Home Churches About
 

2 ദിനവൃത്താന്തം 1

1 ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി. 2 ശലോമോൻ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും 3 സംസാരിച്ചിട്ടു ശലോമോൻ സർവ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനക്കുടാരം അവിടെ ആയിരുന്നു. 4 എന്നാൽ ദൈവത്തിന്റെ പെട്ടകം ദാവീദ് കിർയ്യത്ത്-യെയാരീമിൽനിന്നു താൻ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവൻ അതിന്നായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു. 5 ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാർത്ഥിച്ചു. 6 ശലോമോൻ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനക്കുടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു. 7 അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടു: ഞാൻ നിനക്കു എന്തു തരേണം; ചോദിച്ചുകൊൾക എന്നരുളിച്ചെയ്തു. 8 ശലോമോൻ ദൈവത്തോടു പറഞ്ഞതു: എന്റെ അപ്പനായ ദാവീദിനോടു നീ മഹാദയകാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു. 9 ആകയാൽ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‍വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ. 10 ആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും? 11 അതിന്നു ദൈവം ശലോമോനോടു: ഇതു നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീർഘായുസ്സോ ചോദിക്കാതെ ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും 12 ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആർക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആർക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാൻ നിനക്കു തരും എന്നു അരുളിച്ചെയ്തു. 13 പിന്നെ ശലോമോൻ ഗിബെയോനിലെ പൂജാഗിരിയിൽനിന്നു, സമാഗമനക്കുടാരത്തിന്റെ മുമ്പിൽനിന്നു തന്നേ, യെരൂശലേമിലേക്കു വന്നു യിസ്രായേലിൽ വാണു. 14 ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചു. 15 രാജാവു യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി. 16 ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും. 17 അവർ മിസ്രയീമിൽ നിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.

2 ദിനവൃത്താന്തം 2

1 അനന്തരം ശലോമോൻ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാൻ നിശ്ചയിച്ചു. 2 ശലോമോൻ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവർക്കു മേൽവിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു. 3 പിന്നെ ശലോമോൻ സോർരാജാവായ ഹൂരാമിന്റെ അടുക്കൽ ആളയച്ചു പറയിച്ചതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് തനിക്കു പാർപ്പാൻ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം. 4 ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാൻ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതിൽ അവന്റെ സന്നിധിയിൽ സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു. 5 ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാൽ ഞാൻ പണിവാൻ പോകുന്ന ആലയം വലിയതു. 6 എന്നാൽ അവന്നു ആലയം പണിവാൻ പ്രാപ്തിയുള്ളവൻ ആർ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും അവൻ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാൻ ആർ? 7 ആകയാൽ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കൽ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂൽ, ചുവപ്പു നൂൽ, നീലനൂൽ എന്നിവകൊണ്ടു പണിചെയ്‍വാൻ സമർത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കൽ അയച്ചുതരേണം. 8 ലെബാനോനിൽനിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാർ ലെബാനോനിൽ മരംവെട്ടുവാൻ സമർത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാൻ എന്റെ വേലക്കാർ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും. 9 ഞാൻ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം. 10 മരംവെട്ടുകാരായ നിന്റെ വേലക്കാർക്കു ഞാൻ ഇരുപതിനായിരം കോർ കോതമ്പരിയും ഇരുപതിനായിരം കോർ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും. 11 സോർരാജാവായ ഹൂരാം ശലോമോന്നു: യഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു. 12 ഹൂരാം പിന്നെയും പറഞ്ഞതു: യഹോവെക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ്‌രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. 13 ഇപ്പോൾ ഞാൻ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു. 14 അവൻ ഒരു ദാന്യസ്ത്രീയുടെ മകൻ; അവന്റെ അപ്പൻ ഒരു സോർയ്യൻ. പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂൽ, നീല നൂൽ, ചണനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവൻ സമർത്ഥൻ ആകുന്നു. 15 ആകയാൽ യജമാനൻ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാർക്കു കൊടുത്തയക്കട്ടെ. 16 എന്നാൽ ഞങ്ങൾ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം. 17 അനന്തരം ശലോമോൻ യിസ്രായേൽദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേർ എന്നു കണ്ടു. 18 അവരിൽ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എൺപതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാൻ മേൽ വിചാരകരായിട്ടും നിയമിച്ചു.

2 ദിനവൃത്താന്തം 3

1 അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി. 2 തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണിതുടങ്ങിയതു. 3 ദൈവാലയം പണിയേണ്ടതിന്നു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻ പ്രകാരം അതിന്റെ നീളം അറുപതുമുഴം, വീതി ഇരുപതുമുഴം. 4 മുൻഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു. 5 വലിയ ആലയത്തിന്നു അവൻ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു. 6 അവൻ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പർവ്വയീംപൊന്നു ആയിരന്നു. 7 അവൻ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നു കൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു. 8 അവൻ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു. 9 ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്നു ആയിരുന്നു: മാളികമുറികളും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു. 10 അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു. 11 കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു: 12 മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു. 13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു. 14 അവൻ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി. 15 അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു. 16 അന്തർമ്മന്ദിരത്തിൽ ഉള്ളപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കൽ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു. 17 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേതു ഇടത്തും നിർത്തി; വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.

2 ദിനവൃത്താന്തം 4

1 അവൻ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു. 2 അവൻ ഒരു വാർപ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കുപത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു. 3 അതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാർത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാർത്തുണ്ടാക്കിയിരുന്നു. 4 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു. 5 അതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കുപാനപാത്രത്തിന്റെ വകൂപോലെയും വിടർന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും. 6 അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാർക്കു കഴുകുവാനുള്ളതായിരുന്നു. 7 അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു. 8 അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവൻ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി. 9 അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു. 10 അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു. 11 ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻ രാജാവിന്നു വേണ്ടി ചെയ്ത പണി തീർത്തു. 12 സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി, 13 സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ 14 നാനൂറു മാതളപ്പഴം, പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ 15 കടൽ, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങൾ, 16 ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോൻ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു. 17 യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാർപ്പിച്ചു. 18 ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു. 19 ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും 20 അന്തർമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിർമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു, 21 സാക്ഷാൽ നിർമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും 22 തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.

2 ദിനവൃത്താന്തം 5

1 ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീർന്നു; പിന്നെ ശലോമോൻ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങൾ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വെച്ചു. 2 ശലോമോൻ യഹോവയുടെ നിയമപെട്ടകം സീയോൻ എന്ന ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവരുവാൻ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമിൽ കൂട്ടിവരുത്തി. 3 യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിൽ രാജാവിന്റെ അടുക്കൽ വന്നുകൂടി. 4 യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യർ പെട്ടകം എടുത്തു. 5 പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ സകലവിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നതു. 6 ശലോമോൻ രാജാവും അവന്റെ അടുക്കൽ കൂടിവന്നിരുന്ന യിസ്രായേൽസഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പിൽ യാഗം കഴിച്ചു. 7 പുരോഹിതന്മാർ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തർമ്മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിൻ കീഴെ കൊണ്ടുചെന്നു വെച്ചു. 8 കെരൂബുകൾ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു, 9 തണ്ടുകൾ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങൾ അന്തർമ്മന്ദിരത്തിന്നു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു. 10 യിസ്രായേൽ മക്കൾ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോൾ മോശെ ഹോരേബിൽവെച്ചു പെട്ടകത്തിൽ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല. 11 പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോൾ--അവിടെയുണ്ടായിരുന്ന പുരോഹിതന്മാർ കൂറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു; 12 ആസാഫ്, ഹേമാൻ, യെദൂഥൂൻ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു-- 13 കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. 14 യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാർക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.

2 ദിനവൃത്താന്തം 6

1 അപ്പോൾ ശലോമോൻ: താൻ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു; 2 എങ്കിലും ഞാൻ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാൻ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു. 3 പിന്നെ യിസ്രായേൽസഭ മുഴുവനും നിൽക്കെ രാജാവു തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സർവ്വസഭയേയും 4 അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവർത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. 5 എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല. 6 എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാൻ ദാവീദിനെയും ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്തു. 7 യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു. 8 എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോടു: എന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു; 9 എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകൻ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു. 10 അങ്ങനെ യഹോവ താൻ അരുളിച്ചെയ്ത വചനം നിവർത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാൻ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു. 11 യഹോവ യിസ്രായേൽമക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാൻ അതിൽ വെച്ചിട്ടുണ്ടു. 12 അനന്തരം അവൻ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ യിസ്രായേലിന്റെ സർവ്വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലർത്തി; 13 ശലോമോൻ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വെച്ചിരുന്നു; അതിൽ അവൻ കയറിനിന്നു യിസ്രായേലിന്റെ സർവ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലർത്തി പറഞ്ഞതു എന്തെന്നാൽ: 14 യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂർണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാർക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വർഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല. 15 നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവർത്തിച്ചുമിരിക്കുന്നു. 16 ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടു: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ നിനക്കു ഒരു പുരുഷൻ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവർത്തിക്കേണമേ. 17 യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ. 18 എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ? 19 എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയൻ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാർത്ഥനയും കേൾക്കേണ്ടതിന്നു അടിയന്റെ പ്രാർത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ. 20 അടിയൻ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥന കേൾക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കൺപാർത്തരുളേണമേ. 21 ഈ സ്ഥലത്തുവെച്ചു പ്രാർത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേൾക്കേണമേ; നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേൾക്കേണമേ; കേട്ടുക്ഷമിക്കേണമേ. 22 ഒരുത്തൻ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവൻ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവൻ ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ 23 നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു പ്രവർത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേൽതന്നേ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങൾക്കു ന്യായം പാലിച്ചുതരേണമേ. 24 നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവർ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തിൽവെച്ചു നിന്റെ മുമ്പാകെ പ്രാർത്ഥിക്കയും യാചിക്കയും ചെയ്താൽ 25 നീ സ്വർഗ്ഗത്തിൽ നിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവർക്കും അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ. 26 അവർ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോൾ അവർ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാർത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവർ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ, 27 നീ സ്വർഗ്ഗത്തിൽനിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവർ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴപെയ്യിക്കയും ചെയ്യേണമേ. 28 ദേശത്തു ക്ഷാമമോ മഹാമാരിയോ വെൺകതിർ, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളൻ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കൾ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ, 29 യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാർത്ഥനയും യാചനയും കഴിക്കയും ഓരോരുത്തൻ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആയലത്തിങ്കലേക്കു തിരിഞ്ഞു കൈ മലർത്തുകയും ചെയ്താൽ, 30 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽ നിന്നു കേട്ടു ക്ഷമിക്കയും 31 ഞങ്ങളുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തു അവർ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാൻ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഓരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നല്കുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു. 32 നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരൻ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ -- അവർ ഈ ആയലത്തിൽ വന്നു പ്രാർത്ഥിക്കും നിശ്ചയം-- 33 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരൻ നിന്നോടു പ്രാർത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ. 34 നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർത്ഥിച്ചാൽ 35 നീ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനയും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുക്കേണമേ. 36 അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ 37 അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവർ തങ്ങളുടെ ഹൃദയത്തിൽ ഉണർന്നു പ്രവാസദേശത്തുവെച്ചു: ഞങ്ങൾ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവർത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും 38 അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാർത്ഥിക്കയും ചെയ്താൽ 39 നീ നിന്റെ വാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു അവരുടെ പ്രാർത്ഥനയും യാചനകളും കേട്ടു അവർക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ. 40 ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാർത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ. 41 ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാർ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാർ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ. 42 യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓർക്കേണമേ.

2 ദിനവൃത്താന്തം 7

1 ശലോമോൻ പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു. 2 യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ കടപ്പാൻ കഴിഞ്ഞില്ല. 3 തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോൾ അവർ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവൻ നല്ലവൻ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു. 4 പിന്നെ രാജാവും സർവ്വജനവും യഹോവയുടെ സന്നിധിയിൽ യാഗംകഴിച്ചു. 5 ശലോമോൻ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സർവ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു. 6 പുരോഹിതന്മാർ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യർ: അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവർമുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാൻ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേൽ ഒക്കെയും നിൽക്കേ പുരോഹിതന്മാർ അവരുടെ മുമ്പിൽ കാഹളം ഊതി. 7 ശലോമോൻ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോൻ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അർപ്പിച്ചു. 8 ശലോമോനും ഹമാത്തിന്റെ അതിർമുതൽ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു. 9 എട്ടാം ദിവസം അവർ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവർ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു. 10 ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവൻ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു. 11 ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും തീർത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാൻ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവൻ ശുഭമായി നിവർത്തിച്ചു. 12 അതിന്റെശേഷം യഹോവ രാത്രിയിൽ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു. 13 മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാൻ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ, 14 എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും. 15 ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും. 16 എന്റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാൻ ഇപ്പോൾ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും. 17 നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാൻ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താൽ, 18 യിസ്രായേലിൽ വാഴുവാൻ നിനക്കു ഒരു പുരുഷൻ ഇല്ലാതെവരികയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാൻ നിന്റെ രാജാസനത്തെ സ്ഥിരമാക്കും. 19 എന്നാൽ നിങ്ങൾ തിരിഞ്ഞു, ഞാൻ നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ, 20 ഞാൻ അവർക്കു കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീർക്കും. 21 ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചു: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാൻ സംഗതി എന്തു എന്നു ചോദിക്കും. 22 അതിന്നു അവർ: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവർ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേർന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവൻ ഈ അനർത്ഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.

2 ദിനവൃത്താന്തം 8

1 ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം 2 ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാർപ്പിച്ചു. 3 അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു; 4 അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു. 5 അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും 6 ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകർക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു. 7 ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും 8 യിസ്രായേല്യർ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഇന്നുവരെയും ഊഴിയവേലക്കാരാക്കി. 9 യിസ്രായേല്യരിൽനിന്നോ ശലോമോൻ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവർ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപന്മാരും ആയിരുന്നു. 10 ശലോമോൻ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു. 11 ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കു വേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാർപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാര്യ പാർക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്നു അവൻ പറഞ്ഞു. 12 ശലോമോൻ താൻ മണ്ഡപത്തിന്നു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ 13 അതതു ദിവസത്തേക്കു വേണ്ടിയിരുന്നതു പോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവെക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു. 14 അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവൽക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന. 15 യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവർ വിട്ടുമാറിയില്ല. 16 യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‍വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീർന്നു. 17 ആ കാലത്തും ശലോമോൻ എദോംദേശത്തു കടൽക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി. 18 ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

2 ദിനവൃത്താന്തം 9

1 ശെബാരാജ്ഞി ശലോമോന്റെ കീർത്തികേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു. 2 അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു; സമാധാനം പറവാൻ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല. 3 ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവൻ പണിത അരമനയും 4 അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി. 5 അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യംതന്നേ; 6 ഞാൻ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വർത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല, ഞാൻ കേട്ട കേൾവിയെക്കാൾ നീ ശ്രേഷ്ഠനാകുന്നു. 7 നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ. 8 നിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാൻ നിന്നെ അവർക്കു രാജാവാക്കിയിരിക്കുന്നു. 9 അവൾ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവർഗ്ഗം പിന്നെ ഉണ്ടായിട്ടില്ല. 10 ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു. 11 രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല. 12 ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതിൽ പരമായി അവൾ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോൻ രാജാവു അവൾക്കു കൊടുത്തു; അങ്ങനെ അവൾ തന്റെ ബൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി. 13 സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു. 14 അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു. 15 ശലോമോൻ രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വൻ പരിച ഉണ്ടാക്കി; ഓരോപരിചെക്കു അറുനൂറു ശേക്കെൽ പൊൻ പലക ചെലവായി. 16 അവൻ പൊൻ പലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചെക്കു മുന്നൂറു ശേക്കെൽ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോൻ വനഗൃഹത്തിൽവെച്ചു. 17 രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു. 18 സിംഹാസനത്തോടു ചേർത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു. 19 ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല. 20 ശലോമോൻ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു. 21 രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തർശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തർശീശ് കപ്പലുകൾ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവയെ കൊണ്ടുവന്നു. 22 ഇങ്ങനെ ശലോമോൻ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു. 23 ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾപ്പാൻ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു. 24 അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊൻ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർ കഴുത എന്നിവയെ കൊണ്ടുവന്നു. 25 ശലോമോന്നു കുതിരകൾക്കും രഥങ്ങൾക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവൻ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു. 26 അവൻ നദി മുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു. 27 രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി. 28 മിസ്രയീമിൽനിന്നും സകലദേശങ്ങളിൽനിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും. 29 ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം നാഥാൻ പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോ ദർശകന്റെ ദർശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ. 30 ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു. 31 പിന്നെ ശലോമോൻ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 10

1 രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ടു അവനും ശെഖേമിൽ ചെന്നു. 2 എന്നാൽ ശലോമോൻ രാജാവിന്റെ സന്നിധിയിൽനിന്നു ഓടിപ്പോയി മിസ്രയീമിൽ പാർത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു. 3 അവർ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു: 4 നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെ മേൽ വെച്ചു; ആകയാൽ നിന്റെ അപ്പന്റെ കഠിനവേലയും അവൻ ഞങ്ങളുടെമേൽ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കാം എന്നു പറഞ്ഞു. 5 അവൻ അവരോടു: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി. 6 രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോൻ ജീവനോടിരിക്കുമ്പോൾ അവന്റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചു: ഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു ചോദിച്ചു. 7 അതിന്നു അവർ അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാൽ അവർ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു. 8 എന്നാൽ വൃദ്ധന്മാർ തന്നോടു പറഞ്ഞ ആലോചന അവൻ ത്യജിച്ചു, തന്നോടുകൂടെ വളർന്നവരായി തന്റെ മുമ്പിൽ നില്ക്കുന്ന യൌവനക്കാരോടു ആലോചിച്ചു: 9 നിന്റെ അപ്പൻ ഞങ്ങളുടെ മേൽ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങൾ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു. 10 അവനോടു കൂടെ വളർന്നിരുന്ന യൌവനക്കാർ അവനോടു: നിന്റെ അപ്പൻ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വെച്ചു: നീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടു: എന്റെ ചെറുവിരൽ എന്റെ അപ്പന്റെ അരയേക്കാൾ വണ്ണമുള്ളതായിരിക്കും. 11 എന്റെ അപ്പൻ നിങ്ങളുടെമേൽ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാൻ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു. 12 മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കൽ വരുവിൻ എന്നു രാജാവു പറഞ്ഞതു പോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കൽവന്നു. 13 എന്നാൽ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു 14 യൌവനക്കാരുടെ ആലോചനപ്രകാരം അവരോടു: എന്റെ അപ്പൻ ഭാരമുള്ള നുകം നിങ്ങളുടെമേൽ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പൻ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു. 15 ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു. 16 രാജാവു തങ്ങളുടെ അപേക്ഷ കേൾക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോൾ ജനം രാജാവിനോടു: ദാവീദിങ്കൽ ഞങ്ങൾക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങൾക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊൾവിൻ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊൾക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി. 17 യെഹൂദാനഗരങ്ങളിൽ പാർത്തിരുന്ന യിസ്രായേല്യർക്കോ രെഹബെയാം രാജാവായ്തീർന്നു. 18 പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യർ അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തിൽ രഥം കയറി യെരൂശലേമിലേക്കു ഓടിപ്പോയി. 19 ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.

2 ദിനവൃത്താന്തം 11

1 രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്റെയും ഗൃഹത്തിൽനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു. 2 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 3 ശലോമോന്റെ മകനായി യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക: 4 നിങ്ങൾ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവർ യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു. 5 രെഹബെയാം യെരൂശലേമിൽ പാർത്തു യെഹൂദയിൽ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു. 6 അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം ഏതാം, തെക്കോവ, 7 ബേത്ത്-സൂർ, സോഖോ, അദുല്ലാം 8 ഗത്ത്, മാരേശാ, സീഫ്, 9 അദോരയീം, ലാഖീശ്, അസേക്കാ, 10 സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു. 11 അവൻ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു. 12 അവൻ ഓരോ പട്ടണത്തിലും വൻ പരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്തു ഉണ്ടായിരുന്നു. 13 എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളിൽ നിന്നും അവന്റെ അടുക്കൽ വന്നുചേർന്നു. 14 യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു, താൻ ഉണ്ടാക്കിയ പൂജാഗിരികൾക്കും മേഷവിഗ്രഹങ്ങൾക്കും കാളക്കുട്ടികൾക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു, 15 ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു. 16 അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു യാഗംകഴിപ്പാൻ യെരൂശലേമിൽ വന്നു. 17 ഇങ്ങനെ അവർ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയിൽ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു. 18 രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു. 19 അവൾ അവന്നു യെയൂശ്, ശെമർയ്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു. 20 അവളുടെശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവൾ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു. 21 രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും വെച്ചു അബ്ശാലോമിന്റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവൻ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു. 22 രെഹബെയാം മയഖയുടെ മകനായ അബീയാവെ രാജാവാക്കുവാൻ ഭാവിച്ചതുകൊണ്ടു അവനെ അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു. 23 അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു: യെഹൂദയുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെ ഒക്കെയും പിരിച്ചയച്ചു, അവർക്കു ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.

2 ദിനവൃത്താന്തം 12

1 എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറെച്ചു അവൻ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു. 2 അവർ യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ 3 മിസ്രയീംരാജാവായ ശീശൿ ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടും കൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമിൽനിന്നു വന്നിരുന്ന ലൂബ്യർ, സൂക്യർ, കൂശ്യർ, എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു. 4 അവൻ യെഹൂദയോടു ചേർന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു. 5 അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും ശീശൿ നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽ വന്നു അവരോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. 6 അതിന്നു യിസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തി: യഹോവ നീതിമാൻ ആകുന്നു എന്നു പറഞ്ഞു. 7 അവർ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോൾ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാൽ: അവർ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാൽ ഞാൻ അവരെ നശിപ്പിക്കാതെ അവർക്കു ഒരുവിധം രക്ഷ നല്കും; എന്റെ കോപം ശീശൿ മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല. 8 എങ്കിലും അവർ എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന്നു അവർ അവന്നു അധീനന്മാരായ്തീരും. 9 ഇങ്ങനെ മിസ്രയീംരാജാവായ ശീശൿ യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോൻ ഉണ്ടാക്കിയ പൊൻ പരിചകളും അവൻ എടുത്തുകൊണ്ടുപോയി. 10 അവെക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകൾ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യിൽ ഏല്പിച്ചു. 11 രാജാവു യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോൾ അകമ്പടികൾ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയിൽ കൊണ്ടുപോയി വെക്കുകയും ചെയ്യും. 12 അവൻ തന്നെത്താൻ താഴ്ത്തിയപ്പോൾ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയിൽ ഏതാനും നന്മ ഉണ്ടായിരുന്നു. 13 ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമിൽ തന്നെത്താൻ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു. 14 യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാൽ അവൻ ദോഷം ചെയ്തു. 15 രെഹബെയാമിന്റെ വൃത്താന്തങ്ങൾ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദർശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു. 16 രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 13

1 യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടിൽ അബീയാവു യെഹൂദയിൽ രാജാവായി. 2 അവൻ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരീയേലിന്റെ മകൾ. അബീയാവിന്നും യൊരോബെയാമിന്നും തമ്മിൽ യുദ്ധം ഉണ്ടായി. 3 അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി. 4 എന്നാൽ അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുംകൊണ്ടു പറഞ്ഞതു: യെരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ. 5 യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാർക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങൾ അറിയേണ്ടതല്ലയോ? 6 എന്നാൽ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്റെ യജമാനനോടു മത്സരിച്ചു. 7 നീചന്മാരായ നിസ്സാരന്മാർ അവന്റെ അടുക്കൽ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ദാർഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാൽ അവരോടു എതിർത്തുനില്പാൻ അവന്നു കഴിഞ്ഞില്ല. 8 നിങ്ങൾ ഇപ്പോൾ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിർത്തുനില്പാൻ വിചാരിക്കുന്നു; നിങ്ങൾ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങൾക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊൻകാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ. 9 നിങ്ങൾ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങൾക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവെക്കു പുരോഹിതനായ്തീരുന്നു. 10 ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങൾ ഉപേക്ഷിച്ചിട്ടില്ല: യഹോവെക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാർ ഞങ്ങൾക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു. 11 അവർ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവെക്കു ഹോമയാഗങ്ങളും പരിമളധൂപവും അർപ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കന്നു; പൊൻ നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു. 12 ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങൾ യുദ്ധം ചെയ്യരുതു; നിങ്ങൾ കൃതാർത്ഥരാകയില്ല; 13 എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാൻ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവർ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാർ പുറകിലും ആയി. 14 യെഹൂദ്യർ തിരിഞ്ഞുനോക്കിയപ്പോൾ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാർ കാഹളം ഊതി, യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചു. 15 യെഹൂദാപുരുഷന്മാർ ആർത്തുവിളിച്ചപ്പോൾ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി. 16 യിസ്രായേല്യർ യെഹൂദ്യരുടെ മുമ്പിൽനിന്നു ഓടി, ദൈവം അവരെ അവരുടെ കയ്യിൽ ഏല്പിച്ചു; 17 അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കൾ ഹതന്മാരായി വീണു. 18 ഇങ്ങനെ യിസ്രായേല്യർക്കു ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു. 19 അബീയാവു യൊരോബെയാമിനെ പിന്തുടർന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേർന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേർന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേർന്ന ഗ്രാമങ്ങളും തന്നേ. 20 യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു, 21 അവൻ മരിച്ചുപോയി. എന്നാൽ അബീയാവു ബലവാനായ്തീർന്നു; അവൻ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു. 22 അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.

2 ദിനവൃത്താന്തം 14

1 അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി. 2 ആസാ തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു. 3 അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, 4 യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു. 5 അവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു. 6 യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു. 7 അവൻ യെഹൂദ്യരോടു: നാം ഈ പട്ടണങ്ങളെ പണിതു അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതു തീർത്തു. 8 ആസെക്കു വൻ പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 9 അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു. 10 ആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ പടെക്കു അണിനിരത്തി. 11 ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു. 12 അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി. 13 ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരേ പിന്തുടർന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവർച്ചയും എടുത്തുകൊണ്ടു പോന്നു. 14 അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽ നിന്നു ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു. 15 അവർ നാൽക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

2 ദിനവൃത്താന്തം 15

1 അനന്തരം ഓദേദിന്റെ മകനായ അസർയ്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു. 2 അവൻ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാൽ: ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ; നിങ്ങൾ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവൻ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവൻ നിങ്ങളെയും ഉപേക്ഷിക്കും. 3 യിസ്രായേൽ ഇപ്പോൾ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു; 4 എന്നാൽ അവർ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോൾ, അവർ അവനെ കണ്ടെത്തി. 5 ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികൾക്കു ഒക്കെയും മഹാകലാപങ്ങൾ ഭവിച്ചു. 6 ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകർത്തുകളഞ്ഞു. 7 എന്നാൽ നിങ്ങൾ ധൈര്യമായിരിപ്പിൻ; നിങ്ങളുടെ കൈകൾ തളർന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും. 8 ആസാ ഈ വാക്കുകളും ഓദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോൾ അവൻ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടിൽ അവൻ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ളേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിൻ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു. 9 പിന്നെ അവൻ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽ നിന്നും ശിമേയോനിൽനിന്നും അവരുടെ അടുക്കൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലിൽനിന്നു അനേകർ വന്നു അവനോടു ചേർന്നു. 10 ഇങ്ങനെ അവർ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി. 11 തങ്ങൾ കൊണ്ടുവന്ന കൊള്ളയിൽനിന്നു അവർ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവെക്കു യാഗം കഴിച്ചു. 12 പിന്നെ അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും 13 ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു. 14 അവർ മഹാഘോഷത്തോടും ആർപ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യംചെയ്തു. 15 എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവർ പൂർണ്ണഹൃദയത്തോടെ സത്യംചെയ്തു പൂർണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവർ അവനെ കണ്ടെത്തുകയും യഹോവ അവർക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു. 16 ആസാരാജാവു തന്റെ അമ്മയായ മയഖയെയും അവൾ അശേരകൂ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കക്കളഞ്ഞു; അവളുടെ മ്ളേച്ഛവിഗ്രഹം ആസാ വെട്ടിത്തകർത്തു കിദ്രോൻ തോട്ടിങ്കൽവെച്ചു ചുട്ടുകളഞ്ഞു. 17 എന്നാൽ പൂജാഗിരികൾക്കു യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു. 18 വെള്ളി, പൊന്നു, ഉപകരണങ്ങൾ എന്നിങ്ങനെ തന്റെ അപ്പൻ നിവേദിച്ചതും താൻ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവൻ ദൈവാലയത്തിലേക്കു കൊണ്ടുവന്നു. 19 ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.

2 ദിനവൃത്താന്തം 16

1 ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കൽ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു. 2 അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാം രാജാവായ ബെൻ-ഹദദിന്നു കൊടുത്തയച്ചു: 3 എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മിൽ സഖ്യതയുണ്ടല്ലോ; ഇതാ, ഞാൻ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേൽരാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു. 4 ബെൻ-ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങൾക്കു നേരെ അയച്ചു; അവർ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി. 5 ബയെശാ അതു കേട്ടപ്പോൾ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിർത്തിവെച്ചു. 6 അപ്പോൾ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയി: അവൻ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു. 7 ആ കാലത്തു ദർശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കൽ വന്നു അവനോടു പറഞ്ഞതു എന്തെന്നാൽ: നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യിൽനിന്നു തെറ്റിപ്പോയിരിക്കുന്നു. 8 കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ നിന്റെ കയ്യിൽ ഏല്പിച്ചുതന്നു. 9 യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്വം പ്രവർത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും. 10 അപ്പോൾ ആസാ ദർശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തിൽ ചിലരെ പീഡിപ്പിച്ചു. 11 ആസയുടെ വൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 12 ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവൻ തന്റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു. 13 ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടിൽ മരിച്ചു. 14 അവൻ ദാവീദിന്റെ നഗരത്തിൽ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവർഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.

2 ദിനവൃത്താന്തം 17

1 അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവൻ യിസ്രായേലിന്നെതിരെ പ്രബലനായ്തീർന്നു. 2 അവൻ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി. 3 യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ 4 തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു 5 യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി. 6 അവന്റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ടു അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയിൽനിന്നു നീക്കിക്കളഞ്ഞു. 7 അവൻ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ടു ബെൻ-ഹയീൽ, ഓബദ്യാവു, സെഖർയ്യാവു, നെഥനയേൽ, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും 8 അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാൻ, അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു. 9 അവർ യെഹൂദയിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യിൽ ഉണ്ടായിരുന്നു; അവർ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു. 10 യഹോവയിങ്കൽനിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. 11 ഫെലിസ്ത്യരിലും ചിലർ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിൻ കൂട്ടത്തെ കൊണ്ടുവന്നു. 12 യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായ്തീർന്നു, യെഹൂദയിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു. 13 അവന്നു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കൾ യെരൂശലേമിൽ ഉണ്ടായിരുന്നു. 14 പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതു: യെഹൂദയുടെ സഹസ്രാധിപന്മാർ: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികൾ; 15 അവന്റെശേഷം യെഹോഹാനാൻ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേർ; 16 അവന്റെ ശേഷം തന്നെത്താൻ മനഃപൂർവ്വമായി യഹോവെക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകൻ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികൾ; 17 ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേർ; 18 അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേർ. 19 രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവർ ഇവർ തന്നേ.

2 ദിനവൃത്താന്തം 18

1 യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവൻ ആഹാബിനോടു സംബന്ധം കൂടി. 2 ചില സംവത്സരം കഴിഞ്ഞശേഷം അവൻ ശമർയ്യയിൽ ആഹാബിന്റെ അടുക്കൽ ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു. 3 യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടു: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവൻ അവനോടു: ഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങൾ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു. 4 യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു: ഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു. 5 യിസ്രായേൽരാജാവു നാനൂറു പ്രവാചകന്മാരെ വരുത്തി അവരോടു: ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവർ: പുറപ്പെടുക; ദൈവം അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു. 6 എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു. 7 അതിന്നു യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: നാം യഹോവയോടു അരുളപ്പാടു ചോദിപ്പാൻ തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാൽ അവൻ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴുംദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവൻ യിമ്ളയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു. 8 അങ്ങനെ യിസ്രായേൽരാജാവു ഒരു ഷണ്ഡനെ വിളിച്ചു: യിമ്ളയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു. 9 യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമർയ്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു. 10 കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കി: നീ ഇവകൊണ്ടു അരാമ്യരെ അവർ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 11 പ്രവാചകന്മാർ ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാർത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യിൽ ഏല്പിക്കും എന്നു പറഞ്ഞു. 12 മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോകൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു. 13 അതിന്നു മീഖായാവു: യഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാൻ പ്രസ്താവിക്കും എന്നു പറഞ്ഞു. 14 അവൻ രാജാവിന്റെ അടുക്കൽ വന്നപ്പോൾ രാജാവു അവനോടു: മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവൻ: പുറപ്പെടുവിൻ; നിങ്ങൾ കൃതാർത്ഥരാകും; അവർ നിങ്ങളുടെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു. 15 രാജാവു അവനോടു: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാൻ നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു. 16 അതിന്നു അവൻ: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പർവ്വതങ്ങളിൽ ചിതറിയിരിക്കുന്നതു ഞാൻ കണ്ടു; അപ്പോൾ യഹോവ: ഇവർക്കു നാഥനില്ല; ഇവൻ ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു. 17 അപ്പോൾ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഇവൻ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാൻ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു. 18 അതിന്നു അവൻ പറഞ്ഞതു: എന്നാൽ യഹോവയുടെ വചനം കേട്ടുകൊൾവിൻ! യഹോവ തന്റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വർഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാൻ കണ്ടു. 19 യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന്നു അവനെ ആർ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തൻ ഇങ്ങനെയും ഒരുത്തൻ അങ്ങനെയും പറഞ്ഞു. 20 എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാൻ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടു: ഏതിനാൽ എന്നു ചോദിച്ചു. 21 അതിന്നു അവൻ: ഞാൻ ചെന്നു അവന്റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവൻ കല്പിച്ചു. 22 ആകയൽ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനർത്ഥം കല്പിച്ചുമിരിക്കുന്നു. 23 അപ്പോൾ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവെ ചെകിട്ടത്തു അടിച്ചു: നിന്നോടു സംസാരിപ്പാൻ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു. 24 അതിന്നു മീഖായാവു: നീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു. 25 അപ്പോൾ യിസ്രായേൽരാജാവു പറഞ്ഞതു: നിങ്ങൾ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ കൊണ്ടുചെന്നു: 26 ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാൻ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിൻ. 27 അതിന്നു മീഖായാവു: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാൻ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊൾവിൻ എന്നും അവൻ പറഞ്ഞു. 28 അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി. 29 എന്നാൽ യിസ്രായേൽരാജാവു യെഹോശാഫാത്തിനോടു: ഞാൻ വേഷംമാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊൾക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവു വേഷംമാറി, അവർ പടയിൽ കടന്നു. 30 എന്നാൽ അരാംരാജാവു തന്റെ രഥനായകന്മാരോടു: നിങ്ങൾ യിസ്രായേൽരാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു. 31 ആകയാൽ രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ; ഇവൻ തന്നേ യിസ്രായേൽരാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാൻ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാൻ ദൈവം അവർക്കു തോന്നിച്ചു. 32 അവൻ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ കണ്ടിട്ടു അവർ അവനെ പിന്തുടരാതെ മടങ്ങിപ്പോയി. 33 എന്നാൽ ഒരുത്തൻ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേൽരാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവൻ തന്റെ സാരഥിയോടു: നിന്റെ കൈ തിരിച്ചു എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. 34 അന്നു പട കഠിനമായി തീർന്നതുകൊണ്ടു യിസ്രായേൽരാജാവു സന്ധ്യവരെ അരാമ്യർക്കെതിരെ രഥത്തിൽ നിവിർന്നുനിന്നു; സൂര്യൻ അസ്തമിക്കുന്ന സമയത്തു അവൻ മരിച്ചുപോയി.

2 ദിനവൃത്താന്തം 19

1 യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ 2 ഹനാനിയുടെ മകനായ യേഹൂദർശകൻ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടു: ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു. 3 എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു. 4 യെഹോശാഫാത്ത് യെരൂശലേമിൽ പാർത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചു വരുത്തി. 5 അവൻ ദേശത്തു പട്ടണംതോറും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു: 6 നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യർക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു. 7 ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവർത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ. 8 യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു; 9 അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ യഹോവാ ഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവർത്തിച്ചുകൊള്ളേണം. 10 അതതു പട്ടണത്തിൽ പാർക്കുന്ന നിങ്ങളുടെ സഹോദരന്മാർ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവർ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങൾ അവർക്കു ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊൾവിൻ. 11 ഇതാ, മഹാപുരോഹിതനായ അമർയ്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവർത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.

2 ദിനവൃത്താന്തം 20

1 അതിന്റെ ശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു. 2 ചിലർ വന്നു യെഹോശാഫാത്തിനോടു: വലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമിൽനിന്നു നിന്റെ നേരെ വരുന്നു; ഇതാ അവർ ഏൻ-ഗെദിയെന്ന ഹസസോൻ-താമാരിൽ ഉണ്ടു എന്നു അറിയിച്ചു. 3 യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാൻ താല്പര്യപ്പെട്ടു യെഹൂദയിൽ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു. 4 യഹോവയോടു സഹായം ചോദിപ്പാൻ യെഹൂദ്യർ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്നു അവർ യഹോവയെ അന്വേഷിപ്പാൻ വന്നു. 5 യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്റെ മുമ്പിൽ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ: 6 ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വർഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആർക്കും എതിർപ്പാൻ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ. 7 ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പിൽനിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ. 8 അവർ അതിൽ പാർത്തു; ന്യായവിധിയുടെ വാൾ, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനർത്ഥവും ഞങ്ങൾക്കു വരുമ്പോൾ, ഞങ്ങൾ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു. 9 അതിൽ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു. 10 യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോൾ അവർ അമ്മോന്യരേയും മോവാബ്യരേയും സേയീർ പർവ്വതക്കാരെയും ആക്രമിപ്പാൻ നീ അനുവാദം കൊടുത്തില്ലല്ലോ; അവർ അവരെ നശിപ്പിക്കാതെ വിട്ടുമാറി. 11 ഇപ്പോൾ ഇതാ, നീ ഞങ്ങൾക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാൻ അവർ വന്നു ഞങ്ങൾക്കു ഇങ്ങനെ പ്രതിഫലം തരുന്നു. 12 ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിർപ്പാൻ ഞങ്ങൾക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകൾ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു. 13 അങ്ങനെ യെഹൂദ്യർ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയിൽ നിന്നു. 14 അപ്പോൾ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരിൽ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖർയ്യാവിന്റെ മകൻ യഹസീയേൽ എന്ന ഒരു ലേവ്യന്റെ മേൽ വന്നു. 15 അവൻ പറഞ്ഞതു എന്തെന്നാൽ: യെഹൂദ്യർ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊൾവിൻ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ. 16 നാളെ അവരുടെ നേരെ ചെല്ലുവിൻ; ഇതാ, അവർ സീസ് കയറ്റത്തിൽകൂടി കയറി വരുന്നു; നിങ്ങൾ അവരെ യെരൂവേൽമരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും. 17 ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിൻ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു. 18 അപ്പോൾ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യർ ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു. 19 കെഹാത്യരും കോരഹ്യരുമായ ലേവ്യർ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാൻ എഴുന്നേറ്റു. 20 പിന്നെ അവർ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവർ പുറപ്പെട്ടപ്പോൾ യഹോശാഫാത്ത് നിന്നുകൊണ്ടു: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേൾപിൻ; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ ഉറെച്ചുനില്ക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിൻ; എന്നാൽ നിങ്ങൾ കൃതാർത്ഥരാകും എന്നു പറഞ്ഞു. 21 പിന്നെ അവൻ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിൻ, അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവെക്കു സംഗീതക്കാരെ നിയമിച്ചു. 22 അവർ പാടി സ്തുതിച്ചു തുടങ്ങിയപ്പോൾ: യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീർപർവ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവർ തോറ്റുപോയി. 23 അമ്മോന്യരും മോവാബ്യരും സേയീർപർവ്വതനിവാസികളോടു എതിർത്തു അവരെ നിർമ്മൂലമാക്കി നശിപ്പിച്ചു; സേയീർനിവാസികളെ സംഹരിച്ചശേഷം അവർ അന്യോന്യം നശിപ്പിച്ചു. 24 യെഹൂദ്യർ മരുഭൂമിയിലെ കാവൽ ഗോപുരത്തിന്നരികെ എത്തിയപ്പോൾ അവർ പുരുഷാരത്തെ നോക്കി, അവർ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല. 25 യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാൻ വന്നപ്പോൾ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങൾക്കു ചുമപ്പാൻ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവർ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു. 26 നാലാം ദിവസം അവർ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി; അവർ അവിടെ യഹോവെക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേർ പറഞ്ഞുവരുന്നു. 27 യഹോവ അവർക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു; 28 അവർ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു. 29 യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോൾ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു. 30 ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു. 31 യെഹോശാഫാത്ത് യെഹൂദയിൽ വാണു; വാണുതുടങ്ങിയപ്പോൾ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവൻ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേർ; അവൾ ശിൽഹിയുടെ മകൾ ആയിരുന്നു. 32 അവൻ തന്റെ അപ്പനായ ആസയുടെ വഴിയിൽ നടന്നു അതു വിട്ടുമാറാതെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. 33 എങ്കിലും പൂജാഗിരികൾക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല. 34 യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 35 അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവൻ മഹാദുഷ്‌പ്രവൃത്തിക്കാരനായിരുന്നു. 36 അവൻ തർശീശിലേക്കു ഓടിപ്പാൻ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവർ എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകളുണ്ടാക്കി. 37 എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസെർ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകൾ തർശീശിലേക്കു ഓടുവാൻ കഴിയാതെ ഉടഞ്ഞുപോയി.

2 ദിനവൃത്താന്തം 21

1 യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി. 2 അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസർയ്യാവു, യെഹീയേൽ, സെഖർയ്യാവു, അസർയ്യാവു, മീഖായേൽ, ശെഫത്യാവു എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ. 3 അവരുടെ അപ്പൻ അവർക്കു വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവന്നു കൊടുത്തു. 4 യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താൽ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാൾകൊണ്ടു കൊന്നു. 5 യെഹോരാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു. 6 ആഹാബ്ഗൃഹം ചെയ്തതുപോലെ അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നുവല്ലോ; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. 7 എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാർക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. 8 അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു. 9 യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയിൽ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു. 10 എന്നാൽ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവൻ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു. 11 അവൻ യെഹൂദാപർവ്വതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു. 12 അവന്നു എലീയാപ്രവാചകന്റെ പക്കൽനിന്നു ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ 13 യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാൾ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു 14 യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും. 15 നിനക്കോ ദീനത്താൽ നിന്റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും. 16 യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണർത്തി; 17 അവർ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല. 18 ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു. 19 കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താൽ അവന്റെ കുടൽ പുറത്തുചാടി അവൻ കഠിനവ്യാധിയാൽ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാർക്കു കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല. 20 അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു ആർക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.

2 ദിനവൃത്താന്തം 22

1 യെരൂശലേംനിവാസികൾ അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി. 2 അഹസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ ഒമ്രിയുടെ മകളായിരുന്നു. 3 അവനും ആഹാബ്ഗൃഹത്തിന്റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവർത്തിപ്പാൻ അവന്റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു. 4 അതുകൊണ്ടു അവൻ ആഹാബ്ഗൃഹത്തെപ്പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവർ അവന്റെ അപ്പൻ മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു. 5 അവരുടെ ആലോചനപോലെ അവൻ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിനോടുകൂടെ അവൻ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു. 6 അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു ഏറ്റ മുറിവുകൾക്കു ചികിത്സ ചെയ്യേണ്ടതിന്നു അവൻ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അസർയ്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്മാൻ യിസ്രെയേലിൽ ചെന്നു. 7 യോരാമിന്റെ അടുക്കൽ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടു കൂടെ പുറപ്പെട്ടു. 8 യേഹൂ ആഹാബ്ഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവൻ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്നു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ടു അവരെ കൊന്നുകളഞ്ഞു. 9 പിന്നെ അവൻ അഹസ്യാവെ അന്വേഷിച്ചു; അവൻ ശമർയ്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവർ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവർ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തിൽ ആർക്കും രാജത്വം വഹിപ്പാൻ ശക്തിയില്ലാതെയിരുന്നു. 10 അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകൻ മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു. 11 എന്നാൽ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്--അവൾ അഹസ്യാവിന്റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു. 12 അവൻ അവരോടുകൂടെ ആറു സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു.

2 ദിനവൃത്താന്തം 23

1 ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകൻ അസർയ്യാവു യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസർയ്യാവു, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു. 2 അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു. 3 സർവ്വസഭയും ദൈവാലയത്തിൽവെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവൻ അവരോടു പറഞ്ഞതു: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം. 4 നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവൽക്കാരായിരിക്കേണം. 5 മൂന്നിൽ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതിൽക്കലും നിൽക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിൽ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം. 6 എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുതു; അവർ വിശുദ്ധരാകകൊണ്ടു അവർക്കു കടക്കാം; എന്നാൽ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം. 7 ലേവ്യരോ ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നിൽക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം. 8 ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതൻ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല. 9 യെഹോയാദാപുരോഹിതൻ ദാവീദ്‌രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാർക്കു കൊടുത്തു. 10 അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിർത്തി; 11 അവർ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആർത്തുവിളിച്ചു. 12 ജനം വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു. 13 പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതു രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു. 14 യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടു: അവളെ അണികളിൽകൂടി പുറത്തു കൊണ്ടു പോകുവിൻ; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ചു കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു. 15 അങ്ങനെ അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു: അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവെച്ചു അവർ അവളെ കൊന്നുകളഞ്ഞു. 16 അനന്തരം യെഹോയാദാ തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവ്വജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു. 17 പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു. 18 ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു. 19 വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവൻ യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ കാവൽക്കാരെ നിയമിച്ചു. 20 അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്നു ഇറക്കി മേലത്തെ പടിവാതിൽവഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി. 21 ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.

2 ദിനവൃത്താന്തം 24

1 യോവാശ് വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഏഴു വയസ്സായിരുന്നു; അവൻ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേർ-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേർ. 2 യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. 3 യെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവൻ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. 4 അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ മനസ്സുവെച്ചു. 5 അവൻ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു: യെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാൻ എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിൻ; ഈ കാര്യം വേഗം നിവർത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല. 6 ആകയാൽ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടു: സാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാൻ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു? 7 ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാർ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങൾക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു. 8 അങ്ങനെ അവർ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ പുറത്തുവെച്ചു. 9 ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽ വെച്ചു യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാൻ അവർ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു. 10 സകലപ്രഭുക്കന്മാരും സർവ്വ ജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവർ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു. 11 ലേവ്യർ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവർ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു. 12 രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവർക്കു കൊടുത്തു; അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാൻ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു. 13 അങ്ങനെ പണിക്കാർ വേല ചെയ്തു അറ്റകുറ്റം തീർത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു. 14 പണിതീർത്തിട്ടു ശേഷിച്ച ദ്രവ്യം അവർ രാജാവിന്റെയും യെഹോയാദയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവർ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അർപ്പിച്ചുപോന്നു. 15 യെഹോയാദാ വയോധികനും കാലസമ്പൂർണ്ണനുമായി മരിച്ചു; മരിക്കുമ്പോൾ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു; 16 അവൻ യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ടു അവർ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കം ചെയ്തു. 17 യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാർ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു. 18 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു. 19 അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാൻ അവൻ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവർ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവർ ചെവികൊടുത്തില്ല. 20 എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖർയ്യാവിന്റെ മേൽ വന്നു; അവൻ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതു: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശുഭം വരുവാൻ കഴിയാതവണ്ണം നിങ്ങൾ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങൾ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവൻ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു. 21 എന്നാൽ അവർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവെച്ചു അവനെ കല്ലെറിഞ്ഞു. 22 അങ്ങനെ യോവാശ്‌രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓർക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവൻ മരിക്കുമ്പോൾ: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു. 23 ആയാണ്ടു കഴിഞ്ഞപ്പോൾ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവർ യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്രാജാവിന്നു കൊടുത്തയച്ചു. 24 അരാമ്യസൈന്യം ആൾ ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവർ ന്യായവിധി നടത്തി. 25 അവർ അവനെ വിട്ടുപോയ ശേഷം--മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു--യെഹോയാദാ പുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽ വെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവൻ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും. 26 അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും തന്നേ. 27 അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീർത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 25

1 അമസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവൻ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ; അവൾ യെരൂശലേംകാരത്തിയായിരുന്നു. 2 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും. 3 രാജത്വം അവന്നു ഉറെച്ചശേഷം അവൻ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാർക്കു മരണശിക്ഷ നടത്തി. 4 എങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊല്ലിച്ചില്ല; അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഓരോരുത്തൻ താന്താന്റെ സ്വന്തപാപം നിമിത്തമേ മരിക്കാവു എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതു പോലെ തന്നേ. 5 എന്നാൽ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാർക്കും ശതാധിപന്മാർക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിർത്തി. ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നു ലക്ഷം എന്നു കണ്ടു. 6 അവൻ യിസ്രായേലിൽനിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി. 7 എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ യിസ്രായേലിനോടു കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല. 8 നീ തന്നേ ചെന്നു യുദ്ധത്തിൽ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പിൽ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു. 9 അമസ്യാവു ദൈവപുരുഷനോടു: എന്നാൽ ഞാൻ യിസ്രായേൽപടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷൻ: അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവെക്കു കഴിയും എന്നുത്തരം പറഞ്ഞു. 10 അങ്ങനെ അമസ്യാവു അവരെ, എഫ്രയീമിൽനിന്നു അവന്റെ അടുക്കൽ വന്ന പടക്കൂട്ടത്തെ തന്നേ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിന്നു വേർതിരിച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചു; അവർ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി. 11 അനന്തരം അമസ്യാവു ധൈര്യപ്പെട്ടു തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പുതാഴ്വരയിൽ ചെന്നു സേയീർയ്യരിൽ പതിനായിരംപേരെ നിഗ്രഹിച്ചു. 12 വേറെ പതിനായിരംപേരെ യെഹൂദ്യർ ജീവനോടെ പിടിച്ചു പാറമുകളിൽ കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകർന്നുപോയി. 13 എന്നാൽ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാൻ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകൾ ശമർയ്യമുതൽ ബേത്ത്-ഹോരോൻ വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു. 14 എന്നാൽ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവൻ സേയീർയ്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിർത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്കു ധൂപം കാട്ടുകയും ചെയ്തു. 15 അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ചു; നിന്റെ കയ്യിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു. 16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു അവനോടു: ഞങ്ങൾ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: നീ എന്റെ ആലോചന കേൾക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു. 17 അനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേൽരാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു. 18 അതിന്നു യിസ്രായേൽരാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: ലെബാനോനിലെ മുൾപടർപ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കൽ ആളയച്ചു: നിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുൾപടർപ്പിനെ ചവിട്ടിക്കളഞ്ഞു. 19 എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാർത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനർത്ഥത്തിൽ ഇടപെടുന്നതു എന്തിന്നു? 20 എന്നാൽ അമസ്യാവു കേട്ടില്ല; അവർ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താൽ സംഭവിച്ചു. 21 അങ്ങനെ യിസ്രായേൽരാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു തമ്മിൽ നേരിട്ടു. 22 യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി. 23 യിസ്രായേൽരാജാവായ യോവാശ്, യെഹോവാഹാസിന്റെ മകനായ യോവാശിന്റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശെമെശിൽവെച്ചു പിടിച്ചു യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ എഫ്രയീമിന്റെ പടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറുമുഴം ഇടിച്ചുകളഞ്ഞു. 24 അവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമർയ്യയിലേക്കു മടങ്ങിപ്പോയി. 25 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു. 26 എന്നാൽ അമസ്യാവിന്റെ മറ്റുള്ളവൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 27 അമസ്യാവു യഹോവയെ വിട്ടുമാറിയ കാലംമുതൽ അവർ യെരൂശലേമിൽ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി; അതുനിമിത്തം അവൻ ലാഖീശിലേക്കു ഓടിപ്പോയി: എന്നാൽ അവർ ലാഖീശിലേക്കു അവന്റെ പിന്നാലെ ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു. 28 അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.

2 ദിനവൃത്താന്തം 26

1 യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി. 2 രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവൻ തന്നേ. 3 ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു പതിനാറു വയസ്സായിരുന്നു. അവൻ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേർ. അവൾ യെരൂശലേംകാരത്തി ആയിരുന്നു. 4 അവൻ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. 5 ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖർയ്യാവിന്റെ ആയുഷ്കാലത്തു അവൻ ദൈവത്തെ അന്വേഷിച്ചു: അവൻ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി. 6 അവൻ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങൾ പണിതു. 7 ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ പാർത്ത അരാബ്യർക്കും മെയൂന്യർക്കും വിരോധമായി അവനെ സഹായിച്ചു. 8 അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവൻ അത്യന്തം പ്രബലനായിത്തീർന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു. 9 ഉസ്സീയാവു യെരൂശലേമിൽ കോൺവാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങൾ പണിതു ഉറപ്പിച്ചു. 10 അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികൾ ഉണ്ടായിരുന്നതുകൊണ്ടു അവൻ മരുഭൂമിയിൽ ഗോപുരങ്ങൾ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവൻ കൃഷിപ്രിയനായിരുന്നതിനാൽ അവന്നു മലകളിലും കർമ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു. 11 ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവർ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും. 12 യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു. 13 അവരുടെ അധികാരത്തിൻ കീഴിൽ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാൻ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു. 14 ഉസ്സീയാവു അവർക്കു, സർവ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു. 15 അവൻ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാൻ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വെക്കേണ്ടതിന്നു കൌശലപ്പണിക്കാർ സങ്കല്പിച്ച യന്ത്രങ്ങൾ യെരൂശലേമിൽ തീർപ്പിച്ചു; അവൻ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു. 16 എന്നാൽ അവൻ ബലവാനായപ്പോൾ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവൻ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാൻ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു. 17 അസർയ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു: 18 ഉസ്സീയാവേ, യഹോവെക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാൻ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാർക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊൾക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു. 19 ധൂപം കാട്ടുവാൻ കയ്യിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവൻ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽ തന്നേ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാർ കാൺകെ അവന്റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി. 20 മഹാപുരോഹിതനായ അസർയ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു. 21 അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവൻ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു. 22 ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ എഴുതിയിരിക്കുന്നു. 23 ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവൻ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവർ രാജാക്കന്മാർക്കുള്ള ശ്മശാനഭൂമിയിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 27

1 യോഥാം വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേർ; അവൾ സാദോക്കിന്റെ മകൾ ആയിരുന്നു. 2 അവൻ തന്റെ അപ്പനായ ഉസ്സീയാവു ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്കു അവൻ കടന്നില്ല; ജനമോ വഷളത്വം പ്രവർത്തിച്ചുകൊണ്ടിരുന്നു; 3 അവൻ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്റെ മതിലും അവൻ വളരെ പണിതു ഉറപ്പിച്ചു. 4 അവൻ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു. 5 അവൻ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യർ അവന്നു ആ ആണ്ടിൽ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോർ കോതമ്പും പതിനായിരം കോർ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യർ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു. 6 ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവൻ ബലവാനായിത്തീർന്നു. 7 യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലയുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. 8 വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു. 9 യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 28

1 ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല. 2 അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാർത്തുണ്ടാക്കി. 3 അവൻ ബെൻ-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു. 4 അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു. 5 ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ചു അവരിൽ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു. 6 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു. 7 എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എൽക്കാനയെയും കൊന്നുകളഞ്ഞു. 8 യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമർയ്യയിലേക്കു കൊണ്ടുപോയി. 9 എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു; അവൻ ശമർയ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു. 10 ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ? 11 ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും. 12 അപ്പോൾ യോഹാനാന്റെ മകൻ അസർയ്യാവു, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവു, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവു, ഹദ്ളായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലർ യുദ്ധത്തിൽനിന്നു വന്നവരോടു എതിർത്തുനിന്നു അവരോടു: 13 നിങ്ങൾ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. 14 അപ്പോൾ പ്രഭുക്കന്മാരും സർവ്വസഭയും കാൺകെ ആയുധപാണികൾ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു. 15 പേർ ചൊല്ലി വിളിക്കപ്പെട്ട ആളുകൾ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവർക്കു തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമർയ്യെക്കു മടങ്ങിപ്പോയി. 16 ആ കാലത്തു ആഹാസ്‌രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാക്കന്മാരുടെ അടുക്കൽ ആളയച്ചു. 17 എദോമ്യർ പിന്നെയും വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു. 18 ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേർന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേർന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേർന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാർത്തു. 19 യിസ്രായേൽരാജാവായ ആഹാസ് യെഹൂദയിൽ നിർമ്മർയ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി. 20 അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു. 21 ആഹാസ് യെഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവർന്നെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാൽ അവന്നു സഹായം ഉണ്ടായില്ല. 22 ആഹാസ്‌രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു. 23 എങ്ങനെയെന്നാൽ: അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ടു അവർ എന്നെയും സഹായിക്കേണ്ടതിന്നു ഞാൻ അവർക്കു ബലികഴിക്കും എന്നു പറഞ്ഞു അവൻ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാർക്കു ബലികഴിച്ചു; എന്നാൽ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു. 24 ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഓരോ മൂലയിലും ബലിപീഠങ്ങൾ ഉണ്ടാക്കി. 25 അന്യദേവന്മാർക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു. 26 അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. 27 ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കംചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 29

1 യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേർ. അവൾ സെഖയ്യാവിന്റെ മകൾ ആയിരുന്നു. 2 അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതു പോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു. 3 അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീർത്തു. 4 അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ: 5 ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ. 6 നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു പ്രവർത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ. 7 അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു. 8 അതുകൊണ്ടു യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ വന്നു; നിങ്ങൾ സ്വന്തകണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീർത്തിരിക്കുന്നു. 9 നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു. 10 ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‍വാൻ എനിക്കു താല്പര്യം ഉണ്ടു. 11 എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു; തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ. 12 അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസർയ്യാവിന്റെ മകൻ യോവേൽ, മെരാർയ്യരിൽ അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസർയ്യാവു; ഗേർശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്, 13 യോവാഹിന്റെ മകൻ ഏദെൻ; എലീസാ ഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖർയ്യാവു, മത്ഥന്യാവു; 14 ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവു, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു. 15 തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ വന്നു. 16 പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അതു കൊണ്ടു പോയി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു. 17 ഒന്നാം മാസം ഒന്നാം തിയ്യതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തിയ്യതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീർത്തു, 18 യെഹിസ്കീയാരാജാവിന്റെ അടുക്കൽ അകത്തു ചെന്നു; ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങൾ ഒക്കെയും വെടിപ്പാക്കി, 19 ആഹാസ്‌രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങൾ ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിൻ മുമ്പിൽ ഉണ്ടു എന്നു പറഞ്ഞു. 20 യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു. 21 അവർ രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗംകഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു. 22 അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു. കുഞ്ഞാടുകളെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു. 23 പിന്നെ അവർ പാപയാഗത്തിന്നുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈവെച്ചു. 24 പുരോഹിതന്മാർ അവയെ അറുത്തു എല്ലായിസ്രായേലിന്നും പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അർപ്പിച്ചു; എല്ലായിസ്രായേലിന്നും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്നു രാജാവു കല്പിച്ചിരുന്നു. 25 അവൻ ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിർത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്പിച്ചിരുന്നു. 26 ലേവ്യർ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാർ കാഹളങ്ങളോടുംകൂടെ നിന്നു. 27 പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾ തന്നേ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവെക്കു പാട്ടുപാടുവാൻ തുടങ്ങി. 28 ഉടനെ സർവ്വസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു. 29 യാഗം കഴിച്ചു തീർന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു. 30 പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദർശകന്റെയും വചനങ്ങളാൽ യഹോവെക്കു സ്തോത്രം ചെയ്‍വാൻ കല്പിച്ചു. അവൻ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു. 31 നിങ്ങൾ ഇപ്പോൾ യഹോവെക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവർ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു. 32 സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റൻ നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവെക്കു മഹായാഗത്തിന്നായിരുന്നു. 33 നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു. 34 പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലം തോലുരിപ്പാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു. 35 ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി. 36 ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.

2 ദിനവൃത്താന്തം 30

1 അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്നു 2 രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സർവ്വസഭയം നിർണ്ണയിച്ചിരുന്നു. 3 പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാൻ അവർക്കു കഴിഞ്ഞിരുന്നില്ല. 4 ആ കാര്യം രാജാവിന്നും സർവ്വസഭെക്കും സമ്മതമായി. 5 ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീർപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല. 6 അങ്ങനെ ഓട്ടാളർ രാജാവിന്റെ പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ. 7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുതു; അവൻ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ. 8 ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുതു; യഹോവെക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിൻ. 9 നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞു വരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല. 10 ആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു. 11 എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു. 12 യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവർക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു. 13 അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി. 14 അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോൻ തോട്ടിൽ എറിഞ്ഞുകളഞ്ഞു. 15 രണ്ടാം മാസം പതിന്നാലാം തിയ്യതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു. 16 അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിച്ചു. 17 തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവെക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു. 18 വലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവർക്കു വേണ്ടി പ്രാർത്ഥിച്ചു: 19 വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാൻ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു. 20 യഹോവ യെഹിസ്കീയാവിന്റെ പ്രാർത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി. 21 അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു. 22 യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമർത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അർപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു. 23 പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സർവ്വസഭയും നിർണ്ണയിച്ചു. അങ്ങനെ അവർ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു. 24 യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു. 25 യെഹൂദയുടെ സർവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സർവ്വസഭയും യിസ്രായേൽ ദേശത്തുനിന്നു വന്നു യെഹൂദയിൽ പാർത്തിരുന്ന പരദേശികളും സന്തോഷിച്ചു. 26 അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല. 27 ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.

2 ദിനവൃത്താന്തം 31

1 ഇതൊക്കെയും തീർന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകർത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കൾ എല്ലാവരും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി. 2 അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുക്കുറായി ഓരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു. 3 രാജാവു ഹോമയാഗങ്ങൾക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങൾക്കായിട്ടും തന്നേ സ്വന്തവകയിൽനിന്നു ഒരു ഓഹരി നിശ്ചയിച്ചു. 4 യെരൂശലേമിൽ പാർത്ത ജനത്തോടു അവൻ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഓഹരി കൊടുപ്പാൻ കല്പിച്ചു. 5 ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, എണ്ണ, തേൻ, വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു. 6 യെഹൂദാനഗരങ്ങളിൽ പാർത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവെക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. 7 മൂന്നാം മാസത്തിൽ അവർ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീർത്തു. 8 യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോൾ അവർ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി. 9 യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു. 10 അതിന്നു സാദോക്കിന്റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസർയ്യാവു അവനോടു: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങൾ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു. 11 അപ്പോൾ യെഹിസ്കീയാവു യഹോവയുടെ ആലയത്തിൽ അറകൾ ഒരുക്കുവാൻ കല്പിച്ചു; 12 അങ്ങനെ അവർ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നു: ലേവ്യനായ കോനന്യാവു അവെക്കു മേൽവിചാരകനും അവന്റെ അനുജൻ ശിമെയി രണ്ടാമനും ആയിരുന്നു. 13 യെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസർയ്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേൽ, അസസ്യാവു, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവർ കോനന്യാവിന്റെയും അവന്റെ അനുജൻ ശിമെയിയുടെയും കീഴിൽ വിചാരകന്മാരായിരുന്നു. 14 കിഴക്കെ വാതിൽ കാവൽക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാൻ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങൾക്കു മേൽവിചാരകനായിരുന്നു. 15 അവന്റെ കീഴിൽ തങ്ങളുടെ സഹോദരന്മാർക്കും, വലിയവർക്കും ചെറിയവർക്കും കൂറുകൂറായി കൊടുപ്പാൻ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവു, അമർയ്യാവു, ശെഖന്യാവു എന്നിവർ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു. 16 മൂന്നു വയസ്സുമുതൽ മേലോട്ടു വംശാവലിയിൽ ചാർത്തപ്പെട്ടിരുന്ന ആണുങ്ങളായി ഓരോ ദിവസത്തിന്റെ ആവശ്യംപോലെ കൂറുക്കുറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു 17 ആലയത്തിൽ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനംപിതൃഭവനമായി ചാർത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതൽ മേലോട്ടു കൂറുക്കുറായി താന്താങ്ങളുടെ തവണമുറെക്കു ചാർത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു. 18 സർവ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ ചാർത്തപ്പെട്ടവർക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവർ തങ്ങളുടെ ഉദ്യോഗങ്ങൾക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയിൽ വിശുദ്ധീകരിച്ചുപോന്നു. 19 പുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരിൽ വംശാവലിയായി ചാർത്തപ്പെട്ട എല്ലാവർക്കും ഓഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാർക്കും ഓരോ പട്ടണത്തിൽ പേർവിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു. 20 യെഹിസ്കീയാവു യെഹൂദയിൽ ഒക്കെയും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവർത്തിച്ചു. 21 അവൻ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂർണ്ണഹൃദയത്തോടെ പ്രവർത്തിച്ചു കൃതാർത്ഥനായിരുന്നു.

2 ദിനവൃത്താന്തം 32

1 ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂർരാജാവായ സൻ ഹേരീബ് വന്നു യെഹൂദയിൽ കടന്നു ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാൻ വിചാരിച്ചു. 2 സൻ ഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാൻ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ടു 3 പട്ടണത്തിന്നു പുറത്തുള്ള ഉറവുകളിലെ വെള്ളം നിർത്തിക്കളയേണ്ടതിന്നു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവർ അവനെ സഹായിച്ചു. 4 അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂർരാജാക്കന്മാർ വന്നു വളരെ വെള്ളം കാണുന്നതു എന്തിന്നു എന്നു പറഞ്ഞു എല്ലാ ഉറവുകളും ദേശത്തിന്റെ നടുവിൽകൂടി ഒഴുകിയ തോടും അടെച്ചുകളഞ്ഞു. 5 അവൻ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി. 6 അവൻ ജനത്തിന്നു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതിൽക്കലുള്ള വിശാലസ്ഥലത്തു തന്റെ അടുക്കൽ ഒന്നിച്ചുകൂട്ടി അവരോടു ഹൃദ്യമായി സംസാരിച്ചു: 7 ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു. 8 അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു. 9 അനന്തരം അശ്ശൂർരാജാവായ സൻ ഹേരീബ്--അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു--തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കൽ അയച്ചുപറയിച്ചതു എന്തെന്നാൽ: 10 അശ്ശൂർരാജാവായ സൻ ഹേരീബ് ഇപ്രകാരം പറയുന്നു: നിങ്ങൾ യെരൂശലേമിൽ നിരോധം സഹിച്ചു പാർപ്പാൻ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നതു? 11 നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും എന്നു യെഹിസ്കീയാവു പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിന്നു നിങ്ങളെ വശീകരിക്കുന്നില്ലയോ? 12 അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങൾ ഒരേ പീഠത്തിന്നു മുമ്പിൽ നമസ്കരിച്ചു അതിന്മേൽ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ. 13 ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങൾ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാർക്കു തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിഞ്ഞുവോ? 14 എന്റെ പിതാക്കന്മാർ നിർമ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകലദേവന്മാരിലുംവെച്ചു ഒരുവന്നും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന്നു നിങ്ങളെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ കഴിയുമോ? 15 ആകയാൽ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങൾ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യിൽ നിന്നും എന്റെ പിതാക്കന്മാരുടെ കയ്യിൽനിന്നും വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽ നിന്നു വിടുവിക്കുന്നതു എങ്ങനെ? 16 അവന്റെ ദാസന്മാർ യഹോവയായ ദൈവത്തിന്നും അവന്റെ ദാസനായ യെഹിസ്കീയാവിന്നും വിരോധമായി പിന്നെയും അധികം സംസാരിച്ചു. 17 അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാർ തങ്ങളുടെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യിൽനിന്നു വിടുവിക്കയില്ല എന്നിങ്ങനെ അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവന്നു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു. 18 പട്ടണം പിടിക്കേണ്ടതിന്നു അവർ യെരൂശലേമിൽ മതിലിന്മേൽ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാൻ യെഹൂദ്യഭാഷയിൽ അവരോടു ഉറക്കെ വിളിച്ചു, 19 മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു. 20 ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർത്ഥിച്ചു സ്വർഗ്ഗത്തിലേക്കു നിലവിളിച്ചു. 21 അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർ രാജാവിന്റെ പാളയത്തിലെ സകലപരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ടു അവൻ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്റെ ഉദരത്തിൽനിന്നു ഉത്ഭവിച്ചവർ അവനെ അവിടെവെച്ചു വാൾകൊണ്ടു കൊന്നുകളഞ്ഞു. 22 ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂർരാജാവായ സൻഹേരീബിന്റെ കയ്യിൽനിന്നും മറ്റെല്ലാവരുടെയും കയ്യിൽനിന്നും രക്ഷിച്ചു അവർക്കു ചുറ്റിലും വിശ്രമം നല്കി; 23 പലരും യെരൂശലേമിൽ യഹോവെക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന്നു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവൻ അന്നുമുതൽ സകലജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീർന്നു. 24 ആ കാലത്തു യെഹിസ്കീയാവിന്നു മരണകരമായ ദീനംപിടിച്ചു; അവൻ യഹോവയോടു പ്രാർത്ഥിച്ചു; അതിന്നു അവൻ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു. 25 എന്നാൽ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെ മേലും യെരൂശലേമിന്മേലും കോപം ഉണ്ടായി. 26 എങ്കിലും തന്റെ ഗർവ്വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്തു അവരുടെമേൽ വന്നില്ല. 27 യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവൻ വെള്ളി, പൊന്നു, രത്നം, സുഗന്ധ വർഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കൾ എന്നിവെക്കായി ഭണ്ഡാരഗൃഹങ്ങളും 28 ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങൾക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങൾക്കും പുരകളും ആട്ടിൻ കൂട്ടങ്ങൾക്കു തൊഴുത്തുകളും ഉണ്ടാക്കി. 29 ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവൻ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു. 30 ഈ യെഹിസ്കീയാവു തന്നേ ഗീഹോൻ വെള്ളത്തിന്റെ മേലത്തെ ഒഴുക്കു തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകല പ്രവർത്തികളിലും കൃതാർത്ഥനായിരുന്നു. 31 എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിന്നു ബാബേൽ പ്രഭുക്കന്മാർ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാൻ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന്നു ദൈവം അവനെ വിട്ടുകൊടുത്തു. 32 യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ. 33 യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.

2 ദിനവൃത്താന്തം 33

1 മനശ്ശെ വാഴ്ച തുടങ്ങിയപ്പോൾ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവൻ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. 2 യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകളെപ്പോലെ അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. 3 അവൻ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാൽവിഗ്രഹങ്ങൾക്കു ബലിപീഠങ്ങളെ തീർത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സർവ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു. 4 യെരൂശലേമിൽ എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവൻ ബലിപീഠങ്ങൾ പണിതു; 5 യഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവൻ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങൾ പണിതു. 6 അവൻ തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുർത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവെക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു. 7 താൻ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവൻ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാൻ എല്ലാ യിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും 8 ഞാൻ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാൻ അവർ സൂക്ഷിക്കുമെങ്കിൽ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാൽ ഞാൻ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു. 9 അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽ പുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികൾ ചെയ്തതിലും അധികം വഷളത്വം പ്രവർത്തിപ്പാൻ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി. 10 യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല. 11 ആകയാൽ യഹോവ അശ്ശൂർ രാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി. 12 കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പിൽ തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു. 13 അവൻ അവന്റെ പ്രാർത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമിൽ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി. 14 അതിന്റെശേഷം അവൻ ഗീഹോന്നു പടിഞ്ഞാറു താഴ്വരയിൽ മീൻ വാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതിൽ പണിതു; അവൻ അതു ഓഫേലിന്നു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാർപ്പിക്കയും ചെയ്തു. 15 അവൻ യഹോവയുടെ ആലയത്തിൽനിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പർവ്വതത്തിലും യെരൂശലേമിലും താൻ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു. 16 അവൻ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാൻ യെഹൂദയോടു കല്പിച്ചു. 17 എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവെക്കു അത്രേ. 18 മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ തന്റെ ദൈവത്തോടു കഴിച്ച പ്രാർത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദർശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു. 19 അവന്റെ പ്രാർത്ഥനയും ദൈവം അവന്റെ പ്രാർത്ഥന കേട്ടതും അവൻ തന്നെത്താൻ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവൻ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദർശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു. 20 മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയിൽ അടക്കം ചെയ്തു; അവന്റെ മകനായ ആമോൻ അവന്നു പകരം രാജാവായി. 21 ആമോൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. 22 അവൻ തന്റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങൾക്കും ആമോൻ ബലികഴിച്ചു അവയെ സേവിച്ചു. 23 തന്റെ അപ്പനായ മനശ്ശെ തന്നെത്താൻ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവൻ തന്നെത്താൻ താഴ്ത്തിയില്ല; ആമോൻ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളു. 24 അവന്റെ ഭൃത്യന്മാർ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയിൽവെച്ചു കൊന്നുകളഞ്ഞു. 25 എന്നാൽ ദേശത്തെ ജനം ആമോൻ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.

2 ദിനവൃത്താന്തം 34

1 യോശീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു; അവൻ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു. 2 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു. 3 അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൌവനത്തിൽ തന്നെ, അവൻ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവൻ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാൻ തുടങ്ങി. 4 അവൻ കാൺകെ അവർ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവെക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവൻ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകർത്തു പൊടിയാക്കി, അവെക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു. 5 അവൻ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു. 6 അങ്ങനെതന്നേ അവൻ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു. 7 അവൻ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകർത്തു പൊടിയാക്കി, യിസ്രായേൽ ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു. 8 അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവൻ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരൻ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർപ്പാൻ നിയോഗിച്ചു. 9 അവർ മഹാപുരോഹിതനായ ഹിൽക്കീയാവിന്റെ അടുക്കൽ ചെന്നപ്പോൾ വാതിൽകാവൽക്കാരായ ലേവ്യർ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലാ യെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു. 10 അവർ അതു യഹോവയുടെ ആലയത്തിൽ വേലചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കയ്യിലും അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർത്തു നന്നാക്കുവാൻ ആലയത്തിൽ പണിചെയ്യുന്ന പണിക്കാർക്കും കൊടുത്തു. 11 ചെത്തിയ കല്ലും ചേർപ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാർ നശിപ്പിച്ചിരുന്ന കെട്ടിടങ്ങൾക്കു തുലാങ്ങൾ വെക്കേണ്ടതിന്നു ആശാരികൾക്കും പണിക്കാർക്കും തന്നേ. 12 ആ പുരുഷന്മാർ വിശ്വാസത്തിന്മേൽ പ്രവർത്തിച്ചു; മെരാർയ്യരിൽ യഹത്ത്, ഓബദ്യാവു എന്ന ലേവ്യരും പണിനടത്തുവാൻ കെഹാത്യരിൽ സെഖർയ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമർത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേൽവിചാരകന്മാർ ആയിരുന്നു. 13 അവർ ചുമട്ടുകാർക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാർക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലർ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽകാവൽക്കാരും ആയിരുന്നു. 14 അവർ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോൾ ഹിൽക്കീയാപുരോഹിതൻ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി. 15 ഹിൽക്കീയാവു രായസക്കാരനായ ശാഫാനോടു: ഞാൻ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹിൽക്കീയാവു പുസ്തകം ശാഫാന്റെ കയ്യിൽ കൊടുത്തു. 16 ശാഫാൻ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടു ചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചതു: അടിയങ്ങൾക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു. 17 യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു. 18 രായസക്കാരനായ ശാഫാൻ രാജാവിനോടു: ഹിൽക്കീയാപുരോഹിതൻ ഒരു പുസ്തകം എന്റെ കയ്യിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാൻ അതിനെ രാജസന്നിധിയിൽ വായിച്ചു കേൾപ്പിച്ചു. 19 ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി. 20 രാജാവു ഹിൽക്കീയാവോടും ശാഫാന്റെ മകൻ അഹീക്കാമിനോടും മീഖയുടെ മകൻ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാൽ: 21 നിങ്ങൾ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിൻ; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാർ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ. 22 അങ്ങനെ ഹിൽക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു--അവൾ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാർത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു. 23 അവൾ അവരോടു ഉത്തരം പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: 24 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേൾപ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനർത്ഥം വരുത്തും. 25 അവർ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യ ദൈവങ്ങൾക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല. 26 എന്നാൽ യഹോവയോടു ചോദിപ്പാൻ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; 27 ഈ സ്ഥലത്തിന്നും നിവാസികൾക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോൾ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു. 28 ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാൻ ഈ സ്ഥലത്തിന്നും നിവാസികൾക്കും വരുത്തുവാൻ പോകുന്ന അനർത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവർ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു. 29 അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി. 30 രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേൾപ്പിച്ചു. 31 രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. 32 യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവൻ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികൾ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു. 33 യോശീയാവു യിസ്രായേൽമക്കൾക്കുള്ള സകലദേശങ്ങളിൽനിന്നും സകലമ്ളേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാൻ സംഗതിവരുത്തി. അവന്റെ കാലത്തൊക്കെയും അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.

2 ദിനവൃത്താന്തം 35

1 അനന്തരം യോശീയാവു യെരൂശലേമിൽ യഹോവെക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവർ പെസഹ അറുത്തു. 2 അവൻ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിർത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി. 3 അവൻ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവെക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതു: യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെപ്പിൻ; ഇനി അതു നിങ്ങളുടെ തോളുകൾക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊൾവിൻ. 4 യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിൻ. 5 നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഓരോന്നിന്നു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാൻ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊൾവിൻ. 6 ഇങ്ങനെ നിങ്ങൾ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിൻ. 7 യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും വേണ്ടി പെസഹ യാഗങ്ങൾക്കായിട്ടു രാജാവിന്റെ വക ആട്ടിൻ കൂട്ടത്തിൽനിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിൻ കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു. 8 അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാർക്കും ലേവ്യർക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹിൽക്കീയാവും സെഖർയ്യാവും യെഹീയേലും പുരോഹിതന്മാർക്കു പെസഹയാഗങ്ങൾക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു. 9 കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യർക്കു പെസഹയാഗങ്ങൾക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു. 10 ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ കൂറുക്കുറായും നിന്നു. 11 അവൻ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിക്കയും ലേവ്യർ തോലുരിക്കയും ചെയ്തു. 12 പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതു പോലെ യഹോവെക്കു അർപ്പിക്കേണ്ടതിന്നു അവർ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാൻ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു. 13 അവർ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സർവ്വജനത്തിന്നും വേഗത്തിൽ വിളമ്പിക്കൊടുത്തു. 14 പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി. 15 ആസാഹ്യരായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽകാവൽക്കാർ അതതു വാതിൽക്കലും നിന്നു; അവർക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാൻ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കു ഒരുക്കിക്കൊടുത്തു. 16 ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി. 17 അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു. 18 ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല. 19 യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു. 20 യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാൻ പോകുമ്പോൾ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു. 21 എന്നാൽ അവൻ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്തു? ഞാൻ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു. 22 എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേൾക്കാതെ അവൻ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാൻ ചെന്നു. 23 വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടു: എന്നെ കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു. 24 അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു. 25 യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ. 26 യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.

2 ദിനവൃത്താന്തം 36

1 ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമിൽ രാജാവാക്കി. 2 യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവൻ മൂന്നു മാസം യെരൂശലേമിൽ വാണു. 3 മിസ്രയീംരാജാവു അവനെ യെരൂശലേമിൽവെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു. 4 മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേർ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി. 5 യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവൻ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. 6 അവന്റെ നേരെ ബാബേൽരാജാവായ നെബൂഖദ് നേസർ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി, 7 നെബൂഖദ് നേസർ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ വെച്ചു. 8 യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതും അവനിൽ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീൻ അവന്നുപകരം രാജാവായി. 9 യെഹോയാഖീൻ വാഴ്ച തുടങ്ങിയപ്പോൾ അവന്നു എട്ടു വയസ്സായിരുന്നു: അവൻ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവൻ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു. 10 എന്നാൽ പിറ്റെയാണ്ടിൽ നെബൂഖദ് നേസർരാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി. 11 സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവൻ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു. 12 അവൻ തന്റെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ തന്നെത്താൻ താഴ്ത്തിയില്ല. 13 അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസർ രാജാവിനോടു അവൻ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു. 14 പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി. 15 അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവെക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവൻ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു. 16 അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു. 17 അതുകൊണ്ടു അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവെച്ചു വാൾകൊണ്ടു കൊന്നു; അവൻ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യിൽ ഏല്പിച്ചുകൊടുത്തു. 18 ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവൻ ബാബേലിലേക്കു കൊണ്ടുപോയി. 19 അവർ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതിൽ ഇടിച്ചു, അതിലെ അരമനകൾ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു. 20 വാളിനാൽ വീഴാതെ ശേഷിച്ചവരെ അവൻ ബാബേലിലേക്കു കൊണ്ടുപോയി; പാർസിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവർ അവിടെ അവന്നും അവന്റെ പുത്രന്മാർക്കും അടിമകളായിരുന്നു. 21 യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു. 22 എന്നാൽ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാർസിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടിൽ യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അവൻ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാൽ: 23 പാർസിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വർഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമിൽ അവന്നു ഒരു ആലയം പണിവാൻ അവൻ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവൻ യാത്രപുറപ്പെടട്ടെ.


Free counters!   Site Meter(April28th2012)