു നൂറു വയസ്സായപ്പോൾ അവൻ ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അർപ്പക്ഷാദിനെ ജനിപ്പിച്ചു. 11 അർപ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 12 അർപ്പക്ഷാദിന്നു മുപ്പത്തഞ്ചു വയസ്സായപ്പോൾ അവൻ ശാലഹിനെ ജനിപ്പിച്ചു. 13 ശാലഹിനെ ജനിപ്പിച്ചശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 14 ശാലഹിന്നു മുപ്പതു വയസ്സായപ്പോൾ അവൻ ഏബെരിനെ ജനിപ്പിച്ചു. 15 ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റി മൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 16 ഏബെരിന്നു മുപ്പത്തിനാലു വയസ്സായപ്പോൾ അവൻ പേലെഗിനെ ജനിപ്പിച്ചു. 17 പേലെഗിനെ ജനിപ്പിച്ചശേഷം ഏബെർ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 18 പേലെഗിന്നു മുപ്പതു വയ്സായപ്പോൾ അവൻ രെയൂവിനെ ജനിപ്പിച്ചു. 19 രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരൂനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 20 രെയൂവിന്നു മുപ്പത്തിരണ്ടു വയസ്സായപ്പോൾ അവൻ ശെരൂഗിനെ ജനിപ്പിച്ചു. 21 ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 22 ശെരൂഗിന്നു മുപ്പതു വയസ്സായപ്പോൾ അവൻ നാഹോരിനെ ജനിപ്പിച്ചു. 23 നാഹോരിനെ ജനിപ്പിച്ചശേഷം ശേരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 24 നാഹോരിന്നു ഇരുപത്തൊമ്പതു വയസ്സായപ്പോൾ അവൻ തേരഹിനെ ജനിപ്പിച്ചു. 25 തേരഹിനെ ജനിപ്പിച്ചശേഷം നാഹോർ നൂറ്റി പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 26 തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു. 27 തേരഹിന്റെ വംശപാരമ്പര്യമാവിതു: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാൻ ലോത്തിനെ ജനിപ്പിച്ചു. 28 എന്നാൽ ഹാരാൻ തന്റെ ജന്മദേശത്തുവെച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽവെച്ചു തന്നേ, തന്റെ അപ്പനായ തേരഹിന്നു മുമ്പെ മരിച്ചുപോയി. 29 അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു; അബ്രാമിന്റെ ഭാര്യക്കു സാറായി എന്നും നാഹോരിന്റെ ഭാര്യക്കു മിൽക്കാ എന്നും പേർ. ഇവൾ മിൽക്കയുടെയും യിസ്കയുടെയും അപ്പനായ ഹാരാന്റെ മകൾ തന്നെ. 30 സാറായി മച്ചിയായിരുന്നു; അവൾക്കു സന്തതി ഉണ്ടായിരുന്നില്ല. 31 തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു. 32 തേരഹിന്റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.

ഉല്പത്തി 12

1 യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക. 2 ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. 3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും. 4 യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. 5 അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽ വെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻ ദേശത്തു എത്തി. 6 അബ്രാം ശേഖേമെന്ന സ്ഥലംവരെയും ഏലോൻ മോരെവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യൻ ദേശത്തു പാർത്തിരുന്നു. 7 യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു. 8 അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു. 9 അബ്രാം പിന്നെയും തെക്കോട്ടു യാത്രചെയ്തുകൊണ്ടിരുന്നു. 10 ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീർന്നതുകൊണ്ടു അബ്രാം മിസ്രയീമിൽ ചെന്നുപാർപ്പാൻ അവിടേക്കു പോയി. 11 മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാര്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദര്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു. 12 മിസ്രയീമ്യർ നിന്നെ കാണുമ്പോൾ ഇവൾ അവന്റെ ഭാര്യയെന്നു പറഞ്ഞു എന്നെകൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും. 13 നീ എന്റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്റെ നിമിത്തം എനിക്കു നന്മവരികയും ഞാൻ ജീവിച്ചിരിക്കയും ചെയ്യും. 14 അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോൾ സ്ത്രീ അതി സുന്ദരി എന്നു മിസ്രയീമ്യർ കണ്ടു. 15 ഫറവോന്റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്റെ അരമനയിൽ പോകേണ്ടിവന്നു. 16 അവളുടെ നിമിത്തം അവൻ അബ്രാമിന്നു നന്മ ചെയ്തു; അവന്നു ആടുമാടുകളും ആൺകഴുതകളും ദാസന്മാരും ദാസിമാരും പെൺകഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു. 17 അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം യഹോവ ഫറവോനെയും അവന്റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു. 18 അപ്പോൾ ഫറവോൻ അബ്രാമിനെ വിളിച്ചു: നീ എന്നോടു ഈ ചെയ്തതു എന്തു? അവൾ നിന്റെ ഭാര്യയെന്നു എന്നെ അറിയിക്കാഞ്ഞതു എന്തു? 19 അവൾ എന്റെ സഹോദരിയെന്നു എന്തിന്നു പറഞ്ഞു? ഞാൻ അവളെ ഭാര്യയായിട്ടു എടുപ്പാൻ സംഗതി വന്നുപോയല്ലോ; ഇപ്പോൾ ഇതാ, നിന്റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടു പോക എന്നു പറഞ്ഞു. 20 ഫറവോൻ അവനെക്കുറിച്ചു തന്റെ ആളുകളോടു കല്പിച്ചു; അവർ അവനെയും അവന്റെ ഭാര്യയെയും അവന്നുള്ള സകലവുമായി പറഞ്ഞയച്ചു.

ഉല്പത്തി 13

1 ഇങ്ങനെ അബ്രാമും ഭാര്യയും അവന്നുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കെ ദേശത്തു വന്നു. 2 കന്നുകാലി, വെള്ളി, പൊന്നു ഈ വകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു. 3 അവൻ തന്റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിന്നും ഹായിക്കും മദ്ധ്യേ തനിക്കു ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു. 4 അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു. 5 അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു. 6 അവർ ഒന്നിച്ചുപാർപ്പാൻ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവർക്കു ഒന്നിച്ചുപാർപ്പാൻ കഴിഞ്ഞില്ല. 7 അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരിസ്യരും അന്നു ദേശത്തു പാർത്തിരുന്നു. 8 അതു കൊണ്ടു അബ്രാം ലോത്തിനോടു: എനിക്കും നിനക്കും എന്റെ ഇടയന്മാർക്കും നിന്റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ. 9 ദേശമെല്ലാം നിന്റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു. 10 അപ്പോൾ ലോത്ത് നോക്കി, യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടംപോലെയും സോവർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു. 11 ലോത്ത് യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പരിഞ്ഞു. 12 അബ്രാം കനാൻ ദേശത്തു പാർത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാർത്തു സൊദോംവരെ കൂടാരം നീക്കി നീക്കി അടിച്ചു. 13 സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു. 14 ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. 15 നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും. 16 ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം. 17 നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും. 18 അപ്പോൾ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നു പാർത്തു; അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു.

ഉല്പത്തി 14

1 ശിനാർ രാജാവായ അമ്രാഫെൽ, എലാസാർരാജാവായ അർയ്യോക്, ഏലാം രാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്തു 2 ഇവർ സൊദോം രാജാവായ ബേരാ, ഗൊമോരാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു. 3 ഇവരെല്ലാവരും സിദ്ദീംതാഴ്വരിയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു. 4 അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു. 5 അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരുംവന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിർയ്യാത്തയീമിലെ ഏമ്യരെയും 6 സേയീർമലയിലെ ഹോർയ്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു. 7 പിന്നെഅവർ തിരിഞ്ഞു കാദേശ് എന്ന ഏൻ മിശ്പാത്തിൽവന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോർയ്യരെയും കൂടെ തോല്പിച്ചു. 8 അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ധീംതാഴ്വരയിൽ വെച്ചു 9 ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അർയ്യോൿ എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നെ. 10 സിദ്ദീംതാഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാ രാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്കു ഓടിപ്പോയി. 11 സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവർഎടുത്തുകൊണ്ടുപോയി. 12 അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി. 13 ഓടിപ്പോന്ന ഒരുത്തൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോർയ്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു. 14 തന്റെ സഹോദരനെ ബദ്ധനാക്കികൊണ്ടു പോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു. 15 രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. 16 അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു. 17 അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു. 18 ശാലേംരാജാവായ മൽക്കീസേദെൿ അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. 19 അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; 20 നിന്റെ ശത്രുക്കളെ നിന്റെ കൈയില്‍ ഏല്പിച്ച അത്യുന്നതനായ ദൈവംസ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു. 21 സൊദോംരാജാവു അബ്രാമിനോടു: ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക എന്നുപറഞ്ഞു. 22 അതിന്നു അബ്രാം സൊദോംരാജാവിനോടുപറഞ്ഞതു: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ 23 സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തിസത്യം ചെയ്യുന്നു. 24 ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.

ഉല്പത്തി 15

1 അതിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതി മഹത്തായ പ്രതിഫലവും ആകുന്നു. 2 അതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസർ അത്രേ എന്നു പറഞ്ഞു. 3 നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു. 4 അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നുപുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും. എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി. 5 പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതിഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു. 6 അവൻ യഹോവയിൽ വിശ്വസിച്ചു; അതു അവൻ അവന്നു നീതിയായി കണക്കിട്ടു. 7 പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു. 8 കർത്താവായ യഹോവേ, ഞാൻ അതിനെ അവകാശമാക്കുമെന്നുള്ളതുഎനിക്കു എന്തൊന്നിനാൽ അറിയാം എന്നു അവൻ ചോദിച്ചു. 9 അവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻ കുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. 10 ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെ പിളർന്നു ഭാഗങ്ങളെ നേർക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല. 11 ഉടലുകളിന്മേൽ റാഞ്ചൻ പക്ഷികൾഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു. 12 സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു. 13 അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക. 14 എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. 15 നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും. 16 നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു. 17 സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. 18 അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, 19 കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, 20 പെറിസ്യർ, രെഫായീമ്യർ, അമോർയ്യർ, 21 കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

ഉല്പത്തി 16

1 അബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു. 2 സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു. 3 അബ്രാം കനാൻ ദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു. 4 അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി. 5 അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. 6 അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി. 7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു. 8 സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു. 9 യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു. 10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും. 11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം; 12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു. 13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു. 14 അതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു. 15 പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു. 16 ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

ഉല്പത്തി 17

1 അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. 2 എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. 3 അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: 4 എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും; 5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹു ജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. 6 ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. 7 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. 8 ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻ ദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും. 9 ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം. 10 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. 11 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും. 12 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി. 13 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം. 14 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു. 15 ദൈവം പിന്നെയും അബ്രാഹാമിനോടു: നിന്റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടതു; അവളുടെ പേർ സാറാ എന്നു ഇരിക്കേണം. 16 ഞാൻ അവളെ അനുഗ്രഹിച്ചു അവളിൽനിന്നു നിനക്കു ഒരു മകനെ തരും; ഞാൻ അവളെ അനുഗ്രഹിക്കയും അവൾ ജാതികൾക്കു മാതാവായി തീരുകയും ജാതികളുടെ രാജാക്കന്മാർ അവളിൽനിന്നു ഉത്ഭവിക്കയും ചെയ്യും എന്നു അരുളിച്ചെയ്തു. 17 അപ്പോൾ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു. 18 യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽമതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. 19 അതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാൿ എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും 20 യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും. 21 എന്റെ നിയമം ഞാൻ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ടു ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോടു ആകുന്നു. 22 ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവനെ വിട്ടു കയറിപ്പോയി. 23 അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു. 24 അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു. 25 അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു. 26 അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽപരിച്ഛേദന ഏറ്റു. 27 വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.

ഉല്പത്തി 18

1 അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. 2 അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: 3 യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. 4 അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. 5 ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. 6 അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. 7 അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. 8 പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു. 9 അവർ അവനോടു: നിന്റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്നു: കൂടാരത്തിൽ ഉണ്ടു എന്നു അവൻ പറഞ്ഞു. 10 ഒരു ആണ്ടു കഴിഞ്ഞിട്ടു ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യ സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അവൻ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്റെ പിൻവശത്തു കേട്ടുകൊണ്ടു നിന്നു. 11 എന്നാൽ അബ്രാഹാമും സാറയും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകൾക്കുള്ള പതിവു സാറെക്കു നിന്നു പോയിരുന്നു. 12 ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു. 13 യഹോവ അബ്രാഹാമിനോടു: വൃദ്ധയായ ഞാൻ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചതു എന്തു? 14 യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു. 15 സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു. 16 ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി. 17 അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്‍വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ? 18 അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ. 19 യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു. 20 പിന്നെ യഹോവ: സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതി കഠിനവും ആകുന്നു. 21 ഞാൻ ചെന്നു എന്റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവർ കേവലം പ്രവൃത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്നു അരുളിച്ചെയ്തു. 22 അങ്ങനെ ആ പുരുഷന്മാർ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽ തന്നേ നിന്നു. 23 അബ്രാഹാം അടുത്തുചെന്നു പറഞ്ഞതു: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ? 24 പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാർ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ? 25 ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാൻ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സർവ്വ ഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ? 26 അതിന്നു യഹോവ: ഞാൻ സൊദോമിൽ, പട്ടണത്തിന്നകത്തു, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്നു അരുളിച്ചെയ്തു. 27 പൊടിയും വെണ്ണീറുമായ ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ. 28 അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചുപേർ കുറഞ്ഞു പോയെങ്കിലോ? അഞ്ചുപേർ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്നു അബ്രാഹാം പറഞ്ഞതിന്നു: നാല്പത്തഞ്ചു പേരെ ഞാൻ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 29 അവൻ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്നു: ഞാൻ നാല്പതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 30 അതിന്നു അവൻ: ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതുപേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 31 ഞാൻ കർത്താവിനോടു സംസാരിപ്പാൻ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതുപേരെ അവിടെ കണ്ടാലോ എന്നു അവൻ പറഞ്ഞതിന്നു: ഞാൻ ഇരുപതുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 32 അപ്പോൾ അവൻ: കർത്താവു കോപിക്കരുതേ; ഞാൻ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു. 33 യഹോവ അബ്രാഹാമിനോടു അരുളിച്ചെയ്തു തീർന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.

ഉല്പത്തി 19

1 ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു: 2 യജമാനന്മാരേ, അടിയന്റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാർപ്പിൻ; കാലത്തു എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകയുമാം എന്നു പറഞ്ഞതിന്നു: അല്ല, ഞങ്ങൾ വീഥിയിൽ തന്നേ രാപാർക്കും എന്നു അവർ പറഞ്ഞു. 3 അവൻ അവരെ ഏറ്റവും നിർബന്ധിച്ചു; അപ്പോൾ അവർ അവന്റെ അടുക്കൽ തിരിഞ്ഞു അവന്റെ വീട്ടിൽ ചെന്നു; അവൻ അവർക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവർ ഭക്ഷണം കഴിച്ചു. 4 അവർ ഉറങ്ങുവാൻ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരുംവന്നു വീടു വളഞ്ഞു. 5 അവർ ലോത്തിനെ വിളിച്ചു: ഈരാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. 6 ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു: 7 സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. 8 പുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ടു; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നതു എന്നു പറഞ്ഞു. 9 മാറിനിൽക്ക എന്നു അവർ പറഞ്ഞു. ഇവനൊരുത്തൻ പരദേശിയായി വന്നു പാർക്കുന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോൾ ഞങ്ങൾ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവർ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാൻ അടുത്തു. 10 അപ്പോൾ ആ പുരുാഷന്മാർ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽഅടെച്ചു, 11 വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്കു അബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ടു അവർ വാതിൽ തപ്പി നടന്നു വിഷമിച്ചു. 12 ആ പുരുഷന്മാർ ലോത്തിനോടു: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കെൾക; 13 ഇവരെക്കുറിച്ചുള്ള ആവലാധി യഹോവയുടെ മുമ്പാകെ വലുതായിത്തീർന്നിരിക്കകൊണ്ടു ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാൻ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 14 അങ്ങനെ ലോത്ത് ചെന്നു തന്റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവൻ കളി പറയുന്നു എന്നു അവന്റെ മരുമക്കൾക്കു തോന്നി. 15 ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപൊയ്ക്കൾക എന്നു പറഞ്ഞു. 16 അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി. 17 അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവൻ: ജീവരക്ഷെക്കായി ഓടിപ്പോക: പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നുപറഞ്ഞു. 18 ലോത്ത് അവരോടു പറഞ്ഞതു: അങ്ങനെയല്ല കർത്താവേ; 19 നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും. 20 ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും. 21 അവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല. 22 ബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‍വാൻ കഴികയില്ല എന്നു പറഞ്ഞു. അതു കൊണ്ടു ആ പട്ടണത്തിന്നു സോവർ എന്നു പേരായി. 23 ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. 24 യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു. 25 ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നും മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. 26 ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. 27 അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, 28 സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. 29 എന്നാൽ ആ പ്രദേശത്തിലെപട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു. 30 അനന്തരം ലോത്ത് സോവർ വിട്ടുപോയി; അവനും അവന്റെ രണ്ടു പുത്രിമാരും പർവ്വതത്തിൽ ചെന്നു പാർത്തു; സോവരിൽ പാർപ്പാൻ അവൻ ഭയപ്പെട്ടു; അവനും അവന്റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാർത്തു. 31 അങ്ങനെയിരിക്കുമ്പോൾ മൂത്തവൾ ഇളയവളോടു: നമ്മുടെ അപ്പൻ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാൻ ഭൂമിയിൽ ഒരു പുരുഷനും ഇല്ല. 32 വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 33 അങ്ങനെ അന്നു രാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു; മൂത്തവൾ അകത്തു ചെന്നു അപ്പനോടുകൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 34 പിറ്റെന്നാൾ മൂത്തവൾ ഇളയവളോടു: ഇന്നലെ രാത്രി ഞാൻ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു നീയും അകത്തുചെന്നു അവനോടു കൂടെ ശയിക്ക എന്നു പറഞ്ഞു. 35 അങ്ങനെ അന്നു രാത്രിയും അവർ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവൾ ചെന്നു അവനോടു കൂടെ ശയിച്ചു; അവൾ ശയിച്ചതും എഴുന്നേറ്റതും അവൻ അറിഞ്ഞില്ല. 36 ഇങ്ങനെ ലോത്തിന്റെ രണ്ടു പുത്രിമാരും അപ്പനാൽ ഗർഭം ധരിച്ചു. 37 മൂത്തവൾ ഒരു മകനെ പ്രസവിച്ചു അവന്നു മോവാബ് എന്നു പേരിട്ടു; അവൻ ഇന്നുള്ള മോവാബ്യർക്കു പിതാവു. 38 ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന്നു ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യർക്കു പിതാവു.

ഉല്പത്തി 20

1 അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാർത്തു. 2 അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെൿ ആളയച്ചു സാറയെ കൊണ്ടുപോയി. 3 എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു. 4 എന്നാൽ അബീമേലെൿ അവളുടെ അടുക്കൽ ചെന്നിരുന്നില്ല: ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? 5 ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. 6 അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു. 7 ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു. 8 അബീമേലെൿ അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു. 9 അബീമേലെൿ അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. 10 നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെൿ അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു: 11 ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു. 12 വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി. 13 എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു. 14 അബീമേലെൿ അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു: 15 ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക എന്നു അബീമേലെൿ പറഞ്ഞു. 16 സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. 17 അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൌഖ്യമാക്കി, അവർ പ്രസവിച്ചു. 18 അബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടെച്ചിരുന്നു.

ഉല്പത്തി 21

1 അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു. 2 അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. 3 സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവൻ യിസ്ഹാൿ എന്നു പേരിട്ടു. 4 ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. 5 തന്റെ മകനായ യിസ്ഹാൿ ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു. 6 ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു. 7 സാറാ മക്കൾക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആർ പറയുമായിരുന്നു. അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചതു എന്നും അവൾ പറഞ്ഞു. 8 പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. 9 മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു: 10 ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു. 11 തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി. 12 എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു. 13 ദാസിയുടെമകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു. 14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു. 15 തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു. 16 അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. 17 ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു. 18 നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. 19 ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. 20 ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു. 21 അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു. 22 അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു; 23 ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു. 24 സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു. 25 എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർനിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു. 26 അതിന്നു അബീമേലെക്; ഇക്കാര്യം ചെയ്തതു ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു. 27 പിന്നെ അബ്രാഹാം അബീമേലെക്കിന്നു ആടുമാടുകളെ കൊടുത്തു; അവർ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു. 28 അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിർത്തി. 29 അപ്പോൾ അബീമേലെൿ അബ്രാഹാമിനോടു: നീ വേറിട്ടു നിർത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികൾ എന്തിന്നു എന്നു ചോദിച്ചു. 30 ഞാൻ ഈ കിണർ കുഴിച്ചു എന്നതിന്നു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്നു അവൻ പറഞ്ഞു. 31 അവർ ഇരുവരും അവിടെവെച്ചു സത്യം ചെയ്ക കൊണ്ടു അവൻ ആ സ്ഥലത്തിന്നു ബേർ-ശേബ എന്നു പേരിട്ടു. 32 ഇങ്ങനെ അവർ ബേർ-ശേബയിൽവെച്ചു ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്റെ സേനാപതിയായ പീക്കോലും എഴുന്നേറ്റു ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങിപ്പോയി. 33 അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവെച്ചു ആരാധന കഴിച്ചു. 34 അബ്രാഹാം കുറേക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാർത്തു.

ഉല്പത്തി 22

1 അതിന്റെ ശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചതു എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്നു: ഞാൻ ഇതാ എന്നു അവൻ പറഞ്ഞു. 2 അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു. 3 അബ്രാഹാം അതികാലത്തു എഴുന്നേറ്റു കഴുതെക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടുപേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിന്നു വിറകു കീറി എടുത്തുംകൊണ്ടു പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി. 4 മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തു നിന്നു ആ സ്ഥലം കണ്ടു. 5 അബ്രാഹാം ബാല്യക്കാരോടു: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞു. 6 അബ്രാഹാം ഹോമയാഗത്തിന്നുള്ള വിറകു എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വെച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു. 7 അപ്പോൾ യിസ്ഹാൿ തന്റെ അപ്പനായ അബ്രാഹാമിനോടു: അപ്പാ, എന്നു പറഞ്ഞതിന്നു അവൻ: എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകുമുണ്ടു; എന്നാൽ ഹോമയാഗത്തിന്നു ആട്ടിൻ കുട്ടി എവിടെ എന്നു അവൻ ചോദിച്ചു. 8 ദൈവം തനിക്കു ഹോമയാഗത്തിന്നു ഒരു ആട്ടിൻ കുട്ടിയെ നോക്കിക്കൊള്ളും, മകനേ, എന്നു അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു. 9 ദൈവം കല്പിച്ചിരുന്ന സ്ഥലത്തു അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറകു അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി. 10 പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിന്നു കത്തി എടുത്തു. 11 ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്നു: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു അവൻ പറഞ്ഞു. 12 ബാലന്റെ മേൽ കൈവെക്കരുതു; അവനോടു ഒന്നും ചെയ്യരുതു; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ടു നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്നു അവൻ അരുളിച്ചെയ്തു. 13 അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു. 14 അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു. 15 യഹോവയുടെ ദൂതൻ രണ്ടാമതും ആകാശത്തുനിന്നു അബ്രാഹാമിനോടു വിളിച്ചു അരുളിച്ചെയ്തതു: 16 നീ ഈ കാര്യം ചെയ്തു, നിന്റെ ഏകജാതനായ മകനെ തരുവാൻ മടിക്കായ്കകൊണ്ടു 17 ഞാൻ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വർദ്ധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. 18 നീ എന്റെ വാക്കു അനുസരിച്ചതു കൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. 19 പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ--ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു. 20 അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി. 21 അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ, 22 കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ. 23 ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടു പേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു. 24 അവന്റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.

ഉല്പത്തി 23

1 സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം. 2 സാറാ കനാൻ ദേശത്തു ഹെബ്രോൻ എന്ന കിർയ്യത്തർബ്ബയിൽവെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു. 3 പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: 4 ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. 5 ഹിത്യർ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: 6 നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവെച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു. 7 അപ്പോൾ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു: 8 എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു, 9 അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മൿപേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ടു അവൻ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു. 10 എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോടു: 11 അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു. 12 അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. 13 ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോടു: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. 14 എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: 15 നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു. 16 അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു. 17 ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മൿപേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകലവൃക്ഷങ്ങളും 18 അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി. 19 അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാൻ ദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മൿപേലാനിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു. 20 ഇങ്ങനെ ഹിത്യർ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന്നു ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.

ഉല്പത്തി 24

1 അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു. 2 തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിന്നൊക്കെയും വിചാരകനുമായ ദാസനോടു അബ്രാഹാം പറഞ്ഞതു: നിന്റെ കൈ എന്റെ തുടയിൻ കീഴിൽ വെക്കുക; 3 ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, 4 എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്നു എന്റെ മകനായ യിസ്ഹാക്കിന്നു ഭാര്യയെ എടുക്കുമെന്നു സ്വർഗ്ഗത്തിന്നും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും. 5 ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു. 6 അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. 7 എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും. 8 എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു. 9 അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻ കീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു. 10 അനന്തരം ആ ദാസൻ തന്റെ യജമാനന്റെ ഒട്ടകങ്ങളിൽ പത്തു ഒട്ടകങ്ങളെയും യജമാനന്നുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ടു മെസൊപ്പൊത്താമ്യയിൽ നാഹോരിന്റെ പട്ടണത്തിൽ ചെന്നു. 11 വൈകുന്നേരം സ്ത്രീകൾ വെള്ളം കോരുവാൻ വരുന്ന സമയത്തു അവൻ ഒട്ടകങ്ങളെ പട്ടണത്തിന്നു പുറത്തു ഒരു കിണറ്റിന്നരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ: 12 എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കൃപചെയ്തു ഇന്നുതന്നെ കാര്യം സാധിപ്പിച്ചുതരേണമേ. 13 ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാർ വെള്ളം കോരുവാൻ വരുന്നു. 14 നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും. 15 അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. 16 ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു. 17 ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. 18 യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു. 19 അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, 20 പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. 21 ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു. 22 ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു: 23 നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു. 24 അവൾ അവനോടു: നാഹോരിന്നു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ ആകുന്നു ഞാൻ എന്നു പറഞ്ഞു. 25 ഞങ്ങളുടെയവിടെ വയ്ക്കോലും തീനും വേണ്ടുവോളം ഉണ്ടു; രാപാർപ്പാൻ സ്ഥലവും ഉണ്ടു എന്നും അവൾ പറഞ്ഞു. 26 അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: 27 എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു. 28 ബാല ഓടിച്ചെന്നു അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു. 29 റിബെക്കെക്കു ഒരു സഹോദരൻ ഉണ്ടായിരുന്നു; അവന്നു ലാബാൻ എന്നു പേർ. ലാബാൻ പുറത്തു കിണറ്റിങ്കൽ ആ പുരുഷന്റെ അടുക്കൽ ഓടിച്ചെന്നു. 30 അവൻ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷൻ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്റെ സഹോദരിയായ റിബെക്കയുടെ വാക്കു കേൾക്കയും ചെയ്തപ്പോൾ ആ പുരുഷന്റെ അടുക്കൽ ചെന്നു; അവൻ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നിൽക്കയായിരുന്നു. 31 അപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു. 32 അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു. 33 ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു. 34 അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ. 35 യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു. 36 എന്റെ യജമാനന്റെ ഭാര്യയായ സാറാ വൃദ്ധയായശേഷം എന്റെ യജമാനന്നു ഒരു മകനെ പ്രസവിച്ചു; അവൻ തനിക്കുള്ളതൊക്കെയും അവന്നു കൊടുത്തിരിക്കുന്നു. 37 ഞാൻ പാർക്കുന്ന കനാൻ ദേശത്തിലെ കനാന്യ കന്യകമാരിൽനിന്നു നീ എന്റെ മകന്നു ഭാര്യയെ എടുക്കാതെ, 38 എന്റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്നു എന്റെ മകന്നു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞു യജമാനൻ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. 39 ഞാൻ യജമാനനോടു: പക്ഷേ സ്ത്രീ എന്നോടുകൂടെ പേരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന്നു അവൻ എന്നോടു: 40 ഞാൻ സേവിച്ചുപോരുന്ന യഹോവ തന്റെ ദൂതനെ നിന്നോടുകൂടെ അയച്ചു, നീ എന്റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്റെ മകന്നു ഭാര്യയെ എടുപ്പാന്തക്കവണ്ണം നിന്റെ യാത്രയെ സഫലമാക്കും; 41 എന്റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്നു ഒഴിഞ്ഞിരിക്കും; അവർ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും എന്നു പറഞ്ഞു. 42 ഞാൻ ഇന്നു കിണറ്റിന്നരികെ വന്നപ്പോൾ പറഞ്ഞതു: എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, ഞാൻ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ-- 43 ഇതാ, ഞാൻ കിണറ്റിന്നരികെ നില്ക്കുന്നു; വെള്ളം കോരുവാൻ ഒരു കന്യക വരികയും ഞാൻ അവളോടു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരിക എന്നു പറയുമ്പോൾ, അവൾ എന്നോടു: കുടിക്ക, 44 ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കോരി കൊടുക്കാമെന്നു പറകയും ചെയ്താൽ അവൾ തന്നേ യഹോവ എന്റെ യജമാനന്റെ മകന്നു നിയമിച്ച സ്ത്രീയായിരിക്കട്ടെ. 45 ഞാൻ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞു തീരുമ്മുമ്പെ ഇതാ, റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാൻ അവളോടു: എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. 46 അവൾ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാൻ നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാൻ കുടിച്ചു; അവൾ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുത്തു. 47 ഞാൻ അവളോടു: നീ ആരുടെ മകൾ എന്നു ചോദിച്ചതിന്നു അവൾ: മിൽക്കാ നാഹോറിന്നു പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ എന്നു പറഞ്ഞു. ഞാൻ അവളുടെ മൂക്കിന്നു മൂക്കുത്തിയും കൈകൾക്കു വളയും ഇട്ടു. 48 ഞാൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്റെ യജമാനന്റെ സഹോദരന്റെ മകളെ അവന്റെ മകന്നായിട്ടു എടുപ്പാൻ എന്നെ നേർവ്വഴിക്കു കൊണ്ടുവന്നവനായി എന്റെ യജമാനൻ അബ്രാഹാമിന്റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു. 49 ആകയാൽ നിങ്ങൾ എന്റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിൻ; അല്ല എന്നു വരികിൽ അതും പറവിൻ; എന്നാൽ ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം. 50 അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല. 51 ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടുപോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകന്നു ഭാര്യയാകട്ടെ എന്നു ഉത്തരം പറഞ്ഞു. 52 അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കു കേട്ടപ്പോൾ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു. 53 പിന്നെ ദാസൻ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബെക്കെക്കു കൊടുത്തു; അവളുടെ സഹോദരന്നും അമ്മെക്കും വിശേഷവസ്തുക്കൾ കൊടുത്തു. 54 അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനം ചെയ്തു രാപാർത്തു. രാവിലെ അവർ എഴുന്നേറ്റശേഷം അവൻ: എന്റെ യജമാനന്റെ അടുക്കൽ എന്നെ അയക്കേണമെന്നു പറഞ്ഞു. 55 അതിന്നു അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തുദിവസമെങ്കിലും ഞങ്ങളോടുകൂടെ പാർത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു. 56 അവൻ അവരോടു: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയക്കേണം എന്നു പറഞ്ഞു. 57 ഞങ്ങൾ ബാലയെ വിളിച്ചു അവളോടു ചോദിക്കട്ടെ എന്നു അവർ പറഞ്ഞു. 58 അവർ റിബെക്കയെ വിളിച്ചു അവളോടു: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാൻ പോകുന്നു എന്നു അവൾ പറഞ്ഞു. 59 അങ്ങനെ അവർ തങ്ങളുടെ സഹോദരിയായ റിബെക്കയെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്റെ ദാസനെയും അവന്റെ ആളുകളെയും പറഞ്ഞയച്ചു. 60 അവർ റിബെക്കയെ അനുഗ്രഹിച്ചു അവളോടു: സഹോദരീ, നീ അനേകായിരമായി തീരുക; നിന്റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു. 61 പിന്നെ റിബെക്കയും അവളുടെ ദാസിമാരും എഴുന്നേറ്റു ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസൻ റിബെക്കയെ കൂട്ടിക്കൊണ്ടുപോയി. 62 എന്നാൽ യിസ്ഹാൿ ബേർലഹയിരോയീവരെ വന്നു; അവൻ തെക്കേദേശത്തു പാർക്കയായിരുന്നു. 63 വൈകുന്നേരത്തു യിസ്ഹാൿ ധ്യാനിപ്പാൻ വെളിൻ പ്രദേശത്തു പോയിരുന്നു; അവൻ തലപൊക്കി നോക്കി ഒട്ടകങ്ങൾ വരുന്നതു കണ്ടു. 64 റിബെക്കയും തലപൊക്കി യിസ്ഹാക്കിനെ കണ്ടിട്ടു ഒട്ടകപ്പുറത്തുനിന്നു ഇറങ്ങി. 65 അവൾ ദാസനോടു: വെളിൻ പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന്നു എന്റെ യജമാനൻ തന്നേ എന്നു ദാസൻ പറഞ്ഞു. അപ്പോൾ അവൾ ഒരു മൂടുപടം എടുത്തു തന്നെ മൂടി. 66 താൻ ചെയ്ത കാര്യം ഒക്കെയും ദാസൻ യിസ്ഹാക്കിനോടു വിവരിച്ചു പറഞ്ഞു. 67 യിസ്ഹാൿ അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൊണ്ടു പോയി. അവൻ റിബെക്കയെ പരിഗ്രഹിച്ചു അവൾ അവന്നു ഭാര്യയായിത്തീർന്നു; അവന്നു അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിന്നു തന്റെ അമ്മയുടെ മരണദുഃഖം തീർന്നു.

ഉല്പത്തി 25

1 അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവൾക്കു കെതൂറാ എന്നു പേർ. 2 അവൾ സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു. 3 യൊക്ശാൻ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്റെ പുത്രന്മാർ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ. 4 മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹനോക്, അബീദാ, എൽദാഗാ എന്നിവർ. ഇവർ എല്ലാവരും കെതൂറയുടെ മക്കൾ. 5 എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന്നു കൊടുത്തു. 6 അബ്രാഹാമിന്നു ഉണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കൾക്കോ അബ്രാഹാം ദാനങ്ങൾ കൊടുത്തു; താൻ ജീവനോടിരിക്കുമ്പോൾ തന്നേ അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്നു കിഴക്കോട്ടു കിഴക്കുദേശത്തേക്കു അയച്ചു. 7 അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. 8 അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. 9 അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മൿപേലാഗുഹയിൽ അവനെ അടക്കം ചെയ്തു. 10 അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു. 11 അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാൿ ബേർലഹയിരോയീക്കരികെ പാർത്തു. 12 സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു: 13 യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്, 14 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ, 15 മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ. 16 പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ. 17 യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. 18 ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു. 19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. 20 യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു. 21 തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാൿ അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭം ധരിച്ചു. 22 അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി. 23 യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു. 24 അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു. 25 ഒന്നാമത്തവൻ ചുവന്നവനായി പുറത്തുവന്നു, മേൽ മുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന്നു ഏശാവ് എന്നു പേരിട്ടു. 26 പിന്നെ അവന്റെ സഹോദരൻ പുറത്തുവന്നു; അവന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു; അവന്നു യാക്കോബ് എന്നു പേരിട്ടു. അവൾ അവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന്നു അറുപതു വയസ്സു ആയിരുന്നു. 27 കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർത്ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. 28 ഏശാവിന്റെ വേട്ടയിറച്ചിയിൽ രുചിപിടിച്ചരുന്നതുകൊണ്ടു യിസ്ഹാക്ൿ അവനെ സ്നേഹിച്ചു; റിബെക്കയോ യാക്കോബിനെ സ്നേഹിച്ചു. 29 ഒരിക്കൽ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിൻ പ്രദേശത്തു നിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു. 30 ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ ) എന്നു പേരായി. 31 നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വിൽകുക എന്നു യാക്കോബ് പറഞ്ഞു. 32 അതിന്നു ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു. 33 ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു. 34 യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു

ഉല്പത്തി 26

1 അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്തു ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാൿ ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി. 2 യഹോവ അവന്നു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുതു; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക. 3 ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും. 4 അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു 5 ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതിമുഖാന്തരം ഭൂമിയിലെ സകലജാതികളും അനുഗ്രഹിക്കപ്പെടും. 6 അങ്ങനെ യിസ്ഹാൿ ഗെരാരിൽ പാർത്തു. 7 ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൌന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു. 8 അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെൿ കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാൿ തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു. 9 അബീമേലെൿ യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാൿ അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു. 10 അപ്പോൾ അബീമേലെക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. 11 പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു. 12 യിസ്ഹാൿ ആ ദേശത്തു വിതെച്ചു; ആയാണ്ടിൽ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു. 13 അവൻ വർദ്ധിച്ചു വർദ്ധിച്ചു മഹാധനവാനായിത്തീർന്നു. 14 അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി. 15 എന്നാൽ അവന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു അവന്റെ പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു. 16 അബീമേലെൿ യിസ്ഹാക്കിനോടു: നീ ഞങ്ങളെക്കാൾ ഏറ്റവും ബലവാനാകകൊണ്ടു ഞങ്ങളെ വിട്ടു പോക എന്നു പറഞ്ഞു. 17 അങ്ങനെ യിസ്ഹാൿ അവിടെനിന്നു പുറപ്പെട്ടു ഗേരാർതാഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാർത്തു. 18 തന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യർ നികത്തിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാൿ പിന്നെയും കുഴിച്ചു തന്റെ പിതാവു അവെക്കു ഇട്ടിരുന്ന പേർ തന്നേ ഇട്ടു. 19 യിസ്ഹാക്കിന്റെ ദാസന്മാർ ആ താഴ്വരയിൽ കുഴിച്ചു നീരുറവുള്ള ഒരു കിണറ് കണ്ടു. 20 അപ്പോൾ ഗെരാർദേശത്തിലെ ഇടയന്മാർ: ഈ വെള്ളം ഞങ്ങൾക്കുള്ളതു എന്നു പറഞ്ഞു യിസ്ഹാക്കിന്റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവർ തന്നോടു ശണ്ഠയിട്ടതുകൊണ്ടു അവൻ ആ കിണറ്റിനു ഏശെൿ എന്നു പേർ വിളിച്ചു. 21 അവർ മറ്റൊരു കിണറു കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു. 22 അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു. 23 അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി. 24 അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. 25 അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു. 26 അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു. 27 യിസ്ഹാൿ അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു. 28 അതിന്നു അവർ: യഹോവ നിന്നോടുകൂടെയുണ്ടു എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങൾക്കും നിനക്കും തമ്മിൽ തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം. 29 ഞങ്ങൾ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോടു ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു. 30 അവൻ അവർക്കു ഒരു വിരുന്നു ഒരുക്കി; അവർ ഭക്ഷിച്ചു പാനം ചെയ്തു. 31 അവർ അതികാലത്തു എഴുന്നേറ്റു, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാൿ അവരെ യാത്രയയച്ചു അവർ സമാധാനത്തോടെ പിരിഞ്ഞുപോയി. 32 ആ ദിവസം തന്നേ യിസ്ഹാക്കിന്റെ ദാസന്മാർ വന്നു തങ്ങൾ കുഴിച്ച കിണറ്റിന്റെ വസ്തുത അവനെ അറിയിച്ചു: 33 ഞങ്ങൾ വെള്ളം കണ്ടു എന്നു പറഞ്ഞു. അവൻ അതിന്നു ശിബാ എന്നു പേരിട്ടു; അതുകൊണ്ടു ആ പട്ടണത്തിന്നു ഇന്നുവരെ ബേർ-ശേബ എന്നു പേർ. 34 ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. 35 ഇവർ യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.

ഉല്പത്തി 27

1 യിസ്ഹാൿ വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ ഇതാ എന്നു പറഞ്ഞു. 2 അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. 3 നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കു വേണ്ടി വേട്ടതേടി 4 എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു. 5 യിസ്ഹാൿ തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി. 6 റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു: 7 ഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു. 8 ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക. 9 ആട്ടിൻ കൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻ കുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. 10 നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം. 11 അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ. 12 പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. 13 അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. 14 അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. 15 പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷ വസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. 16 അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. 17 താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു. 18 അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു. 19 യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. 20 യിസ്ഹാൿ തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു. 21 യിസ്ഹാൿ യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. 22 യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു. 23 അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾ പോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. 24 നീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു. 25 അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടു ചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു. 26 പിന്നെ അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു. 27 അവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. 28 ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. 29 വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ. 30 യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ടകഴിഞ്ഞു മടങ്ങിവന്നു. 31 അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്നു അപ്പനോടു: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. 32 അവന്റെ അപ്പനായ യിസ്ഹാൿ അവനോടു: നീ ആർ എന്നു ചോദിച്ചതിന്നു: ഞാൻ നിന്റെ മകൻ, നിന്റെ ആദ്യജാതൻ ഏശാവ് എന്നു അവൻ പറഞ്ഞു. 33 അപ്പോൾ യിസ്ഹാൿ അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു. 34 ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതി ദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു. 35 അതിന്നു അവൻ: നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. 36 ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവൻ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു. 37 യിസ്ഹാൿ ഏശാവിനോടു: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞുംകൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടു മകനേ എന്നു ഉത്തരം പറഞ്ഞു. 38 ഏശാവ് പിതാവിനോടു: നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. 39 എന്നാറെ അവന്റെ അപ്പനായ യിസ്ഹാൿ ഉത്തരമായിട്ടു അവനോടു പറഞ്ഞതു: നിന്റെ വാസം ഭൂമിയിലെ പുഷ്ടിക്കുടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. 40 നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും. 41 തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു. 42 മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. 43 ആകയാൽ മകനേ: എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക. 44 നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക. 45 നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങൾ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു? 46 പിന്നെ റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യ സ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു.

ഉല്പത്തി 28

1 അനന്തരം യിസ്ഹാൿ യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതു: നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതു. 2 പുറപ്പെട്ടു പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടിൽ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരിൽ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക. 3 സർവ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും 4 ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ. 5 അങ്ങനെ യിസ്ഹാൿ യാക്കോബിനെ പറഞ്ഞയച്ചു; അവൻ പദ്ദൻ-അരാമിൽ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കൽ പോയി. 6 യിസ്ഹാൿ യാക്കോബിനെ അനുഗ്രഹിച്ചു പദ്ദൻ-അരാമിൽനിന്നു ഒരു ഭാര്യയെ എടുപ്പാൻ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോൾ: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും 7 യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദൻ-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോൾ, 8 കനാന്യസ്ത്രീകൾ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു 9 ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു. 10 എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി. 11 അവൻ ഒരു സ്ഥലത്തു എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ടു അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി. 12 അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽകൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. 13 അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. 14 നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും. 15 ഇതാ, ഞാൻ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവർത്തിക്കും. 16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു. 17 അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗ്ഗത്തിന്റെ വാതിൽ തന്നേ എന്നു പറഞ്ഞു. 18 യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിർത്തി, അതിന്മേൽ എണ്ണ ഒഴിച്ചു. 19 അവൻ ആ സ്ഥലത്തിന്നു ബേഥേൽ എന്നു പേർവിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു. 20 യാക്കോബ് ഒരു നേർച്ചനേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും 21 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും. 22 ഞാൻ തൂണായി നിർത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.

ഉല്പത്തി 29

1 പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി. 2 അവൻ വെളിൻ പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു. 3 ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായക്ക്ൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും. 4 യാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്നു: ഞങ്ങൾ ഹാരാന്യർ എന്നു അവർ പറഞ്ഞു. 5 അവൻ അവരോടു: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവർ പറഞ്ഞു. 6 അവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടു കൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു. 7 പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു 8 അവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. 9 അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു. 10 തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. 11 യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. 12 താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു. 13 ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. 14 ലാബാൻ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവൻ ഒരു മാസകാലം അവന്റെ അടുക്കൽ പാർത്തു. 15 പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. 16 എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. 17 ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. 18 യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. 19 അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. 20 അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി. 21 അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു. 22 അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. 23 എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു. 24 ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. 25 നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു. 26 അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. 27 ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. 28 യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു. 29 തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു. 30 അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവചെയ്തു. 31 ലേയാ അനിഷ്ടയെന്നു യഹോവ കണ്ടപ്പോൾ അവളുടെ ഗർഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു. 32 ലേയാ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: യഹോവ എന്റെ സങ്കടം കണ്ടു; ഇപ്പോൾ എന്റെ ഭർത്താവു എന്നെ സ്നേഹിക്കും എന്നു പറഞ്ഞു അവൾ അവന്നു രൂബേൻ എന്നു പേരിട്ടു. 33 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഞാൻ അനിഷ ്ടഎന്നു യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞു അവന്നു ശിമെയോൻ എന്നു പേരിട്ടു. 34 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു: ഇപ്പോൾ ഈ സമയം എന്റെ ഭർത്താവു എന്നോടു പറ്റിച്ചേരും; ഞാൻ അവന്നു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു ലേവി എന്നു പേരിട്ടു. 35 അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ഇപ്പോൾ ഞാൻ യഹോവയെ സ്തുതിക്കും എന്നു അവൾ പറഞ്ഞു; അതുകൊണ്ടു അവൾ അവന്നു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു പ്രസവം നിന്നു.

ഉല്പത്തി 30

1 താൻ യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടു: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാൻ മരിച്ചുപോകും എന്നു പറഞ്ഞു. 2 അപ്പോൾ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു. 3 അതിന്നു അവൾ: എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും എന്നു പറഞ്ഞു. 4 അങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു. 5 ബിൽഹാ ഗർഭം ധരിച്ചു യാക്കേബിന്നു ഒരു മകനെ പ്രസവിച്ചു. 6 അപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാൻ എന്നു പേരിട്ടു. 7 റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭം ധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു. 8 ഞാൻ എന്റെ സഹോദരിയോടു വലിയോരു പോർ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു. 9 തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു. 10 ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു. 11 അപ്പോൾ ലേയാ: ഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു. 12 ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു. 13 ഞാൻ ഭാഗ്യവതി; സ്ത്രികൾ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേർ എന്നു പേരിട്ടു. 14 കോതമ്പുകൊയിത്തുകാലത്തു രൂബേൻ പുറപ്പെട്ടു വയലിൽ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയയോടു: നിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു. 15 അവൾ അവളോടു: നീ എന്റെ ഭർത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേൽ: ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവൻ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു. 16 യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോൾ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്റെ അടുക്കൽ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാൻ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവൻ അവളോടുകൂടെ ശയിച്ചു. 17 ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവൾ ഗർഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു. 18 അപ്പോൾ ലേയാ: ഞാൻ എന്റെ ദാസിയെ എന്റെ ഭർത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാർ എന്നു പേരിട്ടു. 19 ലേയാ പിന്നെയും ഗർഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു; 20 ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോൾ എന്റെ ഭർത്താവു എന്നോടുകൂടെ വസിക്കും; ഞാൻ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂൻ എന്നു പേരിട്ടു. 21 അതിന്റെ ശേഷം അവൾ ഒരു മകളെ പ്രസവിച്ചു അവൾക്കു ദീനാ എന്നു പേരിട്ടു. 22 ദൈവം റാഹേലിനെ ഓർത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗർഭത്തെ തുറന്നു. 23 അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. 24 യഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു. 25 റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടു: ഞാൻ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയക്കേണം. 26 ഞാൻ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. 27 ലാബാൻ അവനോടു: നിനക്കു എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു. 28 നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു. 29 അവൻ അവനോടു: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിൻ കൂട്ടം എന്റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു. 30 ഞാൻ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോൾ അതു അത്യന്തം വർദ്ധിച്ചിരിക്കുന്നു; ഞാൻ കാൽ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു. 31 ഞാൻ നിനക്കു എന്തു തരേണം എന്നു അവൻ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതു: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാൻ നിന്റെ ആട്ടിൻ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം. 32 ഞാൻ ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലും കൂടി കടന്നു, അവയിൽനിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേർതിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ. 33 നാളെ ഒരിക്കൽ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാൻ വരുമ്പോൾ എന്റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം. 34 അതിന്നു ലാബാൻ: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു. 35 അന്നു തന്നേ അവൻ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെൺകോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളിൽ കറുത്തനിറമുള്ളതിനെ ഒക്കെയും വേർതിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യിൽ ഏല്പിച്ചു. 36 അവൻ തനിക്കും യാക്കോബിന്നും ഇടയിൽ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിൻ കൂട്ടങ്ങളെ യാക്കോബ് മേയിച്ചു. 37 എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞിൽവൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു. 38 ആടുകൾ കുടിപ്പാൻ വന്നപ്പോൾ അവൻ, താൻ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വെച്ചു; അവ വെള്ളം കുടിപ്പാൻ വന്നപ്പോൾ ചനയേറ്റു. 39 ആടുകൾ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു. 40 ആ ആട്ടിൻ കുട്ടികളെ യാക്കോബ് വേർതിരിച്ചു ആടുകളെ ലാബാന്റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിർത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേർക്കാതെ വേറെയാക്കി. 41 ബലമുള്ള ആടുകൾ ചനയേല്ക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിന്നു മുമ്പിൽ വെച്ചു. 42 ബലമില്ലാത്ത ആടുകൾ ചനയേല്ക്കുമ്പോൾ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീർന്നു. 43 അവൻ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.

ഉല്പത്തി 31

1 എന്നാൽ ഞങ്ങളുടെ അപ്പന്നുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ടു അവൻ ഈ ധനം ഒക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു. 2 യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു. 3 അപ്പോൾ യഹോവ യാക്കോബിനോടു: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നു അരുളിച്ചെയ്തു. 4 യാക്കോബ് ആളയച്ചു റാഹേലിനേയും ലേയയെയും വയലിൽ തന്റെ ആട്ടിൻ കൂട്ടത്തിന്റെ അടുക്കൽ വിളിപ്പിച്ചു. 5 അവരോടു പറഞ്ഞതു: നിങ്ങളുടെ അപ്പന്റെ മുഖം എന്റെ നേരെ മുമ്പെപ്പോലെ അല്ല എന്നു ഞാൻ കാണുന്നു; എങ്കിലും എന്റെ അപ്പന്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു. 6 നിങ്ങളുടെ അപ്പനെ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ സേവിച്ചു എന്നു നിങ്ങൾക്കു തന്നെ അറിയാമല്ലോ. 7 നിങ്ങളുടെ അപ്പനോ എന്നെ ചതിച്ചു എന്റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാൻ ദൈവം അവനെ സമ്മതിച്ചില്ല. 8 പുള്ളിയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്റെ പ്രതിഫലം ആയിരിക്കട്ടെ എന്നു അവൻ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു. 9 ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻ കൂട്ടത്തെ എടുത്തു എനിക്കു തന്നിരിക്കുന്നു. 10 ആടുകൾ ചനയേല്ക്കുന്ന കാലത്തു ഞാൻ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു. 11 ദൈവത്തിന്റെ ദൂതൻ സ്വപ്നത്തിൽ എന്നോടു: യാക്കോബേ എന്നു വിളിച്ചു; ഞാൻ ഇതാ, എന്നു ഞാൻ പറഞ്ഞു. 12 അപ്പോൾ അവൻ: നീ തലപൊക്കി നോക്കുക; ആടുകളുടെ മേൽ കയറുന്ന മുട്ടാടുകൾ ഒക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാൻ നിന്നോടു ചെയ്യുന്നതു ഒക്കെയും ഞാൻ കണ്ടിരിക്കുന്നു. 13 നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേർച്ചനേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്റെ ദൈവം ആകുന്നു ഞാൻ; ആകയാൽ നീ എഴുന്നേറ്റ, ഈ ദേശംവിട്ടു നിന്റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു. 14 റാഹേലും ലേയയും അവനോടു ഉത്തരം പറഞ്ഞതു: അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു ഇനി ഓഹരിയും അവകാശവും ഉണ്ടോ? 15 അവൻ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നതു? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നു കളഞ്ഞുവല്ലോ. 16 ദൈവം ഞങ്ങളുടെ അപ്പന്റെ പക്കൽനിന്നു എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതു ഒക്കെയും ചെയ്തുകൊൾക. 17 അങ്ങനെ യാക്കോബ് എഴുന്നേറ്റു തന്റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി. 18 തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേർത്തുകൊണ്ടു കനാൻ ദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു. 19 ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു. 20 താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു. 21 ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു. ഗിലെയാദ് പർവ്വതത്തിന്നു നേരെ തിരിഞ്ഞു. 22 യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി. 23 ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ് പർവ്വതത്തിൽ അവനോടു ഒപ്പം എത്തി. 24 എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്നു അവനോടു: നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു. 25 ലാബാൻ യാക്കോബിനോടു ഒപ്പം എത്തി; യാക്കോബ് പർവ്വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്റെ സഹോദരന്മാരുമായി ഗിലെയാദ് പർവ്വതത്തിൽ കൂടാരം അടിച്ചു. 26 ലാബാൻ യാക്കോബിനോടു പറഞ്ഞതു: നീ എന്നെ ഒളിച്ചു പോയ്ക്കളകയും എന്റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തതു എന്തു? 27 നീ എന്നെ തോല്പിച്ചു രഹസ്യമായിട്ടു ഓടിപ്പോകയും ഞാൻ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടുംകൂടെ നിന്നെ അയപ്പാന്തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും 28 എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു. 29 നിങ്ങളോടു ദോഷം ചെയ്‍വാൻ എന്റെ പക്കൽ ശക്തിയുണ്ടു; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു നിങ്ങളുടെ പിതാവിന്റെ ദൈവം കഴിഞ്ഞ രാത്രി എന്നോടു കല്പിച്ചിരിക്കുന്നു. 30 ആകട്ടെ, നിന്റെ പിതൃഭവനത്തിന്നായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടുപോന്നു; എന്നാൽ എന്റെ ദേവന്മാരെ മോഷ്ടിച്ചതു എന്തിന്നു? 31 യാക്കോബ് ലാബാനോടു: പക്ഷെ നിന്റെ പുത്രിമാരെ നീ എന്റെ പക്കൽനിന്നു അപഹരിക്കും എന്നു ഞാൻ ഭയപ്പെട്ടു. 32 എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്റെ ദേവന്മാരെ കണ്ടാൽ അവൻ ജീവനോടിരിക്കരുതു; എന്റെ പക്കൽ നിന്റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാർ കാൺകെ നോക്കി എടുക്ക എന്നു ഉത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്ടിച്ചതു യാക്കോബ് അറിഞ്ഞില്ല. 33 അങ്ങനെ ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയയുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ല താനും; അവൻ ലേയയുടെ കൂടാരത്തിൽ നിന്നു ഇറങ്ങി റാഹേലിന്റെ കൂടാരത്തിൽ ചെന്നു. 34 എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്തു ഒട്ടകക്കോപ്പിനകത്തു ഇട്ടു അതിന്മേൽ ഇരിക്കയായിരുന്നു. ലാബാൻ കൂടാരത്തിൽ ഒക്കെയും തിരഞ്ഞു നോക്കി, കണ്ടില്ല താനും. 35 അവൾ അപ്പനോടു: യജമാനൻ കോപിക്കരുതേ; നിന്റെ മുമ്പാകെ എഴുന്നേല്പാൻ എനിക്കു കഴിവില്ല; സ്ത്രീകൾക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവൻ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ല താനും. 36 അപ്പോൾ യാക്കോബിന്നു കോപം ജ്വലിച്ചു, അവൻ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞതു എന്തെന്നാൽ: എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിന്നു എന്റെ തെറ്റു എന്തു? 37 നീ എന്റെ സാമാനം ഒക്കെയും ശോധന കഴിച്ചുവല്ലോ; നിന്റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വെക്കുക; അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ. 38 ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു; നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല. നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. 39 ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന്നു ഉത്തരവാദിയായിരുന്നു; പകൽ കളവു പോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. 40 ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന്നു ഉറക്കമില്ലാതെയായി. 41 ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻ കൂട്ടത്തിന്നായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി. 42 എന്റെ പിതാവിന്റെ ദൈവമായി അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നു എങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു; ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു. 43 ലാബാൻ യാക്കോബിനോടു: പുത്രിമാർ എന്റെ പുത്രിമാർ, മക്കൾ എന്റെ മക്കൾ, ആട്ടിൻ കൂട്ടം എന്റെ ആട്ടിൻ കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതു തന്നേ; ഈ എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച മക്കളോടോ ഞാൻ ഇന്നു എന്തു ചെയ്യും? 44 ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അതു എനിക്കും നിനക്കും മദ്ധ്യേ സാക്ഷിയായിരിക്കട്ടെ എന്നു ഉത്തരം പറഞ്ഞു. 45 അപ്പോൾ യാക്കോബ് ഒരു കല്ലു എടുത്തു തൂണായി നിർത്തി. 46 കല്ലു കൂട്ടുവിൻ എന്നു യാക്കോബ് തന്റെ സഹോദരന്മാരോടു പറഞ്ഞു; അവർ കല്ലു എടുത്തു ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽ വെച്ചു അവർ ഭക്ഷണം കഴിച്ചു. 47 ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു. 48 ഈ കൂമ്പാരം ഇന്നു എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു ലാബാൻ പറഞ്ഞു. അതുകൊണ്ടു അതിന്നു ഗലേദ് എന്നും മിസ്പാ (കാവൽ മാടം) എന്നും പോരായി: 49 നാം തമ്മിൽ അകന്നിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും നടുവെ കാവലായിരിക്കട്ടെ. 50 നീ എന്റെ പുത്രിമാരെ ഉപദ്രവിക്കയോ എന്റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടുകൂടെ ആരും ഇല്ല; നോക്കുക, ദൈവം തന്നേ എനിക്കും നിനക്കും മദ്ധ്യേ സാക്ഷി എന്നു അവൻ പറഞ്ഞു. 51 ലാബാൻ പിന്നെയും യാക്കോബിനോടു: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മദ്ധ്യേ നിർത്തിയ തൂൺ. 52 ദോഷത്തിന്നായി ഞാൻ ഈ കൂമ്പാരം കടന്നു നിന്റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്നു എന്റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന്നു ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി. 53 അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കു മദ്ധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു. 54 പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാപാർത്തു. 55 ലാബാൻ അതി കാലത്തു എഴുന്നേറ്റു തന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.

ഉല്പത്തി 32

1 യാക്കോബ് തന്റെ വഴിക്കു പോയി; ദൈവത്തിന്റെ ദൂതന്മാർ അവന്റെ എതിരെ വന്നു. 2 യാക്കോബ് അവരെ കണ്ടപ്പോൾ: ഇതു ദൈവത്തിന്റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിന്നു മഹനയീം എന്നു പേർ ഇട്ടു. 3 അനന്തരം യാക്കോബ് എദോംനാടായ സേയീർദേശത്തു തന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു. 4 അവരോടു കല്പിച്ചതു എന്തെന്നാൽ: എന്റെ യജമാനനായ ഏശാവിനോടു ഇങ്ങനെ പറവിൻ: നിന്റെ അടിയാൻ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാൻ ലാബാന്റെ അടുക്കൽ പരദേശിയായി പാർത്തു ഇന്നുവരെ അവിടെ താമസിച്ചു. 5 എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ടു; നിനക്കു എന്നൊടു കൃപ തോന്നേണ്ടതിന്നാകുന്നു യജമാനനെ അറിയിപ്പാൻ ആളയക്കുന്നതു. 6 ദൂതന്മാർ യാക്കോബിന്റെ അടുക്കൽ മടങ്ങി വന്നു: ഞങ്ങൾ നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽ പോയി വന്നു; അവൻ നാനൂറു ആളുമായി നിന്നെ എതിരേല്പാൻ വരുന്നു എന്നു പറഞ്ഞു. 7 അപ്പോൾ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടു കൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു. 8 ഏശാവ് ഒരു കൂട്ടത്തിന്റെ നേരെ വന്നു അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന്നു ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു. 9 പിന്നെ യാക്കോബ് പ്രാർത്ഥിച്ചതു: എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവവുമായുള്ളോവേ, നിന്റെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്കു നന്മ ചെയ്യുമെന്നു എന്നൊടു അരുളിച്ചെയ്ത യഹോവേ, 10 അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നതു; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു. 11 എന്റെ സഹോദരനായ ഏശാവിന്റെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്നു എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു. 12 നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്റെ സന്തതിയെ പെരുപ്പംകൊണ്ടു എണ്ണിക്കൂടാത്ത കടൽകരയിലെ മണൽപോലെ ആക്കുമെന്നു അരുളിച്ചെയ്തുവല്ലോ. 13 അന്നു രാത്രി അവൻ അവിടെ പാർത്തു; തന്റെ പക്കൽ ഉള്ളതിൽ തന്റെ സഹോദരനായ ഏശാവിന്നു സമ്മാനമായിട്ടു 14 ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും 15 കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെൺകഴുതയെയും പത്തു കഴുതക്കുട്ടിയെയും വേർതിരിച്ചു. 16 തന്റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെപ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്റെ ദാസന്മാരോടു: നിങ്ങൾ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിന്നു മദ്ധ്യേ ഇടയിടുവിൻ എന്നു പറഞ്ഞു. 17 ഒന്നാമതു പോകുന്നവനോടു അവൻ: എന്റെ സഹോദരനായ ഏശാവ് നിന്നെ കണ്ടു: നീ ആരുടെ ആൾ? എവിടെ പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ: 18 നിന്റെ അടിയാൻ യാക്കോബിന്റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന്നു അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു. 19 രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടു പോകുന്ന എല്ലാവരോടും: നിങ്ങൾ ഏശാവിനെ കാണുമ്പോൾ ഇപ്രകാരം അവനോടുപറവിൻ; 20 അതാ, നിന്റെ അടിയാൻ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിൻ എന്നു അവൻ കല്പിച്ചു. എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാൻ അവന്റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു. 21 അങ്ങനെ സമ്മാനം അവന്റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാർത്തു. 22 രാത്രിയിൽ അവൻ എഴുന്നേറ്റു. തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരയും കൂട്ടി യാബ്ബോൿ കടവു കടന്നു. 23 അങ്ങനെ അവൻ അവരെ കൂട്ടി ആറ്റിന്നക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയേ ശേഷിച്ചു; 24 അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലു പിടിച്ചു. 25 അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്റെ തുടയുടെ തടം ഉളുക്കിപ്പോയി. 26 എന്നെ വിടുക; ഉഷസ്സു ഉദിക്കുന്നുവല്ലോ എന്നു അവൻ പറഞ്ഞതിന്നു: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്നു അവൻ പറഞ്ഞു. 27 നിന്റെ പേർ എന്തു എന്നു അവൻ അവനോടു ചോദിച്ചതിന്നു: യാക്കോബ് എന്നു അവൻ പറഞ്ഞു. 28 നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്നു അവൻ പറഞ്ഞു. 29 യാക്കോബ് അവനോടു: നിന്റെ പേർ എനിക്കു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു: നീ എന്റെ പേർ ചോദിക്കുന്നതു എന്തു എന്നു അവൻ പറഞ്ഞു, അവിടെവെച്ചു അവനെ അനുഗ്രഹിച്ചു. 30 ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു, ആ സ്ഥലത്തിന്നു പെനീയേൽ എന്നു പേരിട്ടു. 31 അവൻ പെനീയേൽ കടന്നു പോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തിനടന്നു. 32 അവൻ യാക്കോബിന്റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.

ഉല്പത്തി 33

1 അനന്തരം യാക്കോബ് തലപൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറു ആളും വരുന്നതു കണ്ടു; തന്റെ മക്കളെ ലേയയുടെ അടുക്കലും റാഹേലിന്റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിർത്തി. 2 അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി. 3 അവൻ അവർക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു. 4 ഏശാവ് ഓടിവന്നു അവനെ എതിരേറ്റു, ആലിംഗനം ചെയ്തു; അവന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു. 5 പിന്നെ അവൻ തലപൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടുകൂടെയുള്ള ഇവർ ആർ എന്നു ചോദിച്ചുതിന്നു: ദൈവം അടിയന്നു നല്കിയിരിക്കുന്ന മക്കൾ എന്നു അവൻ പറഞ്ഞു. 6 അപ്പോൾ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു; 7 ലേയയും മക്കളും അടുത്തുവന്നു നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു. 8 ഞാൻ വഴിക്കു കണ്ട ആ കൂട്ടമൊക്കെയും എന്തിന്നു എന്നു അവൻ ചോദിച്ചതിന്നു: യജമാനന്നു എന്നോടു കൃപതോന്നേണ്ടതിന്നു ആകുന്നു എന്നു അവൻ പറഞ്ഞു. 9 അതിന്നു ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നതു ഉണ്ടു; നിനക്കുള്ളതു നിനക്കു ഇരിക്കട്ടെ എന്നു പറഞ്ഞു. 10 അതിന്നു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപ ഉണ്ടെങ്കിൽ എന്റെ സമ്മാനം എന്റെ കയ്യിൽനിന്നു വാങ്ങേണമേ; ദൈവത്തിന്റെ മുഖം കാണുന്നതുപോലെ ഞാൻ നിന്റെ മുഖം കാണുകയും നിനക്കു എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ; 11 ഞാൻ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ടു എന്നു പറഞ്ഞു അവനെ നിർബ്ബന്ധിച്ചു; അങ്ങനെ അവൻ അതു വാങ്ങി. 12 പിന്നെ അവൻ: നാം പ്രയാണംചെയ്തു പോക; ഞാൻ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു. 13 അതിന്നു അവൻ അവനോടു: കുട്ടികൾ നന്നാ ഇളയവർ എന്നും കുറവുള്ള ആടുകളും കന്നുകാലികളും കൂടെ ഉണ്ടെന്നും യജമാനൻ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും. 14 യജമാനൻ അടിയന്നു മുമ്പായി പോയാലും; എന്റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്കു ഒത്തവണ്ണം ഞാൻ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം എന്നു പറഞ്ഞു. 15 എന്റെ ആളുകളിൽ ചിലരെ ഞാൻ നിന്റെ അടുക്കൽ നിർത്തട്ടെ എന്നു ഏശാവു പറഞ്ഞതിന്നു: എന്തിന്നു? യജമാനന്റെ കൃപയുണ്ടായാൽ മതി എന്നു അവൻ പറഞ്ഞു. 16 അങ്ങനെ ഏശാവ് അന്നു തന്റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി. 17 യാക്കോബോ സുക്കോത്തിന്നു യാത്രപുറപ്പെട്ടു; തനിക്കു ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിന്നു തൊഴുത്തുകളും കെട്ടി; അതു കൊണ്ടു ആ സ്ഥലത്തിന്നു സുക്കോത്ത് എന്നു പേർ പറയുന്നു. 18 യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്നശേഷം കനാൻ ദേശത്തിലെ ശേഖേംപട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിന്നരികെ പാളയമടിച്ചു. 19 താൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി. 20 അവിടെ അവൻ ഒരു യാഗപീഠം പണിതു, അതിന്നു ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.

ഉല്പത്തി 34

1 ലേയാ യാക്കോബിന്നു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്മാൻ പോയി. 2 എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ചു അവൾക്കു പോരായ്കവരുത്തി. 3 അവന്റെ ഉള്ളം യാക്കോബിന്റെ മകളായ ദീനയൊടുപറ്റിച്ചേർന്നു; അവൻ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു. 4 ശെഖേം തന്റെ അപ്പനായ ഹമോരിനോടു: ഈ ബാലയെ എനിക്കു ഭാര്യയായിട്ടു എടുക്കേണം എന്നു പറഞ്ഞു. 5 തന്റെ മകളായ ദീനയെ അവൻ വഷളാക്കിഎന്നു യാക്കോബ് കേട്ടു; അവന്റെ പുത്രന്മാർ ആട്ടിൻ കൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവർ വരുവോളം യാക്കോബ് മിണ്ടാതിരുന്നു. 6 ശെഖേമിന്റെ അപ്പനായ ഹമോർ യാക്കോബിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ വന്നു. 7 യാക്കോബിന്റെ പുത്രന്മാർ വസ്തുത കേട്ടു വയലിൽ നിന്നു വന്നു. അവൻ യാക്കോബിന്റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്വം പ്രവർത്തിച്ചതുകൊണ്ടു ആ പുരുഷന്മാർക്കു വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു. 8 ഹമോർ അവരോടു സംസാരിച്ചു: എന്റെ മകൻ ശെഖേമിന്റെ ഉള്ളം നിങ്ങളുടെ മകളോടു പറ്റിയിരിക്കുന്നു; അവളെ അവന്നു ഭാര്യയായി കൊടുക്കേണം. 9 നിങ്ങൾ ഞങ്ങളോടു വിവാഹസംബന്ധം കൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു എടുക്കയും ചെയ്‍വിൻ. 10 നിങ്ങൾക്കു ഞങ്ങളോടുകൂടെ പാർക്കാം; ദേശത്തു നിങ്ങൾക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാർത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിൻ എന്നു പറഞ്ഞു. 11 ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കുഎന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. 12 എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു. 13 തങ്ങളുടെ സഹോദരിയായ ദീനയെ ഇവൻ വഷളാക്കിയതുകൊണ്ടു യാക്കോബിന്റെ പുത്രന്മാർ ശെഖേമിനോടും അവന്റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞതു: 14 ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. 15 നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ 16 ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം. 17 പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും. 18 അവരുടെ വാക്കു ഹമോരിന്നും ഹാമോരിന്റെ മകനായ ശെഖേമിന്നും ബോധിച്ചു. 19 ആ യൌവനക്കാരന്നു യാക്കോബിന്റെ മകളോടു അനുരാഗം വർദ്ധിച്ചതുകൊണ്ടു അവൻ ആ കാര്യം നടത്തുവാൻ താമസം ചെയ്തില്ല; അവൻ തന്റെ പിതൃഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു. 20 അങ്ങനെ ഹമോരും അവന്റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു: 21 ഈ മനുഷ്യർ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ടു അവർ ദേശത്തു പാർത്തു വ്യാപാരം ചെയ്യട്ടെ; അവർക്കും നമുക്കും മതിയാകംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവർക്കു കൊടുക്കയും ചെയ്ക. 22 എങ്കിലും അവർ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവർ നമ്മോടുകൂടെ പാർത്തു ഒരു ജനമായിരിപ്പാൻ സമ്മതിക്കയുള്ളു. 23 അവരുടെ ആട്ടിൻ കൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്കു ആകയില്ലയോ? അവർ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവർ നമ്മോടുകൂടെ പാർക്കും എന്നു പറഞ്ഞു. 24 അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദനം ഏറ്റു. 25 മൂന്നാം ദിവസം അവർ വേദനപ്പെട്ടിരിക്കുമ്പോൾ യാക്കോബിന്റെ രണ്ടു പുത്രന്മാരായി ദീനയുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്റെ വാൾ എടുത്തു നിർഭയമായിരുന്ന പട്ടണത്തിന്റെ നേരെ ചെന്നു ആണിനെയൊക്കെയും കൊന്നുകളഞ്ഞു. 26 അവർ ഹമോരിനെയും അവന്റെ മകനായ ശേഖേമിനെയും വാളിന്റെ വായ്ത്തലയാൽകൊന്നു ദീനയെ ശെഖേമിന്റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടു പോന്നു. 27 പിന്നെ യാക്കോബിന്റെ പുത്രന്മാർ നിഹതന്മാരുടെ ഇടയിൽ ചെന്നു,തങ്ങളുടെ സഹോദരിയെ അവർ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു. 28 അവർഅവരുടെ ആടു, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലുമുള്ളവയൊക്കെയും അപഹരിച്ചു. 29 അവരുടെസമ്പത്തൊക്കെയും എല്ലാപൈതങ്ങളെയും സ്ത്രീകളെയും അവർ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു. 30 അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾ ചുരുക്കമുള്ളവനല്ലോ; അവർ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു. 31 അതിന്നു അവർ: ഞങ്ങളുടെ സഹോദരിയോടു അവന്നു ഒരു വേശ്യയോടു എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.

ഉല്പത്തി 35

1 അനന്തരം ദൈവം യാക്കോബിനോടു: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്റെ സഹോദരനായ ഏശാവിന്റെ മുമ്പിൽനിന്നു നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന്നു അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു. 2 അപ്പോൾ യാക്കോബ് തന്റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ. 3 നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്റെ കഷ്ടകാലത്തു എന്റെ പ്രാർത്ഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടു കൂടെയിരിക്കയും ചെയ്ത ദൈവത്തിന്നു ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു. 4 അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഒക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു. 5 പിന്നെ അവർ യാത്രപുറപ്പെട്ടു; അവരുടെ ചുറ്റുമിരുന്ന പട്ടണങ്ങളുടെ മേൽ ദൈവത്തിന്റെ ഭീതി വീണതു കൊണ്ടു യാക്കോബിന്റെ പുത്രന്മാരെ ആരും പിന്തുടർന്നില്ല. 6 യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാൻ ദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി. 7 അവിടെ അവൻ ഒരു യാഗപീഠം പണിതു; തന്റെ സഹോദരന്റെ മുമ്പിൽനിന്നു ഓടിപ്പോകുമ്പോൾ അവന്നു അവിടെവെച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ടു അവൻ ആ സ്ഥലത്തിന്നു ഏൽ-ബേഥേൽ എന്നു പേർ വിളിച്ചു. 8 റിബെക്കയുടെ ധാത്രിയായ ദെബോരാ മരിച്ചു, അവളെ ബേഥേലിന്നു താഴെ ഒരു കരുവേലകത്തിൻ കീഴിൽ അടക്കി; അതിന്നു അല്ലോൻ-ബാഖൂത്ത് (വിലാപവൃക്ഷം)എന്നു പേരിട്ടു. 9 യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം ദൈവം അവന്നു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു. 10 ദൈവം അവനോടു: നിന്റെ പേർ യാക്കോബ് എന്നല്ലോ; ഇനി നിനക്കു യാക്കോബ് എന്നല്ല യിസ്രായേൽ എന്നു തന്നെ പേരാകേണം എന്നു കല്പിച്ചു അവന്നു യിസ്രായേൽ എന്നു പേരിട്ടു. 11 ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽ നിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തു നിന്നു പുറപ്പെടും. 12 ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു. 13 അവനോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം അവനെ വിട്ടു കയറിപ്പോയി. 14 അവൻ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂൺ നിർത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകർന്നു. 15 ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു. 16 അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി. 17 അങ്ങനെ പ്രസവത്തിൽ അവൾക്കു കഠിനവേദനയായിരിക്കുമ്പോൾ സൂതികർമ്മിണി അവളോടു: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു. 18 എന്നാൽ അവൾ മരിച്ചുപോയി; ജീവൻ പോകുന്ന സമയം അവൾ അവന്നു ബെനോനീ എന്നു പേർ ഇട്ടു; അവന്റെ അപ്പനോ അവന്നു ബെന്യാമീൻ എന്നു പേരിട്ടു. 19 റാഹേൽ മരിച്ചിട്ടു അവളെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നു പോകുന്ന വഴിയിൽ അടക്കം ചെയ്തു. 20 അവളുടെ കല്ലറയിന്മേൽ യാക്കോബ് ഒരു തൂൺ നിർത്തി അതു റാഹേലിന്റെ കല്ലറത്തൂൺ എന്ന പോരോടെ ഇന്നുവരെയും നില്ക്കുന്നു. 21 പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെർഗോപുരത്തിന്നു അപ്പുറം കൂടാരം അടിച്ചു. 22 യിസ്രായേൽ ആ ദേശത്തു പാർത്തിരിക്കുമ്പോൾ രൂബേൻ ചെന്നു തന്റെ അപ്പന്റെ വെപ്പാട്ടിയായ ബിൽഹയോടുകൂടെ ശയിച്ചു; യിസ്രായേൽ അതുകേട്ടു. 23 യാക്കോബിന്റെ പുത്രന്മാർ പന്ത്രണ്ടു പേരായിരുന്നു. ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതൻ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ. 24 റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും. 25 റാഹേലിന്റെ ദാസിയായ ബിൽഹയുടെ പുത്രന്മാർ: ദാനും നഫ്താലിയും. 26 ലേയയുടെ ദാസിയായ സില്പയുടെ പുത്രന്മാർ ഗാദും ആശേരും. ഇവർ യാക്കോബിന്നു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ. 27 പിന്നെ യാക്കോബ് കിര്യാത്തർബ്ബാ എന്ന മമ്രേയിൽ തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാർത്തിരുന്നഹെബ്രോൻ ഇതു തന്നേ. 28 യിസ്ഹാക്കിന്റെ ആയുസ്സു നൂറ്റെണ്പതു സംവത്സരമായിരുന്നു. 29 യിസ്ഹാൿ വയോധികനും കാലസമ്പൂർണ്ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്റെ ജനത്തോടു ചേർന്നു; അവന്റെ പുത്രന്മാരായ ഏശാവും യാക്കോബും കൂടി അവനെ അടക്കംചെയ്തു.

ഉല്പത്തി 36

1 എദോം എന്ന ഏശാവിന്റെ വംശപാരമ്പര്യമാവിതു: 2 ഏശാവ് ഹിത്യനായ ഏലോന്റെ മകൾ ആദാ, ഹിവ്യനായ സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാ എന്നീ കനാന്യകന്യകമാരെയും 3 യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു. 4 ആദാ ഏശാവിന്നു എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു; 5 ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവർ ഏശാവിന്നു കനാൻ ദേശത്തുവെച്ചു ജനിച്ച പുത്രന്മാർ. 6 എന്നാൽ ഏശാവ് തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്റെ ആടുമാടുകളെയും സകലമൃഗങ്ങളെയും കനാൻ ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്റെ സഹോദരനായ യാക്കോബിന്റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി. 7 അവർക്കു ഒന്നിച്ചു പാർപ്പാൻ വഹിയാതവണ്ണം അവരുടെ സമ്പത്തു അധികമായിരുന്നു; അവരുടെ ആടുമാടുകൾ ഹേതുവായി അവർ പരദേശികളായി പാർത്തിരുന്ന ദേശത്തിന്നു അവരെ വഹിച്ചുകൂടാതെയിരുന്നു. 8 അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീർ പർവ്വതത്തിൽ കുടിയിരുന്നു. 9 സേയീർപർവ്വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യമാവിതു: 10 ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ ഇവ: ഏശാവിന്റെ ഭാര്യയായ ആദയുടെ മകൻ എലീഫാസ്; ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ മകൻ രെയൂവേൽ. 11 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗത്ഥാം, കെനസ്. 12 തിമ്നാ എന്നവൾ ഏശാവിന്റെ മകനായ എലീഫാസിന്റെ വെപ്പാട്ടി ആയിരുന്നു. അവൾ എലീഫാസിന്നു അമാലേക്കിനെ പ്രസവിച്ചു; ഇവർ ഏശാവിന്റെ ഭാര്യയായ ആദയുടെ പുത്രന്മാർ. 13 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പുത്രന്മാർ. 14 സിബെയോന്റെ മകളായ അനയുടെ മകൾ ഒഹൊലീബാമാ എന്ന ഏശാവിന്റെ ഭാര്യയുടെ പുത്രന്മാർ ആരെന്നാൽ: അവൾ ഏശാവിന്നു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു. 15 ഏശാവിന്റെ പുത്രന്മാരിലെ പ്രഭുക്കന്മാർ ആരെന്നാൽ: ഏശാവിന്റെ ആദ്യജാതൻ എലീഫാസിന്റെ പുത്രന്മാർ: തേമാൻ പ്രഭു, ഓമാർപ്രഭു, സെഫോപ്രഭു, കെനസ്പ്രഭു, 16 കോരഹ്പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവർ ഏദോംദേശത്തു എലീഫാസിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ; ഇവർ ആദയുടെ പുത്രന്മാർ. 17 ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു, ഇവർ എദോംദേശത്തു രെയൂവേലിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ, ഇവർ ഏശാവിന്റെ ഭാര്യ ബാസമത്തിന്റെ പുത്രന്മാർ. 18 ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ്പ്രഭു; ഇവർ അനയുടെ മകളായി ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാർ. 19 ഇവർ എദോം എന്നും പേരുള്ള ഏശാവിന്റെ പുത്രന്മാരും അവരിൽനിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു. 20 ഹോർയ്യനായ സേയീരിന്റെ പുത്രന്മാരായി ദേശത്തിലെ പൂർവ്വനിവാസികളായവർ ആരെന്നാൽ: ലോതാൻ, ശോബാൽ, സിബെയോൻ, 21 അനാ, ദീശോൻ, ഏസെർ, ദീശാൻ; ഇവർ എദോംദേശത്തു സേയീരിന്റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാർ. 22 ലോതാന്റെ പുത്രന്മാർ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്റെ സഹോദരി തിമ്നാ. 23 ശോബാലിന്റെ പുത്രന്മാർ ആരെന്നാൽ: അൽവാൻ, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം. 24 സിബെയോന്റെ പുത്രന്മാർ: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്റെ അപ്പനായ സിബെയോന്റെ കഴുതകളെ മേയക്കുമ്പോൾ ചൂടുറവുകൾ കണ്ടെത്തിയ അനാ ഇവൻ തന്നേ. 25 അനാവിന്റെ മക്കൾ ഇവർ: ദീശോനും അനാവിന്റെ മകൾ ഒഹൊലീബാമയും ആയിരുന്നു. 26 ദീശോന്റെ പുത്രന്മാർ ആരെന്നാൽ: ഹൊദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ. 27 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ. 28 ദീശാന്റെ പുത്രന്മാർ ഊസും അരാനും ആയിരുന്നു. 29 ഹോർയ്യപ്രഭുക്കന്മാർ ആരെന്നാൽ: ലോതാൻ പ്രഭു, ശോബാൽ പ്രഭു, സിബെയോൻ പ്രഭു, അനാപ്രഭു, 30 ദീശോൻ പ്രഭു, ഏസെർപ്രഭു, ദീശാൻ പ്രഭു, ഇവർ സേയീർദേശത്തു വാണ ഹോർയ്യപ്രഭുക്കന്മാർ ആകുന്നു. 31 യിസ്രായേൽമക്കൾക്കു രാജാവുണ്ടാകുംമുമ്പെ എദോംദേശത്തു വാണ രാജാക്കന്മാർ ആരെന്നാൽ: 32 ബെയോരിന്റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്റെ പട്ടണത്തിന്നു ദിൻ ഹാബാ എന്നു പേർ. 33 ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്റെ മകൻ യോബാബ്, അവന്നു പകരം രാജാവായി. 34 യോബാബ് മരിച്ച ശേഷം തേമാന്യദേശക്കാരനായ ഹൂശാം അവന്നു പകരം രാജാവായി. 35 ഹൂശാം മരിച്ചശേഷം മോവാബ് സമഭൂമിയിൽവെച്ചു മിദ്യാനെ തോല്പിച്ച ബെദദിന്റെ മകൻ ഹദദ് അവന്നു പകരം രാജാവായി; അവന്റെ പട്ടണത്തിന്നു അവീത്ത് എന്നു പേർ. 36 ഹദദ് മരിച്ച ശേഷം മസ്രേക്കക്കാരൻ സമ്ളാ അവന്നു പകരം രാജാവായി. 37 സമ്ളാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൌൽ അവന്നു പകരം രാജാവായി. 38 ശൊൽ മരിച്ചശേഷം അക്ബോരിന്റെ മകൻ ബാൽഹാനാൻ അവന്നു പകരം രാജാവായി. 39 അക്ബോരിന്റെ മകനായ ബാൽഹാനാൻ മരിച്ചശേഷം ഹദർ അവന്നു പകരം രാജാവായി. അവന്റെ പട്ടണത്തിന്നു പാവൂ എന്നു പേർ. അവന്റെ ഭാർയ്യക്കു മെഹെതബേൽ എന്നു പേർ; അവൾ മേസാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു. 40 വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽ നിന്നു ഉത്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകൾ ആവിതു: തിമ്നാ പ്രഭു, അൽവാ പ്രഭു, യെഥേത്ത് പ്രഭു, ഒഹൊലീബാമാ പ്രഭു, 41 ഏലാപ്രഭു, പീനോൻ പ്രഭു, കെനസ്പ്രഭു, തേമാൻ പ്രഭു; 42 മിബ്സാർ പ്രഭു, മഗ്ദീയേൽ പ്രഭു, ഈരാംപ്രഭു; 43 ഇവർ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാർ ആകുന്നു; എദോമ്യരുടെ പിതാവു ഏശാവ് തന്നേ.

ഉല്പത്തി 37

1 യാക്കോബ് തന്റെ പിതാവു പരദേശിയായി പാർത്ത ദേശമായ കനാൻ ദേശത്തു വസിച്ചു. 2 യാക്കോബിന്റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിന്നു പതിനേഴുവയസ്സായപ്പോൾ അവൻ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ടു ഒരു ബാലനായി തന്റെ അപ്പന്റെ ഭാര്യമാരായ ബിൽഹയുടെയും സില്പയുടെയും പുത്രന്മാരോടുകൂടെ ഇരുന്നു അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു. 3 യോസേഫ് വാർദ്ധക്യത്തിലെ മകനാകകൊണ്ടു യിസ്രായേൽ എല്ലാമക്കളിലുംവെച്ചു അവനെ അധികം സ്നേഹിച്ചു ഒരു നിലയങ്കി അവന്നു ഉണ്ടാക്കിച്ചുകൊടുത്തു. 4 അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്നു അവന്റെ സഹോദരന്മാർ കണ്ടിട്ടു അവനെ പകെച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല. 5 യോസേഫ് ഒരു സ്വപ്നം കണ്ടു; അതു തന്റെ സഹോദരന്മാരോടു അറിയിച്ചതുകൊണ്ടു അവർ അവനെ പിന്നെയും അധികം പകെച്ചു. 6 അവൻ അവരോടു പറഞ്ഞതു: ഞാൻ കണ്ട സ്വപ്നം കേട്ടുകൊൾവിൻ. 7 നാം വയലിൽ കറ്റകെട്ടിക്കൊണ്ടിരുന്നു; അപ്പോൾ എന്റെ കറ്റ എഴുന്നേറ്റു നിവിർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റും നിന്നു എന്റെ കറ്റയെ നമസ്കരിച്ചു. 8 അവന്റെ സഹോദരന്മാർ അവനോടു: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്റെ സ്വപ്നങ്ങൾ നിമത്തവും അവന്റെ വാക്കുനിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു. 9 അവൻ മറ്റൊരു സ്വപ്നം കണ്ടു തന്റെ സഹോദരന്മാരോടു അറിയിച്ചു: ഞാൻ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു. 10 അവൻ അതു അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോൾ അപ്പൻ അവനെ ശാസിച്ചു അവനോടു: നീ ഈ കണ്ട സ്വപ്നം എന്തു? ഞാനും നിന്റെ അമ്മയും നിന്റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാൻ വരുമോ എന്നു പറഞ്ഞു. 11 അവന്റെ സഹോദരന്മാർക്കു അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സിൽ സംഗ്രഹിച്ചു. 12 അവന്റെ സഹോദരന്മാർ അപ്പന്റെ ആടുകളെ മേയ്പാൻ ശെഖേമിൽ പോയിരുന്നു. 13 യിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു. 14 അവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കു സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻ താഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി. 15 അവൻ വെളിൻ പ്രദേശത്തു ചുറ്റിനടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു. 16 അതിന്നു അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു. 17 അവർ ഇവിടെ നിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു. 18 അവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു: 19 അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക; 20 ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. 21 രൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽ നിന്നു വിടുവിച്ചു. 22 അവരുടെ കയ്യിൽ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേൻ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു. 23 യേസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു. 24 അതു വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു. 25 അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു. 26 അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം? 27 വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വെക്കരുതു; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാർ അതിന്നു സമ്മതിച്ചു. 28 മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി. 29 രൂബേൻ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോൾ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്റെ വസ്ത്രം കീറി, 30 സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാൻ ഇനി എവിടെ പോകേണ്ടു എന്നു പറഞ്ഞു. 31 പിന്നെ അവർ ഒരു കോലാട്ടുകൊറ്റനെ കൊന്നു, യോസേഫിന്റെ അങ്കി എടുത്തു രക്തത്തിൽ മുക്കി. 32 അവർ നിലയങ്കി തങ്ങളുടെ അപ്പന്റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങൾക്കു കണ്ടുകിട്ടി; ഇതു നിന്റെ മകന്റെ അങ്കിയോ അല്ലയോ എന്നു നോക്കേണം എന്നു പറഞ്ഞു. 33 അവൻ അതു തിരിച്ചറിഞ്ഞു: ഇതു എന്റെ മകന്റെ അങ്കി തന്നേ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു. 34 യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാൾ തന്റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു 35 അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാൻ വന്നു; അവനോ ആശ്വാസം കൈക്കൊൾവാൻ മനസ്സില്ലാതെ: ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു. 36 എന്നാൽ മിദ്യാന്യർ അവനെ മിസ്രയീമിൽ ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടി നായകനായ പോത്തീഫറിന്നു വിറ്റു.

ഉല്പത്തി 38

1 അക്കാലത്തു യെഹൂദാ തന്റെ സഹോദരന്മാരെ വിട്ടു ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്റെ അടുക്കൽ ചെന്നു; 2 അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ചു അവളുടെ അടുക്കൽ ചെന്നു. 3 അവൾ ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഏർ എന്നു പേരിട്ടു. 4 അവൾ പിന്നെയും ഗർഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ഓനാൻ എന്നു പേരിട്ടു. 5 അവൾ പിന്നെയും ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; അവന്നു ശേലാ എന്നു പേരിട്ടു. അവൾ ഇവനെ പ്രസവിച്ചപ്പോൾ അവൻ കെസീബിൽ ആയിരുന്നു. 6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7 യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8 അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു. 9 എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു. 11 അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോടു: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു. 12 കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി. 13 നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. 14 ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു. 15 യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. 16 അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. 17 ഞാൻ ആട്ടിൻ കൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. 18 എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. 19 പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. 20 സ്ത്രീയുടെ കയ്യിൽനിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻ കുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും. 21 അവൻ ആ സ്ഥലത്തെ ആളുകളോടു: ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നു: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവർ പറഞ്ഞു. 22 അവൻ യെഹൂദയുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു 23 അപ്പോൾ യെഹൂദാ നമുക്കു അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അതു എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻ കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു. 24 ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടു: നിന്റെ മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തുകൊണ്ടു വരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. 25 അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു. 26 യെഹൂദാ അവയെ അറിഞ്ഞു: അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല. 27 അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടപ്പിള്ളകൾ ഉണ്ടായിരുന്നു. 28 അവൾ പ്രസവിക്കുമ്പോൾ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോൾ സൂതികർമ്മിണി ഒരു ചുവന്ന നൂൽ എടുത്തു അവന്റെ കൈക്കു കെട്ടി; ഇവൻ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു. 29 അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു: നീ ഛിദ്രം ഉണ്ടാക്കിയതു എന്തു എന്നു അവൾ പറഞ്ഞു. അതുകൊണ്ടു അവന്നു പെരെസ്സ് എന്നു പേരിട്ടു. 30 അതിന്റെ ശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്റെ സഹോദരൻ പുറത്തുവന്നു; അവന്നു സേരഹ് എന്നു പേരിട്ടു.

ഉല്പത്തി 39

1 എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലെക്കു വാങ്ങി. 2 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ കൃതാർത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു. 3 യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു. 4 അതുകൊണ്ടു യേസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു. 5 അവൻ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. 6 അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ വൈശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. 7 യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. 8 അവൻ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടു: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. 9 ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. 10 അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല. 11 ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‍വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. 12 അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു. 13 അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോൾ, 14 അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. 15 ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു ഓടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു. 16 യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വെച്ചുകൊണ്ടിരുന്നു. 17 അവനോടു അവൾ അവ്വണം തന്നേ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു. 18 ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു പറഞ്ഞു. 19 നിന്റെ ദാസൻ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്റെ ഭാര്യ പറഞ്ഞ വാക്കു യജമാനൻ കേട്ടപ്പോൾ അവന്നു കോപം ജ്വലിച്ചു. 20 യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു. 21 എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്കു അവനോടു ദയ തോന്നത്തക്കവണ്ണം അവന്നു കൃപ നല്കി. 22 കാരാഗൃഹത്തിലെ സകലബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു. 23 യഹോവ അവനോടുകൂടെ ഇരുന്നു അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ടു അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹ പ്രമാണി നോക്കിയില്ല.

ഉല്പത്തി 40

1 അനന്തരം മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീം രാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു. 2 ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ടു ഉദ്യോഗസ്ഥന്മാരോടു കോപിച്ചു. 3 അവരെ അകമ്പടിനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായി കിടന്ന കാരാഗൃഹത്തിൽ ആക്കി. 4 അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു. 5 മിസ്രയീം രാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടുപേരും ഒരു രാത്രയിൽ തന്നേ വെവ്വേറെ അർത്ഥമുള്ള ഓരോ സ്വപ്നം കണ്ടു. 6 രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതു കണ്ടു. 7 അവൻ യജമാനന്റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്റെ ഉദ്യോഗസ്ഥന്മാരോടു: നിങ്ങൾ ഇന്നു വിഷാദഭാവത്തോടിരിക്കുന്നതു എന്തു എന്നു ചോദിച്ചു. 8 അവർ അവനോടു: ഞങ്ങൾ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചുതരുവാൻ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോടു: സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുള്ളതല്ലയോ? അതു എന്നോടു പറവിൻ എന്നു പറഞ്ഞു. 9 അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്റെ സ്വപ്നം അറിയിച്ചു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഇതാ, എന്റെ മുമ്പിൽ ഒരു മുന്തിരി വള്ളി. 10 മുന്തിരിവള്ളിയിൽ മൂന്നു കൊമ്പു; അതു തളിർത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങാ പഴുത്തു. 11 ഫറവോന്റെ പാനപാത്രം എന്റെ കയ്യിൽ ഉണ്ടായിരുന്നു; ഞാൻ മുന്തിരിപ്പഴം പറിച്ചു ഫറവോന്റെ പാനപാത്രത്തിൽ പിഴിഞ്ഞു: പാനപാത്രം ഫറവോന്റെ കയ്യിൽ കൊടുത്തു. 12 യോസേഫ് അവനോടു പറഞ്ഞതു: അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊമ്പു മൂന്നു ദിവസം. 13 മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്നെ കടാക്ഷിച്ചു, വീണ്ടും നിന്റെ സ്ഥാനത്തു ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവു പോലെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കും. 14 എന്നാൽ നീ ശുഭമായിരിക്കുമ്പോൾ എന്നെ ഓർത്തു എന്നോടു ദയ ചെയ്തു ഫറവോനെ എന്റെ വസ്തുത ബോധിപ്പിച്ചു എന്നെ ഈ വീട്ടിൽനിന്നു വിടുവിക്കേണമേ. 15 എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന്നു ഞാൻ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല. 16 അർത്ഥം നല്ലതെന്നു അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോടു: ഞാനും സ്വപ്നത്തിൽ എന്റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കൊട്ട കണ്ടു. 17 മേലത്തെ കൊട്ടയിൽ ഫറവോന്റെ വക അപ്പത്തരങ്ങൾ ഒക്കെയും ഉണ്ടായിരുന്നു; പക്ഷികൾ എന്റെ തലയിലെ കൊട്ടയിൽ നിന്നു അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു. 18 അതിന്നു യോസേഫ്: അതിന്റെ അർത്ഥം ഇതാകുന്നു: മൂന്നു കൊട്ട മൂന്നു ദിവസം. 19 മൂന്നു ദിവസത്തിന്നകം ഫറവോൻ നിന്റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികൾ നിന്റെ മാംസം തിന്നുകളയും എന്നു ഉത്തരം പറഞ്ഞു. 20 മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓർത്തു. 21 പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്റെ കയ്യിൽ പാനപാത്രം കൊടുക്കേണ്ടതിന്നു വീണ്ടും അവന്റെ സ്ഥാനത്തു ആക്കി. 22 അപ്പക്കാരുടെ പ്രമാണിയെയോ അവൻ തൂക്കിച്ചു; യോസേഫ് അർത്ഥം പറഞ്ഞതുപോലെ തന്നെ. 23 എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓർക്കാതെ അവനെ മറന്നുകളഞ്ഞു.

ഉല്പത്തി 41

1 രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോൻ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: 2 അവൻ നദീതീരത്തു നിന്നു. അപ്പോൾ രൂപഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുനദിയിൽ നിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. 3 അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽ നിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു. 4 മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ രൂപ ഗുണവും മാംസപുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോൾ ഫറവോൻ ഉണർന്നു. 5 അവൻ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പൊങ്ങി വന്നു. 6 അവയുടെ പിന്നാലെ നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. 7 നേർത്ത ഏഴു കതിരുകൾ പുഷ്ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതു സ്വപ്നം എന്നു അറിഞ്ഞു. 8 പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. 9 അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു. 10 ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. 11 അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു. 12 അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൌവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു. 13 അവൻ അർത്ഥം പറഞ്ഞതു പോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ. 14 ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൌരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. 15 ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. 16 അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു. 17 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. 18 അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. 19 അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല. 20 എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; 21 ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. 22 പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു. 23 അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. 24 നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴഞ്ഞില്ല. 25 അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു. 26 ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നു തന്നേ. 27 അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കൻ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരം ആകുന്നു. 28 ദൈവം ചെയ്‍വാൻ ഭാവിക്കുന്നതു ഫറവോന്നു കാണിച്ചു തന്നിരിക്കുന്നു അതാകുന്നു ഞാൻ ഫറവോനോടു പറഞ്ഞതു. 29 മിസ്രയീംദേശത്തു ഒക്കെയും ബഹു സുഭിക്ഷമായ ഏഴു സംവത്സരം വരും. 30 അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോൾ മിസ്രയീംദേശത്തു ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശം ഒക്കെയും ക്ഷയിച്ചുപോകും. 31 പിൻവരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും. 32 ഫറവോന്നു സ്വപ്നം രണ്ടുവട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു. 33 ആകയാൽ ഫറവോൻ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം. 34 അതുകൂടാതെ ഫറവോൻ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം. 35 ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചുവെക്കേണം. 36 ആ ധാന്യം മിസ്രയീംദേശത്തു വരുവാൻ പോകുന്ന ക്ഷാമമുള്ള ഏഴുസംവത്സരത്തേക്കു ദേശത്തിന്നു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമം കൊണ്ടു നശിക്കയില്ല. 37 ഈ വാക്കു ഫറവോന്നും അവന്റെ സകലഭൃത്യന്മാർക്കും ബോധിച്ചു. 38 ഫറവോൻ തന്റെ ഭൃത്യന്മാരോടു: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു. 39 പിന്നെ ഫറവോൻ യോസേഫിനോടു: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തി തന്നതു കൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവൻ ഒരുത്തനുമില്ല. 40 നീ എന്റെ ഗൃഹത്തിന്നു മേലധികാരിയാകും; നിന്റെ വാക്കു എന്റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാൻ നിന്നെക്കാൾ വലിയവനായിരിക്കും എന്നു പറഞ്ഞു. 41 ഇതാ, മിസ്രയീംദേശത്തിന്നൊക്കെയും ഞാൻ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു, എന്നും ഫറവോൻ യോസേഫിനോടു പറഞ്ഞു. 42 ഫറവോൻ തന്റെ കയ്യിൽനിന്നു മുദ്രമോതിരം ഊരി, യോസേഫിന്റെ കൈക്കു ഇട്ടു, അവനെ നേർമ്മയുള്ള വസ്ത്രംധരിപ്പിച്ചു, ഒരു സ്വർണ്ണസരപ്പളിയും അവന്റെ കഴുത്തിൽ ഇട്ടു. 43 തന്റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിൻ എന്നു അവന്റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിന്നൊക്കെയും മേലധികാരിയാക്കി. 44 പിന്നെ ഫറവോൻ യോസേഫിനോടു: ഞാൻ ഫറവോൻ ആകുന്നു; നിന്റെ കല്പന കൂടാതെ മിസ്രയീംദേശത്തു എങ്ങും യാതൊരുത്തനും കയ്യോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു. 45 ഫറവോൻ യോസേഫിന്നു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിനെ അവന്നു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു. 46 യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു യോസേഫ് ഫറവോന്റെ സന്നിധാനത്തിൽ നിന്നു പറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു. 47 എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു. 48 മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. 49 അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു. 50 ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. 51 എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു. 52 സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു. 53 മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോൾ 54 യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകലദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു. 55 പിന്നെ മിസ്രയീംദേശത്തു എല്ലാടവും ക്ഷാമം ഉണ്ടായപ്പോൾ ജനങ്ങൾ ആഹാരത്തിന്നായി ഫറവോനോടു നിലവിളിച്ചു; ഫറവോൻ മിസ്രയീമ്യരോടു ഒക്കെയും: നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുംപോലെ ചെയ്‍വിൻ എന്നു പറഞ്ഞു. 56 ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകൾ ഒക്കെയും തുറന്നു, മിസ്രയീമ്യർക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായ്തീർന്നു. 57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായയ്തീർന്നതുകൊണ്ടു സകലദേശക്കാരും ധാന്യം കൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.

ഉല്പത്തി 42

1 മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോടു: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കിനില്ക്കുന്നതു എന്തു? 2 മിസ്രയീമിൽ ധാന്യം ഉണ്ടെന്നു ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു. 3 യോസേഫിന്റെ സഹോദരന്മാർ പത്തുപേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി. 4 എന്നാൽ യോസേഫിന്റെ അനുജനായ ബെന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല. 5 അങ്ങനെ ധാന്യം കൊള്ളുവാൻ വന്നവരുടെ ഇടയിൽ യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാൻ ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ. 6 യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവൻ തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങൾക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു. 7 യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചു: നിങ്ങൾ എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നു: ആഹാരം കൊള്ളുവാൻ കനാൻ ദെശത്തു നിന്നു വരുന്നു എന്നു അവർ പറഞ്ഞു. 8 യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവർ അവനെ അറിഞ്ഞില്ല. 9 യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങൾ ഓർത്തു അവരോടു: നിങ്ങൾ ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ നിങ്ങൾ വന്നിരിക്കുന്നു എന്നു പറഞ്ഞു. 10 അവർ അവനോടു: അല്ല, യജമാനനേ, അടിയങ്ങൾ ആഹാരം കൊള്ളുവാൻ വന്നിരിക്കുന്നു; 11 ഞങ്ങൾ എല്ലാവരും ഒരാളുടെ മക്കൾ; ഞങ്ങൾ പരമാർത്ഥികളാകുന്നു; അടിയങ്ങൾ ഒറ്റുകാരല്ല എന്നു പറഞ്ഞു. 12 അവൻ അവരോടു: അല്ല, നിങ്ങൾ ദേശത്തിന്റെ ദുർബ്ബലഭാഗം നോക്കുവാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു. 13 അതിന്നു അവർ: അടിയങ്ങൾ കനാൻ ദേശത്തുള്ള ഒരാളുടെ മക്കൾ; പന്ത്രണ്ടു സഹോദരന്മാർ ആകുന്നു; ഇളയവൻ ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു; ഒരുത്തൻ ഇപ്പോൾ ഇല്ല എന്നു പറഞ്ഞു. 14 യോസേഫ് അവരോടു പറഞ്ഞതു: ഞാൻ പറഞ്ഞതുപോലെ നിങ്ങൾ ഒറ്റുകാർ തന്നേ. 15 ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരൻ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങൾ ഇവിടെനിന്നു പുറപ്പെടുകയില്ല. 16 നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാൻ നിങ്ങളിൽ ഒരുത്തനെ അയപ്പിൻ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങൾ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികിൽ; ഫറവോനാണ, നിങ്ങൾ ഒറ്റുകാർ തന്നേ. 17 അങ്ങനെ അവൻ അവരെ മൂന്നു ദിവസം തടവിൽ ആക്കി. 18 മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതു: ഞാൻ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്‍വിൻ: 19 നിങ്ങൾ പരമാർത്ഥികൾ എങ്കിൽ നിങ്ങളുടെ ഒരു സഹോദരൻ കരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങൾ പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിൻ. 20 എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങൾ മരിക്കേണ്ടിവരികയില്ല; അവർ അങ്ങനെ സമ്മതിച്ചു. 21 ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവർ തമ്മിൽ പറഞ്ഞു. 22 അതിന്നു രൂബേൻ: ബാലനോടു ദോഷം ചെയ്യരുതെന്നും ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങൾ കേട്ടില്ല; ഇപ്പോൾ ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു. 23 യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവൻ ഇതു ഗ്രഹിച്ചു എന്നു അവർ അറിഞ്ഞില്ല. 24 അവൻ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തിൽ നിന്നു ശിമെയോനെ പിടിച്ചു അവർ കാൺകെ ബന്ധിച്ചു. 25 അവരുടെ ചാക്കിൽ ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കിൽ തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവർക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവർക്കു ചെയ്തുകൊടുത്തു. 26 അവർ ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു. 27 വഴിയമ്പലത്തിൽവെച്ചു അവരിൽ ഒരുത്തൻ കഴുതെക്കു തീൻ കൊടുപ്പാൻ ചാക്കു അഴിച്ചപ്പോൾ തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു, 28 തന്റെ സഹോദരന്മാരോടു: എന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോൾ അവരുടെ ഉള്ളം തളർന്നു, അവർ വിറെച്ചു: ദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മിൽ തമ്മിൽ പറഞ്ഞു. 29 അവർ കനാൻ ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തിയാറെ, തങ്ങൾക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു: 30 ദേശത്തിലെ അധിപതിയായവൻ ഞങ്ങൾ ദേശത്തെ ഒറ്റുനോക്കുന്നവർ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു. 31 ഞങ്ങൾ അവനോടു: ഞങ്ങൾ പരാമാർത്ഥികളാകുന്നു, ഞങ്ങൾ ഒറ്റുകാരല്ല. 32 ഞങ്ങൾ ഒരു അപ്പന്റെ മക്കൾ; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തൻ ഇപ്പോൾ ഇല്ല; ഇളയവൻ കനാൻ ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കൽ ഉണ്ടു എന്നു പറഞ്ഞു. 33 അതിന്നു ദേശത്തിലെ അധിപതിയായവൻ ഞങ്ങളോടു പറഞ്ഞതു: നിങ്ങൾ പരമാർത്ഥികൾ എന്നു ഞാൻ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിൻ. 34 നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ; അതിനാൽ നിങ്ങൾ ഒറ്റുകാരല്ല, പരമാർത്ഥികൾ തന്നേ എന്നു ഞാൻ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു ഏല്പിച്ചുതരും; നിങ്ങൾക്കു ദേശത്തു വ്യാപാരവും ചെയ്യാം. 35 പിന്നെ അവർ ചാക്കു ഒഴിക്കുമ്പോൾ ഇതാ, ഓരോരുത്തന്റെ ചാക്കിൽ അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി. 36 അവരുടെ അപ്പനായ യാക്കോബ് അവരോടു: നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോൻ ഇല്ല; ബെന്യാമീനെയും നിങ്ങൾ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലം തന്നേ എന്നു പറഞ്ഞു. 37 അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു. 38 എന്നാൽ അവൻ: എന്റെ മകൻ നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠൻ മരിച്ചുപോയി, അവൻ ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങൾ പോകുന്ന വഴിയിൽ അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.

ഉല്പത്തി 43

1 എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു. 2 അവർ മിസ്രയീമിൽനിന്നുകൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു. 3 അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു. 4 നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെക്കുടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം; 5 അയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു. 6 നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു. 7 അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതു കൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു. 8 പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം. 9 ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം. 10 ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയി വരുമായിരുന്നു. 11 അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങളെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ. 12 ഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും. 13 നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ. 14 അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബേന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സർവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ. 15 അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫീന്റെ മുമ്പിൽ നിന്നു. 16 അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹ വിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു. 17 യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി. 18 തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു. 19 അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു: 20 യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു. 21 ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു. 22 ആഹാരം കൊള്ളുവാൻ വേറെ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വെച്ചതു ആരെന്നു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു. 23 അതിന്നു അവൻ: നിങ്ങൾക്കു സാമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു. 24 പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കെണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു. 25 ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു. 26 യോസേഫ് വീട്ടിൽവന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പാകെ വെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു. 27 അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൌഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു. 28 അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു. 29 പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു. 30 അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു. 31 പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു. 32 അവർ അവന്നു പ്രത്യേകവും അവർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടു കൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പു ആകുന്നു. 33 മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു. 34 അവൻ തന്റെ മുമ്പിൽനിന്നു അവർക്കു ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്തു അവനോടുകൂടെ ആഹ്ളാദിച്ചു.

ഉല്പത്തി 44

1 അനന്തരം അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ചു, ഓരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കൽ വെക്കുക. 2 ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു. 3 നേരം വെളുത്തപ്പോൾ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു. 4 അവർ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടു: എഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോൾ അവരോടു: നിങ്ങൾ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു? 5 അതിലല്ലയോ എന്റെ യജമാനൻ കുടിക്കുന്നതു? നിങ്ങൾ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു. 6 അവൻ അവരുടെ അടുക്കൽ എത്തിയപ്പോൾ ഈ വാക്കുകൾ അവരോടു പറഞ്ഞു. 7 അവർ അവനോടു പറഞ്ഞതു: യജമാനൻ ഇങ്ങനെ പറയുന്നതു എന്തു? ഈ വക കാര്യം അടിയങ്ങൾ ഒരുനാളും ചെയ്കയില്ല. 8 ഞങ്ങളുടെ ചാക്കിന്റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങൾ കനാൻ ദേശത്തുനിന്നു നിന്റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങൾ നിന്റെ യജമാനന്റെ വീട്ടിൽനിന്നു വെള്ളിയും പൊന്നും മോഷ്ടിക്കുമോ? 9 അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവൻ മരിക്കട്ടെ; ഞങ്ങളും യജമാനന്നു അടിമകളായിക്കൊള്ളാം. 10 അതിന്നു അവൻ: നിങ്ങൾ പറഞ്ഞതുപോലെ ആകട്ടെ; അതു ആരുടെ പക്കൽ കാണുന്നുവോ അവൻ എനിക്കു അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും. 11 അവർ ബദ്ധപ്പെട്ടു ചാക്കു നിലത്തു ഇറക്കി: ഓരോരുത്തൻ താന്താന്റെ ചാക്കു അഴിച്ചു. 12 അവൻ മൂത്തവന്റെ ചാക്കുതുടങ്ങി ഇളയവന്റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു. 13 അപ്പോൾ അവർ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു. 14 യെഹൂദയും അവന്റെ സഹോദരന്മാരും യോസേഫിന്റെ വീട്ടിൽ ചെന്നു; അവൻ അതുവരെയും അവിടെത്തന്നേ ആയിരുന്നു; അവർ അവന്റെ മുമ്പാകെ സാഷ്ടാംഗം വീണു. 15 യോസേഫ് അവരോടു: നിങ്ങൾ ഈ ചെയ്ത പ്രവൃത്തി എന്തു? എന്നെപ്പോലെയുള്ള ഒരുത്തന്നു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങൾ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു. 16 അതിന്നു യെഹൂദാ: യജമാനനോടു ഞങ്ങൾ എന്തു പറയേണ്ടു? എന്തു ബോധിപ്പിക്കേണ്ടു? എങ്ങനെ ഞങ്ങളെത്തന്നേ നീതീകരിക്കേണ്ടു? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ ഞങ്ങൾ യജമാനന്നു അടിമകൾ; ഞങ്ങളും ആരുടെ കയ്യിൽ പാത്രം കണ്ടുവോ അവനും തന്നേ എന്നു പറഞ്ഞു. 17 അതിന്നു അവൻ അങ്ങനെ ഞാൻ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവൻ തന്നേ എനിക്കു അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുക്കൽ പോയ്ക്കൊൾവിൻ എന്നു പറഞ്ഞു. 18 അപ്പോൾ യെഹൂദാ അടുത്തുചെന്നു പറഞ്ഞതു: യജമാനനേ, അടിയൻ യജമാനനോടു ഒന്നു ബോധിപ്പിച്ചുകൊള്ളട്ടേ; അടിയന്റെ നേരെ കോപം ജ്വലിക്കരുതേ; 19 യജമാനൻ ഫറവോനെപ്പോലെയല്ലോ; നിങ്ങൾക്കു അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനൻ അടിയങ്ങളോടു ചോദിച്ചു. 20 അതിന്നു ഞങ്ങൾ യജമാനനോടു: ഞങ്ങൾക്കു വൃദ്ധനായോരു അപ്പനും അവന്നു വാർദ്ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ടു; അവന്റെ ജ്യേഷ്ഠൻ മരിച്ചുപോയി; അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു. 21 അപ്പോൾ യജമാനൻ അടയിങ്ങളോടു: എനിക്കു കാണേണ്ടതിന്നു അവനെ എന്റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിൻ എന്നു കല്പിച്ചുവല്ലോ. 22 ഞങ്ങൾ യജമാനനോടു: ബാലന്നു അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പൻ മരിച്ചുപോകും എന്നു പറഞ്ഞു. 23 അതിന്നു യജമാനൻ അടിയങ്ങളോടു നിങ്ങളുടെ ഇളയസഹോദരൻ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു. 24 അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ഞങ്ങൾ ചെന്നു യജമാനന്റെ വാക്കുകളെ അറിയിച്ചു. 25 അനന്തരം ഞങ്ങളുടെ അപ്പൻ നിങ്ങൾ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിൻ എന്നു പറഞ്ഞു. 26 അതിന്നു ഞങ്ങൾ: ഞങ്ങൾ പൊയ്ക്കൂടാ; അനുജൻ കൂടെ ഉണ്ടെങ്കിൽ ഞങ്ങൾ പോകാം; അനുജൻ ഇല്ലാതെ ഞങ്ങൾക്കു അദ്ദേഹത്തിന്റെ മുഖം കാണ്മാൻ പാടില്ല എന്നു പറഞ്ഞു. 27 അപ്പോൾ അവിടത്തെ അടിയാനായ അപ്പൻ ഞങ്ങളോടു പറഞ്ഞതു: എന്റെ ഭാര്യ എനിക്കു രണ്ടുപുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കു അറിയാമല്ലോ. 28 അവരിൽ ഒരുത്തൻ എന്റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചു കീറിപ്പോയി നിശ്ചയം എന്നു ഞാൻ ഉറെച്ചു; ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല. 29 നിങ്ങൾ ഇവനെയും കൊണ്ടുപോയിട്ടു അവന്നു വല്ല ആപത്തും വന്നാൽ നിങ്ങൾ എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. 30 അതുകൊണ്ടു ഇപ്പോൾ ബാലൻ കൂടെയില്ലാതെ ഞാൻ അവിടത്തെ അടിയാനായ അപ്പന്റെ അടുക്കൽ ചെല്ലുമ്പോൾ, അവന്റെ പ്രാണൻ ഇവന്റെ പ്രാണനോടു പറ്റിയിരിക്കകൊണ്ടു, 31 ബാലൻ ഇല്ലെന്നു കണ്ടാൻ അവൻ മരിച്ചുപോകും; അങ്ങനെ അടിയങ്ങൾ അവിടെത്തെ അടിയാനായ അപ്പന്റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും. 32 അടിയൻ അപ്പനോടു: അവനെ നിന്റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പന്നു കുറ്റക്കാരനായിക്കൊളാമെന്നു പറഞ്ഞു, അപ്പനോടു ബാലന്നുവേണ്ടി ഉത്തരവാദിയായിരിക്കുന്നു. 33 ആകയാൽ ബാലന്നു പകരം അടിയൻ യജമാനന്നു അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾയവാനും അനുവദിക്കേണമേ. 34 ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.

ഉല്പത്തി 45

1 അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽ നിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല. 2 അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു. 3 യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല. 4 യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. 5 എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു. 6 ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു. 7 ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു. 8 ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു. 9 നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം. 10 നീ ഗോശെൻ ദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ. 11 നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും. 12 ഇതാ, ഞാൻ തന്നേ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്റെ അനുജൻ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ. 13 മിസ്രയീമിൽ എനിക്കുള്ള മഹത്വവും നിങ്ങൾ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം. 14 അവൻ തന്റെ അനുജൻ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീൻ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു. 15 അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു. 16 യോസേഫിന്റെ സഹോദരന്മാർ വന്നിരിക്കുന്നു എന്നുള്ള കേൾവി ഫറവോന്റെ അരമനയിൽ എത്തി; അതു ഫറവോന്നും അവന്റെ ഭൃത്യന്മാർക്കും സന്തോഷമായി. 17 ഫറവോൻ യോസേഫിനോടു പറഞ്ഞതു: നിന്റെ സഹോദരന്മാരോടു നീ പറയേണ്ടതു എന്തെന്നാൽ: നിങ്ങൾ ഇതു ചെയ്‍വിൻ: നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി പുറപ്പെട്ടു കനാൻ ദേശത്തു ചെന്നു നിങ്ങളുടെ 18 അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ടു എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്റെ പുഷ്ടി നിങ്ങൾ അനുഭവിക്കും. 19 നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങൾ ചെയ്യേണ്ടതു: നിങ്ങളുടെ പൈതങ്ങൾക്കും ഭാര്യമാർക്കും വേണ്ടി മിസ്രയീംദേശത്തു നിന്നു രഥങ്ങൾ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം. 20 നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങൾക്കുള്ളതു ആകുന്നു. 21 യിസ്രായേലിന്റെ പുത്രന്മാർ അങ്ങനെ തന്നേ ചെയ്തു; യേസേഫ് അവർക്കു ഫറവോന്റെ കല്പന പ്രകാരം രഥങ്ങൾ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു. 22 അവരിൽ ഓരോരുത്തന്നു ഓരോ വസ്ത്രവും ബെന്യാമീന്നോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു. 23 അങ്ങനെ തന്നേ അവൻ തന്റെ അപ്പന്നു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷ സാധനങ്ങളും പത്തു പെൺകഴുതപ്പുറത്തു വഴിച്ചെലവിന്നു ധാന്യവും ആഹാരവും കയറ്റി അയച്ചു. 24 അങ്ങനെ അവൻ തന്റെ സഹോദരന്മാരെ യാത്ര അയച്ചു; അവർ പുറപ്പെടുമ്പോൾ: നിങ്ങൾ വഴിയിൽ വെച്ചു ശണ്ഠകൂടരുതെന്നു അവരോടു പറഞ്ഞു. 25 അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടു കനാൻ ദേശത്തു അപ്പനായ യാക്കോബിന്റെ അടുക്കൽ എത്തി. 26 അവനോടു: യോസേഫ് ജീവനോടിരിക്കുന്നു; അവൻ മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോൾ യാക്കോബ് സ്തംഭിച്ചുപോയി; അവർ പറഞ്ഞതു വിശ്വസിച്ചതുമില്ല. 27 യോസേഫ് തങ്ങളോടു പറഞ്ഞവാക്കുകളൊക്കെയും അവർ അവനോടു പറഞ്ഞു; തന്നെ കയറ്റികൊണ്ടു പോകുവാൻ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോൾ അവരുടെ അപ്പനായ യാക്കോബിന്നു വീണ്ടും ചൈതന്യം വന്നു. 28 മതി; എന്റെ മകൻ യേസേഫ് ജീവനോടിരിക്കുന്നു; ഞാൻ മരിക്കുംമുമ്പെ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.

ഉല്പത്തി 46

1 അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു. 2 ദൈവം യിസ്രായേലിനോടു രാത്രി ദർശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാൻ ഇതാ എന്നു അവൻ പറഞ്ഞു. 3 അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. 4 ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു. 5 പിന്നെ യാക്കോബ് ബേർ-ശേബയിൽനിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി. 6 തങ്ങളുടെ ആടുമാടുകളെയും കനാൻ ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി. 7 അവൻ തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി. 8 മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ. 9 രൂബേന്റെ പുത്രന്മാർ: ഹാനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി. 10 ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൌൽ. 11 ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി. 12 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ ഓനാൻ എന്നിവർ കനാൻ ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: 13 ഹെസ്രോൻ, ഹാമൂൽ. യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ. 14 സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ളെയേൽ. 15 ഇവർ ലേയയുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേർ ആയിരുന്നു. 16 ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ. 17 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ: 18 ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു. 19 യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: 20 യോസേഫ്, ബെന്യാമീൻ. യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു. 21 ബെന്യാമിന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്. 22 ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ. 23 ദാന്റെ പുത്രന്മാർ ഹൂശീം. 24 നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലോ. 25 ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ. 26 യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. 27 യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ. 28 എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻ ദേശത്തു എത്തി. 29 യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു. 30 യിസ്രായെൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു. 31 പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതു: ഞാൻ ചെന്നു ഫറവോനോടു: കനാൻ ദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും. 32 അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും. 33 അതുകൊണ്ടു ഫറവോൻ നിങ്ങളെ വിളിച്ചു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിക്കുമ്പോൾ: 34 അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.

ഉല്പത്തി 47

1 അങ്ങനെ യോസേഫ് ചെന്നു: എന്റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവർക്കുള്ളതൊക്കെയും കനാൻ ദേശത്തുനിന്നു വന്നു; ഗോശെൻ ദേശത്തു ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു. 2 പിന്നെ അവൻ തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ കൂട്ടിക്കൊണ്ടുചെന്നു ഫറവോന്റെ സന്നിധിയിൽ നിർത്തി. 3 അപ്പോൾ ഫറവോൻ അവന്റെ സഹോദരന്മാരോടു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിച്ചതിന്നു അവർ ഫറവോനോടു: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാരാകുന്നു എന്നു പറഞ്ഞു. 4 ദേശത്തു താമസിപ്പാൻ ഞങ്ങൾ വന്നിരിക്കുന്നു; കനാൻ ദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകൾക്കു മേച്ചലില്ല; അടിയങ്ങൾ ഗോശെൻ ദേശത്തു പാർത്തുകൊള്ളട്ടെ എന്നും അവർ ഫറവോനോടു പറഞ്ഞു. 5 ഫറവോൻ യോസേഫിനോടു: നിന്റെ അപ്പനും സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ. 6 മിസ്രയീംദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ലഭാഗത്തു നിന്റെ അപ്പനെയും സഹോദരന്മാരെയും പാർപ്പിക്ക; അവർ ഗോശെൻ ദേശത്തുതന്നേ പാർത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാർ ഉണ്ടെന്നു നീ അറിയുന്നു എങ്കിൽ അവരെ എന്റെ ആടുമാടുകളുടെ മേൽ വിചാരകന്മാരാക്കി വെക്കുക എന്നു കല്പിച്ചു. 7 യേസേഫ് തന്റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്റെ സന്നിധിയിൽ നിർത്തി, 8 യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോൻ യാക്കോബിനോടു: എത്ര വയസ്സായി എന്നു ചോദിച്ചു. 9 യാക്കോബ് ഫറവോനോടു: എന്റെ പരദേശപ്രയാണത്തിന്റെ കാലം നൂറ്റിമുപ്പതു സംവത്സരം ആയിരിക്കുന്നു. എന്റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തീട്ടുമില്ല എന്നു പറഞ്ഞു. 10 യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്റെ സന്നിധിയിൽനിന്നു പോയി. 11 അനന്തരം യോസേഫ് തന്റെ അപ്പനെയും സഹോദരന്മാരെയും കുടിപാർപ്പിച്ചു; ഫറവോൻ കല്പിച്ചതുപോലെ അവർക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ് ദേശത്തു അവകാശവും കൊടുത്തു. 12 യോസെഫ് തന്റെ അപ്പനെയും സഹോദരന്മാരെയും അപ്പന്റെ കുടുംബത്തെ ഒക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന്നു ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു. 13 എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി മിസ്രയീംദേശവും കനാൻ ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു. 14 ജനങ്ങൾ വാങ്ങിയ ധാന്യത്തിന്നു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാൻ ദേശത്തുമുള്ള പണം ഒക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്റെ ഗൃഹത്തിൽ കൊണ്ടുവന്നു. 15 മിസ്രയീംദേശത്തും കനാൻ ദേശത്തും പണം ഇല്ലാതെയായപ്പോൾ മിസ്രയീമ്യർ ഒക്കെയും യോസേഫിന്റെ അടുക്കൽ ചെന്നു: ഞങ്ങൾക്കു ആഹാരം തരേണം; ഞങ്ങൾ നിന്റെ മുമ്പിൽ കിടന്നു മരിക്കുന്നതു എന്തിന്നു? പണം തീർന്നുപോയി എന്നു പറഞ്ഞു. 16 അതിന്നു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിൻ; പണം തീർന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാൻ തരാം എന്നു പറഞ്ഞു. 17 അങ്ങനെ അവർ തങ്ങളുടെ കന്നുകാലികളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആടു, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവർക്കു ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്തു അവരെ രക്ഷിച്ചു. 18 ആ ആണ്ടു കഴിഞ്ഞു പിറ്റെ ആണ്ടിൽ അവർ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനന്നു ചേർന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങൾ മറെക്കുന്നില്ല. 19 ഞങ്ങളും ഞങ്ങളുടെ നിലവും നിന്റെ കണ്ണിന്നു മുമ്പിൽ എന്തിന്നു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിന്നു വിലയായി വാങ്ങേണം. ഞങ്ങൾ നിലവുമായി ഫറവോന്നു അടിമകൾ ആകട്ടെ. ഞങ്ങൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന്നും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിന്നും ഞങ്ങൾക്കു വിത്തു തരേണം. 20 അങ്ങനെ യോസേഫ് മിസ്രയീമിലെ നിലം ഒക്കെയും ഫറവോന്നു വിലെക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യർ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോന്നു ആയി. 21 ജനങ്ങളേയോ അവൻ മിസ്രയീംദേശത്തിന്റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാർപ്പിച്ചു. 22 പുരോഹിതന്മാരുടെ നിലം മാത്രം അവൻ വാങ്ങിയില്ല; പുരോഹിതന്മാർക്കു ഫറവോൻ അവകാശം കല്പിച്ചിരുന്നു; ഫറവോൻ അവർക്കു കൊടുത്ത അവകാശം കൊണ്ടു അവർ ഉപജീവനം കഴിച്ചതിനാൽ അവർ തങ്ങളുടെ നിലം വിറ്റില്ല. 23 യോസേഫ് ജനങ്ങളോടു: ഞാൻ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോന്നു വിലെക്കു വാങ്ങിയിരിക്കുന്നു; നിങ്ങൾക്കു വിത്തു ഇതാ; നിലം വിതെച്ചുകൊൾവിൻ. 24 വിളവെടുക്കുമ്പോൾ നിങ്ങൾ ഫറവോന്നു അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിന്നു വിത്തായിട്ടും നിങ്ങൾക്കും നിങ്ങളുടെ വീടുകളിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുകുട്ടികൾക്കും ആഹാരമായിട്ടും നിങ്ങൾക്കു തന്നേ ഇരിക്കട്ടെ എന്നു പറഞ്ഞു. 25 അതിന്നു അവർ: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനന്നു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങൾ ഫറവോന്നു അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു. 26 അഞ്ചിലൊന്നു ഫറവൊന്നു ചെല്ലേണം എന്നിങ്ങിനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചുവെച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോന്നു ചേർന്നിട്ടില്ല. 27 യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെൻ ദേശത്തു പാർത്തു; അവിടെ അവകാശം സമ്പാദിച്ചു, ഏറ്റവും സന്താനപുഷ്ടിയുള്ളവരായി പെരുകിവന്നു. 28 യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു. 29 യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോൾ അവൻ തന്റെ മകനായ യോസേഫിനെ വിളിപ്പിച്ചു അവനോടു: നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ കൈ എന്റെ തുടയിൽകീഴിൽ വെക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ചു എന്നെ മിസ്രയീമിൽ അടക്കാതെ, 30 ഞാൻ എന്റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോൾ എന്നെ മിസ്രയീമിൽനിന്നു എടുത്തുകൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്റെ കല്പനപ്രകാരം ഞാൻ ചെയ്യാം എന്നു അവൻ പറഞ്ഞു. 31 എന്നോടു സത്യം ചെയ്ക എന്നു അവൻ പറഞ്ഞു; അവൻ സത്യവും ചെയ്തു; അപ്പോൾ യിസ്രായേൽ കട്ടിലിന്റെ തലെക്കൽ നമസ്കരിച്ചു.

ഉല്പത്തി 48

1 അനന്തരം യോസേഫിന്നു: നിന്റെ അപ്പൻ ദീനമായി കിടക്കുന്നു എന്നു വർത്തമാനം വന്നു; ഉടനെ അവൻ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു ചെന്നു: 2 നിന്റെ മകൻ യോസേഫ് ഇതാവരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ തന്നെത്താൻ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു. 3 യാക്കോബ് യോസേഫിനോടു പറഞ്ഞതു: സർവ്വശക്തിയുള്ള ദൈവം കനാൻ ദേശത്തിലെ ലൂസ്സിൽവെച്ചു എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു, 4 എന്നോടു: ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്കു ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്നു അരുളിച്ചെയ്തു. 5 മിസ്രയീമിൽ നിന്റെ അടുക്കൽ ഞാൻ വരുംമുമ്പെ നിനക്കു മിസ്രയീംദേശത്തുവെച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവർ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവർ എനിക്കുള്ളവരായിരിക്കട്ടെ. 6 ഇവരുടെ ശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവർ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിൻ പ്രകാരം വിളിക്കപ്പെടട്ടെ. 7 ഞാൻ പദ്ദനിൽനിന്നു വരുമ്പോൾ, കനാൻ ദേശത്തു എഫ്രാത്തിൽ എത്തുവാൻ അല്പം ദൂരം മാത്രമുള്ളപ്പോൾ വഴിയിൽവെച്ചു റാഹേൽ മരിച്ചു; ഞാൻ അവളെ അവിടെ ബേത്ത്ളേഹെം എന്ന എഫ്രാത്തിന്നുള്ള വഴിയരികെ അടക്കം ചെയ്തു. 8 യിസ്രായേൽ യോസേഫിന്റെ പുത്രന്മാരെ കണ്ടുപ്പോൾ: ഇവർ ആരെന്നു ചോദിച്ചു. 9 ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും എന്നു അവൻ പറഞ്ഞു. 10 എന്നാൽ യിസ്രായേലിന്റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്മാൻ വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടുചെന്നപ്പോൾ അവൻ അവരെ ചുംബിച്ചു ആലിംഗനം ചെയ്തു. 11 യിസ്രായേൽ യോസേഫിനോടു: നിന്റെ മുഖം കാണുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്റെ സന്തതിയെയും കാണ്മാൻ ദൈവം എനിക്കു സംഗതിവരുത്തിയല്ലോ എന്നു പറഞ്ഞു. 12 യോസേഫ് അവരെ അവന്റെ മുഴങ്കാലുകൾക്കിടയിൽ നിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു. 13 പിന്നെ യോസേഫ് എഫ്രയീമിനെ വലങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ ഇടങ്കൈക്കു നേരെയും മനശ്ശെയെ ഇടങ്കൈകൊണ്ടു പിടിച്ചു യിസ്രായേലിന്റെ വലങ്കൈക്കു നേരെയുമായി ഇങ്ങനെ രണ്ടുപേരെയും അവന്റെ അടുക്കൽ കൊണ്ടുചെന്നു. 14 യിസ്രായേൽ വലങ്കൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണെച്ചുവെച്ചു. 15 പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: എന്റെ പിതാക്കന്മാരായ അബ്രാഹാമും യിശ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം, 16 എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ എന്നു പറഞ്ഞു. 17 അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവെപ്പാൻ പിടിച്ചു. 18 യോസേഫ് അപ്പനോടു: അങ്ങനെയല്ല, എന്റെ അപ്പാ; ഇവനല്ലോ ആദ്യജാതൻ; ഇവന്റെ തലയിൽ വലങ്കൈ വെക്കേണം എന്നു പറഞ്ഞു. 19 എന്നാൽ അവന്റെ അപ്പൻ സമ്മതിക്കാതെ എനിക്കു അറിയാം; മകനേ, എനിക്കു അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വർദ്ധിക്കും; എങ്കിലും അനുജൻ അവനെക്കാൾ അധികം വർദ്ധിക്കും; അവന്റെ സന്തതി ജനസമൂഹമായ്തീരും എന്നു പറഞ്ഞു. 20 അങ്ങനെ അവൻ അന്നു അവരെ അനുഗ്രഹിച്ചു: ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ട എന്നു യിസ്രായേല്യർ നിന്റെ പേർ ചൊല്ലി അനുഗ്രഹിക്കും. എന്നു പറഞ്ഞു എഫ്രയീമിനെ മനശ്ശെക്കു മുമ്പാക്കി. 21 യോസേഫിനോടു യിസ്രായേൽ പറഞ്ഞതു: ഇതാ, ഞാൻ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും. 22 എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോർയ്യരുടെ കയ്യിൽ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.

ഉല്പത്തി 49

1 അനന്തരം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ചു അവരോടു പറഞ്ഞതു: കൂടിവരുവിൻ, ഭാവികാലത്തു നിങ്ങൾക്കു സംഭവിപ്പാനുള്ളതു ഞാൻ നിങ്ങളെ അറിയിക്കും. 2 യാക്കോബിന്റെ പുത്രന്മാരേ: കൂടിവന്നു കേൾപ്പിൻ; നിങ്ങളുടെ അപ്പനായ യിസ്രായേലിന്റെ മൊഴിക്കു ചെവിതരുവിൻ! 3 രൂബേനേ, നീ എന്റെ ആദ്യജാതൻ, എന്റെ വിര്യവും എന്റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്റെ വൈശിഷ്ട്യവും തന്നേ 4 വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ. 5 ശിമയോനും ലേവിയും സഹോദരന്മാർ; അവരുടെ വാളുകൾ സാഹസത്തിന്റെ ആയുധങ്ങൾ. 6 എൻ ഉള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എൻ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവർ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടെച്ചു. 7 അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടതു; ഞാൻ അവരെ യാക്കോബിൽ പകക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും. 8 യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും. 9 യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും? 10 അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും. 11 അവൻ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവൻ വീഞ്ഞിൽ തന്റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്റെ വസ്ത്രവും അലക്കുന്നു. 12 അവന്റെ കണ്ണു വീഞ്ഞുകൊണ്ടു ചുവന്നും അവന്റെ പല്ലു പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു. 13 സെബൂലൂൻ സമുദ്രതീരത്തു വസിക്കും; അവൻ കപ്പൽതുറമുഖത്തു പാർക്കും; അവന്റെ പാർശ്വം സീദോൻ വരെ ആകും. 14 യിസ്സാഖാർ അസ്ഥിബലമുള്ള കഴുത; അവൻ തൊഴുത്തുകളുടെ മദ്ധ്യേ കിടക്കുന്നു. 15 വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവൻ ചുമടിന്നു ചുമൽ കൊടുത്തു ഊഴിയത്തിന്നു ദാസനായ്തീർന്നു. 16 ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും. 17 ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും. 18 യഹോവേ, ഞാൻ നിന്റെ രക്ഷക്കായി കാത്തിരിക്കുന്നു. 19 ഗാദോ കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിമ്പടയെ ഞെരുക്കും. 20 ആശേരോ, അവന്റെ ആഹാരം പുഷ്ടിയുള്ളതു; അവൻ രാജകീയസ്വാദുഭോജനം നല്കും. 21 നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാൻ; അവൻ ലാവണ്യവാക്കുകൾ സംസാരിക്കുന്നു. 22 യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിന്നരികെ ഫലപ്രദമായോരു വൃക്ഷം തന്നേ; അതിന്റെ കൊമ്പുകൾ മതിലിന്മേൽ പടരുന്നു. 23 വില്ലാളികൾ അവനെ വിഷമിപ്പിച്ചു; അവർ എയ്തു, അവനോടു പൊരുതു. 24 അവന്റെ വില്ലു ഉറപ്പോടെ നിന്നു; അവന്റെ ഭുജം യാക്കോബിൻ വല്ലഭന്റെ കയ്യാൽ ബലപ്പെട്ടു; യിസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽ തന്നേ. 25 നിൻ പിതാവിന്റെ ദൈവത്താൽ - അവൻ നിന്നെ സഹായിക്കും സർവ്വശക്തനാൽ തന്നേ - അവൻ മീതെ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്റെ അനുഗ്രങ്ങളാലും മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും. 26 നിൻ പിതാവിന്റെ അനുഗ്രഹങ്ങൾ എൻ ജനകന്മാരുടെ അനുഗ്രഹങ്ങൾക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ടു. അവ യോസേഫിന്റെ തലയിലും തന്റെ സഹോദരന്മാരിൽ പ്രഭുവായവന്റെ നെറുകയിലും വരും. 27 ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായി; രാവിലേ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും. 28 യിസ്രായെൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവൻ അവരിൽ ഓരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു. 29 അവൻ അവരോടു ആജ്ഞാപിച്ചു പറഞ്ഞതു: ഞാൻ എന്റെ ജനത്തോടു ചേരുമ്പോൾ നിങ്ങൾ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽ എന്റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം. 30 കനാൻ ദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മൿപേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നേ. 31 അവിടെ അവർ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാൻ ലേയയെയും അടക്കി. 32 ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലെക്കു വാങ്ങിയതാകുന്നു. 33 യാക്കോബ് തന്റെ പുത്രന്മാരോടു ആജ്ഞാപിച്ചു തീർന്നശേഷം അവൻ കാൽ കട്ടിലിന്മേൽ എടുത്തു വെച്ചിട്ടു പ്രാണനെവിട്ടു തന്റെ ജനത്തോടു ചേർന്നു.

ഉല്പത്തി 50

1 അപ്പോൾ യോസേഫ് തന്റെ അപ്പന്റെ മുഖത്തു വീണു കരഞ്ഞു അവനെ ചുംബിച്ചു. 2 പിന്നെ തന്റെ അപ്പന്നു സുഗന്ധവർഗ്ഗം ഇടുവാൻ യോസേഫ് തന്റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗ്ഗം ഇട്ടു. 3 അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗ്ഗം ഇടുവാൻ അത്ര ദിവസം വേണ്ടി വരും. മിസ്രയീമ്യർ അവനെക്കുറിച്ചു എഴുപതു ദിവസം വിലാപം കഴിച്ചു. 4 അവന്നായുള്ള വിലാപകാലം കഴിഞ്ഞപ്പോൾ യോസേഫ് ഫറവോന്റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങൾക്കു എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങൾ ഫറവോനോടു: 5 എന്റെ അപ്പൻ: ഇതാ, ഞാൻ മരിക്കുന്നു; ഞാൻ കനാൻ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാൽ ഞാൻ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാൻ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണർത്തിപ്പിൻ എന്നു പറഞ്ഞു. 6 നിന്റെ അപ്പൻ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതു പോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോൻ കല്പിച്ചു. 7 അങ്ങനെ യോസേഫ് അപ്പനെ അടക്കുവാൻ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും 8 മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവർ ഗോശെൻ ദേശത്തു വിട്ടേച്ചുപോയി 9 രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു. 10 അവർ യോർദ്ദാന്നക്കരെയുള്ള ഗോരെൻ-ആതാദിൽ എത്തിയപ്പോൾ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവൻ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു. 11 ദേശനിവാസികളായ കനാന്യർ ഗോരെൻ-ആതാദിലെ വിലാപം കണ്ടിട്ടു: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ടു ആ സ്ഥലത്തിന്നു ആബേൽ-മിസ്രയീം എന്നു പേരായി; അതു യോർദ്ദാന്നക്കരെ ആകുന്നു. 12 അവൻ കല്പിച്ചിരുന്നതു പോലെ പുത്രന്മാർ അവന്നു ചെയ്തു. 13 അവന്റെ പുത്രന്മാർ അവനെ കനാൻ ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടു കൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മൿപേലയെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കംചെയ്തു. 14 യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരനും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്കു മടങ്ങിപ്പോന്നു. 15 അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ടു: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകലദോഷത്തിന്നും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു. 16 അവർ യോസേഫിന്റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കും മുമ്പെ: നിന്റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു. 17 ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു. 18 അവന്റെ സഹോദരന്മാർ ചെന്നു അവന്റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്കു അടിമകൾ എന്നു പറഞ്ഞു. 19 യോസേഫ് അവരോടു: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ? 20 നിങ്ങൾ എന്റെ നേരെ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിന്നു ജീവരക്ഷ വരുത്തേണ്ടതിന്നു അതിനെ ഗുണമാക്കിത്തീർത്തു. 21 ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി. 22 യോസേഫും അവന്റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു. 23 എഫ്രയീമിന്റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കളും യോസേഫിന്റെ മടിയിൽ വളർന്നു. 24 അനന്തരം യോസേഫ് തന്റെ സഹോദരന്മാരോടു: ഞാൻ മരിക്കുന്നു;എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യംചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു. 25 ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു. 26 യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവന്നു സുഗന്ധവർഗ്ഗം ഇട്ടു അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.


Free counters!   Site Meter(April28th2012)